Thursday, January 23, 2025
LATEST NEWSTECHNOLOGY

പഴങ്ങളിലെ വിഷാംശം കണ്ടുപിടിക്കാൻ സെൻസറുമായി ഗവേഷകർ

സ്വീഡൻ: ഭൂരിഭാഗം ആളുകളും ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തേക്കാൾ രുചിയെ അടിസ്ഥാനമാക്കിയാണ് ഭക്ഷണം തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും നമ്മൾ കൂടെക്കൂട്ടാറുണ്ട്. എന്നാൽ മിക്കപ്പോഴും, വിഷവസ്തുക്കളും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്നു. പഴങ്ങളിലും പച്ചക്കറികളിലുമാണ് ഏറ്റവും കൂടുതൽ വിഷാംശമുള്ളത്. ദീർഘകാലത്തേക്ക് കേടുകൂടാതെ നിലനിൽക്കാൻ പലരും ഈ വിഷവസ്തുക്കളെ അമിതമായി ഉപയോഗിക്കാറുണ്ട്. പലപ്പോഴും കടകളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിലെ വിഷാംശം കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല. ഇപ്പോൾ, സ്വീഡനിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ ഇത് കണ്ടെത്താൻ ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സ്വീഡനിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ വിഷാംശം കണ്ടെത്താൻ ഒരു ചെറിയ സെൻസർ വികസിപ്പിച്ചു. ഇതോടെ പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കടകളിൽ വെച്ച് തന്നെ കണ്ടെത്താൻ കഴിയും. ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ സെൻസർ പൊതുജനങ്ങളിലേക്ക് എത്താൻ സമയമെടുക്കും. ഇത് ഉപയോഗിച്ച് കുറച്ച് പരീക്ഷണങ്ങൾ കൂടി നടത്തിയാൽ മാത്രമേ ഇത് ജനങ്ങളിൽ എത്തിക്കാൻ കഴിയൂ.