Tuesday, December 3, 2024
LATEST NEWSSPORTS

‘എൽദോസ് പോൾ നാട്ടിലെത്തിയിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല’

കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ എൽദോസ് പോളിന്‍റെ വീട്ടിലേക്ക് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. എൽദോസ് എത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ കളക്ടറോ ആരും താരത്തിൻ്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. എൽദോസ് ഉൾപ്പെടെയുള്ള കളിക്കാർക്ക് സർക്കാർ ഇതുവരെ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. അറിഞ്ഞിടത്തോളം കേരളത്തിന്റെ കായിക മന്ത്രിക്ക് ഉദ്ഘാടനങ്ങളും യാത്രകളുമല്ലാതെ പ്രത്യേകിച്ചു ജോലി ഭാരമൊന്നും കാണുന്നില്ലെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

ജീവിതസാഹചര്യങ്ങളോട് പൊരുതുന്ന എൽദോസിനെപ്പോലുള്ള ചെറുപ്പക്കാരെ അഭിനന്ദിക്കാനോ നേരിൽ കാണാനോ അവർക്ക് കഴിയുന്നില്ലെങ്കിൽ, അവർ എന്തിനാണ് ഈ സ്ഥാനങ്ങൾ അലങ്കരിക്കുന്നത്? കോമൺവെൽത്ത് ഗെയിംസിൽ ഉന്നത മെഡലുകൾ നേടിയ എല്ലാവർക്കും കേരള സർക്കാർ എത്രയും വേഗം പാരിതോഷികം പ്രഖ്യാപിക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.