Friday, November 15, 2024
LATEST NEWSSPORTS

ബംഗ്ലദേശിൽ നല്ല 2 ബോളർമാർ മാത്രമെന്ന് ഷനാക; ലങ്കയ്ക്ക് അതുമില്ലെന്ന് മറുപടി

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനിടെ ബംഗ്ലാദേശും ശ്രീലങ്കയും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയുടെ വാക്കുകളാണ് ബംഗ്ലാദേശ് ടീമിനെ ചൊടിപ്പിച്ചത്. ബംഗ്ലാദേശാണ് ശ്രീലങ്കയുടെ അനായാസ എതിരാളിയെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ അവകാശപ്പെട്ടു. ബംഗ്ലാദേശിൽ ലോകോത്തര ബൗളർമാരെന്ന് വിളിക്കാൻ രണ്ട് ലോകോത്തര ബൗളർമാർ മാത്രമേ ഉള്ളൂവെന്നും ഷനക പറഞ്ഞു. ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാന്റെ കളിക്കാരുമായാണ് ശ്രീലങ്കൻ ക്യാപ്റ്റൻ താരതമ്യം ചെയ്തത്.

“അഫ്ഗാനിസ്ഥാന് ലോകോത്തര ബോളിങ് നിരയാണുള്ളത്. മുസ്തഫിസുർ റഹീമും ഷാക്കിബ് അൽ ഹസനും മികച്ച ബോളർമാരാണ്. അവർ കഴിഞ്ഞാല്‍ ബംഗ്ലദേശ് ടീമിൽ മറ്റൊരു ലോകോത്തര ബോളറില്ല. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനെ താരതമ്യം ചെയ്യുമ്പോൾ ബംഗ്ലദേശിനെ നേരിടുന്നത് എളുപ്പമാണ്.” – എന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ പറഞ്ഞു.

ബംഗ്ലാദേശ് ടീം ഡയറക്ടർ ഖാലിദ് മഹ്മൂദ് ഷനകയുടെ അഭിപ്രായത്തിന് മറുപടി നൽകി. ശ്രീലങ്കയ്ക്ക് ലോകോത്തര ബൗളർമാരായി ഒരാളുമില്ലെന്നായിരുന്നു മഹ്മൂദ് പറഞ്ഞത്.

“ഞങ്ങളെ നേരിടുന്നത് എളുപ്പമാണെന്ന് എന്തുകൊണ്ടാണ് അദ്ദേഹം കരുതുന്നത്?. ചിലപ്പോൾ അഫ്ഗാനിസ്ഥാന്റേത് മികച്ച ട്വന്റി20 ടീമായിരിക്കാം. ഞങ്ങൾക്കു രണ്ട് മികച്ച ബോളർമാർ‌ മാത്രമേ ഉള്ളു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബംഗ്ലദേശിന് രണ്ടെങ്കിലും ഉണ്ട്, ശ്രീലങ്കയിൽ അങ്ങനെ ഒരാളെ പോലും ഞാൻ കാണുന്നില്ല. മുസ്തഫിസുറിനെയും ഷാക്കിബിനെയും പോലുള്ള താരങ്ങൾ ലങ്കയ്ക്കില്ല.” മഹ്മൂദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.