Tuesday, January 21, 2025
GULFLATEST NEWS

വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്‌നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു

ദോഹ: വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന്‍റെ ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റേതാണ് നടപടി. ദേശീയ ചിഹ്നത്തിന്‍റെ ഉപയോഗം, വിൽപ്പന, പ്രചാരണം എന്നിവ വാണിജ്യ സ്ഥാപനങ്ങളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അനുവദിക്കില്ല. വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരും ഉത്തരവ് പാലിക്കണം. ഇതുമായി ബന്ധപ്പെട്ട പരിശോധനാ ക്യാമ്പയിൻ സമഗ്രമാക്കും.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടിയും സ്വീകരിക്കും. കഴിഞ്ഞയാഴ്ചയാണ് രാജ്യത്തിന്‍റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്. വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിൽ മെറൂൺ നിറമുള്ള ലോഗോയിൽ സ്ഥാപക ഭരണാധികാരിയുടെ വാൾ, ഈന്തപ്പന, കടൽ, പരമ്പരാഗത പായ് വഞ്ചി എന്നിവയാണുള്ളത്. 46 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2022 സെപ്റ്റംബർ 15 നാണ് ഖത്തറിന്‍റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്.