Sunday, December 22, 2024
Novel

നീരവം : ഭാഗം 3

എഴുത്തുകാരി: വാസുകി വസു


ബസ് സ്റ്റോപ്പിലേക്കുളള പാതിദൂരം മീര പിന്നിട്ടിരുന്നു…അമ്മയുടെ നിലവിളി പിന്നിൽ നിന്ന് കേട്ടുവോ.. അവളുടെ മനസ്സാകെ അസ്വസ്ഥമായി..വീട്ടിലേക്ക് തിരികെ പോകാനായി മനസ്സ് വെമ്പൽ കൊണ്ടു..

ഇടവഴിയിൽ നിന്ന് മെയിൻ റോഡിലൂടെ ആയിരുന്നു യാത്ര.. വഴിയാകെ വിജനമാണു..എപ്പോഴോ തോന്നിയ നിമിഷത്തിൽ പിന്നിലേക്ക് ചുവടുകൾ വെച്ചു.

അപ്പോൾ അകലെ നിന്നൊരു വാഹനം ലൈറ്റ് തെളിച്ചു പാഞ്ഞു വരുന്നത് കണ്ടു.ശത്രുവാണോ മിത്രമാണോ എന്ന് അറിയാത്തതിനാൽ പെട്ടെന്ന് അവൾ അവിടെയുള്ള മരത്തിന്റെ പിന്നിൽ ഒളിച്ചു.

അതിനു സമീപമായി പിന്നിൽ നിന്ന് വന്ന വാഹനം ബ്രേക്കിട്ടു നിൽക്കുന്നത് ഞെട്ടലോടെയാണു അവൾ കണ്ടത്….

മീരയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു…

തന്നെ കാണാതെ ഭദ്രനും യതീന്ദ്രനും കൂടി തിരക്കി ഇറങ്ങിയതാണോ..ആ ഓർമ്മയിലൊന്ന് നടുങ്ങി നെഞ്ചിലക്കവൾ കൈകൾ ചേർത്തു….

മുൻ ഭാഗം വായിക്കാൻ….

സമയം കടന്നു പോയി. കാറിൽ നിന്ന് ഇറങ്ങിയവർ ഇരുട്ടിലേക്ക് മാറി നിന്നു.രണ്ടു പേരുണ്ടെന്ന് അവൾക്ക് മനസ്സിലായി.

കുറച്ചു കഴിഞ്ഞു അവർ കാറിൽ കയറുന്നതും മെല്ലെ അകന്ന് പോകുന്നതും കണ്ട് ആശ്വാസത്തോടെ ദീർഘമായി നിശ്വസിച്ചു.

“ഭാഗ്യം ഭദ്രനും യതീന്ദ്രനുമല്ല.”

ആശ്വാസത്തോടെ മരത്തിന്റെ പിന്നിൽ നിന്ന് റോഡിലേക്കിറങ്ങി.വിജനമായ റോഡിലൂടെ യാതൊരു മറ്റൊരു വാഹനവും കടന്ന് വരാത്തതിൽ തെല്ല് ഭയം തോന്നാതിരുന്നില്ല.

ബസ് പോയി കാണുമോ?അതോ ഇന്ന് ഇല്ലയോ? ഒരുപാട് ചോദ്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കി കടന്നുപോയി.നിമിഷങ്ങൾ ഇഴഞ്ഞ് നീങ്ങുമ്പോൾ ഒരുപാട് ദൈർഘ്യമുള്ളതു പോലെ .

കുറച്ചു കഴിഞ്ഞപ്പോൾ അകലെ നിന്നൊരു വാഹനത്തിന്റെ ഇരമ്പൽ കേട്ടതും അവൾ ജാഗരൂകയായി.

ദീരെ നിന്ന് പ്രകശവലയം അടുത്തെത്തി.അതൊരു ബസാണെന്ന് മനസിലായതോടെ റോഡിലേക്ക് കയറി കൈ ഉയർത്തി വീശി കാണിച്ചു. ശക്തമായ പ്രകാശം മുഖത്ത് അടിച്ചതും കണ്ണഞ്ചിപ്പോയി.

മീരക്ക് മുന്നിൽ ബസ് നിന്നു.അവൾ അതിൽ കയറി. വളരെ കുറച്ചു യാത്രക്കാർ. അവളൊഴികെ പുരുഷന്മാരാണു എല്ലാവരും.

പേടിയോടെയെങ്കിലും ഒഴിഞ്ഞു കിടന്ന സീറ്റിലൊന്നിൽ ഇരുന്നു.യാത്രക്കാരുടെ ശ്രദ്ധ മുഴുവനും അവളിലായി.

“എവിടേക്കാ”

മദ്ധ്യവയസ്ക്കനായ കണ്ടക്ടർ അരികിലെത്തി.. ചുരുട്ടിപ്പിടിച്ച നോട്ടുകളിൽ ഒന്ന് എടുത്ത് അവൾ കൊടുത്തു.

“ടൗണിലേക്ക്”

പൈസ വാങ്ങി ടിക്കറ്റും ബാലൻസും കൊടുത്തിട്ട് കണ്ടക്ടർ അയാളുടെ സീറ്റിൽ ചെന്നിരുന്നു.ചുരീദാറിന്റെ നരച്ച ഷാളെടുത്ത് തലയിലൂടെയിട്ട് മീര പുറത്തേക്ക് നോക്കിയിരുന്നു.

ഇരുളിൽ കാഴ്ചകൾ വ്യക്തമല്ലെങ്കിലും തെരുവുവിളക്കുകളും വീടുകൾക്ക് മുമ്പിലെ പ്രകാശവും പിന്നിലേക്ക് ഓടി മറഞ്ഞു.

തണുത്ത ഈർപ്പമുള്ള കാറ്റ് മുഖത്തെ തഴുകി തലോടിയെങ്കിലും കുളിര് തോന്നിയില്ല.മനസ്സും ശരീരവുമാകെ ചുട്ടു പൊള്ളുകയാണ്..

ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ബസ് വഴിയിൽ എവിടെയോ നിർത്തുന്നത് അറിഞ്ഞു.യാത്രക്കാർ പലരും ഇറങ്ങി കഴിഞ്ഞു.വിരലിൽ എണ്ണാവുന്ന യാത്രക്കാർ. ഏറിയാൽ ഏഴോ എട്ടോ ആൾക്കാരുണ്ട്.

എതിർ വശത്തെ സീറ്റിൽ ഇരിക്കുന്നൊരു ചെറുപ്പക്കാരൻ മീര ബസിൽ കയറിയത് മുതൽ ശ്രദ്ധിക്കുന്നുണ്ട്.ഇടക്ക് അവളുടെ നോട്ടം അയാളിൽ എത്തിയിരുന്നു. അയാളുടെ നോട്ടമത്ര പന്തിയല്ലെന്ന് മനസിലായപ്പോൾ തലവഴി ഷാൾ മൂടിയത്.

ബസ് പിന്നെയും മുമ്പോട്ട് ഓടിത്തുടങ്ങി..നിർത്തിയ സ്റ്റോപ്പിൽ നിന്നൊരു മദ്ധ്യവയസ്ക്ക കയറി. വലിയൊരു പൊട്ട് നെറ്റിയിൽ തൊട്ടിട്ടുണ്ട്.

മുടി നിറയെ മുല്ലപ്പൂവ് വെച്ചിരുന്നു.മീരയുടെ സീറ്റിലാണു അവർ വന്നിരുന്നത്. അവൾ മെല്ലെ ഒതുങ്ങിയിരുന്നു.

ഇടക്കിടെ ആ സ്ത്രീ ഫോണിലാർക്കോ ഫോൺ ചെയ്തു. മീര അതൊന്നും ശ്രദ്ധിച്ചില്ല.അല്ലെങ്കിലും അവളുടെ മനസ്സ് അവിടെയെങ്ങും ആയിരുന്നില്ല.

തന്നെ കാണാതെ വരുമ്പോൾ ഭദ്രൻ അമ്മയെ ഉപദ്രവിക്കുമോന്നാണു ഭയപ്പെട്ടത്.

“ടൗൺ എത്തി”

കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞു. ഞെട്ടലോടെ മീരജ ചിന്തയിൽ നിന്നും ഉണർന്നു. ബസ് നിർത്തിയതൊന്നും അറിഞ്ഞില്ല.അവൾ നോക്കുമ്പോൾ സീറ്റെല്ലാം കാലിയാണ്.

“വേഗം ഇറങ്ങ് കൊച്ചേ..രാവിലെ വീണ്ടും ഓട്ടം തുടങ്ങേണ്ടതാണു”

അയാൾ മുഷിവോടെയാണു സംസാരിച്ചത്.മീര ധൃതിയിൽ പുറത്തേക്കിറങ്ങി.ബസ് സ്റ്റാൻഡിലാണു ബസ് നിന്നത്.അവൾ ചുറ്റിനുമൊന്ന് കണ്ണോടിച്ചു.

യാത്രക്കാർ ആരുമില്ല..ബസുകൾ ഓട്ടം അവസാനിപ്പിച്ചു സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്നു. ഭിക്ഷക്കാരും തെരുവിൽ അലയുന്നവരും കടകളുടെ മുന്നിൽ നിലത്ത് കിടക്കുന്നു.

സമയം ഒരുപാട് ആയതുപോലെ തോന്നുന്നു.

രാത്രിയിൽ എങ്ങോട്ട് പോകും..ആദ്യമായാണ് ഗ്രാമത്തിൽ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്യുന്നത്. നല്ല ഭയമുണ്ട്.അവൾ മെല്ലെ ഒരു ബസിന്റെ പിന്നിലേക്ക് മാറി നിന്നു അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു.

“കാത്തോണേ ഭഗവാനേ..തുണയായി കൂടെയുണ്ടാകണേ.എനിക്കും അമ്മക്കും മറ്റാരുമില്ല”

ഇരുളിനു കനമേറി തുടങ്ങി.. കുറച്ചു സമയം കഴിഞ്ഞപ്പോൾ പിന്നിലൊരു സ്വരം കേട്ടവൾ നടുങ്ങിപ്പോയി.

“എത്രയാടീ റേറ്റ്”

രണ്ടു മൂന്ന് ആൾക്കാർ തനിക്ക് അരികിലേക്ക് നടന്നു വരുന്നു.അവൾ പെട്ടെന്ന് അവിടെ നിന്ന് ഓടാൻ തുടങ്ങി. പക്ഷേ അതിലൊരാൾ മീരയുടെ കയ്യിൽ കടന്നു പിടിച്ചു.

“എങ്ങോട്ടാടീ മോളേ ഓടുന്നത്..സഹകരിച്ചാൽ നിനക്ക് കൊള്ളാം. കൈ നിറയെ കാശും തരാം”

അയാളുടെ വായിൽ നിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം നാസികയിൽ തുളച്ചു കയറി. അപകടത്തിലായെന്ന് മനസിലായതും അവർക്ക് മുമ്പിൽ കരഞ്ഞു.

“പ്ലീസ്..ഞാൻ അത്തരക്കാരിയല്ല..എന്നെ ഉപദ്രവിക്കരുത്”

നെഞ്ചുരുകി മീര കരഞ്ഞു പറഞ്ഞു.

പക്ഷേ കരളുരുകാൻ മാത്രം അവർ ഹൃദയമുളളവർ ആയിരുന്നില്ല. മൂന്നുപേരും കൂടി അവളെ പൊക്കിയെടുത്തു.

“വലിയ പതിവ്രത ചമയണ്ടെടീ..എല്ലാവരും ആദ്യം ഇങ്ങനെയാണ് പറയുക.അതല്ല പരിചയമില്ലെങ്കിൽ ഞങ്ങളുടെ ഊഴം കഴിയുമ്പോൾ നല്ല എക്സ്പീരിയൻസ് ആകും”

മീരജ സർവ്വ ശക്തിയും എടുത്തു കുതറാൻ ശ്രമിച്ചു. നിലവിളിച്ചു.രക്ഷിക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷ നശിച്ചു.

അവർ മീരയുമായി ഒഴിഞ്ഞു കിടന്ന ബസിലേക്ക് കയറി. ഇടക്ക് എപ്പോഴോ മങ്ങിയ വെളിച്ചം ചെറുപ്പക്കാരുടെ മുഖത്ത് വീണു.അതിലൊരാൾ ബസിൽ വെച്ചു തന്നെ ശ്രദ്ധിച്ചവൻ ആണെന്ന് മനസ്സിലായി.

തന്റെ ജീവിതം ഇവിടെ ഒടുങ്ങ്..നശിച്ചു കഴിഞ്ഞട്ട് ജീവിച്ചിട്ട് കാര്യമില്ല. കണ്ണുകൾ നിറഞ്ഞു തുളുമ്പിയൊഴുകി.

“എന്നതാടാ ഈ കാണിക്കുന്നത്..”

ഉറക്കെയുളള അലർച്ചയുടെ ഉറവിടം തേടി മീരയുടെ മിഴികൾ അലഞ്ഞു.ചെറുപ്പക്കാരും ഞെട്ടിത്തിരിഞ്ഞു.

“ചേച്ചി….ഞങ്ങൾ” അവന്മാർ തെല്ലൊന്ന് പതറി.

“എന്റെ മോളാടാ ഇവൾ..ഇവളെ തന്നെ വേണോ നിനക്കൊക്കെ കാമം തീർക്കാൻ”

മീരജ നിലത്ത് നിന്ന് എഴുന്നേറ്റു ആ സ്ത്രീയുടെ പിന്നിൽ ഒളിച്ചു.അവളുടെ ശരീരമാകെ വിറക്കുന്നുണ്ട്.

ബസിൽ തന്നോടൊപ്പം യാത്ര ചെയ്തിരുന്ന സ്ത്രീയെ അവൾ തിരിച്ചറിഞ്ഞു.തന്നെ രക്ഷിക്കാൻ ഈശ്വരൻ അയച്ച ദൈവമാണെന്ന് അവൾ കരുതി.

“ഇവർ കളളം പറയുവാ..ഇവരുടെ മകളൊന്നുമല്ല”

ബസിൽ വന്നിരുന്ന ചെറുപ്പക്കാരൻ കയർത്ത് സംസാരിച്ചു.ആ സ്ത്രീ മറുപടി പറയുന്നതിനു പകരം മൊബൈൽ എടുത്ത് കോൾ ചെയ്തു.

“ഹലോ.. പോലീസ് സ്റ്റേഷൻ”

പറഞ്ഞു തീർന്നില്ല..അതിനു മുമ്പേ അവന്മാർ ബസിൽ നിന്ന് പുറത്തേക്ക് ഓടി.

“വാ മോളേ”

മീരയുടെ കയ്യിൽ പിടിച്ചു അവർ പുറത്തേക്കിറങ്ങി.എതിർപ്പില്ലാതെ അവൾ കൂടെച്ചെന്നു.

“ഇവന്മാരൊക്കെ ഇത്രക്കേയുള്ളൂ.പേടിത്തൊണ്ടന്മാർ.ഇരുട്ടിന്റെ മറ ലഭിച്ചാൽ മതി മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീഴും”

“അതൊക്കെ പോട്ടേ..മോൾ എവിടെ നിന്നാണ്.. എന്തിനാ രാത്രിയിൽ ഒറ്റക്ക് ഇറങ്ങിയത്”

അവരുടെ ചോദ്യത്തിന് മുമ്പിൽ മീര പൊട്ടിക്കരഞ്ഞു. എല്ലാം തുറന്നു സംസാരിക്കുമ്പോൾ അവൾക്ക് മനസ്സിനു കുറച്ചു ആശ്വാസം ലഭിച്ചു.

“സാരമില്ല.. മോൾ എന്റെ കൂടെ വീട്ടിലേക്ക് പോന്നോളൂ..ഞാൻ ഒറ്റക്കെയുള്ളൂ..നമുക്ക് എല്ലാത്തിനും പ്രതിവിധി ഉണ്ടാക്കാം”

ആ സ്ത്രീ മീരക്ക് ആത്മധൈര്യം പകർന്നു കൊടുത്തു. അവരോടൊപ്പം പോകാതെ ഇനിയും ഇവിടെ നിൽക്കുന്നത് അപകടമാണെന്ന് അറിയാം.

“മോൾക്ക് വിശപ്പ് കാണുമല്ലോ..അല്ലേ.ഇവിടെ അടുത്തൊരു തട്ടുകടയുണ്ട്.വെളുപ്പിന് വരെയുണ്ട്.നമുക്ക് വല്ലതും കഴിച്ചിട്ട് പോകാം”

വേണ്ടെന്നു പറയാൻ തോന്നിയില്ല.വയർ ആളിക്കത്തുന്നുണ്ട്.പകൽ ഉച്ചക്ക് മുമ്പ് കുറച്ചു ഭക്ഷണം കഴിച്ചതാണു മീരജ…

കുറച്ചു ദൂരം നടന്നപ്പോൾ ചെറിയൊരു തട്ടുകട കണ്ടു.അവർ അവിടെ കയറി. ചൂട് പൊറോട്ടയും ചൂട് ബീഫ് കറിയും.മണമടിച്ചതോടെ വിശപ്പ് ഇരട്ടിയായി.

“എന്റെ വീട് ഇവിടെ അടുത്താണ്. നമുക്കൊരു ഓട്ടോയിൽ പോകാം.ബന്ധുവീട്ടിൽ പോയിട്ട് അവിടെ നിന്ന് ഇറങ്ങാൻ താമസിച്ചു” ഭക്ഷണം കഴിച്ചു കഴിഞ്ഞു മീരജയയോടെ ആ സ്ത്രീ പറഞ്ഞു.

മീരജ സമ്മതഭാവത്തിൽ തല കുലുക്കി..അല്ലാതെ മറ്റ് വഴികൾ മുമ്പിൽ ഇല്ല.ആ സ്ത്രീയോടൊപ്പം ഒരു ഓട്ടോയിൽ അവരുടെ വീട്ടിലേക്ക് പോയി.

ചെറിയൊരു ഓടിട്ട വീട് ആയിരുന്നു അത്..രണ്ടു മുറികളും ഒരു അടുക്കളയും.നല്ല വൃത്തിയായി എല്ലായിടവും സൂക്ഷിച്ചിരിക്കുന്നു..മീരജക്ക് അവരോട് മതിപ്പ് തോന്നി.

രണ്ടു മുറികളൊന്നിൽ കിടക്കാനായി മീരക്ക് സൗകര്യം ഒരുക്കി കൊടുത്തു.. മനസ്സിനു കുറച്ചു സമാധാനം വന്നെങ്കിലും ശരീരത്തിനു നല്ല തളർച്ച ഉണ്ടായിരുന്നു.

അതിനാൽ കിടന്നതും അവൾ പെട്ടെന്ന് ഉറങ്ങിപ്പോയി..

ആ സ്ത്രീ ലൈറ്റ് അണച്ച് അവരുടെ മുറിയിലെത്തി.. ഫോൺ എടുത്തു ആരെയോ വിളിച്ചു. പിന്നെ അടക്കിയ ശബ്ദത്തിൽ പറഞ്ഞു..

“സാറേ നല്ലൊരു കൊച്ചിനെ ഒത്തു കിട്ടിയട്ടുണ്ട്..ഏകദേശം പതിനേഴ് പതിനെട്ട് വയസ്സ് കാണും..ഈ പ്രാവശ്യം റേറ്റ് അൽപ്പം കൂടും”

മറുവശത്ത് നിന്ന് കേട്ട മറുപടി അവരെ സന്തോഷിപ്പിച്ചെന്ന് ആ മുഖത്ത് നിന്ന് അറിയാം..

നല്ലൊരു ഇരയെ സമർത്ഥമായി ചൂണ്ടയിൽ കോർത്ത് പിടിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ അവർ കിടന്നു.

ഇതൊന്നും അറിയാതെ അപ്പുറത്ത് മുറിയിൽ പാവം മീരജ നിദ്രയെ പുൽകുന്നുണ്ടായിരുന്നു..

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2