ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്താന് ചരിത്ര ജയം
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്താന് ചരിത്ര ജയം. സ്പിൻ പറുദീസയായ ഗാലെയുടെ റെക്കോർഡ് റൺ ചേസിംഗിനൊടുവിൽ 4 വിക്കറ്റിനാണ് പാകിസ്ഥാൻ വിജയം നേടിയത്. രണ്ടാം ഇന്നിംഗ്സിൽ 342 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ അബ്ദുള്ള ഷഫീഖ് മുന്നിൽ നിന്ന് നയിച്ചപ്പോൾ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരും പാക്കിസ്ഥാൻ വേണ്ടി തിളങ്ങി.
222 റൺസാണ് ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക നേടിയത്. ദിനേശ് ചണ്ഡിമൽ (76) ആണ് ടോപ് സ്കോറർ.ഷഹീൻ അഫ്രീദി പാക്കിസ്ഥാനു വേണ്ടി 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 7 വിക്കറ്റ് നഷ്ടത്തിൽ 85 റൺസും, 9 വിക്കറ്റ് നഷ്ടത്തിൽ 148 റൺസുമെന്ന നിലയിൽ പതറിയ പാകിസ്താനെ ക്യാപ്റ്റൻ ബാബർ അസമിൻ്റെ ബാറ്റിംഗ് രക്ഷപെടുത്തി. 218 റൺസെടുത്ത് ആണ് പാകിസ്താൻ ഓൾഔട്ടായത്. അവസാന വിക്കറ്റിൽ നസീം ഷായുമൊത്ത് 70 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ബാബർ 119 റൺസെടുത്ത് പുറത്താവുകയായിരുന്നു. ശ്രീലങ്കക്കായി പ്രഭാത് ജയസൂര്യ 5 വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിന് 4 റൺസ് ലീഡുമായി ഇറങ്ങിയ ശ്രീലങ്ക 337 റൺസിൽ ഓൾഔട്ടായി. ശ്രീലങ്കയ്ക്ക് വേണ്ടി ദിനേഷ് ഛണ്ഡിമൽ (94), കുശാൽ മെൻഡിസ് (76), ഒഷേഡ ഫെർണാണ്ടോ (64) എന്നിവർ രണ്ടാം ഇന്നിംഗ്സിൽ തിളങ്ങി. ശ്രീലങ്കയുടെ അഞ്ച് വിക്കറ്റ് മുഹമ്മദ് നവാസ് വീഴ്ത്തി. 342 റൺസ് വിജയലക്ഷ്യവുമായാണ് പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ ഇറങ്ങിയത്. ഇമാമുൽ ഹഖുമൊത്ത് ആദ്യ വിക്കറ്റിൽ 87 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ അബ്ദുള്ള ഷഫീഖിന് ബാബർ അസമും മുഹമ്മദ് റിസ്‌വാനും പിന്തുണയായി. 4 വിക്കറ്റുമായി പ്രഭാത് ജയസൂര്യ ഭീഷണിയായെങ്കിലും അബ്ദുള്ള ഷഫീഖ് കീഴടങ്ങിയില്ല. ഇടക്ക് മഴ പെയ്ത് കളി നിർത്തിവെക്കുകയും ചെയ്തു. എന്നാൽ, അതിലും പതറാതെ ശ്രദ്ധാപൂർവം കളി മെനഞ്ഞ 22കാരൻ ടെസ്റ്റ് കരിയറിലെ തൻ്റെ രണ്ടാം സെഞ്ചുറിയുമായി പാകിസ്താനെ റെക്കോർഡ് റൺ ചേസിലേക്ക് നയിച്ചു. പുറത്താവാതെ 160 റൺസെടുത്ത അബ്ദുള്ള ഷഫീഖ് ആണ് കളിയിലെ സ്റ്റാർ.