Saturday, January 18, 2025
Novel

രാജീവം : ഭാഗം 13

എഴുത്തുകാരി: കീർത്തി

വലിയ ഒച്ചയും ബഹളവുമൊന്നും ഇല്ലാതെ പൊയ്ക്കൊണ്ടിരുന്ന ഞങ്ങളുടെ ഫ്ലാറ്റിൽ കുഞ്ഞി കരച്ചിലുകൾ അലയടിച്ചു തുടങ്ങി. പകൽ മുഴുവനും കുടന്നുറങ്ങി രാത്രി എഴുന്നേറ്റ് കളിയാണ് കുറുമ്പന്. എന്നെക്കാളേറെ ഇഷ്ടം അവന് രാജീവേട്ടനോടാണ്. അച്ഛനെ കിട്ടിയാൽ പിന്നെ വേറാരും വേണ്ട. കളിക്കാനായാലും കഴിക്കാനായാലും. രാത്രി അച്ഛനും മകനും ഭയങ്കര കളിയാണ്. രാജീവേട്ടൻ പറയുന്നതിന് അനുസരിച്ചു അവന്റെ ഭാഷയിൽ അവനും എന്തൊക്കെയോ പറയും. ചില സമയത്തു രാജീവേട്ടൻ എന്നെപ്പോലും മറക്കും. ഈ ലോകത്ത് അച്ഛനും മകനും മാത്രമേയുള്ളൂന്ന് തോന്നും.

കുശുമ്പ് മൂത്ത് ഞാനും കുറെ പിണങ്ങി നടക്കും. “അച്ഛന്റെ കണ്ണെവിടെ….? ” ന്നുള്ള രാജീവേട്ടന്റെ വിളി കേൾക്കണ്ട താമസം കുഞ്ഞിതൊട്ടിലിൽ കിടന്നൊരു പരാക്രമമാണ് അവന്. ഇപ്പൊ എഴുന്നേറ്റു രാജീവേട്ടന്റെ അടുത്തേക്ക് ഓടിപ്പോകും എന്ന് വരെ തോന്നിപോകും. കുഞ്ഞിന്റെ നൂല്‌ക്കെട്ടും ഇവിടെ തന്നെയായിരുന്നു. മാളുവും കുഞ്ഞും അടക്കം എല്ലാവരും വന്നിരുന്നു. ചടങ്ങിന്റെ സമയത്ത് ആള് പകൽ ഉറക്കത്തിലായിരുന്നു. കണ്ണെഴുതിയതും വയമ്പും ചന്ദനവും കുഞ്ഞു നാവിൽ തൊട്ടതും ആള് അറിഞ്ഞില്ല. അവസാന നിമിഷം വരെ എന്നോട് പോലും എന്ത് പേരാണ് കുഞ്ഞിന് ഇടുന്നതെന്ന് പറയാതിരുന്ന രാജീവേട്ടൻ പതിയെ ആ കുഞ്ഞി കാതിൽ താൻ കണ്ടുവെച്ച പേര് വിളിച്ചു.

“അഭിമന്യു… അഭിമന്യു… അഭിമന്യു…” അപ്പോൾ മാത്രം അവൻ കുഞ്ഞിക്കണ്ണ് മിഴിച്ച് രാജീവേട്ടനെ ഒന്ന് നോക്കുന്നത് കണ്ടു. പേര് ഇഷ്ടപ്പെട്ടത് പോലെ രാജീവേട്ടനെ നോക്കി പല്ലില്ലാത്ത മോണകാട്ടി നിറഞ്ഞൊരു ചിരിയും ചിരിച്ചു. അഭിമന്യു. ഞങ്ങളുടെയെല്ലാം മനുക്കുട്ടൻ. അവനെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ദിനരാത്രങ്ങൾ. അവന്റെ കളികളും ചിരികളും എല്ലാം. രാജീവേട്ടന് ഓഫീസിൽ പോകാൻ തന്നെ മടിയായി തുടങ്ങി. ഉന്തി തള്ളി ഒരുവിധത്തിലാണ് പറഞ്ഞു വിടുന്നത്. സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൻ ആദ്യം വിളിച്ചതും അച്ഛാ എന്നായിരുന്നു.

അത്രമാത്രം അച്ഛന്റെ മകനായിരുന്നു മനു. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുകൊണ്ടിരുന്നു. മോന് ഇപ്പോൾ ഏഴു മാസമായി. ഇതിനിടയിൽ കവിളലും, മുട്ടുകുത്തലും എല്ലാം കഴിഞ്ഞു.ഇന്നിപ്പോ എന്താണാവോ രാത്രി ഉറങ്ങാറുള്ള സമയമായിട്ടും മോൻ ഉറങ്ങുന്നില്ല. ഒരേ കരച്ചിൽ തന്നെ. ഞാനും രാജീവേട്ടന്റെ അമ്മയും അച്ഛനും മുത്തുവും എല്ലാം മാറി മാറി എടുത്തു ഉറക്കാൻ നോക്കി. രാജീവേട്ടനാണെങ്കിൽ എത്തിയിട്ടും ഇല്ല. വല്ല അസുഖമുള്ളതായ് തോന്നുന്നുമില്ല. ഇത്രയും നേരം കളിച്ചു കുറുമ്പ് കാണിച്ചു നടന്നതാണ്. എനിക്ക് ആകെയൊരു പരവേശം പോലെ. “ഇത് ഇവന്റെ കുറുമ്പ് ആണെ” ന്ന് പറഞ്ഞ് അമ്മ എന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. എന്നാലും ഒരു പേടി.

എന്തായിരിക്കും എന്നറിയാതെ. “നമുക്ക് എന്നാൽ ഡോക്ടറെ ഒന്ന് കാണിക്കാം. ” ഒടുക്കം ഈ ടെൻഷൻ കണ്ട് അച്ഛൻ പറഞ്ഞു. സമ്മതം മൂളി ഹോസ്പിറ്റലിൽ പോകാൻ റെഡിയായി. രാജീവേട്ടൻ വന്നാൽ പറയാൻ ഏല്പിച്ചു ഞാനും അമ്മയും അച്ഛനും മോനെ കൂട്ടി ഇറങ്ങി. അപ്പോഴാണ് രാജീവേട്ടൻ കയറി വന്നത്. “നിങ്ങൾ എല്ലാരും എങ്ങോട്ടാ ഈ നേരത്ത്? ” “എന്താന്നറിയില്ല മോനെ കുഞ്ഞിന് കുറച്ചു നേരമായി ഒരേ കരച്ചിലും വാശിയും. ” ഉടനെ രാജീവേട്ടൻ എന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിച്ചു. “ആണോടാ വാവേ? അച്ഛന്റെ കണ്ണിന് എന്താ പറ്റിയെ? ” കുഞ്ഞിനെ എടുത്തു കൊണ്ട് രാജീവേട്ടൻ അവനോടായി ചോദിച്ചു.

അത്രയും നേരം അലറി കരഞ്ഞിരുന്ന ആള് രാജീവേട്ടന്റെ കൈയിൽ എത്തിയതും സ്വിച്ച് ഇട്ട പോലെ കരച്ചിലെല്ലാം നിർത്തി. എന്നിട്ട് അച്ഛന്റെ താടിയും മീശയും പിടിച്ചു വലിച്ചു കളിക്കാൻ തുടങ്ങി. “എടാ കുറുമ്പാ അച്ഛനെ കാണാഞ്ഞിട്ടായിരുന്നു ലെ ഈ കരഞ്ഞു പൊളിച്ചത്? ഞങ്ങളെയൊക്കെ പേടിപ്പിച്ചു. ” അത് കണ്ട അമ്മ പറഞ്ഞു. അപ്പോഴാണ് എനിക്കും സമാധാനമായത്. രാജീവേട്ടൻ മോനെയും എടുത്ത് റൂമിലേക്ക് നടന്നു ഞങ്ങൾ പിന്നെ കുറച്ചു നേരത്തേക്ക് അച്ഛനെയും മകനെയും അവരുടെ ലോകത്ത് വിട്ടു. റൂമിൽ നിന്നും കളിയും ചിരിയുമൊക്കെ കേൾക്കുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞു പതുക്കെ ഞാൻ റൂമിലേക്ക് ചെന്നപ്പോൾ അവിടെ കണ്ട കാഴ്ചയിൽ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. ഓഫീസിൽന്ന് വന്ന അതേപാട് ബെഡിൽ മലർന്നു കിടക്കുന്ന രാജീവേട്ടൻ. രാജീവേട്ടന്റെ നെഞ്ചിൽ കമഴ്ന്നു കിടന്നുറങ്ങുന്ന മോനും. രാജീവേട്ടൻ ഇരുകൈകൾ കൊണ്ടും അവനെ പൊതിഞ്ഞു പിടിച്ചിട്ടുമുണ്ട്. ഞാൻ അടുത്ത് ചെന്ന് രാജീവേട്ടനെ തട്ടിവിളിച്ചു. ആളും ചെറുതായൊന്ന് മയങ്ങിയിരുന്നു. “നമ്മളിപ്പോ പുറമ്പോക്ക് ആയോ? എന്നെയും കൂട്ടുമോ? ” കുസൃതിയോടെ ഞാൻ ചോദിച്ചു. ഉടനെ രാജീവേട്ടൻ തന്നെ പതുക്കെ മോനെ ഉണർത്താതെ അവനെയും കൊണ്ട് എണീറ്റു.

എന്നിട്ട് മോനെ തൊട്ടിലിൽ കിടത്തി. അവനെ നേരെ കിടത്തി തിരിഞ്ഞതും പെട്ടന്ന് എന്നെ വലിച്ച് ആ നെഞ്ചിലേക്കിട്ടു ഉടുമ്പടക്കം കെട്ടിപിടിച്ചു. “ദേ രാജീവേട്ടാ അച്ഛനും അമ്മയും ണ്ട് അപ്പുറത്ത്. ” കുതറിമാറാൻ ശ്രമിക്കും തോറും കൈകളുടെ മുറുക്കം കൂടിവന്നു. “ഈ കിടക്കുന്നുറങ്ങുന്ന നിധി എനിക്ക് തന്ന മുത്തല്ലേ നീയ്യ് ? പിന്നെ എങ്ങനാടി നീ പുറമ്പോക്ക് ആവുന്നത്? ” “ഞാനൊരു തമാശക്ക് ചോദിച്ചതല്ലേ? എനിക്കറിയാം. ” “നീ പുറമ്പോക്ക് ആയെങ്കിൽ എന്നെ പുറമ്പോക്ക് ആക്കാനുള്ള ഒരു ഐഡിയ ഞാനും പറയട്ടെ? പക്ഷെ ഒരു… ഒന്നൊന്നര വർഷം കഴിഞ്ഞിട്ടേ നടപ്പിലാക്കാൻ പറ്റൂ. “

“അതെന്താ? ” “അതോ… ദേ ഇതുപോലെ ഒരു കുഞ്ഞു മീനുക്കുട്ടി കൂടി. ” എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് രാജീവേട്ടൻ പറഞ്ഞു. “അയ്യടാ…. നല്ല ഐഡിയ!!!പോയി കുളിക്ക് മനുഷ്യാ നാറുന്നു. ” എങ്ങനെയോ രാജീവേട്ടന്റെ പിടിയിൽ നിന്നും അകന്നു മാറി വാതിലിന് അടുത്തേക്ക് ഓടിക്കൊണ്ട് ഞാൻ പറഞ്ഞു. “രക്ഷപെട്ടുന്ന് കരുതണ്ട. നിന്നെ ഞാനെടുത്തോളാം കേട്ടോ. ” മോന്റെ ചോറൂണ് ചടങ്ങിന് വേണ്ടിയാണ് പിന്നെ ഞങ്ങൾ നാട്ടിലേക്ക് പോയത്. കൂടെ മുത്തുവും ഉണ്ടായിരുന്നു. ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ തിരുമുന്നിൽ വെച്ചാണ് ഞങ്ങളുടെ ഉണ്ണിക്കണ്ണന് ചോറ് കൊടുത്തത്.

ഈ നല്ല ജീവിതമാണല്ലോ ഒരിക്കൽ ഞാൻ ഇല്ലാതാക്കാൻ വഴികൾ ആലോചിച്ചു നടന്നത് എന്നോർത്ത് കുറ്റബോധം തോന്നി. രണ്ടുപേരുടെയും ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. കുറെ ദിവസം എല്ലാവരുടെയും കൂടെ നാട്ടിൽ കൂടി. സന്തോഷം മാത്രം നിറഞ്ഞ കുറെ ദിവസങ്ങൾ. മോന് ഭക്ഷണം വാരികൊടുക്കുമ്പോൾ ഇടയ്ക്ക് രാജീവേട്ടനും ആരും കാണാതെ വായ തുറക്കുന്നത് കാണാം. ഒരിക്കൽ അച്ഛന്റെ ഭീഷണിക്ക് വഴങ്ങി വാരികൊടുത്തതിൽ നിന്ന് വിപരീതമായി മനസറിഞ്ഞു ഞാൻ രാജീവേട്ടനും വാരികൊടുക്കാൻ തുടങ്ങി. ചിലപ്പോഴൊക്കെ ചോദിച്ചില്ലെങ്കിൽ പോലും…..

അവധി കഴിഞ്ഞു ബാംഗ്ലൂർലേക്ക് തിരിച്ചു പോന്നു. ഇത്തവണ ശെരിക്കും എല്ലാവരെയും വിട്ട് പോരാൻ വല്ലാത്ത സങ്കടം തോന്നി. എന്താണെന്ന് അറിയില്ല ഇനി ഇതുപോലുള്ള ദിവസങ്ങൾ ഉണ്ടാവില്ലെന്ന് ഒരു തോന്നൽ. തിരിച്ചു ബാംഗ്ലൂർ എത്തിയിട്ടും ആ ചിന്ത എന്നെ ഒരുപാട് അലട്ടിക്കൊണ്ടിരുന്നു. രാജീവേട്ടനോട് പറഞ്ഞപ്പോൾ തലയ്ക്കിട്ട് ഒരു കൊട്ട് തന്നു. “എന്റെ മീനുട്ടി അയ്യർ ദി ഗ്രേറ്റ്‌ ആയോ? “ന്നൊരു കളിയാക്കലും. പക്ഷെ അതിനൊന്നും എന്റെ ടെൻഷന് കുറവ് വരുത്താൻ സാധിച്ചില്ല. നാട്ടിൽ നിന്നും വന്നിട്ട് ഒരാഴ്ച ആയതേയുള്ളു അപ്പോഴേക്കും രാജീവേട്ടന് എന്തോ മീറ്റിംഗ് ഉണ്ടെന്ന്.

അതും കോയമ്പത്തൂർ. രണ്ടു ദിവസം. രണ്ടു ദിവസം പോയിട്ട് രണ്ട് മിനിറ്റ് കാണാതിരിക്കാൻ തന്നെ ഇപ്പോൾ ഭയങ്കര പാടാണ്. അപ്പോഴാ ഇങ്ങനെ. പോരാത്തതിന് മോനാണെങ്കിൽ രാജീവേട്ടനെ കാണാതെ രണ്ട് ദിവസം എന്താവുമെന്നോർത്ത് അങ്ങനെ. കുറച്ചു നേരം വൈകിയതിന് ഉണ്ടായ പുകില് മറന്നിട്ടില്ല. ഇന്നിപ്പോ അച്ഛനും അമ്മയും കൂടെയില്ലതാനും. മുത്തുവും ഞാനും അവനെ എങ്ങനെ സമാധാനിപ്പിക്കും. എന്താവുമോ എന്തോ? ഓരോന്ന് ആലോചിച്ചു റൂമിലേക്ക് ചെന്നപ്പോൾ രാജീവേട്ടൻ കൊണ്ടുപോകാനുള്ള ഫയലുകൾ എടുത്തു വെക്കുകയായിരുന്നു.

ബാക്കി ഡ്രെസ്സും മറ്റും ഞാൻ ഒതുക്കി വെച്ചിരുന്നു. ഞാൻ ചെന്ന് അടുത്ത് ബെഡിൽ പോയിരുന്നു. “മ്മ്മ്…? എന്താടൊ? ” “അത്…. രാജീവേട്ടൻ…… പോകണ്ട. ” ഉടനെ രാജീവേട്ടൻ മുഖമുയർത്തി എന്നെയൊന്ന് നോക്കി. എന്നിട്ട് ബാഗ് അടച്ചുവെച്ച് തൊട്ടടുത്ത് വന്നിരുന്നു. “പോകാതിരിക്കാൻ പറ്റില്ല മീനു. രണ്ടു ദിവസത്തെ കാര്യമല്ലേ? മോന്റെ കളിയും കുറുമ്പും ഒക്കെ ആവുമ്പോൾ രണ്ടു ദിവസം പോണതൊന്നും അറിയില്ലന്നേ. നാളെ രാവിലെ പോയാൽ മറ്റന്നാൾ കഴിഞ്ഞു പിറ്റേന്ന് ഞാനിങ്ങ് എത്തില്ലേ. പിന്നെന്താ? ” “എന്നാലും…. എനിക്കെന്തോ? ” “മീനു…… ” ഒരു താക്കീതായിരുന്നു ആ വിളി.

ഞാൻ ചുണ്ട് കൂർപ്പിച്ചു പരിഭവം നടിച്ച് മുഖം തിരിച്ച് ഇരുന്നു. “മീനുട്ട്യേ…. ” വൈകാതെ കാതോരത്തെ ആർദ്രമായ ആ വിളിയിൽ എന്റെ പരിഭവമെല്ലാം എങ്ങോപോയി. ഒപ്പം ഇടുപ്പിൽ മുറുകിയ കൈകളും ഞങ്ങളുടേതായൊരു ലോകത്തേക്ക് കൊണ്ടുപോയി. പിറ്റേന്ന് രാവിലെ തന്നെ രാജീവേട്ടൻ കോയമ്പത്തൂർക്ക് പോയി. സമയം കിട്ടുമ്പോഴെല്ലാം ഫോൺ ചെയ്തുകൊണ്ടിരുന്നു. വീഡിയോ കാൾസും ഉണ്ടായിരുന്നു തിരിച്ചു പോരുന്നത് വരെ. പിന്നെ………….. “അമ്മേ…. ” മനുവിന്റെ വിളിയാണ് എന്നെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നത്. പെട്ടന്ന് കൈയിലുണ്ടായിരുന്ന രാജീവേട്ടന്റെ ഫോട്ടോയിലെ ആ കുസൃതി നിറഞ്ഞ കണ്ണിലേക്കു തന്നെ ഒരു തുള്ളി കണ്ണുനീർ എന്റെ കണ്ണിൽ നിന്നും കവിളിലൂടെ ഊർന്നു വീണു.

(തുടരും)

രാജീവം : ഭാഗം 12