Thursday, April 25, 2024
GULFLATEST NEWS

സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് ഖത്തർ പ്രവാസികൾ

Spread the love

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ ഇന്ന് രാവിലെ 7.00 മണിക്ക് ദേശീയ പതാക ഉയർത്തി.വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനങ്ങളും സാംസ്‌കാരിക നൃത്തവുമൊക്കെയായി വിപുലമായാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികള്‍ അരങ്ങേറിയത്. വെള്ള വസ്ത്രം ധരിച്ച് കൈകളിൽ ഒരു ചെറിയ പതാകയുമായി ആണ്‌ ഇവരിൽ ഭൂരിഭാഗവും ഐസിസിയിൽ എത്തിയത് .
ഐസിസി അശോക ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെയും ധീര ജവാൻമാരെയും ഇന്ത്യൻ സ്ഥാനപതി അനുസ്മരിച്ചു. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ സ്വാതന്ത്ര്യദിന സന്ദേശവും സ്ഥാനപതി വായിച്ചു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികമായ ആസാദി കാ അമൃത് മഹോത്സവിന്റെ കീഴിൽ കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന സാംസ്കാരിക പരിപാടികളിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കാളിത്തം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള മെഡലുകളും സ്ഥാനപതി വിതരണം ചെയ്തു. സ്ഥാനപതിയും എംബസി അപെക്സ് അസോസിയേഷൻ പ്രസിഡന്‍റുമാരും ഐസിസിയിൽ എത്തിയ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചു. എംബസി ഉദ്യോഗസ്ഥർ, എപ്പെക്‌സ് സംഘടനാ ഭാരവാഹികൾ, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ, സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു.

Thank you for reading this post, don't forget to subscribe!