Saturday, December 14, 2024
HEALTHLATEST NEWS

66 കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് നിർമാണം നിർത്താൻ ഉത്തരവ്

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമ്മാണം നിർത്താൻ ഹരിയാന സർക്കാർ ആവശ്യപ്പെട്ടു. മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയതായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും വിജ് പറഞ്ഞു.

കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആരോപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ സോനേപഥിലുള്ള മെയ‍്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിർമിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്.

കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഉയർന്ന അളവിൽ ഉണ്ടായിരുന്നു. കുട്ടികളുടെ വൃക്കകളെ കഫ് സിറപ്പ് ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയ എന്ന രാജ്യത്തേക്ക് മാത്രമാണ് മയക്കുമരുന്ന് കയറ്റി അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.