പി.വി.സിന്ധു ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി
ന്യൂഡല്‍ഹി: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറി. ഇടത് കാലിനേറ്റ പരിക്കിനെ തുടർന്നാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനില്‍ക്കുന്നത്.
സിന്ധു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ഞാൻ സ്വർണ മെഡൽ നേടി. നിർഭാഗ്യവശാൽ, ഞാൻ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ ക്വാർട്ടർ ഫൈനൽ കളിക്കുമ്പോൾ എനിക്ക് കാലിന് വേദന അനുഭവപ്പെട്ടു. കോച്ച്, ഫിസിയോ എന്നിവരുടെ സഹായത്തോടെയാണ് ടൂർണമെന്‍റ് പൂർത്തിയാക്കിയത്. ഫൈനലിന് ശേഷം എനിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു. ഇടത് കാലിന് പരിക്കുണ്ട്.കുറച്ച് ആഴ്ചകള്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഉടൻ തന്നെ കോർട്ടിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് സിന്ധു കുറിച്ചു.
ലോക ചാമ്പ്യൻഷിപ്പിൽ മികച്ച റെക്കോർഡുള്ള താരമാണ് സിന്ധു. 2019 ലെ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ സിന്ധു രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. ഈ വർഷം ജപ്പാനിലെ ടോക്കിയോയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഓഗസ്റ്റ് 21 മുതൽ 28 വരെയാണ് ടൂർണമെന്‍റ് .