ദുബായ് വിമാനത്താവളത്തിൽ രഞ്ജു രഞ്ജിമാർ 30 മണിക്കൂർ കുടുങ്ങി
ദുബായ്: പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തിൽ 30 മണിക്കൂറോളം കുടുങ്ങി. പാസ്പോർട്ടിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ഡിപോർട്ട് ചെയ്യാനായിരുന്നു ശ്രമം. ഇന്ത്യൻ കോൺസുലേറ്റിലെ അഭിഭാഷകരും ഉദ്യോഗസ്ഥരും എത്തി വിവരങ്ങൾ വിശദീകരിച്ചതിന് ശേഷമാണ് വിമാനത്താവളം വിടാൻ കഴിഞ്ഞത്.
പഴയ പാസ്പോർട്ടിൽ ‘പുരുഷൻ’ എന്നും പുതിയതിൽ ‘സ്ത്രീ’ എന്നും എഴുതിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി തവണ ദുബായിൽ പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഇമിഗ്രേഷൻ പരിശോധനയിലാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പാസ്പോർട്ടിൽ തിരിമറി നടന്നുവെന്ന സംശയത്തിൽ ഡിപോർട്ട് ചെയ്യാനായി നീക്കം. സ്വന്തം സംരംഭത്തിന്റെ കാര്യത്തിനായി ദുബായിൽ എത്തിയ രഞ്ജു തിരികെ പോകാൻ തയ്യാറായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്‍റെയും ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്നാണ് ദുബായിൽ തുടരാൻ അനുവദിച്ചത്.
ഒരു രാത്രി മുഴുവൻ എയർപോർട്ടിനുള്ളിൽ ചെലവഴിച്ച രഞ്ജു രാവിലെ പുറത്തിറങ്ങി. തന്‍റെ സമൂഹത്തിൽ നിന്നുള്ളവർക്ക് ഇപ്പോൾ ദുബായിലേക്ക് സ്വതന്ത്രമായി വരാൻ കഴിയുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.