ഏകദിന ക്രിക്കറ്റിൽ ലോക റെക്കോർഡ്; 498 റൺസുമായി ഇംഗ്ലണ്ട്
ആംസ്റ്റെൽവീൻ: ഏകദിന ക്രിക്കറ്റിൽ ലോകറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. നെതർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ, ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ടീമെന്ന റെക്കോർഡാണ്, ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 498 റൺസെടുത്തു.
ഓസ്ട്രേലിയയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ തന്നെ 481 റൺസെന്ന റെക്കോർഡാണ് മറികടന്നത്. മൂന്ന് കളിക്കാരാണ് ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയത്. ഓപ്പണർ ഫിൽ സാൾട്ട് (93 പന്തിൽ 122), ഡേവിഡ് മാലൻ (109 പന്തിൽ 125), ജോസ് ബട്ലർ (70 പന്തിൽ പുറത്താകാതെ 162) എന്നിവരാണ് ഇംഗ്ലണ്ടിൻറെ ടോപ് സ്കോറർമാർ. ഓപ്പണർ ജേസൺ റോയിയെ വെറും ഒരു റണ്സിനാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഇംഗ്ലണ്ടിൻറെ രണ്ടാം വിക്കറ്റ് 223 റൺസിന് പുറത്തായി. സ്കോർ 407ൽ നിൽക്കെ മൂന്നും നാലും വിക്കറ്റുകൾ വീണു. ലിയാം ലിവിങ്സ്റ്റൺ 22 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്നു. ആറ് ഫോറും ആറ് സിക്സും അദ്ദേഹം അടിച്ചു.