Monday, January 6, 2025
GULFLATEST NEWS

ഒമാനിലെ പുതിയ തൊഴിൽനിയമം തൊഴിലാളിക്കും ഉടമയ്ക്കും ഇടയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് സുൽത്താൻ

മ​സ്ക​ത്ത്: സർക്കാർ പുതുതായി തയ്യാറാക്കിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. പുതിയ തൊഴിൽ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും അൽ ബറാഖ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ പറഞ്ഞു. തൊഴിലാളികളും തൊഴിലുടമയും തമ്മിൽ സന്തുലിതാവസ്ഥ ഉണ്ടാവും. അതോടൊപ്പം, ഇത് തൊഴിലന്വേഷകരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്നും സുൽത്താൻ പറഞ്ഞു.

രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ തൊഴിൽ നിയമം വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും. വേതന സബ്സിഡി, സർക്കാർ മേഖലകളിൽ താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സർക്കാർ സ്ഥാപനങ്ങളിൽ ഒരു ദശലക്ഷം മണിക്കൂർ പാർട്ട് ടൈം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമാണ്.

കാർബൺ രഹിത ഒമാൻ 2050 ഓടെ നടപ്പാക്കാനുള്ള പദ്ധതിക്കും സുൽത്താൻ അംഗീകാരം നൽകി. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ദേശീയ പദ്ധതിയുടെ ഭാഗമായി ഒമാൻ സുസ്ഥിരതാ കേന്ദ്രം സ്ഥാപിക്കാനും ഉത്തരവിട്ടു. കാർബൺ രഹിത ഒമാനിനായുള്ള പദ്ധതികളുടെ മേൽനോട്ടം ഒമാൻ സുസ്ഥിരതാ കേന്ദ്രം നിർവഹിക്കും. ഉപപ്രധാനമന്ത്രിമാരും കാബിനറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.