Friday, January 17, 2025
Novel

നിവേദ്യം : ഭാഗം 26

എഴുത്തുകാരി: ആഷ ബിനിൽ

“നിവി.. ഹരിയുമായി നിനക്ക് റിലേഷൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതെന്നെ ബാധിക്കുന്ന പ്രശ്നം അല്ല. കാരണം അവൻ നിന്റെ പാസ്റ്റ് ആണ്. ഞാൻ സ്നേഹിച്ചത് നിന്നെയാണ്. നിന്റെ ഈ നിഷ്കളങ്കസ്വഭാവവും എല്ലാവർക്കും നന്മ മാത്രം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന മനസുമാണ്. പിന്നെ അങ്ങനൊരു ചിന്ത തോന്നിയപ്പോൾ ഞാനത് ചോദിച്ചു എന്നു മാത്രം.” ശോ, ഇത്ര നല്ല കുട്ടി ആയിരുന്നോ ഞാൻ? ഏട്ടന്റെ വാക്ക് കേട്ട് എനിക്ക് എന്നൊടുതന്നെ ബഹുമാനം തോന്നീട്ടു രണ്ടു നിമിഷം മൗനം ആചരിച്ചു.

“എന്താ മിണ്ടാത്തത്? നിനക്ക് വിഷമായോ?” മൂപ്പരുടെ മുഖത്തൊരു വെപ്രാളം. “ഹേയ്. അതല്ല..” “പിന്നെ?” “അതേയ്.. ഈ പ്രിത്വിയേട്ടാ എന്നു വിളിക്കാൻ ഒരു ഇതില്ല” “ഏത്..?” “അതിപ്പോ.. ഒരു ഗുമ്മില്ല..” ഞാൻ പറഞ്ഞു. “ഗുമ്മാ..?” ആൾ ഒരു നിമിഷം ഒന്നാലോചിച്ചു. “എന്നാൽ പിന്നെ രാജുവേട്ടാ എന്നു വിളിച്ചോ.” അതൊരു നല്ല ഐഡിയയായി എനിക്ക് തോന്നി. ഞാൻ ആലോചിക്കുകയായിരുന്നു, കോഴിയിൽ നിന്ന് രാജപ്പനിലേക്കും, അവിടെനിന്ന് പ്രിത്വിയിലേക്കും ഒടുവിൽ രാജുവേട്ടനിലേക്കും ഉള്ള മാറ്റം. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളാണ് ഇപ്പോൾ എന്റെ പ്രാണൻ ആയിരിക്കുന്നത്. എന്തൊരു അത്ഭുതം ആണല്ലേ ജീവിതം.

“എന്താ വീണ്ടും ഒരാലോചന?” “ഹേയ്. ഒന്നുമില്ല… നമുക്ക് ചായ കുടിക്കണ്ടേ?” ഞങ്ങൾ എഴുന്നേറ്റു. ചയകുടിയൊക്കെ കഴിഞ്ഞ് ഞാൻ അത്താഴം ഒരുക്കാൻ തുടങ്ങി. ഫ്രിഡ്ജിൽ ചിക്കൻ ഉണ്ടായിരുന്നു. അത് കറി വയ്ക്കാൻ തുടങ്ങുയപ്പോഴേക്കും രാജുവേട്ടൻ ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങി. പണികളെല്ലാം വേഗം കഴിഞ്ഞു. വീടും മുറ്റവും ഒന്ന് ക്ളീൻ ചെയ്തു. ഫ്രഷായി ഉമ്മറത്ത് വിളക്കുവച്ചു. പിന്നെ ടീവിയിൽ തട്ടീം മുട്ടീം റീ ടെലിക്യാസ്റ്റ് ഉണ്ടായിരുന്നു. അത് കണ്ടു. “ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻതന്ത്രിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ…”

ഫോൺ റിങ് ചെയ്തതാണ്. രാജുവേട്ടൻ എന്നെ ഒന്ന് നോക്കി. ഞാൻ ചിരിച്ചുകൊണ്ട് തന്നെ ഫോണെടുത്തു. വീട്ടിൽ എല്ലാവരോടും രണ്ടുപേരും നിറയെ സംസാരിച്ചു. ഞാൻ നോക്കി കാണുകയായിരുന്നു, ഹരിയേട്ടനും രാജുവേട്ടനും തമ്മിലുള്ള വ്യത്യാസം. ഹരിയേട്ടൻ ഒരിക്കൽ പോലും എന്റെ വീട്ടുകാരോടിങ്ങനെ സ്നേഹമായി സംസാരിച്ചിട്ടില്ല. സംസാരിക്കുന്നു എന്നു വരുത്തി തീർക്കാനാണ് ശ്രമിക്കാറ്. എന്നാൽ ദേഷ്യമുണ്ടോ, അതുമില്ല. അടുപ്പം ഇല്ലെന്ന് മാത്രം. സത്യത്തിൽ നാവ് മാത്രമല്ല, ചുണ്ടുകളും, കണ്ണുകളുമൊക്കെ സാംസാരിക്കും. അതാണ് മുഖം മനസിന്റെ കണ്ണാടിയാണ് എന്നു പറയുന്നത്.

“നീ റിങ് ടോൺ എപ്പോ മാറ്റി?” ഫോൺ വച്ചു കഴിഞ്ഞു ചോദിച്ചു. “അത് വൈകുന്നേരം….” “എന്നാൽ പിന്നെ തേടിയാലോ..?” “എന്ത്?” “ശ്രീരാഗം…..” ആ മുഖത്തിപ്പോഴും വഷളൻ ചിരിയാണ്. കണ്ണാ. ഇങ്ങേർക്ക് ഈ വിചാരം മാത്രമേയുള്ളോ? ഏസിയുടെ തണുപ്പിലും ഞാൻ ഇരുന്ന് വിയർക്കാൻ തുടങ്ങി. മൂപ്പര് എന്റെ ടെൻഷനും വെപ്രാളവും കണ്ട് രസിച്ചിരിക്കുകയാണ്. അപ്പോഴേക്കും അച്ഛനും അമ്മയും വന്നു. പിന്നെ എല്ലാവരും കൂടി സംസാരിച്ചിരുന്നു. “മോള് പണി എല്ലാം തീർത്തു വച്ചല്ലോ. സാധാരണ എവിടെയെങ്കിലും പോയി വന്നാൽ പിന്നെ എനിക്ക് നിന്ന് തിരിയാൻ നേരം കിട്ടില്ല.

അതുപോലെ ജോലി കാണും ഇവിടെ ചെയ്യാൻ” അമ്മ പറഞ്ഞു. “ആഹ്. പുത്തനച്ചി പുറപ്പുറം തൂക്കും എന്നാ” രാജുവേട്ടനാണ്. നോക്കിയപ്പോൾ ആൾ മച്ചിലെ തടിയുടെ അളവെടുക്കുന്നു. എല്ലാവരും പൊട്ടിച്ചിരിച്ചു. ഞാനും ആ ചിരിയിൽ പങ്കുചേർന്നു. വീട്ടിൽ നിന്ന് മാറി നിൽകുന്നതിന്റെയോ പുതിയൊരു വീട്ടിലേക്ക് വന്നതിന്റെയോ സങ്കോചം എനിക്കില്ല എന്നതാണ് സത്യം. എത്ര വേഗമാണ് ഈ വീടെന്റെ സ്വന്തമായത്..! മുൻപ് ഹരിയേട്ടനെ വിവാഹം ചെയ്യുമ്പോഴും ഇതുപോലെയായിരുന്നു. അങ്ങനെ ആകില്ല ഇതെന്നൊരു തോന്നൽ. വിശ്വാസം, അതല്ലേ എല്ലാം. “എന്താണ് ഭാര്യേ ഒരു ആലോചന?” “ഹേയ്. ഞാനിങ്ങനെ വെറുതെ…” ആളെന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. “ഞാൻ പറയട്ടെ?

ഹരിയുമായുള്ള വിവാഹവും മറ്റുമല്ലേ ആലോചിച്ചത്?” ഞാൻ കണ്ണു മിഴിച്ചു നോക്കി. “ആലോചിക്കരുത് എന്നു ഞാൻ പറയില്ല. പക്ഷെ, ഇനിയൊരിക്കലും അതൊന്നും ആലോചിച്ചു വേദനിക്കരുത്. ഞാനുണ്ടാകും, എന്നും കൂടെ…” ആ കണ്ണുകളിലെ ചിരി എന്നിലേക്കും പടർന്നു. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ പിറ്റേന്ന് മുതൽ വിരുന്നു മഹാമഹം ആയിരുന്നു. അച്ഛനും അമ്മയും ജോലിക്കും പാറു കോളേജിലേക്കും പോയി കഴിഞ്ഞാൽ ഞങ്ങളും ബന്ധു വീടുകളിലേക്ക് പോകും. രണ്ടു ദിവസം അങ്ങനെ പോയി. ആദ്യത്തേത് ഏട്ടന്റെ വല്യച്ഛന്റെ വീടായിരുന്നു. രണ്ടു മക്കളുണ്ട്, രണ്ടാളും കുടുംബമായി വെളിയിൽ ആണ്. “പൃഥ്വിക്ക് ഞങ്ങളൊക്കെ എത്രന്നല്ല ആലോചനകൾ കൊണ്ടുവന്നതാണ് എന്നറിയോ?

അപ്പോ അവനീ അഷ്ടിക്ക് ഗതിയില്ലാത്തിടത്തെ രണ്ടാം കെട്ടുകാരിയെ മാത്രം മതിയെന്ന്. ആഹ് അവന്റെ വിധി” വല്യമ്മ പറഞ്ഞു. എങ്ങനെയാണ് ആളുകൾക്ക് ഇങ്ങനെ മുഖത്തുനോക്കി മറ്റൊരാളെ മുറിപ്പെടുത്താൻ കഴിയുന്നത്? ഞാൻ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി. മറ്റു വീടുകളിലും സമാനമായ അനുഭവം ഉണ്ടായി. ഒന്നും ഞാൻ രാജുവേട്ടനോട് പറയാൻ നിന്നില്ല. ഈ പറഞ്ഞവരൊക്കെ ഞാനാണ് അവന് ചേരുന്ന പെണ്ണെന്ന് മാറ്റി പറയും. അതിനാണ് ഞാൻ കാത്തു നിൽക്കുന്നത്. ഇന്നാണ് ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകുന്നത്. ഹരിയേട്ടനെപോലെ ഒരു കട മൊത്തത്തിൽ കൊണ്ടുവന്ന് കമഴ്ത്തിയില്ലെങ്കിലും എല്ലാവർക്കും ഡ്രെസ് എടുത്തിരുന്നു. കുറെയേറെ പലഹാരങ്ങളും.

അപ്പുവിന്റെ ഫേവറിറ്റ് “മധുരക്കോൽ” രണ്ടുമൂന്ന് പാക്കറ്റ് വാങ്ങി. “ഇതെങ്ങനെ അറിയാം?” ഞാൻ അന്തംവിട്ടു ചോദിച്ചു. ആളെന്നെ ഒന്ന് കണ്ണുചിമ്മി കാണിച്ചു. വീട്ടിൽ വലിയ സ്വീകരണം തന്നെ ആയിരുന്നു. ആഭിജാത്യം ഇപ്പോഴും AEO ഇൻസ്പക്ഷന് വന്ന ഭാവത്തിൽ ഭവ്യതയോടെ നിൽക്കുകയാണ്. അപ്പുവിനുള്ള മധുരക്കോൽ കൊടുത്തതോടെ അളിയൻ അവന്റെ ചങ്കായി. അവന്റെ തീറ്റി കഴിഞ്ഞുള്ള ചിരി കണ്ടാൽ പറക്കും തളികയിലെ ബസന്തിയെപ്പോലെ ഉണ്ട്. ചിന്നുവിനോടും അമ്മയോടും എന്തൊക്കെയോ മിണ്ടുന്നത് കണ്ടു. ഓരോരുത്തരോടും അവർക്ക് താല്പര്യമുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്.

അതുകൊണ്ട് അവർക്കും നല്ല ആവേശം ഉണ്ടെന്ന് തോന്നി. ചയകുടിയൊക്കെ കഴിഞ്ഞു ഒരു ബനിയനും കള്ളിമുണ്ടും എടുത്തുടുത്തു ആൾ അച്ഛന്റെ കൂടെ വെളിയിൽ തൊടിയിലേക്കിറങ്ങി. അപ്പുവും മധുരക്കോലും തിന്നുകൊണ്ട് കൂടെ പോയി. പശുക്കളെയും കുഞ്ഞുങ്ങളെയും ആടിനെയുമൊക്കെ കൊഞ്ചിച്ചു നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് അപ്പുവിന്റെ കയ്യിൽ നിന്നൊരു മധുരക്കോൽ വാങ്ങി ആടിന് കൊടുത്തു. പിന്നെ ആട് അത് പാക്കറ്റോടെ പിടിച്ചു വാങ്ങുമെന്നായപ്പോൾ അപ്പു ജീവനും കൊണ്ടോടി. അമ്മാവനും മരുമോനും പറമ്പിലൂടെ നടന്നു. “ഹരിയെപ്പോലെ അല്ല. അവൻ നല്ല സ്നേഹമുള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു” അമ്മ പറഞ്ഞു.

“പണ്ട് ഹരിയേട്ടൻ വന്നപ്പോഴും ഇത് തന്നെയാ അമ്മ പറഞ്ഞത്” ആളൊന്നു ചൂളി. അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു എന്നൊരു ഭാവം ആ മുഖത്ത്. “നിങ്ങളൊക്കെ എന്തിനാ ഹരിയേട്ടനുമായി രാജേട്ടനെ കംപയർ ചെയ്യുന്നത്? അവര് രണ്ടാളും രണ്ടു വ്യക്തികൾ അല്ലെ. അതിന്റെ വ്യത്യാസങ്ങൾ കാണില്ലേ? ചേട്ടൻ ചേച്ചിയെ സ്നേഹിക്കുന്നുണ്ടോ, കെയർ ചെയ്യുന്നുണ്ടോ എന്നു മാത്രം നോക്കിയാൽ പോരെ നമ്മൾ?” ചിന്നുവാണ്. ഇവൾക്ക് ഇത്രയൊക്കെ കാര്യവിവരം വന്നോ? അറിഞ്ഞില്ല, ആരും പറഞ്ഞില്ല. ഹരിയേട്ടൻ ഒരു രാത്രി പോലും എന്റെ വീട്ടിൽ ഇറങ്ങിയിട്ടില്ല.

അന്നും അതിനടുത്ത ദിവസവും ഞങ്ങൾ വീട്ടിൽ തന്നെയാണ് നിന്നത്. മൂന്നാം നാളാണ് മടങ്ങിയത്. മരുമകൻ മകനായത് എത്ര വേഗമാണ്..! “അപ്പൂ.. നിന്റെ സീറ്റൊക്കെ ദേ അളിയൻ കൊണ്ടുപോകും എന്നാ തോന്നുന്നത് കേട്ടോ. സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം” “വോ. കൊണ്ടൊയാലും ഞാനങ്ങു സഹിക്കും” ചെക്കൻ ഒരു ലോഡ് പുച്ഛം എന്നെ. ഒരു കുതിതിരിപ്പ് ഉണ്ടാക്കാം എന്നു വിചാരിച്ചാലും നടക്കുന്നില്ലല്ലോ. സത്യത്തിൽ ഏട്ടന് എന്റെ കുടുംബവുമായുള്ള അടുപ്പം എന്റെ മനസ് നിറയ്ക്കുന്നുണ്ട്. എന്നെ സ്നേഹിക്കുന്നതിലും എനിക്ക് സന്തോഷം എന്റെ വീട്ടുകാരോടുള്ള അടുപ്പം കാണുമ്പോഴാണ്.

ഹരിയേട്ടന്റെ വീട്ടിൽ ഒന്ന് പോയി. മുൻ ഭാര്യയുടെ പുതിയ ഭർത്താവിന് ഇത്ര സന്തോഷത്തോടെ ചോറ് വിളമ്പുന്ന ലോകത്തിലെ ആദ്യത്തെ എക്‌സ് ആയിരിക്കും ഹരിയേട്ടൻ. എനിക്കൊരു ജീവിതം കിട്ടിയതിൽ അച്ഛനും അമ്മയും സന്തോഷത്തിൽ ആയിരുന്നു. എഡ്വി രണ്ടാമത് ഗർഭിണിയാണ്. ഉണ്ണിക്കുട്ടന് രണ്ടു വയസുപോലും ആയിട്ടില്ല. ഇവർക്ക് ഇത് തന്നെ പണി? “എത്ര മാസമായി?” ഞാൻ ചോദിച്ചു. “മൂന്ന്..” ലജ്ജയിൽ പൊതിഞ്ഞാണ് എഡ്വിയുടെ മറുപടി. അതിലും മുട്ടൻ എക്‌സ്പ്രഷൻ ആണ് ഹരിയേട്ടൻ. ഫസ്റ്റ് നെറ്റിന് നിൽക്കുന്ന യുവമിഥുനങ്ങളെപ്പോലെ ഉണ്ട് രണ്ടിന്റെയും നിൽപ്.

ഇവരുടെ മനസിൽ എന്നും അവർ കാമുകീ കാമുകന്മാരാണ്. ആ പുതുമ ഇപ്പോഴും അവർക്കുണ്ട്. “ഇപ്പോ കുറെയൊക്കെ അവര് മാറിയിട്ടുണ്ട് മോളെ. ഞങ്ങളോട് സംസാരിക്കാനൊക്കെ സമയം കണ്ടെത്തുന്നുണ്ട്” ശ്രീദേവിയമ്മ പറഞ്ഞു. സ്വന്തം മകനും മരുമകളും തങ്ങളോട് സംസാരിക്കുന്നുണ്ട് എന്നത് അഭിമാനത്തോടെ പറയുന്ന ആ അമ്മയെ ഞാൻ നോക്കിനിന്നു. “നിനക്ക് സുഖമല്ലേ അവിടെ?” “മ്മം.. അവിടുത്തെ അമ്മയും എന്റെ ശ്രീദേവിയമ്മയെപ്പോലെയാ. പാവമാ” “അമ്പടി. പുതിയ അമ്മയെ കിട്ടിയപ്പോ ഇനി എന്നെ വേണ്ടായിരിക്കും അല്ലെ..?” ആൾ കപട ഗൗരവത്തോടെ പറഞ്ഞു.

“ആരെ കിട്ടിയാലും എന്റെ സുന്ദരിയമ്മയെ ഞാൻ മറക്കുവോ?” ഞാനാ കവിളിൽ ചുംബിച്ചു. അത് കണ്ടുകൊണ്ട് വന്ന എഡ്വിയും അതുപോലെ ചെയ്തു. അവളുടെ പ്രോപ്പർട്ടി ആണെന്ന മട്ടിൽ. ആ മുഖത്തൊരു കുശുമ്പ് ഞാൻ കണ്ടു. അമേരിക്കക്കാരി ആയാലും മലയാളി അയാൾ പെണ്ണ് പെണ്ണുതന്നെ. ഞാൻ മുകളിലെ മുറിയിൽ ബൽക്കണിയിലേക്ക് പോയി. എത്ര ഓർമകൾ ഉറങ്ങുന്നിടം ആണ്..! അറിയാതെ തന്നെ ഒരു നീർത്തുള്ളി എന്റെ കൺകോണിൽ വന്നുനിന്നു. ചൂടുള്ളൊരു നിശ്വാസം കഴുത്തിൽ അമർന്നത് ഞാനറിഞ്ഞു. പരസ്പരം ഒന്നും സംസാരിച്ചില്ല. ഞങ്ങളെങ്ങനെ വെറുതെ നിന്നു.

ആ സാന്നിധ്യം മാത്രം മതിയായിരുന്നു, എന്റെ ഉള്ളിലെ ചൂട് ഇല്ലാതാക്കാൻ. ഒരു പുരുഷൻ നൽകിയ മുറിവുകൾക്ക് മരുന്നാകാൻ മറ്റൊരു പുരുഷന് കഴിഞ്ഞു. ഇപ്പോൾ അയാളാണ് എന്റെ പ്രാണൻ. എന്റെ പ്രണയം. ഒരാഴ്ച്ച കൂടി ഏട്ടന്റെ വീട്ടിൽ നിന്നിട്ട് ഞങ്ങൾ ഇടപ്പള്ളിയിലെ ഏട്ടന്റെ ഫ്‌ളാറ്റിലേക്ക് മാറി. ജോലിക്ക് പോകാനും മറ്റും അതാണ് സൗകര്യം. പിറ്റേന്ന് മുതൽ ജോലിക്കും പോയി തുടങ്ങി. വീട്ടിൽ നിന്ന ഒരാഴ്ചയും അച്ഛനും അമ്മയും പോയി കഴിഞ്ഞാൽ ഞാനും ഏട്ടനും മാത്രമാകും. ഞങ്ങൾ പരസ്പരം അറിയുകയായിരുന്നു. അല്ലെങ്കിൽ, ഞാൻ ആ മനുഷ്യനെ അറിയുകയായിരുന്നു. ആ സ്നേഹം ആവോളം അസ്വദിക്കുകയായിരുന്നു.

തുടരും

നിവേദ്യം : ഭാഗം 25