Sunday, December 22, 2024
Novel

നവമി : ഭാഗം 4

എഴുത്തുകാരി: വാസുകി വസു


“പാവം മുറിയിൽ ചെല്ലുമ്പോൾ ഫോൺ കാണില്ല.ആകെ വട്ടാകും”

നീതിയുടെ ഫോൺ എടുത്തു പൊടിപിടിച്ചു കിടക്കുന്ന തട്ടിൻ പുറത്തേക്ക് എടുത്ത് നവി എറിഞ്ഞു.എന്നിട്ട് ഒന്നും സംഭവിക്കാത്ത രീതിയിൽ ഭക്ഷണം കഴിക്കാനായി ഊണ് മേശക്കരുകിലെത്തി.നീതിയെ അവിടെ കാണാഞ്ഞതും അവളൊന്ന് ഊറി ചിരിച്ചു.

“ഹും എന്നോടാ അവളുടെ ബാല”

മനസിലങ്ങനെ വിചാരിച്ച് കസേര നീക്കിയട്ട് നവി ഇരുന്നു.അമ്മയുടെ മുഖം വീർത്ത് വരുന്നത് കണ്ടില്ലെന്ന് നടിച്ചു അവൾ ഭക്ഷണം വിളമ്പി കഴിക്കാൻ തുടങ്ങി.

മകൾ ഭക്ഷണം കഴിക്കുന്നത് നോക്കി തെല്ലൊരു നിമിഷം അച്ഛൻ നിശ്ചലനായി ഇരുന്നു.

നവിയുടെ മുഖത്ത് വിവാഹം മുടങ്ങിയതിന്റെ വിഷമമൊന്നും കാണാത്തത്. രമണന് ആശ്വാസം അനുഭവപ്പെട്ടു.

“അവളെവിടെ നീതി?”

അമ്മയുടെ ഒച്ച കേട്ടിട്ടും നവി അനങ്ങിയതേയില്ല.ഭക്ഷണം കഴിക്കുന്നതിൽ മാത്രം ആയിരുന്നു ശ്രദ്ധ മുഴുവനും.

“ഡീ നിന്നോടാ ചോദിച്ചത് നീതി എവിടെന്ന്?”

ഇളയ മകൾ കൂസാതെയിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് രാധക്ക് കലശലായ കോപം വന്നു.

ഭർത്താവ് അരികിൽ ഇരിക്കുന്നതിനാൽ സ്വരത്തിൽ അയവ് വരുത്തി.നവി മുഖമൊന്ന് ഉയർത്തി അവരെ രൂക്ഷമായി നോക്കി.

“അവൾ എവിടെന്ന് എനിക്ക് എങ്ങനെ അറിയാം?”

“നിന്നെ തിരക്കി നീതി റൂമിലേക്ക് വന്നല്ലോ?”

“ആ..എനിക്ക് അറിയൂല്ലാ”

തനിക്കൊന്നും അറിയില്ലെന്ന രീതിയിൽ ഭക്ഷണം കഴിക്കൽ തുടർന്നു.നവിക്ക് അച്ഛൻ സപ്പോർട്ട് ആയതിനാൽ രാധ പിന്നെയൊന്നും മിണ്ടിയില്ല.

അവർ പതിയെ എഴുന്നേറ്റ് അവിടെ നിന്ന് പോയി.അതുകണ്ട് അച്ഛനും ഇളയമകളും മുഖാമുഖം നോക്കി ചിരിച്ചു.

“ഇങ്ങനെ ആയാൽ ഇവൾ മൂത്തമകളുടെ വിവാഹം കഴിഞ്ഞു കൂടെ പോയി താമസിക്കുമല്ലോ?” രമണൻ ആത്മഗതം ചെയ്തു.

“അത് പിന്നെ പറയാനുണ്ടോ?.അച്ഛനു സംശയം ഉണ്ടെങ്കിൽ എനിക്ക് ഇല്ല.അമ്മ ഉറപ്പായും ചേച്ചിയെ അയക്കുന്ന വീട്ടിൽ പോയി താമസിക്കും”

“നവമി മോളേ അച്ഛനും ആ കാര്യത്തിൽ സംശയമില്ല” അങ്ങനെ പറഞ്ഞിട്ട് രമണൻ ചിരിച്ചു.കൂടെ നവിയും.

നവിയെ സ്നേഹം കൂടുമ്പോൾ അച്ഛൻ രമണൻ നവമിയെന്നാണ് വിളിക്കാറുളളത്.”മോളേ നവമീ” എന്നുള്ള അച്ഛന്റെ നീട്ടിയുളള വിളി ഉയരുമ്പോഴേ അതേ ഈണത്തിൽ “ദാ വരണൂ അച്ഛാ” ന്ന് പറഞ്ഞു നവി ഓടിയെത്തുമ്പോൾ നീതിക്ക് പതിയെ വിറഞ്ഞു കയറും.

ഇളയമകളെ അച്ഛൻ സ്നേഹിക്കുന്നത് കാണുന്നത് മൂത്തമകൾക്ക് അരിശമാണ്.തന്നേ എല്ലാവരും ഇഷ്ടപ്പെടാവൂ എന്നാണ് നീതിയുടെ മനോഭാവം.

അച്ഛന്റെ അടുത്ത് നമ്പരുകൾ ഏൽക്കാത്തതിനാൽ അസൂയ പിറുപിറുത്തു തീർക്കും.മതിയായില്ലെങ്കിൽ അമ്മയുമായി ഡിസ്ക്കസ് ചെയ്യും.

“ഓ..അവൾക്ക് മാത്രമേ അച്ഛനുള്ളൂ..ഞാൻ രണ്ടാം കെട്ടിലെയാണല്ലോ” മകൾ തുടങ്ങുമ്പോഴെ രാധ പറയും.

“പതുക്കെ പറയ്.നവിക്ക് നല്ല കേൾവിശക്തി ആണ്. നമ്മുടെ ചുണ്ടുകൾ ചലിച്ചാൽ അവൾക്കെല്ലാം മനസിലാകും.പിന്നെയത് അതിയാന്റെ കാതിലെത്താൻ അധികം സമയം വേണ്ടാ”

പിന്നീട് ഇരുവരും ചെവിയോട് ചെവി കേൾക്കെയാകും കുശുകുശുക്കുന്നത്.ഇതൊക്കെ കാണുമ്പോൾ നവിക്ക് സംശയമാണ്.

“കതക് അടച്ചിരുന്ന് ഇത്രയും ചർച്ചിക്കാൻ എന്ത് ആഭ്യന്തര കാര്യമാണുളളത്.പിന്നെ കരുതും അവരെന്തെങ്കിലും ആയിക്കൊളളട്ടേയെന്ന്…

രമണനും നവിയും ഊണ് കഴിച്ച് എഴുന്നേറ്റിട്ടും രാധയും നീതിയും എത്തിയിരുന്നില്ല.

” അമ്മയും മകളും കൂടി ഇരുന്ന് ചെവി തിന്നലാകും”

“അവർ എന്തെങ്കിലും ചെയ്യട്ടെ” കൈ തുടക്കാനായി വെളളത്തോർത്ത് എടുത്തു കൊടുത്തിട്ട് അച്ഛനോട് നവി പറഞ്ഞു.

“പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലുമത് വളഞ്ഞ് തന്നെ ഇരിക്കൂ.വെറുതെ പറഞ്ഞു നാവിലെ വെള്ളം വറ്റുകയെന്നല്ലാതെ യാതൊരു ഫലവുമില്ല”

അച്ഛൻ പോയതോടെ കഴിച്ച പാത്രങ്ങൾ കഴുകി വെച്ചിട്ട് നവി റൂമിലേക്ക് പോയി..

💃💃💃💃💃💃💃🏼💃💃💃💃💃💃💃💃

മുറിയിലെത്തിയ നീതി അവിടെമാകെ അരിച്ചു പെറുക്കി നോക്കിയെങ്കിലും ഫോൺ കണ്ടില്ല.വീണ്ടും ഒരുപ്രാവശ്യം കൂടി ട്രൈ ചെയ്തു. മുറിയിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടു.പ്രാന്ത് പിടിച്ചതു പോലെ ആയിരുന്നു അവളുടെ പ്രവർത്തികൾ.

റൂമിലേക്ക് ചെന്ന രാധ അവിടെമാകെ വൃത്തികേടായി കിടക്കുന്നത് കണ്ടിട്ട് അമ്പരന്നു നിന്നു.

“എന്തുവാടീ കാണിക്കുന്നത്” അലക്ഷ്യമായി ഓരോന്നും വലിച്ചെറിയുന്ന നീതിയുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് രാധ ചോദിച്ചു.

“കുന്തം.നിങ്ങളുടെ ഇളയമകളുണ്ടല്ലോ ആ സുന്ദരിക്കോത.അവളു കാരണം എനിക്ക് പ്രാന്ത് പിടിക്കും” ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു നീതിക്ക്.

“ഇങ്ങനെ പോയാൽ എന്റെ കയ്യാലാകും അവളുടെ മരണം” കണ്ണുകൾ തുറിപ്പിച്ച് മുഖമാകെ ക്രൂരമായി. രാധ ഭയന്ന് പോയി.

“കിടന്ന് തുളളാതെ കാര്യം പറയുന്നുണ്ടോ?”

താൻ നവിയുടെ മുറിയിൽ ചെന്നത് മുതലുള്ളതെല്ലാം കയ്യിൽ നിന്ന് ഇട്ടുകൂടി അവൾ വിശദീകരിച്ചു.

“എന്റെ ഫോൺ എടുത്തു മാറ്റിയത് അവളാണ്.എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.വൈരാഗ്യം തീർത്തതാണ് നവി” നീതി പല്ലിറുമ്മി.

“നീയൊന്ന് അടങ്ങെടീ വഴിയുണ്ടാക്കാം.ആദ്യം ഭക്ഷണം കഴിക്കാം” രാധ മകളെയും വിളിച്ചു ഊണ് മേശക്കരുകിലെത്തി.

“ഓ..അച്ഛനും മകളും കഴിച്ചിട്ട് എഴുന്നേറ്റ് പോയല്ലോ” അവൾ ചുണ്ടുകൾ വക്രിച്ചു.

അമ്മയും നീതിയും കൂടി ഭക്ഷണം കഴിക്കുന്നതിനിടയിൽ ആ വിഷയം ചർച്ച ചെയ്തു.രാധയോട് ധനുഷുമായിട്ടുളള ഇഷ്ടത്തെ കുറിച്ച് സൂചിപ്പിക്കേണ്ടി വന്നു.

“നീ വിഷമിക്കാതെ മോളേ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ നീയും ധനേഷുമായുളള വിവാഹം ഞാൻ നടത്തി തരും” അതുകേട്ടതോടെ മനസ്സിലൊരു മഞ്ഞുതുള്ളി വീണതുപോലെ നീതിക്ക് അനുഭവപ്പെട്ടു.

അമ്മ കൂടെയുണ്ടെങ്കിൽ തനിക്കെന്നുമൊരു ആത്മവിശ്വാസം ആണ്. ഇടക്കിടെ എന്നെ മറക്കുമ്പോൾ ഓർമ്മിപ്പിക്കാനായിട്ട് ഓരോന്നു കൊടുക്കുന്നതിന്റെ കുറ്റബോധമൊട്ടും നീതിയെ തൊട്ടു തീണ്ടിയില്ല.

എന്തായാലും ഫോൺ നവിയെ എടുക്കത്തുള്ളൂ.അതിനു ഉദാഹരണം ആണ് ധനേഷിനോട് താൻ സംസാരിക്കുന്നതായിട്ട് അവൾ സംസാരിച്ചത്.തങ്ങളെ ഇരുവരെയും തമ്മിലകറ്റുക അതാണ് അവളുടെ ലക്ഷ്യം.

ആഹാരം കഴിച്ചു കഴിഞ്ഞു നീതിയുടെ റൂമിലേക്ക് രാധയും കൂടി ചെന്നു.

“അമ്മയുടെ ഫോണൊന്ന് തന്നേ” ഫോണിനായി നീതി കൈകൾ നീട്ടി. മടിക്കാതെ അവരത് എടുത്തു അവൾക്ക് കൊടുത്തു.

ധനേഷിന്റെ നമ്പർ കാണാപ്പാഠമാണ്.നമ്പർ അടിച്ചിട്ട് അവനെ വിളിച്ചു. മുമ്പും അമ്മയുടെ ഫോൺ കട്ടെടുത്ത് വിളിക്കുന്ന പതിവുണ്ട്. കുറച്ചു നേരം ബെല്ലടിച്ചു നിന്നെങ്കിലും കോൾ എടുത്തില്ല.വീണ്ടും ട്രൈ ചെയ്തു. എടുത്തില്ല.

അമ്മയുടെ ഫോണിൽ നിന്ന് വിളിക്കുമെന്നതിനാൽ നമ്പർ ധനേഷിന് അറിയാം.നവി ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ ദേഷ്യത്തിലാണു ആൾ കോൾ അറ്റൻഡ് ചെയ്യാത്തതെന്ന് നീതിക്ക് മനസ്സിലായി.

“ധനേഷ് ഫോൺ എടുക്കുന്നില്ല” നിരാശ കലർന്ന ദേഷ്യത്തിൽ അവൾ പറഞ്ഞു.

“നാളെ നേരം വെളുത്തിട്ട് അവനെ നേരിൽക്കണ്ട് സംസാരിച്ച് തെറ്റിദ്ധാരണകൾ മാറ്റാൻ നോക്ക്” അമ്മ മകളെ ഉപദേശിച്ചു.അതാണ് നല്ലതെന്ന് നീതിക്ക് തോന്നി.

“എന്റെ ഫോൺ അവൾ മാറ്റിയ സ്ഥിതിക്ക് ഇന്ന് നവിയുടെ ഫോണും ഞാൻ എടുക്കും.പകരത്തിനു പകരം ചെയ്തില്ലെങ്കിൽ ഞാൻ നീതിയില്ല” കടപ്പല്ലുകൾ ഞെരിയുന്ന ശബ്ദം രാധ കേട്ടു.

“ഇന്ന് വേണ്ട മോളേ.നവിക്ക് കരുതൽ ഉണ്ടാകും.അവൾ മണ്ടിയല്ല”

“അമ്മയൊന്ന് പോയേ” മകൾ ചാടിച്ചതോടെ അവർ നിശബ്ദയായി.സമയം പന്ത്രണ്ട് മണിയാകാനായി നീതി കാത്തിരുന്നു.

നവി വാതിൽ ചാരാറെയുള്ളൂ.അതുകൊണ്ട് ഇന്ന് ഫോൺ എടുത്തു മാറ്റണം.രാവിലെ അത് കണികാണാൻ കിട്ടരുത്.

രാധ മകളുടെ മുറിയിൽ കിടന്ന് ഉറങ്ങി.അതാണ് അവരുടെ പതിവ്.സമയം അർദ്ധരാത്രി പന്ത്രണ്ട് മണി ആയെന്ന് ചുമരിലെ ക്ലോക്ക് ഓർമ്മിപ്പിച്ചു.

നീതി പതിയെ നടന്ന് നവിയുടെ റൂമിനു അടുത്ത് എത്തി.കതകിൽ പതിയെ തള്ളി നോക്കിയപ്പോൾ അത് തുറന്നു.

അരണ്ട വെളിച്ചത്തിൽ നവി ഉറങ്ങി കിടക്കുന്നത് നീതി കണ്ടു.

“നാളെ നീ ഫോണിനായി പരക്കം പായുന്നത് എനിക്ക് കണ്ടു രസിക്കണം” പല്ലിറുമ്മിക്കൊണ്ട് നീതി ഫോൺ അവിടെമാകെ തിരഞ്ഞു.

ഒടുവിൽ നവിയുടെ തലക്കീഴിൽ നിന്ന് ഫോൺ കണ്ടെത്തി. അതുമെടുത്ത് പിന്തിരിഞ്ഞു നടന്നു.പെട്ടന്നാണ് അത് സംഭവിച്ചത്.തലവഴിയെന്തോ വന്ന് വീണു താൻ മൂടപ്പെട്ടത് നീതി അറിഞ്ഞു.

നവിക്കൊരു കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ചേച്ചിയുടെ സ്വഭാവത്തിന് പകരം വീട്ടൽ അന്ന് തന്നെ ഉണ്ടാകുമെന്ന് അറിയാം‌.

മുറിയിൽ നീതി കയറുന്നതും ഫോണിനായി പരതുന്നതും അറിഞ്ഞിട്ട് ഉറക്കം നടിച്ചു കിടന്നത്.

എന്തായാലും കിട്ടിയ അവസരം നവിയൊട്ടും പാഴാക്കിയില്ല. കൈ ചുരട്ടി നീതിയുടെ പുറത്ത് രണ്ടു മൂന്ന് ഇടി ഗും ഗും എന്ന ശബ്ദത്തോടെ കൊടുത്തു.

വേദനയാൽ നീതി നിലവിളിച്ചു.ഉറങ്ങിക്കിടന്ന രാധയും രമണനും കരച്ചിൽ കേട്ടു ഞെട്ടിയുണർന്നു.

അപ്പോൾ നീതിയുടെ കരച്ചിലിനെക്കാൾ ഒച്ചയിൽ നവി വിളിച്ചു കൂവി.

“അച്ഛാ കളളൻ കളളൻ ഓടിവരണേ”

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3