Wednesday, December 25, 2024
Novel

നിവേദ്യം : ഭാഗം 27

എഴുത്തുകാരി: ആഷ ബിനിൽ

അന്ന് വൈകിട്ട് കമ്പനിയിലെ സ്റ്റാഫുകൾക്ക് ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തു. നേവി ബ്ലൂ കളർ ആയിരുന്നു ഞങ്ങളുടെ ഡ്രസ്സ് കോഡ്. ഞാൻ ലഹങ്കയും ഏട്ടൻ സ്യൂട്ടും. കാണാൻ മൊഞ്ചൻ ആയിട്ടുണ്ട്. സ്വന്തം പ്രോപ്പർട്ടിയെ ഇങ്ങനെ ഒരു മയവും ഇല്ലാതെ വായ്നോക്കുന്ന എന്റെയൊരു കാര്യം..! കമ്പനി MD അടക്കം മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു. എന്റെ ആദ്യ വിവാഹത്തിന്റെ കഥ അറിയാത്തത് കൊണ്ട് തന്നെ, സെക്കൻഡ് ഹാൻഡ് പെണ്ണ് ചൊങ്കൻ ചെക്കനെ അടിച്ചെടുത്തു എന്നു കേൾക്കേണ്ടി വന്നില്ല.

“എന്നാലും എന്റെ നിവി.. ഈ മദയാനയെ എങ്ങനെ തളച്ചു നീ?” മരിയ ചോദിച്ചു. എല്ലാവർക്കും അതേ സംശയം തന്നെ ആയിരുന്നു. “ഒരുകുല പഴം കിട്ടിയാൽ സൈഡ് ആകാത്ത ഏത് ആനയാടി ഉള്ളത്?” ഞാൻ ചോദിച്ചു. കമ്പനി ഞങ്ങൾക്കായി പാരീസിലേക്ക് അഞ്ചു ദിവസത്തെ ഒരു ഹണിമൂൺ ട്രിപ്പ് ഗിഫ്റ്റ് ചെയ്തു. ജോലിക്ക് കയറി അഞ്ചു മാസത്തിനിടയ്ക്ക് ഒന്നര മാസം ലീവെടുത്ത എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല കേട്ടോ. അവരുടെ അടിമക്കണ്ണായ പ്രിത്വിയോടുള്ള താല്പര്യം ആണ്.

സ്വന്തം മക്കൾക്ക് കാണില്ല MDയോട് ഇത്ര ആത്മാർത്ഥത. ഞാനൊക്കെ അവിടെ ഉണ്ടെന്ന് പോലും ആലോചനയില്ലാതെയാണ് രണ്ടും സംസാരം. ഐസ് കട്ടയ്ക്ക് പെയിന്റ് അടിക്കുന്നത് പോലെ ഇടയ്ക്ക് ഞാൻ എന്തൊക്കെയോ പറയുന്നുണ്ട്. ആരോട് പറയാൻ, അവർ കേൾക്കാൻ… ഇതിപ്പോ ഞാൻ ഒരുമാതിരി കുടുംബശ്രീ മീറ്റിങ്ങിന് ചെന്ന് ഇരുന്നതുപോലെ ആയി. നമ്മളെ മൈൻഡ് ഇല്ലാത്തവരുടെ ലോകത്താണ്. അല്ലെങ്കിലും ആത്മാർത്ഥത ഇല്ലാത്തവരെ എന്നും മുതലാളിമാർ പുച്ഛിച്ചിട്ടേയുളൂ. വൈകിട്ട് ഏറെ വൈകിയാണ് മടങ്ങി എത്തിയത്.

ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോയി. പിറ്റേന്ന് സൻഡേ ആയതിനാൽ രാവിലെ ഒന്പതുമണി വരെ കിടന്നുറങ്ങി. എഴുന്നേൽക്കുമ്പോൾ പതിവുപോലെ ഏട്ടന്റെ കൈക്കുള്ളിൽ തന്നെയാണ് ഞാൻ. ഫ്രഷായി വന്നപ്പോഴേക്കും ഏട്ടനും എത്തിയിരുന്നു. ബ്രെക്ഫാസ്റ്റ് ഒരുമിച്ചുണ്ടാക്കി കഴിച്ചു. ഉച്ചകഴിഞ്ഞൊരു സിനിമയും കണ്ട് ഫ്ലാറ്റിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങി വന്നു. പിറ്റേന്ന് മുതൽ ജീവിതം മെഗാസീരിയൽ പോലെ ഒരേ പാറ്റേണിൽ ഒഴുകി തുടങ്ങി. ഫ്ലാറ്റ്, ജോലി, വീണ്ടും ഫ്ലാറ്റ്, വീക്കെൻഡിൽ വീട്ടിലേക്ക് പോക്ക്, ഇടയ്ക്കിടെ അടി ഇടി വെടി പുക അങ്ങനെയങ്ങനെ. അതിപ്പോ കുക്കറും സ്റ്റവ്വും ആകുമ്പോൾ തട്ടീം മുട്ടീം ഇരിക്കുമല്ലോ.

ഇടയ്ക്കിടെ നല്ല പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാകാറുണ്ട്. ഒരു രസം. ഒന്നര മാസം പോയതറിഞ്ഞില്ല. കല്യാണം കഴിഞ്ഞിപ്പോൾ രണ്ടു മാസം. പെട്ടന്നുള്ള കല്യാണം ആയതുകൊണ്ടും, വിവാഹത്തിന് മുൻപ് പരസ്പരം പ്രണയം പോയിട്ട് സൗഹൃദം പോലും പങ്കുവച്ചിട്ടില്ലാത്തത് കൊണ്ടും, ഇക്കാലയളവിനുള്ളിൽ ഞങ്ങൾ അടുക്കുകയും അറിയുകയും ചെയ്യുകയായിരുന്നു. ഡ്രൈവിംഗ് പഠിക്കുമ്പോൾ നമ്മൾ വീഴുകയും കയ്യും കാലും ഉരയുകയും ഒക്കെ ചെയ്യുമല്ലോ. അതുപോലെയാണ് ഞങ്ങളും.

അന്നൊരു അവധി ദിവസം ആയിരുന്നു. ഞങ്ങൾ എന്റെ വീട്ടിലേക്ക് ആണ് പോയത്. പ്രാതലൊക്കെ കഴിഞ്ഞ് എല്ലാവരും വെറുതെ സംസാരിച്ചിരിക്കുമ്പോൾ ആണ് ഉമ്മറത്താരോ വന്നതറിഞ്ഞത്. “മഞ്ജു….” അറിയാതെ തന്നെ എന്റെ ചുണ്ടുകൾ ആ നാമം ഉരുവിട്ടു. “നീയെന്താ ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിൽക്കുന്നത്?” അവൾ ചോദിക്കുകയാണ്. ഞാനിപ്പോ പെരുച്ചാഴിയെ കണ്ട മാലാഖ ആണെടീ തേപ്പ് പെട്ടി.. “ഹേയ്. ഒന്നുല. ഒരുപാട് നാൾ ആയില്ലേ നിന്നെ കണ്ടിട്ട്.

അതാ” ഞാൻ ചാർളി ചാപ്ലിന്റെ എക്ഷ്പ്രഷൻ എടുത്തു മുഖത്തൊട്ടിച്ചു. “അല്ലാതെ നിന്റെ രണ്ടാം കെട്ടിയോൻ എന്റെ രാജിനെ തട്ടിയെടുക്കാൻ വന്നതാണോ എന്നല്ല? നീ ആലോചിക്കാൻ പോകുന്നേയുള്ളൂ അമ്മൂ” ആ മുഖത്തും സംസാരത്തിലും ഒക്കെ ഒരുതരം സൈക്കോ ഭാവം. സത്യത്തിൽ അപ്പോഴാണ് ഞാൻ അവരുടെ പാസ്റ്റ് ഓർത്തത്. ഞാനങ്ങു ഇല്ലാണ്ടായിപ്പോയി. കണ്ണാ…. ഏട്ടൻ ഇവിടെ ഉണ്ടല്ലോ. സ്ത്രീസഹജമായ ഒരുതരം പൊസെസീവ്നെസ് എന്നിൽ പിടിമുറുക്കി.

കൈകാലുകളുടെ ബലം നഷ്ടപ്പെടുന്നത് പോലെ തോന്നി. “ആഹാ. ആരിത് മഞ്ജു മോളോ. വാ അകത്തേക്ക് വാ.” അപ്പോഴേക്കും അമ്മ വന്നവളെ അകത്തേക്ക് സ്വീകരിച്ചു. ഈ തേപ്പുപെട്ടിയെ ഒക്കെ വിളിച്ചു വീട്ടിൽ കയറ്റാൻ അമ്മയ്ക്ക് ഇതെന്തിന്റെ കേടാണോ എന്തോ. മകളുടെ കൂട്ടുകാരിയെ നാളുകൾക്ക് ശേഷം കണ്ട സന്തോഷത്തിൽ അമ്മയങ്ങു സൽക്കരിക്കുകയാണ്. രണ്ടു അരിയുണ്ടകൂടെ അങ്ങു കുത്തി കയറ്റിക്കൊട്. അത്ര നേരമെങ്കിലും ആ വായൊന്ന് അടഞ്ഞിരിക്കുമല്ലോ. “മോളിപ്പോഴും ദുബായിൽ അല്ലെ..? ഹസ്ബൻഡ് വന്നിട്ടില്ലേ നാട്ടിൽ?” അമ്മയാണ്.

അവളുടെ മുഖമൊന്ന് മാറി. “അത് പിന്നെ അമ്മേ.. ആൾക്കും വീട്ടുകാർക്കും എന്നോടിപ്പോ പഴയ താല്പര്യം ഒന്നും ഇല്ല” എങ്ങനെ ഉണ്ടാകും. കയ്യിലിരുപ്പ് അടിപൊളി അല്ലെ. “അയ്യോ. അതെന്ത് പറ്റി മോളെ?” “അത്.. പിന്നെ.. സ്ത്രീധനത്തിന്റെ ഇഷ്യൂ ഉണ്ട്. പിന്നെ കല്യാണം കഴിഞ്ഞ് വർഷം അത്രയല്ലേ ആയുള്ളൂ. എനിക്കവിടുത്തെ ലൈഫ് അങ്ങു ഉൾക്കൊണ്ട് മതിയായില്ല. കുട്ടികൾ കുറച്ചൂടെ കഴിഞ്ഞു മതി എന്നു പറഞ്ഞു ഞാൻ. അതൊക്കെ അവർക്ക് അത്ര ഇഷ്ടപ്പെടുന്നില്ല” സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് ഹരിയേട്ടന്റെ എഡ്വിയോട് ഒരു ബഹുമാനം ഒക്കെ തോന്നി കേട്ടോ.

“ആണോ.. ഇനിയിപ്പോ എന്താ മോൾടെ പ്ലാൻ?” “ഡിവോഴ്‌സ് ഫയൽ ചെയ്തിട്ടുണ്ട്” അവൾ എന്റെ മുഖത്തു നോക്കിയാണ് അത് പറഞ്ഞത്. ആ മുഖത്തു വീണ്ടുമൊരു സൈക്കോ ഭാവം ഞാൻ കണ്ടു. അവളാണോ ഇനി മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി..? ഞങ്ങൾ തൊടിയിലേക്കിറങ്ങി. ഒക്കെ തോന്നലാകും എന്നു കരുതി പഴയ മഞ്ജുവും അമ്മുവുമാകാൻ ശ്രമിച്ച എനിക്ക് അവിടെയും തെറ്റി: “അമ്മൂ.. വളച്ചു കെട്ടാതെ ഞാൻ കാര്യം പറയാം. രാജിനെ എനിക്ക് മറക്കാൻ കഴിയുന്നില്ല.

ശ്രമിക്കുകയായിരുന്നു, കഴിഞ്ഞ മൂന്നര വർഷവും. പക്ഷെ പറ്റുന്നില്ല. തിരികെ വന്ന് എല്ലാം ഏറ്റുപറഞ്ഞു മാപ്പ് ചോദിച്ചു വീണ്ടും ആ കൈകളിൽ ചേരണം എന്നു വിചാരിച്ചിരുന്നതാണ്. അപ്പോഴാ നിങ്ങളുടെ വെഡിങ് ഫോട്ടോ ഫേസ്‌ബുക്കിൽ കണ്ടത്. അപ്പോഴാണ് എനിക്ക് ഒരുപാട് വേദന തോന്നിയത്. നഷ്ടപ്പെട്ടു എന്നു തിരിച്ചറിയുമ്പോൾ ആണല്ലോ നമ്മൾ കയ്യിൽ ഇരുന്നതിന്റെ മൂല്യം മനസിലാക്കുന്നത്. ആഹ്. എന്തായാലും ഇനിയിപ്പോ കാര്യങ്ങൾ എളുപ്പമായി.” ഞാനൊന്നും മനസിലാകാതെ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.

ഇത്രയൊക്കെ സ്നേഹിച്ചിരുന്നെങ്കിൽ വേണ്ടെന്ന് വച്ചത് എന്തിനാണെന്ന് ചോദിക്കണം എന്നു തോന്നി. പക്ഷെ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തേക്ക് വന്നില്ല. “നീയാണ് ഇപ്പോൾ ഞങ്ങളുടെ ഇടയിൽ തടസം. നീ ഒഴിവായി തന്നാൽ രാജ് എന്റേതാകും. അല്ലെങ്കിലും അവനെന്നും എന്റേത് തന്നെയാണ്. ആ മനസിൽ എന്നും ഞാൻ മാത്രമേ ഉണ്ടാകൂ. അതിപ്പോ അവൻ നിന്റെ കൂടെ ജീവിച്ചാൽ പോലും. അല്ലെങ്കിൽ തന്നെ ഒരു വീഡിയോ സ്പ്രെഡ് അയതുകൊണ്ടല്ലേ, അല്ലെങ്കിൽ നിന്നെപ്പോലെ ഒരു സെക്കൻഡ് ഹാൻഡിനെ അവൻ വിവാഹം കഴിക്കുമോ? അവനു ചേരുന്നത് ഞാൻ തന്നെയാണ്.

അതിപ്പോ സൗന്ദര്യം കൊണ്ടായാലും സമ്പത്ത് കൊണ്ടായാലും. നീ ഒഴിവായി തന്നാൽ ഞാനും ഡിവോർസീ അവനും അങ്ങനെ. ഞങ്ങൾ വിവാഹം ചെയ്താലും ആരും മോശം പറയില്ല. നിനക്ക് കോമ്പൻസെഷൻ എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി, ഞാൻ ചെയ്യാം. അല്ല… ആദ്യത്തെ വിവാഹത്തിലും ആ ചെക്കന്റെ കയ്യിൽ നിന്ന് ഇഷ്ടം പോലെ കിട്ടി കാണുമല്ലോ അല്ലെ ” എന്റെ നിലവിളി കണ്ണീരായി ഒഴുകാൻ തുടങ്ങി. “നിന്നെ കാണാൻ നല്ല ഭംഗിയാ അമ്മൂ… നിന്റെ ചിരി ഭയങ്കര ക്യൂട്ട് ആണ്” എന്നു പറയുന്ന മഞ്ജുവിനെ ഓര്മവന്നു.

പ്രായം കൂടുംതോറും മനസും മാറുമോ? പ്രശ്നങ്ങളെല്ലാം ഒന്നൊതുക്കി സമാധാനമായി ജീവിച്ചു തുടങ്ങീട്ടേയുള്ളൂ. കണ്ണാ… സന്തോഷം വിധിച്ചിട്ടില്ലേ നീ എനിക്ക്? സമചിത്തത വീണ്ടെടുക്കാൻ ഒന്നോ രണ്ടോ നിമിഷമേ വേണ്ടി വന്നുള്ളൂ. “മഞ്ചൂ.. ഏട്ടൻ പഴയപോലെ നിന്റെ ബോയ്ഫ്രണ്ട് അല്ല. എന്റെ ഭർത്താവാണ്. എന്റെ താലിയുടെ അവകാശി. നീ ചോദിക്കുമ്പോ അങ്ങു വിട്ടുതരാൻ എന്റെ കയ്യിലിരിക്കുന്ന ഒരു കളിപ്പാട്ടം അല്ല അദ്ദേഹം” “ഓഹോ. അപ്പോ താലി കെട്ടാത്തത് കൊണ്ടോ ഭർത്താവ് അല്ലാത്തത് കൊണ്ടോ അല്ലലോ ഹരി നിന്നെ വേണ്ടെന്ന് വച്ചത്?

അവനു നിന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ലേ? അവനിഷ്ടം ആ മദാമ്മയെ ആയതുകൊണ്ടല്ലേ..? നിന്നെ ഒഴിവാക്കി ഒരു മാസത്തിനകം അവളെ അവൻ കൂടെ കൂടിയില്ലേ? നിന്നെ ഒന്നിനും കൊള്ളില്ല എന്നു നിനക്ക് എന്നിട്ടും മനസിലായില്ലേ അമ്മൂ? ഹരിയെപ്പോലെ രാജിന് ഇഷ്ടം എന്നെയാണ് അമ്മൂ. അത് ആ വായിൽ നിന്ന് തന്നെ പറയിക്കും ഞാൻ അവനെക്കൊണ്ട്. നിനക്ക് തല താഴ്ത്തി ഒഴിഞ്ഞു പോകേണ്ടി വരും. താലി നിനക്ക് വിധിച്ചിട്ടില്ലേ മോളെ..” ഇടിത്തീ അല്ല, തീമഴ ആയിരുന്നു ആ വാക്കുകൾ.

തുടരും

നിവേദ്യം : ഭാഗം 26