Sunday, December 22, 2024
Novel

നീരവം : ഭാഗം 1

എഴുത്തുകാരി: വാസുകി വസു


“നീരജ് നിങ്ങൾ ഉദ്ദേശിക്കുന്നൊരു പെൺകുട്ടിയല്ല ഞാൻ.. ഈ ഗ്രാമം വിട്ട് ഒരിക്കലും ഞാൻ പുറത്ത് പോയിട്ടില്ല.എന്റെ സർവ്വസ്വവും ഇവിടെ തന്നെയാണ്. പ്ലീസ് നിങ്ങൾ ഒന്ന് പോയി തരുവോ.എന്റെ അരങ്ങേറ്റമാണിന്ന് ഇവിടെ”

ചമയങ്ങളണിഞ്ഞ് തൊഴുകൈകളോട് മീരജ അവനു മുമ്പിൽ നിൽക്കുകയാണ്.കണ്ണുകളിൽ യാചനാ ഭാവമാണ്.ഉപദ്രവിക്കരുതേയെന്ന്..

“മീരജ താൻ എന്നെക്കൂടിയൊന്ന് മനസ്സിലാക്കണം പ്ലീസ്..”

നീരജ് അപേക്ഷിച്ചെങ്കിലും അവളിലെ ഭയം മാറിയിരുന്നില്ല.കണ്ണുകളിൽ ഭയം ഓളം വെട്ടുന്നുണ്ട്.ആ മിഴികൾ ഭയപ്പാടോടെ ആരെയോ തേടുകയാണ്..

“പ്ലീസ് താൻ ഇവിടെ നിന്ന് ഒന്ന് പോയി തരൂ..അയാൾ ഇപ്പോൾ ഇവിടെയെത്തും.എന്റെ അരങ്ങേറ്റം ഇല്ലാതാക്കരുത്”

തേങ്ങലിന്റെ അകമ്പടിയോടെ മീരജയുടെ കരച്ചിൽ ഉയർന്നു.നീരജിന്റെ നെഞ്ചിലൊരു പിടച്ചിൽ ഉയർന്നു.

“വാടാ നമുക്ക് പോകാം.ഇവളുടെ മുമ്പിൽ അപേക്ഷിച്ചിട്ടും കാര്യമില്ല.കല്ലിനു പേലും കുറച്ചെങ്കിലും അലിവ് ഉണ്ടാകും”

നീരജ അവന്റെ കയ്യും പിടിച്ചു വലിച്ചു മുമ്പോട്ട് നടന്നു. സ്റ്റേജിൽ നിന്ന് അനൗൺസ്മെന്റ് ഉയർന്നു.

“നമ്മുടെ ഗ്രാമത്തിന്റെ അഭിമാനമായ മീരജയുടെ അരങ്ങേറ്റമാണ് അടുത്തത്”

മീരജ സ്റ്റേജിനു പിന്നിലെ ചെറിയ റൂമിലേക്ക് ഓടിക്കയറി.ചമയങ്ങളിൽ അവൾക്ക് സംതൃപ്തി ഉണ്ടായിരുന്നു.

“നീ ചിലങ്ക കെട്ടുന്നില്ലേ മീരേ”

ഡാൻസ് ടീച്ചറുടെ ചോദ്യമാണ് അവളെ ചിലങ്കയുടെ കാര്യം ഓർമ്മിപ്പിച്ചത്.ചിലങ്ക അണിയാൻ ഒരുങ്ങിയ സമയത്താണ് നീരജും നീരജയും കൂടി കാണാനെത്തിയത്.ഇരുവരെയും ആദ്യമായി കാണുകയാണ്.

“ഞാൻ നീരജ്.. ഇതെന്റെ അനിയത്തി നീരജ” വന്നയുടനെ അവർ അവളെ പരിചയപ്പെടുത്തി. ആദ്യമായി കാണുന്നവർ തന്റെ പേര് ഉച്ചരിച്ചതിൽ അവൾ അത്ഭുതപ്പെട്ടു.

“മീര എന്റെ ഏട്ടനൊരു പാവമാണ്.എന്റെ ഏട്ടനൊരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു.അവൾ പോയതോടെ ഏട്ടൻ മാനസികമായി തകർന്നു.

ഏട്ടനെ രക്ഷിക്കാൻ ആ പെൺകുട്ടിയുടെ മുഖസാദൃശ്യമുള്ളൊരു പെൺകുട്ടിയുടെ സാന്നിധ്യം ആവശ്യമാണ്”

നീരജ് പറയുന്നതെല്ലാം ക്ഷമയോടെയാണു മീരജ ആദ്യം കേട്ടത്.പിന്നീട് കേൾക്കുന്തോറും അവൾക്ക് പേടിയായി.

“അതേ മീരജാ..നീരജ് പറയുന്നതെല്ലാം സത്യമാണ്‌. ഞാനും ഇവനും ഇരട്ടകളാണ്.ഞങ്ങളുടെ മൂത്ത ഏട്ടനാണ് നീരവ്.പണം എത്ര വേണമെങ്കിലും തരാം”

പിന്നീട് ഓരോന്നും വിവരിക്കുമ്പോൾ അവളിൽ ഭയവും വളർന്നു…

അച്ഛൻ കുഞ്ഞിലേ നഷ്ടമായതാണ് മീരജക്ക്.പാവപ്പെട്ട കുടുംബം. അമ്മ ഗൗരി യവ്വനത്തിലും സുന്ദരിയായിരുന്നു..അവർക്ക് ബന്ധുക്കളില്ല.

ജയദേവുമായുളള പ്രണയം വീട്ടുകാർ ആരും അംഗീകരിക്കാതെ വന്നതോടെ ആളോടൊപ്പം ഗൗരി ഇറങ്ങിപ്പോയി.

സ്വന്തം ഗ്രാമം വിട്ട് കുറച്ചു അകലെയുള്ളൊരു കുഗ്രാമത്തിലാണു അവർ താമസം തുടങ്ങിയത്.

മീരജയുടെ ജനനശേഷം സന്തുഷ്ടകരമായ കുടുംബം ജീവിതം ഈശ്വരനു പോലും അസൂയ തോന്നിക്കാണും.

പെരും മഴയിലൊരു ദിവസം പണി കഴിഞ്ഞു വരികയായിരുന്ന ജയദേവിന്റെ ജീവൻ ആക്സിഡന്റിന്റെ രൂപത്തിൽ ദൈവം തിരികെയെടുത്തു.

“മീരജ… ”

അനൗൺസ്മെന്റ് വീണ്ടും ഉയർന്നതോടെ ധൃതിയിൽ ചിലങ്കകൾ അണിഞ്ഞ് സ്റ്റേജിലേക്ക് കയറി. വലിയൊരു കയ്യടി ഉയർന്നു അവൾക്ക് പ്രോൽസാഹനവുമായി.

ഗാനത്തിന്റെ അകമ്പടിയോടെ നൃത്തം തുടങ്ങി. വളരെയേറെ മനോഹരമായ നൃത്തച്ചുവടുകൾ ആയിരുന്നു. ഇടയിൽ എപ്പോഴോ ചുവടുകൾ പിഴച്ചു കാലുകൾ ഇടറിപ്പോയി.

നെഞ്ചിൻ കൂട്ടിൽ നടന്ന് അകന്ന് മറയുന്ന നീരജും നീരജയും സ്ഥാനം പിടിച്ചു. ഇടക്കെപ്പഴോ അവരൊന്ന് പിന്തിരിഞ്ഞ് നോക്കിയപ്പോൾ തൂവിതുളുമ്പിയ അവരുടെ മിഴിനീർകണങ്ങൾ കണ്ടിരുന്നു.

കൂടെ കാണാത്ത അവരുടെ ഏട്ടന്റെ അവ്യക്തമായ രൂപം മനസ്സിനെ അസ്വസ്ഥതമാക്കി.കയ്യടിച്ച് പ്രോൽസാഹിപ്പിച്ചിരുന്ന കാണികൾ കൂക്കുവിളി ഉയർത്തിയതോടെ സ്റ്റേജിന്റെ തിരശ്ശീല വീണു.മീര കരഞ്ഞു കൊണ്ട് റെസ്റ്റ് റൂമിലേക്ക് ഓടി.

“എന്ത് പറ്റി മീരേ”

ടീച്ചർ അവൾക്ക് അരികിലെത്തി.. ഒന്നും പറയാൻ കഴിയാതൊരു കരച്ചിലോടെ അവൾ ടീച്ചറിലേക്ക് ചാഞ്ഞു.അവർ അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

“എത്രയേറെ പണം മുടക്കി അരങ്ങേറ്റം നടത്തിയത്. ഒന്നും വേണ്ടെന്ന് പറഞ്ഞാലും അമ്മയും മകളും കേൾക്കുമോ”

അവിടേക്ക് കയറി വന്ന ഭദ്രൻ അലറി.പേടിച്ചിരണ്ട് മീര ടീച്ചർക്ക് പിന്നിൽ ഒളിച്ചു.

“ഇങ്ങോട്ട് മാറി നിൽക്കെടീ” ഭദ്രൻ കൈ നീട്ടി മീരയെ ടീച്ചറുടെ പിന്നിൽ നിന്ന് മുന്നിലേക്ക് നീക്കി നിർത്തി അവളുടെ മുഖത്ത് കൈനിവർത്തി അടിച്ചു.അവൾ വേദനയാൽ പുളഞ്ഞു.

“എനിക്ക് അറിയാമെടീ മുടക്കിയ പണം എങ്ങനെ മുതലാക്കണമെന്ന്..വെറുതെയല്ല ഇത്രയും നാളും ഭദ്രൻ അമ്മക്കും മകൾക്കും ചിലവിനു നൽകിയത്.നിന്റെ ശരീരം കണ്ടു തന്നെയാണ്..”

മീരയുടെ മുടിക്കുത്തിനു പിടിച്ചു വലിച്ചിഴച്ചു ഭദ്രൻ മുന്നോട്ടു നടന്നു.വേദനയാൽ അവൾ നിലവിളിച്ചു.

റൗഡിയായ ഭദ്രനെ എല്ലാവർക്കും ഭയമാണ്.അതിനാൽ എല്ലാവരും നോക്കി നിന്നതേയുള്ളൂ..മീരയോട് സ്നേഹം ഉണ്ടെങ്കിലും അകലം പാലിക്കാനേ കഴിയൂ…

പതിനേഴുകാരിയെ നിലത്തൂടെ വലിച്ചിഴച്ച് ഭദ്രൻ കാറിൽ കയറ്റി.അവളുടെ നിലവിളിയെ അവഗണിച്ചു കൊണ്ട് കാറ് മുമ്പോട്ട് പാഞ്ഞുപോയി.

(തുടരും)