കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ തെരുവ് നായയ്ക്ക് കിലോമീറ്ററുകൾ താണ്ടി രക്ഷകരെത്തി
ആലപ്പുഴ: തെരുവുനായ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം. ഫയർഫോഴ്‌സ് സംഘം പോലും കൈയ്യൊഴിഞ്ഞ തെരുവ് നായയ്ക്ക് രക്ഷകരായത് മലപ്പുറത്തെ നിലമ്പൂരിൽ നിന്ന് ആലപ്പുഴയിലേക്ക് കിലോമീറ്ററുകളോളം സഞ്ചരിച്ചെത്തിയ എമർജൻസി റെസ്ക്യൂ ഫോഴ്സ് സംഘം. ആലപ്പുഴയുടെയും കോട്ടയത്തിന്‍റെയും അതിർത്തി പ്രദേശമായ കിടങ്ങറയിലായിരുന്നു സംഭവം. എസി റോഡ് പുനർനിർമാണത്തിന്‍റെ ഭാഗമായി കിടങ്ങറ ബസാറിൽ പാലം നിർമ്മാണത്തിനായി റോഡിന്‍റെ വശത്ത് കൂറ്റൻ ബീമുകൾ സൂക്ഷിച്ചിരുന്നു.
20 മീറ്റർ നീളവും 25 ടൺ ഭാരവുമുള്ള വലിയ കോൺക്രീറ്റ് സ്പാനുകൾക്കിടയിലാണ് തെരുവ് നായ കുടുങ്ങിയത്. ശനിയാഴ്ച രാവിലെയാണ് ഇത് പ്രദേശത്തെ പോളയിൽ പെറ്റ് ഷോപ്പ് ഉടമ ആർ രഞ്ജിത്തിന്‍റെ ശ്രദ്ധയിൽ പെട്ടത്. രഞ്ജിത്തും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനോ ഒരു തുള്ളി വെള്ളം നൽകാനോ കഴിഞ്ഞില്ല. നിസഹായനായി കരയുന്ന നായയുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു.
തുടർന്ന് നായയെ പുറത്തെത്തിക്കാൻ രഞ്ജിത്ത് മറ്റുള്ളവരുടെ സഹായം തേടി. റോഡ് നിർമ്മാണത്തിന് ആദ്യം കരാർ എടുത്തിരുന്ന ഊരാലുങ്കൽ സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. പിന്നീടാണ് എമർജൻസി റെസ്ക്യു ഫോഴ്സ് സംഘം സഹായത്തിനെത്തിയത്.