Friday, November 22, 2024
LATEST NEWS

ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്; മാധ്യമങ്ങളെ വിലക്കി കേന്ദ്രം

ഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്രം. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ, ഇത്തരം പ്ലാറ്റ്ഫോമുകളുടെ പരസ്യം ചെയ്യുന്നതിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചു. വിവിധ മാധ്യമങ്ങളിൽ ഓൺലൈൻ വാതുവെപ്പ് വെബ്സൈറ്റുകൾ / പ്ലാറ്റ്ഫോമുകൾ എന്നിവയുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.

രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും ഗണ്യമായ സാമൂഹിക-സാമ്പത്തിക അപകടസാധ്യത ഉയർത്തുന്നതായി നിർദേശത്തിൽ പറയുന്നു. ഈ ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ ഈ നിരോധിത പ്രവർത്തനത്തെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നതിന് സ്വാധീനം ചെലുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഓൺലൈൻ വാതുവെപ്പിനുള്ള പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അവ ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് റെഗുലേഷൻ ആക്ട്, 1995 ലെ പരസ്യ കോഡ്, പ്രസ് കൗൺസിൽ ആക്ട്, 1978 ലെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിയമങ്ങൾ പ്രകാരമുള്ള പരസ്യ മാനദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കുന്നില്ല.