Friday, January 17, 2025
HEALTHLATEST NEWS

‘2025ഓടെ പേവിഷബാധ മരണങ്ങൾ ഒഴിവാക്കണം’; നടപടിയുമായി സർക്കാർ

തിരുവനന്തപുരം: 2025 ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാൻ, സർക്കാർ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടു. പേവിഷബാധയെക്കുറിച്ച് പഠനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്നലെ സമിതി രൂപീകരിച്ചിരുന്നു. പഠനത്തിനായി 9 ടേംസ് ഓഫ് റഫറൻസ് ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സമിതി രൂപീകരിച്ചത്.

കമ്മിറ്റി പരിശോധിക്കേണ്ട കാര്യങ്ങൾ:

* വാക്സിനും ഇമ്യൂണോഗ്ലോബുലിനും സ്വീകരിച്ച ചില ആളുകൾ എങ്ങനെയാണ് മരിച്ചത്?
*മരണം സംഭവിക്കാതിരിക്കാൻ ഏതുതരം ഇടപെടൽ സാധ്യമായിരുന്നു?
*വാക്സിൻ നൽകുന്നവരുടെ അറിവ്, മനോഭാവം, കഴിവ് എന്നിവ പരിശോധിക്കണം. പരിശീലനം ആവശ്യമുണ്ടോ എന്നും നോക്കണം.
*നിലവിലെ വാക്സിൻ നയത്തിൽ അപാകതകൾ ഉണ്ടോ, മാറ്റങ്ങൾ ആവശ്യമുണ്ടോ
* വാക്സിൻ ഉൽപ്പാദിപ്പിക്കുന്ന ആന്‍റിബോഡി എങ്ങനെയുണ്ടെന്ന് പരിശോധിക്കണം.
* പേവിഷബാധയ്ക്കെതിരായ മരുന്നുകൾ സംഭരിക്കാൻ ആശുപത്രികൾക്ക് സംവിധാനമുണ്ടോ?
*വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യക്തികളോ സ്ഥാപനങ്ങളോ തെറ്റുകളോ പോരായ്മകളോ വരുത്തിയിട്ടുണ്ടെങ്കിൽ, ഉത്തരം നൽകേണ്ട കാര്യങ്ങൾ വിശദീകരിക്കണം.
*കേരളത്തെ 2025 ൻ മുമ്പ് പേവിഷബാധ വിമുക്ത സംസ്ഥാനമാക്കാനുള്ള നിർദ്ദേശങ്ങൾ