Thursday, December 19, 2024
Novel

നിൻ നിഴലായ് : ഭാഗം 16

എഴുത്തുകാരി: ശ്രീകുട്ടി

” മോളേ …. ” നിലത്ത് വീണുകിടന്നലറിക്കരയുന്ന ജാനകിയെ നെഞ്ചോട് ചേർത്തുകൊണ്ട് സിന്ധു വിളിച്ചു. ” എന്നെ വിട് എനിക്കിനി ജീവിക്കണ്ട…. അഭിയേട്ടനില്ലാതെ ഈ ജാനകിയെന്തിനാ ജീവിക്കുന്നത് ??? എനിക്കും പോണം എന്റഭിയേട്ടന്റെ കൂടെനിക്കും പോണം…. ” അവളെ സമാധാനിപ്പിക്കാൻ കഴിയാതെ എല്ലാവരും നന്നേ ബുദ്ധിമുട്ടി. സിന്ധുവിന്റെയും അപർണയുടെയും കയ്യിൽ കിടന്ന് കുതറിക്കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. ” സിസ്റ്റർ….. ” പെട്ടന്നായിരുന്നു ഒരലർച്ചപോലെ അരുൺ വിളിച്ചത്. ആ ശബ്ദം കേട്ട് അവിടെ നിന്നിരുന്നവരെല്ലാം അമ്പരന്ന് പോയിരുന്നു.

എല്ലാവരുടെയും ശ്രദ്ധ ജാനകിയിൽ നിന്നും അരുണിലേക്ക് മാറി. ” ഡോക്ടർ…. ” പെട്ടന്നകത്തുനിന്നും അങ്ങോട്ട്‌ വന്ന നേഴ്സ് ചോദ്യഭാവത്തിൽ അരുണിനെ നോക്കിക്കൊണ്ട് വിളിച്ചു. ” അഭിജിത്തിനെ എത്രയും വേഗം ICU വിലേക്ക് തന്നെ മാറ്റ് ” ” പക്ഷേ ഡോക്ടർ…… ” ” ആലോചിച്ചു നിൽക്കാൻ സമയമില്ല. Do what i say…. ” ” ok ഡോക്ടർ… ” പിന്നീട് മറിച്ചൊന്നും പറയാതെ അഭിയെ കിടത്തിയിരുന്ന സ്ട്രക്ചറുമുന്തി അവർ ICU വിലേക്ക് കയറി. പിന്നാലെ ആരോടുമൊന്നും പറയാതെ അരുണും അകത്തേക്ക് കയറി. അപ്പോഴും എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ അന്തംവിട്ട് നിൽക്കുകയായിരുന്നു പുറത്തെല്ലാവരും. ” എന്താടോ ഇതൊക്കെ ??? അരുണെന്തിനാ വീണ്ടും… “

മേനോൻ ICU വിന്റെ വാതിലിന് നേരെ നോക്കി അരികിൽ നിന്നിരുന്ന മഹാദേവന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. ” താൻ സമാധാനപ്പെട് ചിലപ്പോ ഈശ്വരൻ നമ്മുടെയൊക്കെ പ്രാർത്ഥന കേട്ടുകാണും. ” അയാളുടെ കയ്യിൽ മുറുകെ പിടിച്ചാശ്വസിപ്പിച്ചുകൊണ്ട് മഹാദേവൻ പറഞ്ഞു. മിനിട്ടുകളും മണിക്കൂറുകളും അതിവേഗം കടന്നുപോയി. കരഞ്ഞുതളർന്ന ജാനകിയെ റൂമിലേക്ക് മാറ്റി ഡ്രിപ് കൊടുത്തിരുന്നു അപ്പോഴേക്കും. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഇരുകുടുമ്പങ്ങളും പ്രാർത്ഥനയോടെ ICU വിന്റെ മുന്നിൽ കാത്തുനിന്നു. കുറേ സമയങ്ങൾക്ക് ശേഷം വാതിൽ തുറക്കുന്നത് കേട്ടാണ് എല്ലാവരും അങ്ങോട്ട് നോക്കിയത്. “

മോനെ…. എന്താ ഉണ്ടായത് ??? ” എല്ലാവർക്കും മുന്നേ ഓടിയവന്റെ അരികിലെത്തിയ ശ്രീജ ചോദിച്ചു. ” ദൈവം നമ്മുടെയൊക്കെ പ്രാർത്ഥന കേട്ടാന്റി….. ജാനകി നിലത്തുവീണുകിടന്ന ആ സമയം എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായിരുന്നല്ലോ. ജാനകിയുടെ കണ്ണീരൊരുപക്ഷേ ദൈവത്തിന്റെ വരെ ഉള്ളൊന്നുലച്ചിരിക്കാം. അപ്പോൾ അഭിയുടെ തൊണ്ടക്കുഴിയിലൊരു ചലനം പോലെനിക്ക് തോന്നി. അങ്ങനെയാണ് വീണ്ടും ICU വിലേക്ക് തന്നെ മാറ്റിയത്. ആദ്യം അതുവെറുമൊരു തോന്നലാണെന്നാണ് കരുതിയത്. പക്ഷേ അതെന്റെ വെറുമൊരു തോന്നലായിരുന്നില്ല. അഭിയിൽ അപ്പോഴും ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ടായിരുന്നു. “

നിറഞ്ഞ പുഞ്ചിരിയോടെ ആത്മനിർവൃതിയോടെ അരുൺ പറഞ്ഞുനിർത്തുമ്പോൾ അവനെത്തന്നെ നോക്കി നിന്നിരുന്ന എല്ലാവരുടെയും മിഴിൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. ” എന്റെ ദേവീ…. നീയെന്റെ വിളി കേട്ടല്ലോ . എന്റെ കുഞ്ഞിനെ നീയെനിക്ക് മടക്കി തന്നല്ലോ ” നിറമിഴികളോടെ നെഞ്ചിൽ കൈകളമർത്തി ഏതൊക്കെയോ ദൈവങ്ങൾക്ക് നേർച്ചനേരുന്ന തിരക്കിനിടയിൽ ശ്രീജ പറഞ്ഞു. സിന്ധുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല അപ്പോൾ. ” അരുൺ…. അഭിക്കിപ്പോ ??? ” ICU വിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കിക്കോണ്ട് മേനോൻ ചോദിച്ചു. ” എന്തെങ്കിലും ഉറപ്പിച്ച് പറയണമെങ്കിൽ നാല്പത്തിയെട്ട് മണിക്കൂറെങ്കിലും കഴിയണമങ്കിൾ.

പക്ഷേ ഒന്ന് ഞാനുറപ്പ് തരാം അഭിയുടെ ജീവന് ഇനിയൊരാപത്തുമില്ല. അവൻ മരണത്തിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നുകഴിഞ്ഞു. ” ” മോനെ… നിന്നോടുള്ള കടപ്പാട് ഞങ്ങളെങ്ങനാടാ വീട്ടുക ?? ” നിറകണ്ണുകളോടെ അരുണിന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചുകൊണ്ടാണ് മേനോനത് പറഞ്ഞത്. അവനൊരു പുഞ്ചിരിയോടെ അയാളെ ചേർത്ത് പിടിച്ചു. ” എന്താ അങ്കിളിത് ??? ഞാനൊരു ഡോക്ടറുടെ കടമ മാത്രമേ ചെയ്തിട്ടുള്ളൂ. നന്ദിയൊക്കെ ദൈവത്തിനോട്‌ പറഞ്ഞാൽ മതി. ഞാൻ വെറുമൊരു നിമിത്തം മാത്രമാണ്. ” അവൻ പറഞ്ഞു നിർത്തി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരിച്ചുകിട്ടിയതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്ത് പ്രകടമായിരുന്നു അപ്പോൾ. ” പക്ഷേ അങ്കിൾ…. ” പറയാൻ വന്നത് അവൻ പാതിയിൽ നിർത്തി. “

എന്താ അരുൺ ???? ” ” അങ്കിൾ അഭിയുടെ ജീവന് ഇനിയൊരാപത്തുമുണ്ടാവില്ല എന്നത് ഉറപ്പാണ്. പക്ഷേ… ജീവിതത്തിലേക്ക് മടങ്ങി വരുന്നത് പഴയ അഭി തന്നെയായിരിക്കും എന്നതിൽ ഇപ്പോൾ ഉറപ്പൊന്നും പറയാൻ കഴിയില്ല. ഒരുപക്ഷേ… ശാരീരികമായ വൈകല്യങ്ങളോ ഓർമ്മയിലെന്തെങ്കിലും തകരാറോ ഉണ്ടായേക്കാം. അതിനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. നമുക്ക് ചെയ്യാവുന്നതിന്റെ മാക്സിമം നമുക്ക് ചെയ്യാം. പിന്നെ ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലാണ്. ” പറഞ്ഞിട്ട് അരുൺ തന്റെ റൂമിലേക്ക് നടന്നു. എല്ലാവരുടെയും മുഖം വീണ്ടും മ്ലാനമായി. എങ്കിലും കൈവിട്ടുപോയെന്ന് കരുതിയ ജീവൻ ഇപ്പോഴും നിലനിൽക്കുന്നു എന്നത് ഏവർക്കും ആശ്വാസം തന്നെയായിരുന്നു.

അരുൺ റൂമിലെത്തി ഫാൻ ഓൺ ചെയ്ത് ഷർട്ടിന്റെ മുകളിലത്തെ ഒരു ബട്ടനഴിച്ചിട്ട്‌ തളർച്ചയോടെ തന്റെ ചെയറിലേക്കിരുന്നു. അല്പനേരം കണ്ണുകളടച്ച് അവനങ്ങനെ തന്നെ കിടന്നു. പിന്നെ പതിയെ എണീറ്റ് വാഷ് ബേസിന് നേർക്ക് നടന്നു. ടാപ് തുറന്ന് തണുത്ത വെള്ളം ഇരുകൈകളിലും പിടിച്ച് മുഖത്തേക്കൊഴിക്കുമ്പോൾ വല്ലാത്തൊരാശ്വാസം തോന്നിയവന്. പെട്ടന്നാണ് പിന്നിൽ നിന്നും രണ്ടുകൈകൾ അവന്റെ വയറിൽ ചുറ്റിപ്പിടിച്ചത്. ആദ്യമൊന്ന് ഞെട്ടിയെങ്കിലും ആ കൈകൾ കണ്ടതും ആളെ മനസ്സിലായ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. പിന്നെ പതിയെ തന്റെ പുറത്തേക്ക് ചാഞ്ഞുനിന്നിരുന്ന അപർണയെ പിടിച്ച് മുൻപിലേക്ക് കൊണ്ടുവന്നു. ” ആഹാ എന്റെ മരംകേറി കരയുവാണോ ???

” തന്റെ മുന്നിൽ മിഴികൾ നിറച്ച് നിന്നിരുന്ന അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ടവൻ ചോദിച്ചു. പെട്ടന്നൊരു തേങ്ങലോടെ അവളവന്റെ മാറിലേക്ക് വീണു. ” എന്താഡീ ??? ” ” എന്റേട്ടനെ തിരിച്ചുതന്നതിന് ഞാനെന്താ അരുണേട്ടാ ഏട്ടന് തരേണ്ടത് ??? ” ” വേറൊന്നും വേണ്ടെഡീ എന്റെയീ പൊട്ടിപ്പെണ്ണിനെ മാത്രം മതി. ” ചിരിയോടെ പറഞ്ഞുകൊണ്ട് അവനവളുടെ നെറുകയിൽ ചുംബിച്ചു. അവന്റെ മിഴികളിലേക്ക് നോക്കിയ അവളും പതിയെ പുഞ്ചിരിച്ചു. ദിവസങ്ങൾ കടന്നുപോയ്‌ക്കൊണ്ടിരിക്കേ അഭി പതിയെ സ്വബോധത്തിലേക്ക് മടങ്ങിവന്നു. പിന്നീട് അവനിൽ മാറ്റങ്ങൾ ദ്രുതഗതിയിലായിരുന്നു. ” സി….സ്റ്റർ…. ” അഭിക്ക് രാവിലത്തെ മരുന്നെടുത്തുകൊണ്ട് നിന്നിരുന്ന നേഴ്സ് പെട്ടന്ന് തിരിഞ്ഞുനോക്കി.

അപ്പോൾ ബെഡിൽ അവരെയും നോക്കി കിടക്കുകയായിരുന്നു അഭിജിത്ത്. ” വിളിച്ചോ ” സംശയത്തോടെ അവർ ചോദിച്ചു. സമ്മതഭാവത്തിൽ അവനൊന്ന് മൂളി. ” നിങ്ങളുടെ സംസാരശേഷിയുടെ കാര്യത്തിൽ ഞങ്ങൾക്കാർക്കും വലിയ ഉറപ്പൊന്നുമുണ്ടായിരുന്നില്ല കേട്ടോ അതാണ് ചോദിച്ചത്. ” അവൻ സംസാരിച്ചതിലുള്ള സന്തോഷത്തിൽ മനം നിറഞ്ഞ പുഞ്ചിരിയോടെ അവർ പറഞ്ഞു. ” എനിക്ക് ജാനകിയെ ഒന്ന് കാണാൻ പറ്റുമോ ??? ” അവൻ പതിയെ ചോദിച്ചു. ” പിന്നെന്താ ഇപ്പൊ തന്നെ കാണാല്ലോ. പക്ഷേ അതിനുമുൻപ് ഈ മരുന്നങ്ങ് കഴിച്ചേക്ക് ” അവന്റെ അരികിലേക്ക് വന്നുകൊണ്ട് അവർ പറഞ്ഞു.

” ഇപ്പൊ വിളിക്കാട്ടോ ” അവൻ കുടിച്ചതിന്റെ ബാക്കി വെള്ളവും ഗ്ലാസും കൂടി ടേബിളിലേക്ക് വച്ചിട്ട്‌ പുറത്തേക്ക് നടക്കുമ്പോൾ ചിരിയോടെ അവർ പറഞ്ഞു. മറുപടിയായി അവനുമൊന്ന് പുഞ്ചിരിച്ചു. അവർ പുറത്തേക്ക് വരുമ്പോൾ ജാനകിയും ശ്രീജയും മാത്രം ചുവരിനോട്‌ ചേർത്തിട്ട കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു. അഭിയുടെ കാര്യത്തിൽ ഇനിയൊരു ആശങ്കയ്ക്ക് വകയില്ലെന്ന് അരുൺ തറപ്പിച്ച് പറഞ്ഞതിനാൽ ബാക്കിയുള്ളവരാരും സ്ഥിരമായി ഹോസ്പിറ്റലിൽ നില്ക്കാറില്ലായിരുന്നു. ” അതേ…. അഭിജിത്ത് സംസാരിച്ചു കേട്ടോ ആദ്യം തിരക്കിയത് ഇയാളെയാ. ഒന്ന് കാണണമെന്ന് പറയുന്നു ചെന്നോളൂ…. “

പരസ്പരം എന്തോ സംസാരിച്ചുകൊണ്ടിരുന്ന ശ്രീജയുടെയും ജാനകിയുടെയും അരികിലേക്ക് വന്നുകൊണ്ട് നേഴ്സ് പറഞ്ഞു. പെട്ടന്ന് എന്തോ അത്ഭുതം കേട്ടത് പോലെ ഇരുവരുടെയും മിഴികൾ വിടർന്നു. ആകാംഷയോടെ ജാനകി ചാടി എണീറ്റ് ഡോറിന് നേർക്ക് ഓടി. ” ആഹ് പിന്നേ….. ” പെട്ടന്ന് അവളെയവർ പിന്നിൽ നിന്നും വിളിച്ചു. ജാനകി ചോദ്യഭാവത്തിൽ തിരിഞ്ഞുനിന്നു. ” അധികം സംസാരിപ്പിച്ച് സ്‌ട്രെയിൻ ചെയ്യിക്കരുത്. ” അവർ പറഞ്ഞത് കേട്ട് ഒന്ന് തലകുലുക്കിയിട്ട് അവൾ ഡോർ തുറന്നകത്തേക്ക് കയറി. അകത്തേക്ക് നടക്കുമ്പോൾ കാലുകൾക്ക് ഒട്ടും വേഗത പോരാത്താതുപോലെ തോന്നി അവൾക്ക്. ഹൃദയം വല്ലാതെ മിടിച്ചുകൊണ്ടിരുന്നു.

വീണ്ടുമൊരു വാതിൽ കൂടി തുറന്ന് അവൾ അകത്തേക്ക് കടക്കുമ്പോൾ വാതിലിലേക്ക് തന്നെ മിഴിനട്ട് അഭി കിടന്നിരുന്നു. അവളെ കണ്ടതും അവന്റെ മുഖം വിടർന്നു. പക്ഷേ എന്തുകൊണ്ടോ ജാനകിയുടെ മിഴികൾ നിറയുകയാണ് ചെയ്തത്. അവൾ നിന്നിടത്ത് തന്നെ തറഞ്ഞ് നിന്നു. ” മ്മ്മ്ഹ് ???? ” അരികിൽ വന്നുനിന്ന അവളെ നോക്കി കുസൃതിച്ചിരിയോടെ പുരികമുയർത്തി അവൻ ചോദിച്ചു. കരച്ചിലിന്റെ വക്കിലെത്തിനിന്നിരുന്ന അവൾ ശ്വാസമെടുക്കാൻ പോലും ഭയന്ന് വെറുതെ തലയനക്കുകമാത്രം ചെയ്തു. ” എന്താടീ കുരുട്ടടക്കേ ഞാനങ്ങ് തീർന്നെന്ന് കരുതിയോ ??? ” ” അഭിയേട്ടാ…. ” ഒരാളലോടെ അവൾ വിളിച്ചു. തമാശയായിട്ടാണ് അവൻ പറഞ്ഞതെങ്കിലും ജാനകിയുടെ നെഞ്ചിലൂടൊരു മിന്നൽപ്പിണർ കടന്നുപോയി.

ആ ഉണ്ടക്കണ്ണുകളിൽ നീർപൊടിഞ്ഞു. തന്റെ വാക്കുകൾ അവളെ വല്ലാതെ മുറിവേൽപ്പിച്ചുവെന്ന് മനസ്സിലായതും അവന്റെ നെഞ്ചും പൊള്ളി. അപ്പോഴാണ് അവനവളുടെ കോലം ശ്രദ്ധിച്ചത്. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അവളാകെ ക്ഷീണിച്ചവശയായിരുന്നു. ചുവന്നുതുടുത്ത ആ അധരങ്ങളിൽ കരുവാളിപ്പ് പടർന്നിരുന്നു. നാളുകളായിട്ടുള്ള ഉറക്കമില്ലായ്മ അവളുടെ ഉണ്ടക്കണ്ണുകൾക്ക് ചുറ്റും കറുപ്പ് വിരിച്ചിരുന്നു. കഴുത്തിൽ എല്ലുകൾ ഉന്തിയിരുന്നു. മുടിയിഴകൾ എണ്ണമയമില്ലാതെ പാറി പറന്നിരുന്നു. വല്ലാതെ ക്ഷീണിച്ച ആ ഉടലിൽ സാരി അലക്ഷ്യമായി വാരിച്ചുറ്റിയിരുന്നു. ആകെമൊത്തം അവളുടെയാ രൂപം അവന്റെ നെഞ്ചുലച്ചു. ” ഇതെന്ത് കോലമാഡീ ??? ” വേദനയോടെ അവൻ ചോദിച്ചു.

മറുപടിയായി അവൾ തന്നെയൊന്ന് നോക്കി വെറുതെയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ” ഞാൻ കളഞ്ഞിട്ട് പോയെന്ന് കരുതിയോ എന്റെ പൊട്ടിപ്പെണ്ണ്‌ ???? ” ” അങ്ങനെ ഞാനങ്ങൊറ്റയ്ക്ക് വിടുമെന്ന് തോന്നുന്നുണ്ടോ ??? ” അവന്റെ കൈയ്യിൽ പതിയെ തലോടിക്കോണ്ട് കണ്ണീരിനിടയിലും പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. ” അങ്ങനെയൊന്നും ഞാനും പോവില്ല എന്റെയീ കാന്താരിപ്പെണ്ണിനെ വിട്ട്. ഞാൻ വാക്കുതന്നതല്ലേ ഈ കൈകളിനി വിട്ടുകളയില്ലെന്ന് ” അവളുടെ വലത് കയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ട് അവനത് പറയുമ്പോൾ പുതുജീവിതത്തിന്റെ തിളക്കമായിരുന്നു അവരിരുവരുടെയും ചുണ്ടുകളിൽ. ” അഭിയേട്ടാ…. ” ” മ്മ്മ്….. ” ” ഇതെങ്ങനെയാ സംഭവിച്ചത് ??? അന്ന് രാവിലെ അഭിയേട്ടൻ എങ്ങോട്ടാ പോയത് ??? ” പെട്ടന്ന് എന്തോ ഓർത്തത് പോലെ ജാനകി ചോദിച്ചു.

അഭി അല്പനേരം ആലോചിച്ച് കിടന്നു. പിന്നെ പതിയെ പറഞ്ഞുതുടങ്ങി. ” രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ ബാത്‌റൂമിൽ നിന്നും വന്നത്. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നുമായിരുന്നു കാൾ വന്നത്. ഫോണെടുത്തപ്പോൾ അരുണിന്റെ ഫ്രണ്ടാണ്‌ അവൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വരുംവഴി കാർ ആക്‌സിഡന്റായെന്ന് പറഞ്ഞു. അവന്റെ വീട്ടിലറിയിക്കാനുള്ള മടികൊണ്ടാണ് എന്നെ വിളിച്ചത് എത്രയും വേഗം വരണമെന്ന് പറഞ്ഞു. അതാ ഞാൻ പെട്ടന്ന് പോന്നത്. അവരുടെ കല്യാണമൊക്കെ ഉറപ്പിച്ച് വച്ചേക്കുവല്ലേന്നൊക്കെ ഓർത്തിട്ടാകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. പെട്ടന്നായിരുന്നു വളവ് തിരിഞ്ഞെന്തോ ഒരു വണ്ടി വന്നത്.

എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് അത് കാറിൽ വന്നിടിച്ചിരുന്നു. പക്ഷേ അതൊരിക്കലുമൊരു ആക്‌സിഡന്റായിരുന്നില്ല. കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകശ്രമം തന്നെയായിരുന്നു. കാരണം അത് പിന്നിലേക്ക് പോയിട്ട് വീണ്ടും തിരികെ വന്ന് എന്റെ കാറിലേക്ക് വീണ്ടും വീണ്ടുമിടിച്ചു. പക്ഷേ എനിക്കിപ്പോഴും മനസ്സിലാവാത്തത് എന്നെ ചതിച്ച് കൊല്ലാനും മാത്രം പകയെന്നോടാർക്കാണെന്നാണ്. ” ആലോചനയോടെ അവൻ പറഞ്ഞു നിർത്തി. ” ഒരേയൊരാളെയുള്ളൂ ശ്രദ്ധ…. ” പെട്ടന്ന് ജാനകി പറഞ്ഞു. അത് കേട്ട് അഭിയുടെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു. വിശ്വാസം വരതെ അവനവളെ തുറിച്ചുനോക്കി. ” എന്താ വിശ്വാസം വരുന്നില്ലേ ??? ” അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവനവളെത്തന്നെ നോക്കിക്കിടന്നു.

” അന്ന് റൂമിൽ സെഡേറ്റിവിന്റെ മയക്കത്തിൽ കിടന്നിരുന്ന എന്റെയരികിൽ അവൾ വന്നിരുന്നു. ഞാനുമായുള്ള യുദ്ധത്തിൽ എന്റെ താലി പൊട്ടിച്ചെറിഞ്ഞുകൊണ്ട് അവൾ വിജയിച്ചുവെന്ന് പറയാൻ. താലിയും സിന്ദൂരവും നഷ്ടപെട്ട് ഒരു ഭ്രാന്തിയെപ്പോലെ ഞാൻ പൊട്ടിക്കരയുന്നത് കാണാൻ . ” അഭി മരിച്ചുവെന്ന് പറഞ്ഞ ദിവസം ശ്രദ്ധ പറഞ്ഞകാര്യങ്ങൾ ഓർത്തെടുത്ത് പറയുമ്പോൾ ജാനകിയുടെ മിഴികൾ നനഞ്ഞിരുന്നു. അപ്പോഴും കേട്ടവാക്കുകളുടെ ആഘാതത്തിലിരിക്കുകയായിരുന്നു അഭിജിത്ത്. എന്തോ ഓർത്ത് അവന്റെ കണ്ണുകൾ ചുവന്നു. അവിടെ നീർത്തിളക്കമുണ്ടായി.

തുടരും…. ( അഭി മരിച്ചുവെന്ന് കരുതി ഒരുപാട്പേർ പരിഭവം പറഞ്ഞിരുന്നു. പക്ഷേ ഞാനൊരിക്കലും അങ്ങനെയൊരു തീരുമാനമെടുത്തിരുന്നില്ല. ഈ കഥയ്ക്ക് ഏറ്റവും കൂടുതൽ കമന്റ്സ് കിട്ടിയത് കഴിഞ്ഞ ഭാഗത്തിനായിരുന്നു അതും മുഴുവൻ നെഗറ്റീവ് കമന്റ്സ്. പക്ഷേ അതിൽ ആരോടും പരിഭവമല്ല തോന്നിയത് ഒരുപാട് സന്തോഷമാണ്. കാരണം ഈ കഥയെ അത്രയേറെ ഇഷ്ടപ്പെട്ടത് കൊണ്ടാകുമല്ലോ അങ്ങനെയൊരു ഭാഗം വന്നപ്പോൾ ഇത്രയേറെ നെഗറ്റീവ് വന്നത്. അതുകൊണ്ട് ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹത്തോടെ❤️❤️❤️❤️❤️)

നിൻ നിഴലായ് : ഭാഗം 15