Sunday, December 22, 2024
LATEST NEWSTECHNOLOGY

വാണിജ്യ വിക്ഷേപണത്തിൽ ചരിത്രം;കുതിച്ചുയർന്ന് പിഎസ്എൽവി– സി 53

ന്യൂഡൽഹി: ഐഎസ്ആർഒയുടെ ഡിഎസ്-ഇഒ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എൽവി-സി 53 റോക്കറ്റ് വിക്ഷേപിച്ചു. സ്വന്തം മണ്ണിൽ നിന്ന് ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറുമണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് റോക്കറ്റ് പറന്നുയർന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. പിഎസ്എൽവി-സി-53 വിക്ഷേപിച്ചതോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങളിൽ ഉപകരണങ്ങൾ സ്ഥാപിച്ച് താൽക്കാലിക ഉപഗ്രഹമായി ഉപയോഗിക്കാനുള്ള പദ്ധതിയും ആരംഭിച്ചു.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണത്തറയിൽ നിന്ന് ജൂൺ 22 ന് വിക്ഷേപിച്ച ജിസാറ്റ് -24 ൽ ന്യൂ സ്പേസ് ലിമിറ്റഡിന്റെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം . ടാറ്റ സ്കൈയുടെ വിക്ഷേപണം പൂർത്തിയായി എട്ടാം ദിവസമാണ് പിഎസ്എൽവി-സി-53 ഉപയോഗിച്ചുള്ള രണ്ടാമത്തെ ദൗത്യം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് വൈകിട്ട് ആറ് മണിയോടെയാണ് റോക്കറ്റ് പറന്നുയർന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഡിഎസ്ഇഒ ഉൾപ്പെടെ സിംഗപ്പൂരിൽ നിന്നുള്ള മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പെടുന്നതാണ് ദൗത്യം. ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിൽ ഡിഎസ്ഇഒയെ ഭ്രമണപഥത്തിലെത്തിക്കുകയാണ് പ്രധാന ദൗത്യം.