Tuesday, January 14, 2025
GULFLATEST NEWS

ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നീക്കം. എല്ലാ ആരോഗ്യ പ്രവർത്തകരും രോഗികളും ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദർശകരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

“പൊതു ഒത്തുചേരലുകൾ, കലാസാംസ്കാരിക പരിപാടികൾ, കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിക്കൽ എന്നിവ കാരണം രാജ്യത്ത് കോവിഡ് -19 കേസുകൾ വീണ്ടും വർദ്ധിക്കുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്,” വിജ്ഞാപനത്തിൽ പറയുന്നു. രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഡിസീസ് സർവൈലൻസ് ആന്റ് കൺട്രോൾ, രാജ്യത്തെ  ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക്  നിർബന്ധമാക്കുന്നത്.

ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും കേസുകൾ കണ്ടെത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ആരോഗ്യപ്രവർത്തകരോട് മന്ത്രാലയം ആവശ്യപ്പെട്ടു. വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ ആരോഗ്യ കേന്ദ്രങ്ങൾ ജാഗ്രത പുലർത്തണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.