കോവിഡിനെ പ്രതിരോധിക്കാൻ നേസൽ സ്പ്രേ; ഉടൻ വിപണിയിലെത്തും
ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മൂക്കിൽ ഇറ്റിക്കുന്ന തുള്ളി മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായതായി ഭാരത് ബയോടെക്. പരീക്ഷണങ്ങൾ പൂർത്തിയായെന്നും, ഡിസിജിഐ അനുമതി നൽകിയാൽ ഉടൻ തന്നെ മരുന്ന് വിപണിയിലെത്തുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. കൃഷ്ണ എല്ലയുടെ വാക്കുകൾ,
“ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയതേയുള്ളു. അതിന്റെ വിവരങ്ങൾ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തമാസം വിവരങ്ങൾ ഡി.സി.ജി.ഐക്ക് കൈമാറും. എല്ലാം ശരിയായാൽ മരുന്ന് പുറത്തിറക്കാൻ അനുമതി ലഭിക്കും. ഇതായിരിക്കും കോവിഡ് 19നുള്ള ക്ലിനിക്കലി തെളിയിക്കപ്പെട്ട ലോകത്തെ ആദ്യത്തെ മൂക്കിലിറ്റിക്കുന്ന മരുന്ന്.”
ഈ വർഷം ജനുവരിയിലാണ് ഭാരത് ബയോടെക്കിന് മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഡ്രഗ് കണ്ട്രോളർ അനുമതി നൽകിയത്. അടുത്ത മാസത്തോടെ ഡിസിജിഐ, മരുന്നിന് അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തേക്കും.