നിവേദ്യം : ഭാഗം 12
എഴുത്തുകാരി: ആഷ ബിനിൽ
എങ്ങനെയെങ്കിലും സുന്ദരിയാകുക എന്നത് മാത്രമായി പിന്നെയുള്ള എന്റെ ലക്ഷ്യം. അച്ഛന്റെ കയ്യിൽ ആഭിജാത്യം മാത്രമേയുള്ളൂ എന്നറിയാം. അമ്മയുടെ കയ്യിൽ പ്രാരാബ്ധവും. അതുകൊണ്ട് റിച്ച് ആയതോന്നും നോക്കാനുള്ള വകുപ്പ് ഇല്ലായിരുന്നു. എന്തു തന്നെ വന്നാലും പാവപ്പെട്ടവരുടെ മിസ് ഇന്ത്യ ആയിട്ടേയുള്ളൂ ഇനി വിശ്രമം എന്നു ഞാൻ തീർച്ചയാക്കി. രാവിലെ പഴങ്കഞ്ഞി. ഇടയ്ക്കിടെ അമ്മ കനിഞ്ഞു തരുന്ന നെയ്യിൽ വറുത്ത ഏത്തയ്ക്കയോ ചോറോ. അത്രയുമാണ് സ്‌പെഷ്യൽ ഡയറ്റ്. പിന്നെ എന്നും കാച്ചെണ്ണയും താളിയും തേച്ചാണ് കുളി. ഇതൊന്നും പോരാതെ നിറം വയ്ക്കാൻ ആര്യവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടും.
ഒരു മാസത്തോളം അങ്ങനെ കടന്നുപോയി. മിസ് ഇന്ത്യ ആകാൻ നടന്ന ഞാൻ മിസ് മാത്രമായി അവശേഷിച്ചു. എന്നാലും പരിശ്രമം കൈവെടിഞ്ഞില്ല. കോഴിക്ക് പണി കൊടുക്കാത്തതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. മഞ്ജുവിനാണെങ്കിൽ അയാളോട് ഇപ്പോ ഒരു സോഫ്റ്റ് കോർണർ കക്കെ ഉണ്ട്. അതുകൊണ്ട് ആ വഴിയിൽ നിന്ന് സഹായം പ്രതീക്ഷിക്കേണ്ട. അങ്ങനിരിക്കെ ഒരു ദിവസം എനിക്കൊരു അവസരം വന്നു ചേർന്നു. കോഴി സ്‌കൂളിലെ മരച്ചുവട്ടിൽ ഇരുന്നു റെക്കോർഡ് വരയ്ക്കുന്നത് ഞാൻ കണ്ടു. കൂടെ ആരുമില്ല.
ഞാൻ നൈസ് ആയി മഞ്ജുവിനെ ആ വഴിക്ക് പറഞ്ഞുവിട്ടു. സ്വാഭാവികമായും കോഴിയുടെ ശ്രദ്ധ അവളിലേക്ക് തിരിഞ്ഞു. ആ സമയം കൊണ്ട് ആരുടെയും ശ്രദ്ധയിൽ പെടാതെ ഞാൻ വേഗം റെക്കോർഡിൽ നിന്ന് എഴുതി വച്ചിരുന്ന പത്തു പന്ത്രണ്ട് പേജ് കീറിയെടുത്തു. എന്നിട്ടത് ഇരുന്നിടത്തു തന്നെ വച്ചു. കോഴി കൊത്തിപ്പെറുക്കൽ കഴിഞ്ഞു വന്ന് റെക്കോർഡ് എടുത്തു സബ്മിറ്റ് ചെയ്യാൻ കൊണ്ടുപോയി. പിന്നെ നടന്നത് ചരിത്രം. സാഹചര്യ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാത്ത ആ സംഭവത്തിൽ പ്രതി ഞാൻ ആണെന്ന് കോഴി എങ്ങനെ അറിഞ്ഞെന്ന് എനിക്കിപ്പോഴും അറിയില്ല, എന്തായാലും അതിനുള്ള പണി അടുത്ത ദിവസം തന്നെ എനിക്ക് കിട്ടി.
മര്യാദയ്ക്ക് നടന്നു പോയ എന്നെ തടഞ്ഞു ചോദ്യം ചെയ്യാൻ വന്നേക്കുന്നു..! “നീ പോടാ രാജപ്പാ” എന്നും പറഞൊരു തള്ള് കൊടുത്തതാണ്, ദേ കിടക്കുന്നു കോഴി താഴേ. ഇവന് ഇത്ര ആരോഗ്യമേയുള്ളോ? രാജപ്പൻ എന്നു വിളിച്ചതിന്റെയും തള്ളി ഇട്ടത്തിന്റെയും ദേഷ്യത്തിൽ അവൻ കടന്നു പോകാൻ നോക്കിയ എന്നെ കിടന്ന കിടപ്പിൽ തന്നെ പിടിച്ചു നിർത്താൻ നോക്കി. പിടി കിട്ടിയത് എന്റെ പാവാടയിൽ ആയിരുന്നു. അമ്മ തയ്ച്ചു തന്ന പുതിയ പെറ്റിക്കോട്ട് ഇട്ടതുകൊണ്ട് മാത്രം എന്റെ മാനം കപ്പൽ കയറിയില്ല. എന്നാലും, പഴയത് വല്ലതും ആണ് ഇട്ടതെങ്കിലോ? ഞാൻ ആണെങ്കിൽ വലിയ വായിൽ കരച്ചിൽ തുടങ്ങി.
കോഴി വേഗം എഴുന്നേറ്റു. പാവാട ഊരി പോന്നത് കണ്ടു കോഴിക്കും വിഷമം ആയെന്നു തോന്നി. എന്റെ കരച്ചിൽ കണ്ടു മിസ്സുമാരൊക്കെ വന്നു. കോഴിയെ വീണ്ടും പൊരിച്ചു. ആ നിൽപ്പിൽ വേണമെങ്കിൽ അവനെ ഷവായ് ആയിട്ട് വിളമ്പാം. പാവാട ഊരിയത്തിന് പകരമായി ഞാൻ അവരുടെ സോഷ്യലിന്റ ദിവസം അവന്റെ മേൽ കളർ പൊടിയുടെ കൂടെ നായ്‌ക്കുരണപ്പൊടി വിതറി. നാശം പിടിക്കാൻ അവനു അലർജി ഉള്ളതായിരുന്നു. മൊത്തത്തിൽ ചൊറിഞ്ഞു വീർക്കാൻ തുടങ്ങി. പിന്നെ ആംബുലൻസ് വിളിക്കൽ ആയി, ആശുപത്രിയിൽ കൊണ്ടുപോകൽ ആയി ആകെ ബഹളം. എനിക്ക് നല്ല സങ്കടം വന്നു.
എന്തായാലും ആ സംഭവത്തോടെ ഞാൻ കോഴിക്ക് പണി കൊടുക്കുന്നത് നിർത്തി. ഞാനും മഞ്ജുവും പ്ലസ്റ്റു വരെ ഒരുമിച്ചു പഠിച്ചു. പിന്നീട് അവൾ നേഴ്സിങ്ങിന് ചേർന്നു. ഫൈനലിയർ ആയപ്പോഴേക്കും ഏതോ ദുബായ്കാരൻ വന്നു കെട്ടിക്കൊണ്ടു പോയി. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അന്നത്തെ സംഭവങ്ങൾക്ക് ശേഷം രാജപ്പനെ ഞാൻ ഇന്നാണ് കാണുന്നത്. ആൾ ആകെ മാറിപ്പോയി. അന്നത്തെ സംഭവങ്ങളിൽ 3-2 ന് ഞാനാണ് മുന്നിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ സമനില ആക്കാൻ കോഴി ശ്രമിക്കും എന്നുറപ്പാണ്. അത് മാത്രമല്ല, എന്റെ കരിയർ ഇപ്പോൾ കോഴിക്കൂട്ടിൽ ആണ്.
എന്തുകൊണ്ടും ഒതുങ്ങുന്നതാണ് ബുദ്ധി. ഞാൻ ജോലികളിൽ വ്യാപൃതയായി. അന്ന് കോഴിയെക്കൊണ്ട് ശല്യമൊന്നും ഉണ്ടായില്ല. “നീ എങ്ങനെയാ പോകുന്നത്?” ഇറങ്ങാൻ പോകുമ്പോ മരിയ ചോദിച്ചു. ജോലിയിൽ എന്നിലും താഴെ ആണെങ്കിലും അവളുമായി ഞാൻ കമ്പനി ആയി കഴിഞ്ഞിരുന്നു. പാലാക്കാരി അച്ചായത്തിയാണ് കക്ഷി. “ആഹ്. ഹാരിമോൻ ഉണ്ടെടി” ഞാൻ പറഞ്ഞു. “അതാരാ?” ഓഹോ. എന്റെ ഹാരിമോനെ അറിയില്ലാത്ത കണ്ട്രി ഫെലോ. “അതോ. എന്റെ അമ്മാവന്റെ മോനാ. നീ വരുന്നോ? പരിചയപ്പെടാം” മുറച്ചെറുക്കനെ കാണാൻ ചാടിത്തുള്ളി വന്ന മരിയ എന്റെ ചെക്കനെ കണ്ടതും അന്തം വിട്ടൊരു നോട്ടം.
“എന്തേ? ഇഷ്ടപ്പെട്ടില്ലേ എന്റെ ഹാരിമോനെ?” അവളൊന്നും മിണ്ടിയില്ല. ചമ്മി നാശമായി നിൽക്കുമ്പോൾ എന്തു മിണ്ടാൻ ആണ്. അവളെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്തിട്ടാണ് ഞാൻ പോയത്. “നിവേദ്യാ.. കം റ്റു മൈ കാബിൻ” പിറ്റേന്ന് എന്റെ ആദ്യത്തെ വർക്കിന്റെ തീം സബ്മിറ്റ് ചെയ്തു നിമിഷങ്ങൾക്കകം രാജപ്പന്റെ വിളി വന്നു. ഞാനും മരിയയും കൂടിയാണ് പോയത്. “സർ…” “ഓഹ്. കം. സിറ്റ്.” ഞങ്ങൾ ഇരുന്നിട്ട് രാജപ്പനെ നോക്കി. കോഴി കമ്പ്യൂട്ടറിൽ കൊതിക്കൊണ്ടിരിക്കുകയാണ്. വല്ല പെണ്പിള്ളേരെയും വായ്നോക്കുകയായിരിക്കും. ജാഡ തെണ്ടി. “ഓക്കെ. നിവേദ്യാ.
താൻ ഇന്ന് സബ്മിറ്റ് ചെയ്ത ആഡിന്റെ സിനോപ്സിസ് ഒന്ന് പറയു” “സർ അത്” ഞാൻ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഇടയ്ക്ക് കയറി. “വെയ്റ്റ് വെയ്റ്റ്. എന്തിന്റെ ആഡാണ് അത്?” “കൂൾ അപ്പ് ടൂത്ത് പേസ്റ്റ്, സർ” ഞാൻ സ്‌കൂളിൽ ചോദ്യത്തിന് ഉത്തരം പറയുന്ന കുട്ടിയെപ്പോലെ മറുപടി പറഞ്ഞു. “ഓക്കെ. ഇനി സിനോപ്സിസ് പറയു” “സർ ഒരു കുട്ടി. സ്‌കൂളിൽ കൂട്ടുകാർ മഞ്ഞപ്പല്ലി എന്നു പറഞ്ഞ് അവളെ കളിയാക്കുന്നു. അവൾ വീട്ടിൽ വന്ന് അമ്മയോട് സങ്കടം പറയുന്നു. അമ്മ അവൾക്ക് കൂൾ അപ്പ് ടൂത്ത്പേസ്റ്റ് കൊണ്ട് പല്ലു തേയ്പ്പിക്കുന്നു. അവൾ ആത്മവിശ്വാസത്തോടെ ചിരിക്കുന്നു. നിങ്ങളുടെ ചിരിയാണ് ഞങ്ങളുടെ അഭിമാനം.
യോർ സ്‌മൈൽ ഈസ് ഔർ പ്രൈഡ്” ഞാൻ പറഞ്ഞു നിർത്തിയപ്പോഴും പുച്ഛത്തോടെ എന്നെ നോക്കുകയാണ് രാജപ്പൻ. “ഓഹ് വൗ. എന്തു മനോഹരമായ തീം. എത്ര സുന്ദരമായ ആഡ്.” എന്നിട്ട് പിന്നെയും എന്നെയൊരു നോട്ടം. പിന്നെ കേട്ടത് അലർച്ചയായിരുന്നു. “ഇതാണോ നീ ഒരു വർഷം ജോസഫ് കുര്യൻ സാറിന്റെ കൂടെ നിന്ന് ഉണ്ടാക്കിയെടുത്തു മറിച്ചുകൊണ്ട് വന്നത്? ഇഡിയറ്റ്… ഒരു ഐഡിയയും കൊണ്ട് വന്നിരിക്കുന്നു. അഞ്ചു പൈസയ്ക്ക് ക്രിയേറ്റിവിറ്റി ഉണ്ടോ നിനക്ക്..? സ്റ്റുപ്പിഡ്. നിന്നെയൊക്കെ ജോലിക്ക് എടുത്തവരെ പറഞ്ഞാൽ മതി യൂസ് ലെസ്സ്..” എനിക്ക് സത്യമായും സങ്കടം വന്നു.
ഞാൻ പറഞ്ഞ ഐഡിയ മോശമല്ല എന്നു തന്നെയാണ് വിശ്വാസവും. എന്നിട്ടും ഇയാൾ എന്തിനാണ് ഇങ്ങനെ? മരിയ എന്റെ കയ്യിൽ മുറുക്കിപിടിച്ചു. അയാളുടെ മുന്നിൽ കരയില്ല എന്ന ദൃഢനിശ്ചയതോടെ ഞാൻ കണ്ണുകൾ വലിച്ചു തുറന്നു. “സർ ആം സോ സോറി. ഞാൻ വളരെ നോർമൽ ആയി ചിന്തിച്ചു. സാറിന്റെ ടീമിൽ വർക്ക് ചെയ്യുമ്പോൾ ഉണ്ടാകേണ്ട ക്വാളിറ്റി എന്റെ ആഡിൽ വന്നില്ല. ഐ അഡ്മിറ്റ് ഇറ്റ്. എനിക്ക് ഒരു ചാൻസ് കൂടി തരണം.” ഞാൻ പറയുന്നത് കേട്ട് ഇതിനി എന്തിനുള്ള പുറപ്പാടാണ് എന്ന മട്ടിൽ മരിയ എന്നെ നോക്കി. അവളെ അവഗണിച്ചു ഞാൻ എന്റെ തുറുപ്പുചീട്ട് പുറത്തെടുത്തു. “സർ. ആറേഴു കടകൾ ഉള്ള ചെറിയൊരു ജങ്ഷൻ.
അവിടെ നിന്ന് നോക്കുമ്പോൾ കാണാവുന്ന ദൂരത്തിൽ ഒരു കുരിശടി. അവിടെ ഒരു പത്തു പതിനേഴ് വയസുള്ള പയ്യൻ ആരെയോ കാത്തു നിൽക്കുകയാണ്” അത്രയും പറഞ്ഞതോടെ കോഴിയുടെ മുഖം മാറി തുടങ്ങി. മ്മം.. ആട്ടമുണ്ട് ആട്ടമുണ്ട്.. “അപ്പോൾ മുന്നിൽ പതിനാല് വയസ് തോന്നിക്കുന്ന രണ്ടു പെണ്കുട്ടികൾ നടന്നു വരുന്നു. പയ്യൻ അതിൽ ഒരു കുട്ടിയുടെ അടുത്തു ചെല്ലുന്നു. ആ കുട്ടിയെ നോക്കി മനോഹരമായി പുഞ്ചിരിക്കുന്നു.” അപ്പോഴേക്കും കോഴി ആയുധം വച്ചു കീഴടങ്ങാൻ റെഡിയായി നിന്നിരുന്നു. ഞാൻ വിട്ടില്ല. “ആ ചിരിയിൽ ആകൃഷ്ടയായ അവൾ പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്നു: ഏത് ടൂത്ത്പേസ്റ്റ് ആണ് ഉപയോഗിക്കുന്നത് ചേട്ടാ?
അവൻ അഭിമാനത്തോടെ പറയുന്നു: ഞാൻ യൂസ് ചെയ്യുന്നത് കൂൾഅപ്പ് ടൂത്ത് പേസ്റ്റ്. പല്ലിനു ആരോഗ്യം, മോണയ്ക്കും നല്ലത്” “വൗ. സൂപ്പർ തീം. നമുക്കിത് ചെയ്യാം അല്ലെ സർ?” നോക്കുമ്പോൾ മരിയ ആണ്. വളരെ നിഷ്കളങ്കമായി, ആത്മാർഥമായി, ആണ് പറയുന്നത്. കണ്ണാ, ഇവൾ മേടിച്ചു കൂട്ടും. “മരിയാ… ഇവിടെ ക്രിയേറ്റീവ് ഡയറക്ടർ ഞാനാണ്. നീ വെറും കോപ്പി റൈറ്റർ. ഞാൻ തീരുമാനിക്കും ഏത് ചെയ്യണം, ഏത് ചെയ്യേണ്ട എന്ന്. യൂ ഗെറ്റ് മീ? മനസിലാകുന്നുണ്ടോ നിനക്ക്..?” മരിയ തലയാട്ടി. “നൗ ഗെറ്റ് ലോസ്‌ട് ബോത്ത് ഓഫ് യൂ… ഇഡിയറ്റ്‌സ്…” കോഴി വീണ്ടും കമ്പ്യൂട്ടർ വിഴുങ്ങാൻ തുടങ്ങി.
ഞാനും മരിയയും തല താഴ്ത്തി കാബിനിൽ നിന്ന് പുറത്തേക്കിറങ്ങി. തീം പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയെങ്കിലും ഞാൻ ആദ്യം പറഞ്ഞ ഐഡിയ തന്നെയാണ് ആഡിന് സെലക്ട് ചെയ്തത്. അത് മോശമല്ലാത്ത അഭിപ്രായം നേടുകയും ചെയ്തു. പിന്നെ ഒരാഴ്ച വലിയ കുഴപ്പങ്ങൾ ഇല്ലാതെ കടന്നുപോയി. മരിയയും ഞാനും കട്ട ചങ്ക്സ് ആയി. ഒരു സൺഡേ ഞാൻ മഠത്തിൽ ഒന്ന് പോകാൻ തീരുമാനിച്ചു. ഡിവോഴ്‌സ് ആകുന്നത്തിന്റെ തലേന്ന് പടിയിറങ്ങി വന്നതിന് ശേഷം ഞാൻ അവിടെക്ക് പോയിട്ടേയില്ല.
ശ്രീദേവിയമ്മയും അച്ഛനും ഒരുപാട് നാളായി വിളിക്കുന്നു. ഇനിയും ചെന്നില്ലെങ്കിൽ പിണങ്ങും എന്ന് പറഞ്ഞതുകൊണ്ടാണ് പോകാം എന്നു വച്ചത്. അത് മാത്രമല്ല, ആ വീട്ടിലേക്ക് കയറി ചെല്ലാനുള്ള എന്റെ സങ്കോചം മാറ്റിയെടുക്കണം എന്നു ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ വരുന്ന കാര്യം ഹരിയേട്ടന്റെ കസിൻസ് ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. അവരെല്ലാം വരാം എന്നു സമ്മതിച്ചു. എന്നിട്ടും എന്തോ ബുദ്ധിമുട്ട് തോന്നിയിട്ട്, ചിന്നുവിന്റെയും അപ്പുവിനെയും കൂടെ ഞാൻ ഒപ്പം കൂട്ടി.
ഒരു വഴിക്ക് പോകുന്നതല്ലേ, അംഗബലം ഇരിക്കട്ടെ. ഞങ്ങൾ ചെല്ലുമ്പോൾ ദേവച്ചനും പിള്ളേര് സെറ്റും ഹരിയേട്ടന്റെ മോൻ ഉണ്ണിയേയും കളിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. അവനിപ്പോൾ ഒരു വയസ് കഴിഞ്ഞു. പിടിച്ചു നടക്കുകയൊക്കെ ചെയ്യും. എന്നെ കണ്ടതോടെ എല്ലാവരും ഓടിവന്നു. മോനും എന്റെ കൂടെ നന്നായി ഇണങ്ങി. വെങ്കിയെ അവിടെ വച്ചു പരിചയപ്പെട്ടു. ഹരിയേട്ടൻ എഡ്വിയെ വിവാഹം ചെയ്തതോടെ പാറ്റ വീണത് അവന്റെ ഓട്സിൽ ആണ്. വീട്ടുകാർ രായ്ക്ക് രാമാനം നാട്ടിൽ വരുത്തി. പഠിച്ച കോഴ്‌സുകൾ എല്ലാം നന്നായി പാസായത് കൊണ്ട് ഇപ്പോൾ ഇവിടെ അത്യാവശ്യം മൗത്ത് ലുക്കിങ്ങും ജോബ് സേർച്ചിങ്ങും ആയി ജീവിക്കുന്നു.
പറഞ്ഞപോലെ എഡ്വിയെയും ഹരിയേട്ടനെയും അവിടെങ്ങും കണ്ടില്ല. ഈ ഞായറാഴ്ച ഇവർ ഇതെവിടെ പോയി? ശ്രീദേവിയമ്മയ്ക്ക് ഒരുപാട് സന്തോഷമായി. “മോള് ഇനി വരില്ല എന്നു വിചാരിച്ചു ഞാൻ. വർഷം രണ്ടു കഴിഞ്ഞില്ലേ നീ ഇവിടെ നിന്ന് പോയിട്ട്” “എവിടെ പോയാലും ഞാൻ ഈ സുന്ദരിയമ്മേടെ മോള് അല്ലെ.. വരാതിരിക്കുമോ? പടിയിറങ്ങി പോയിടത്തേക്ക് വിരുന്നുകാരിയായി വരാൻ ആണെങ്കിൽ പോലും ഒരു ബുദ്ധിമുട്ട് ഉണ്ട്. അതാ ഇത്ര നാളും മാറി നിന്നത്. അല്ല, മസിലളിയൻ എൻടിആർ എവിടെ പോയി? അവിടെങ്ങും കാണാൻ ഇല്ലല്ലോ?” ആ ചോദ്യത്തോടെ അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു.
തുടരും