Sunday, December 22, 2024
Novel

നിവേദ്യം : ഭാഗം 21

എഴുത്തുകാരി: ആഷ ബിനിൽ

മറൈൻ ഡ്രൈവ് എനിക്കേറെ പ്രിയപ്പെട്ട ഇടം ആയിരുന്നു. കുറുകുന്ന പ്രണയിതാക്കളെ കാണുമ്പോൾ ഒരു കുശുമ്പ് ഉണ്ടാകാറുണ്ടെങ്കിലും സമയം കിട്ടുമ്പോഴെല്ലാം ഇവിടെ വന്നിരിക്കും. ഒളിഞ്ഞുനോട്ടവും ഒരു സുഖം ആണല്ലോ. അവർ എന്തെങ്കിലും കുൽസിതപ്രവർത്തികളിൽ ഏർപ്പെടാൻ പോകുന്ന സമയം കൃത്യമായി എഴുന്നേറ്റ് അവർക്കരികിലേക്ക് നടക്കും. അപ്പോ അവരുടെ മുഖത്തു വിരിയുന്ന നിരാശ കാണുമ്പോൾ എന്താ ഒരു മനസുഖം.

ആദ്യമായിട്ടാണ് ഞാൻ രാത്രി ഇവിടെ വരുന്നത്. നീലകാശവും നക്ഷത്രങ്ങളും കായലും നിലാവും നോക്കി ഞാൻ നിന്നു. അതുവരെ ഉണ്ടായിരുന്ന ടെൻഷൻ എല്ലാം ആവിയായി പോയെന്ന് തോന്നി. “നിവേദ്യാ..” രാജപ്പന്റെ ശബ്ദം സ്വപ്നത്തിൽ കേൾക്കുന്നത് പോലെയാണ് തോന്നിയത്. ഇയാൾ ഇവിടെ ഉണ്ടായിരുന്നോ? അല്ല. ഞാൻ ഇയാളുടെ കൂടെയല്ലേ വന്നത്? “താൻ ഇരിക്കൂ” സ്വന്തം വീട്ടിൽ വന്നത്പോലെയാണ് വിളിക്കുന്നത്.

താൻ അങ്ങനിപ്പോ എന്നെ ഇരുത്താൻ ഒന്നും നോക്കണ്ട. എന്തോ കുനുഷ്ട് ഒപ്പിക്കാൻ ആണെന്നൊക്കെ എനിക്ക് മനസിലാകുന്നുണ്ട് രാജപ്പാ. വിളിച്ച സ്ഥിതിക്ക് ഇരിക്കാതിരുന്നാലും മോശമല്ലേ? അല്ലെങ്കിൽ തന്നെ ഞാനെന്തിനാ നിന്ന് കാല് കഴയ്ക്കുന്നത്. അടുത്തു കണ്ടൊരു സിമന്റ് ബെഞ്ചിൽ ഞാനിരുന്നു. കണ്ണുകൾ വീണ്ടും നിലാവിനോട് കുറുകുന്ന കായലിൽ ചെന്നുനിന്നു. “നിവേദ്യാ..” രാജപ്പൻ എന്താ എന്റെ പേര് ഇമ്പോസിഷൻ പറയുകയാണോ? “ആഹ്.. സർ…” ആൾ വാക്കുകൾക്ക് പരതുന്നത് പോലെ തോന്നി. ദേ എഴുന്നേറ്റ് വരുന്നു.

ഇനി നിലാവത്ത് ഇരുട്ടടി അടിക്കാൻ ഉള്ള പ്ലാൻ ആണോ? ആൾ വന്ന് എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു. കയ്യെടുത്ത് എന്റെ കയ്യിൽ ചേർത്തുവച്ചു. കണ്ണാ.. ഇയാളെന്നെ ശരിക്കും പ്രപ്പോസ്‌ ചെയ്യാൻ പോകുവാണോ? നിലാവ്, നക്ഷത്രങ്ങൾ വിരിഞ്ഞ ആകാശം, നമ്രമുഖിയായി നിൽക്കുന്ന കായൽ, പ്രണയതുരനായ പുരുഷൻ, പിന്നെ ഞാനും. ആഹാ. അന്തസ്…! “എന്താ ഇവിടെ?” എഹ്ഹ്? ഇതേതാ ഒരു വൃത്തികെട്ട ഹോയ്‌? രാജപ്പന്റെ സ്വരം അല്ലല്ലോ അത്? നോക്കുമ്പോൾ ഘദാഘടിയന്മാരായ പത്തു പന്ത്രണ്ട് പേര്..!

ഒത്ത നടുക്ക് പന്തം കണ്ട പെരുച്ചാഴികളെപ്പോലെ ഞാനും രാജപ്പനും. രാജപ്പൻ വേഗം പിടഞ്ഞെണീറ്റു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, അതിൽ ഒരുത്തൻ കാമറ ഓൺ ആക്കി വച്ചിരിക്കുകയാണ്. അവന് ആയുഷിന്റെ ഛായ..! അല്ല, ആയുഷ് തന്നെയാണ് അത്. ഞാൻ കൊടുത്ത ISI മാർക്കുകൾ ആ മുഖത്തിന് ചന്തം ചാർത്തുന്നുണ്ട്. കൈ സ്‌ലിംഗിൽ തൂക്കി ഇട്ടിരിക്കുകയാണ്. ഇവന്റെ 22FK ഇത്രവേഗം ശരിയായോ? വെട്ടം സിനിമയുടെ ക്ളൈമാക്‌സ് ആയിരുന്നു പിന്നെ അവിടെ നടന്നത്.

ആരൊക്കെയോ വരുന്നു, എന്തൊക്കെയോ പറയുന്നു, രാജപ്പൻ കേറി അടിക്കുന്നു, ആകെ ബഹളം. ആയുഷ്മാന്റെ മൊബൈൽ എടുത്തു കായലിൽ കളയാൻ ഞാൻ നോക്കിയെങ്കിലും അതിന് കഴിഞ്ഞില്ല. ആദിയിലെ ലാലേട്ടന്റെ മോനെപ്പോലെ തെന്നിമാറിക്കളഞ്ഞു. എന്നു മാത്രമല്ല, കൂടെയുള്ള മൂന്നാലെണ്ണം കൂടി ക്യാമറ ഓൺ ആക്കി സീൻ പിടിക്കുന്നതും ഉണ്ട്. അധികം വൈകാതെ പോലീസ് എത്തി. “രണ്ടും കൂടി രാത്രിയുടെ മറപറ്റി അനാശാസ്യം ആയിരുന്നു സാറേ” ആയുഷ്മാൻ ആണ് പറയുന്നത്.

ഭാരതപുരുഷന്റെ ഭാവശുദ്ധിയുടെ പ്രതീകമാണല്ലോ ആ മനുഭാവൻ. അപ്പോ അയാൾക്ക് പറയാനുള്ള അർഹതയുണ്ട്. രാത്രി വന്ന് അനാശാസ്യം നടത്തിയിട്ട് പോകാൻ രാജപ്പൻ കണ്ടൻ പൂച്ചയും ഞാൻ ചക്കിയും അല്ല ഹേ. “അനാവശ്യം പറയരുത്” രാജപ്പൻ അയാളോട് കേറി ചൂടായി. “ഓഹോ. നിനക്ക് അനാവശ്യം കാണിക്കാം, ഞങ്ങൾ പറയുന്നതാണ് അല്ലെ കുഴപ്പം. ഇവനൊക്കെയാണ് സാറേ ഞങ്ങളെപ്പോലെ ഇവിടെ വരുന്ന മാന്യന്മാർക്ക് പേരുദോഷം ഉണ്ടാക്കുന്നത്” ആയുഷ്മാൻ കത്തി കയറുകയാണ്.

നിന്റെ മാന്യതയുടെ മുഖംമൂടി കുത്തിക്കീറാനുള്ള കത്തി എന്റെ വീട്ടിലെ ലാപ്പിൽ ഇപ്പോഴും ഉണ്ടെടാ കള്ള ബടുവ. “അതേയ്. നിങ്ങൾ തമ്മിൽ തർക്കിക്കാൻ ആണെങ്കിൽ പിന്നെ ഞങ്ങളെന്തിനാ ഇവിടെ?” പോലീസ്‌ ഏമാൻ ആണ്. ഇടയ്ക്കൊക്കെ അങ്ങനെ സ്വയം ചോദിക്കുന്നത് നല്ലതാ സാറേ. “സർ. ഞാൻ KMJ പ്രൈവറ്റ് ലിമിറ്റഡിലെ ക്രിയേറ്റീവ് ഡയറക്ടർ ആണ്. പൃഥ്വിരാജ് മോഹൻ. ഇതെന്റെ അസോസിയേറ്റ് നിവേദ്യാ നാരായണൻ.

ഞങ്ങൾ ഹോട്ടൽ ക്രൗൺ പ്ലാസയിലെ ഒരു മീറ്റിങ് കഴിഞ്ഞു വരുന്ന വഴിയാണ്.” “ഓഹ്. സാറും മേഡവും കൂടി ഹോട്ടലിൽ കയറി അർമാദിച്ചിട്ടും മതിയായി കാണില്ല സാറേ. അതാ ഇവിടെ വന്നത്. ഇവനെയൊക്കെ ഒരു യോഗം” ആയുഷ് ആണ്. ഹോട്ടലിലെ അർമാദം ഒക്കെ അവന് നല്ല വശം ആണല്ലോ. ഈ വദൂരിയെ മിക്കവാറും ഞാൻ വെട്ടി നുറുക്കി ഉപ്പിലിടും. “ഡോ ഡോ. കാര്യങ്ങൾ ചോദിക്കാനാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്.

ഒരുപാട് അങ്ങു ഉണ്ടാക്കാൻ വരല്ലേ…” ഏമാന്റെ കയ്യിൽ നിന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ ഫ്യൂസായ ബൾബ് പോലെ കിളിക്കുന്നത് കണ്ടു. ശവം..! “സർ നിവേദ്യയ്ക്ക് വോമിറ്റ് ചെയ്യാൻ തോന്നുന്നു എന്നു പറഞ്ഞതുകൊണ്ടാണ് ഞാൻ വണ്ടി ഒതുക്കി ഇവിടേക്ക് വന്നത്. കാറ്റ് കിട്ടുമ്പോൾ അല്പം ആശ്വാസം ഉണ്ടാകും എന്നു കരുതി. ഈ കുട്ടി കൈ മരവിച്ചുപോയി എന്നു പറഞ്ഞപ്പോൾ ഒന്ന് തിരുമി കൊടുക്കാൻ വേണ്ടി ശ്രമിച്ചതാണ് ഞാൻ.

അപ്പോഴാണ് ഇവർ… അതല്ലാതെ അനാശാസ്യം നടത്താൻ ആണെങ്കിൽ ഞങ്ങൾക്ക് ഇവിടെ വരേണ്ട കാര്യം ഉണ്ടോ? സർ തന്നെ പറയ്” വികാരാധീനനാകുന്ന എക്ഷ്പ്രഷൻ കൂടി ഇട്ടതോടെ ഏമാൻമാർ ഫ്ലാറ്റ്. ഇതൊക്കെ എപ്പൊ എന്ന എന്റെ നോട്ടം രാജപ്പൻ കണ്ടില്ല എന്നു തോന്നുന്നു. ഇയാൾ തീർച്ചയായും അഡ്വർടൈസിംഗ് മേഖലയിൽ എത്തിപ്പെടേണ്ട ആൾ തന്നെയാണ്. അല്ലെങ്കിൽ, ആ മേഖല ഇയാൾക്ക് വേണ്ടി മാത്രം ഉള്ളതാണ്. എത്ര വേഗമാണ് ഒരു കള്ളം സത്യമാക്കി മറ്റുന്നത്.

പൊലീസുകാർ എല്ലാവരെയും ഒഴിവാക്കി ഞങ്ങളെ പോകാൻ അനുവദിച്ചു. ചുറ്റിലും നടന്നതെല്ലാം ഒരുതരം കൗതുകത്തോടെയാണ് ഞാൻ കണ്ടുകൊണ്ടിരുന്നത്. എന്തുകൊണ്ടോ, നടന്നതിൽ ഒന്നും ഒരു വിഷമവും എനിക്ക് തോന്നിയില്ല. ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞതിന് ഞാനെന്തിന് വിഷമിക്കണം എന്നായിരുന്നു മനസിൽ. രാജപ്പന്റെ മുഖം വലിഞ്ഞുമുറുകിയിരുന്നു. ചിക്കൻ ബിരിയാണി പ്രതീക്ഷിച്ചു ചെന്നിടത്ത് വാട്ടവെള്ളം പോലും കിട്ടാതെപോയ അവസ്ഥ ആയിരുന്നു എനിക്ക്.

“ഞാഞ്ഞൂലിനും സീൽക്കാരമോ ഞാനെന്നഹങ്കാരമോ മാറാലയും ചെമ്പല്ലിയും മേൽക്കൂര താങ്ങുന്നുവോ?” എന്റെ റിങ് ടോൺ കേട്ട് മൂപ്പര് എന്നെ കലിപ്പിച്ചൊന്നു നോക്കി. ഞാൻ വേഗം ഫോണെടുത്തു നോക്കി. മരിയയാണ്. അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടെന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു. രാജപ്പൻ അത് ശ്രദ്ധിച്ചെന്ന് തോന്നുന്നു. ആൾ എന്തോ ചോദിക്കാൻ വന്നപ്പോഴേക്കും മൂപ്പരുടെ ഫോണും റിങ് ചെയ്തു. ഞാൻ കേട്ട വാർത്ത തന്നെയാണ് അതെന്ന് ആ മുഖത്തുനിന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

“ഡാമിറ്റ്…” ആൾ ഫോൺ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. “ആ നാറികൾ വീഡിയോ ഫേസ്ബുക്കിലും മറ്റും തെറ്റിദ്ധാരണാജനകമായ രീതിയിൽ ആ അപ്ലോഡ് ചെയ്തെന്ന്. കണ്ടവരെല്ലാം അത് സത്യമാണ് എന്നു വിചാരിച്ചുകാണും.” അതുതന്നെയാണ് ഞാനും കേട്ടത്. മനസ് മരവിച്ചു പോയി. കണ്ണീർ ഇടതടവില്ലാതെ ഒഴുകി. വിവാഹമോചിതയായ എന്റെ അവിഹിതം കണ്ടുപിടിക്കാൻ നെട്ടോട്ടം ഓടിയ നാട്ടുകാർ ഇനി എന്തെല്ലാം പറഞ്ഞു നടക്കും എന്നെനിക്ക് ഊഹിക്കാൻ കഴിഞ്ഞു.

ഒരുതരത്തിൽ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടുകയായിരുന്നു ഇതുവരെ. അച്ഛന്റെയും അമ്മയുടെയും അപ്പുവിന്റെയും ചിന്നുവിന്റെയും മുഖം ഓർമയിൽ വന്നു. ഇതറിഞ്ഞാൽ എന്റെ അച്ഛന്റെ ആഭിജാത്യം നശിച്ചു പോകില്ലേ? അമ്മയിനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും? എന്റെ അപ്പുവും ചിന്നുവും ഇനിയെങ്ങനെ കൂട്ടുകാരെ ഫേസ് ചെയ്യും? എല്ലാം കൂടി ഭ്രാന്തു പിടിച്ചു തുടങ്ങി. “നിവേദ്യാ..” രാജപ്പന്റെ വിളി വിദൂരതയിൽ എന്നവണ്ണം കേട്ടിട്ടും മറുപടി പറയാൻ കഴിഞ്ഞില്ല.

ഫോൺ തുടരെ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഞാനത് സൈലന്റ് ആക്കി ബാഗിലിട്ടു. എന്റെ വീടിന് മുൻപിൽ എത്തിയാണ് വണ്ടി നിന്നത്. പരിസരബോധം വന്നതും ഞാൻ ചാടിയിറങ്ങി. അച്ഛനും അമ്മയും അപ്പുവും ചിന്നുവും ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു. എല്ലാം അറിഞ്ഞെന്ന് ആ മുഖങ്ങൾ എന്നോട് വിളിച്ചുപറഞ്ഞു. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമുള്ള ശേഷി ഇല്ലാത്തത് കൊണ്ടു ഞാൻ വേഗം അകത്തേക്ക് കയറി. ബാഗ് കട്ടിലിൽ ഇട്ടശേഷം വേഷം പോലും മാറാൻ നിൽക്കാതെ ബാത്റൂമിലേക്കു കടന്നു ഷവറിന്റെ താഴെ നിന്നു.

തണുത്ത വെള്ളത്തിന് തണുപ്പിക്കാൻ കഴിയതയത്ര ചൂട് പിടിച്ചിരുന്നു എന്റെ മനസ്. ആയുഷ്മാൻ പണി തന്നതാണ് എന്നു മനസിലായി. അയാൾക്കൊരു പണി തിരിച്ചു കൊടുത്തേ മതിയാകൂ. എന്റെയുള്ളിൽ പകയെരിഞ്ഞു. തിരികെയിറങ്ങുമ്പോൾ മുറിയിൽ ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ അമ്മ ഉണ്ടായിരുന്നു. വഴക്ക് നേരിടാൻ തയ്യാറിട്ടാണ് മുന്നിൽ ചെന്നു നിന്നത്. ഒന്നും മിണ്ടിയില്ല. തോർത്തെടുത്തു എന്റെ തല തുവർത്തിതന്നു. “വേഗം വേഷം മാറി വാ.. അത്താഴം കഴിക്കാം.

അച്ഛന് വിശക്കുന്ന എന്നു പറയുന്നുണ്ട്” അമ്മ പുറത്തേക്ക് പോകുന്നത് ഞാൻ നോക്കിനിന്നു. എന്തോ ഒരു മരവിപ്പ് ശരീരത്തെയും മനസിനെയും ബാധിച്ചിരുന്നു. ഒരുവിധം വേഷം മാറി ഞാൻ അത്താഴം കഴിക്കാൻ ചെന്നു. പതിവുപോലെ ടീവിയിൽ തട്ടീം മുട്ടീം കണ്ടുകൊണ്ടാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. സംഭവിച്ച കാര്യങ്ങളിലെ അകൽച്ച ആരിലും കാണാൻ കഴിഞ്ഞില്ല. എങ്കിലും എന്റെയുള്ളിൽ അപകർഷതയുടെ കൂണുകൾ മുളച്ചുതുടങ്ങിയിരുന്നു. ആരെങ്കിലും എന്നയൊന്ന് വഴക്കു പറയുകയെങ്കിലും ചെയ്തിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.

ആദിയേട്ടന്റെ മണ്ടത്തരങ്ങളോ കമലാസനന്റെ കൗണ്ടറുകളോ ഇന്നെന്നെ ചിരിപ്പിച്ചില്ല. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാൻ അച്ഛന്റെ മുന്നിൽ പോയി നിന്നു. “പ്രിത്വിമോൻ എല്ലാം പറഞ്ഞു. നമുക്ക് നാളെ സംസാരിക്കാം. മോള് പോയി ഉറങ്ങിക്കോ.” സത്യത്തിൽ ഒരു വിശദീകരണത്തിനുള്ള മാനസികാവസ്ഥ അപ്പോൾ എനിക്കില്ലായിരുന്നു. കട്ടിലിൽ വെറുതെ കയറി കിടന്നു. ഇടയ്ക്ക് എപ്പോഴോ ചിന്നു അടുത്തു വന്നു കിടക്കുന്നതും അവളുടെ കൈകൾ എന്നിൽ മുറുകുന്നതും അറിഞ്ഞു.

അതിന് ശേഷം രാത്രിയുടെ ഏതോ യാമത്തിൽ ഞാനുറങ്ങി. “മോളെ.. അയാളോട് അച്ഛനൊന്ന് സംസാരിക്കട്ടെ? നിന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ നമുക്കിത് നടത്തിക്കൂടെ?” പിറ്റേന്ന് എല്ലാം കേട്ടു കഴിഞ്ഞ് അച്ഛൻ ചോദിച്ചു. “അത് വേണ്ട അച്ഛാ.. സർ ഇതുവരെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പെരുമാറിയിട്ടും ഇല്ല. ഒക്കെ എന്റെ തോന്നൽ മാത്രം ആണെങ്കിൽ.. ഈ രണ്ടാം കെട്ടുകാരിയുടെ ആലോചനയും കൊണ്ട് ചെന്നിട്ട് അച്ഛൻ അവരുടെ മുന്നിൽ നാണം കെടേണ്ട.” അത്രയും പറഞ്ഞിട്ട് ഞാൻ അകത്തേക്ക് പോയി.

മുറിയിൽ ചെന്നിട്ടും അച്ഛൻ പറഞ്ഞ കാര്യങ്ങൾ എന്റെ ചെവിയിൽ മുഴങ്ങി. സാറിന് എന്നോട് ഇഷ്ടം ഉണ്ടാകുമോ? കാഴ്ചയിൽ അയാളെക്കാൾ മോശമായ, സാമ്പത്തികമായി ഒരുപാട് താഴെ നിൽക്കുന്ന, ബാധ്യതകളുടെ ഭാണ്ഡം ചുമക്കുന്ന ഈ സെക്കൻഡ് ഹാൻഡിനോട് സാറിന് ഇഷ്ടം കാണുമോ? ഇന്നലെ എന്തായിരിക്കും അയാൾ എന്നോട് പറയാൻ വന്നത്?

തുടരും

നിവേദ്യം : ഭാഗം 20