Friday, January 17, 2025
LATEST NEWSSPORTS

അടുത്ത ഡ്യൂറാൻഡ് കപ്പിൽ വൻ മാറ്റങ്ങളെന്ന് സൂചന നൽകി സംഘാടകർ

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആവേശം വർദ്ധിപ്പിക്കുന്ന ഡ്യൂറണ്ട് കപ്പ് ഈ മാസം പകുതിയോടെ ആരംഭിക്കും. കൊൽക്കത്ത, ഗുവാഹത്തി, ഇംഫാൽ എന്നീ മൂന്ന് നഗരങ്ങളിലായാണ് ഇത്തവണത്തെ ഡ്യൂറണ്ട് കപ്പ് നടക്കുക. 11 ഐഎസ്എൽ ടീമുകളും ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്‍റിൽ പങ്കെടുക്കും.

ഇന്ത്യൻ ആർമി സംഘടിപ്പിക്കുന്ന ടൂർണമെന്‍റിൽ ആകെ 20 ടീമുകളാണുള്ളത്. 11 ഐഎസ്എൽ ടീമുകൾക്ക് പുറമെ ഐ ലീഗിലെ അഞ്ച് ക്ലബ്ബുകളും സംഘാടകരെ പ്രതിനിധീകരിക്കുന്ന സൈന്യത്തിന്റെ നാല് ടീമുകളും മത്സരരംഗത്തുണ്ട്. എന്നാൽ അടുത്ത തവണ മുതൽ ടീമുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഡ്യൂറണ്ട് കപ്പുമായി ബന്ധപ്പെട്ട് ഗോവയിൽ നടന്ന ഒരു പരിപാടിയിൽ സംഘാടകർ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ തവണ ടൂർണമെന്‍റിൽ പങ്കെടുക്കാൻ ഞങ്ങൾ വിവിധ ക്ലബുകളോട് അഭ്യർത്ഥിച്ചു, എന്നാൽ ഇത്തവണ പല ക്ലബുകളും ഞങ്ങളെ സമീപിച്ചു. പക്ഷേ 20 ടീമുകൾ പങ്കെടുക്കാൻ ഞങ്ങൾ തീരുമാനിച്ചതിനാൽ പലരെയും ഒഴിവാക്കേണ്ടിവന്നു. മിനർവ, സിആർപിഎഫ്, അസം റൈഫിൾസ് മുതലായവയ്ക്ക് ഇത്തവണ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിനാൽ ഡ്യൂറണ്ട് കപ്പിനെ അടുത്ത തവണ മുതൽ 24-28 ടീമുകൾ പങ്കെടുക്കുന്ന ഒരു ടൂർണമെന്‍റാക്കി മാറ്റാൻ സാധ്യതയുണ്ട്, ” സംഘാടക സമിതി ചെയർമാൻ പറഞ്ഞു.