ഇറച്ചി ഉത്പ്പന്നങ്ങളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം!
നെതർലൻഡ്സ്: ആദ്യമായി, ഫാമുകളിലെ വളർത്തുമൃഗങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഗവേഷകർ സ്ഥിരീകരിച്ചു. നെതർലൻഡ്സിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ശേഖരിച്ച പോത്ത്, പന്നി തുടങ്ങിയ മാംസ ഉൽപ്പന്നങ്ങളിൽ ദോഷകരമായ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി.
പശുക്കളുടെയും പന്നികളുടെയും രക്ത സാമ്പിളുകളിൽ പോളിഎഥിലീൻ, പോളിസ്റ്ററീൻ എന്നിവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് വച്ച പാൽ സാമ്പിളിലും,ഫാമുകളിലെ പാലിലും മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു. എട്ട് ബീഫ് സാമ്പിളുകളിൽ ഏഴെണ്ണത്തിൽ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തി. അതേസമയം പന്നിയിറച്ചി സാമ്പിളുകളിൽ അഞ്ചെണ്ണത്തിൽ ഇവ കണ്ടെത്തി.
നെതർലൻഡ്സ് സർവകലാശാലയിലെ (വ്രിജെ സർവകലാശാല ആംസ്റ്റർഡാം) ഗവേഷകർ മാർച്ചിൽ നടത്തിയ പരിശോധനയിൽ മനുഷ്യ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക്സ് കണ്ടെത്തിയിരുന്നു. ഫാമിലെ വളർത്തു മൃഗങ്ങളുടെ രക്ത സാമ്പിളുകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിൽ മെക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തി. ഫാമിലെ വളർത്തു മൃഗങ്ങൾക്ക് വിളമ്പുന്ന ഭക്ഷണത്തിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതായിരിക്കാം ഇറച്ചിയിൽ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യത്തിന് പിന്നിലെ കാരണം. അതേസമയം, ഉൽപ്പന്നങ്ങൾ പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും സംശയത്തിന്‍റെ നിഴലിലാണ്.