നവമി : ഭാഗം 1
എഴുത്തുകാരി: വാസുകി വസു
സർവ്വാഭരണ വിഭൂഷിതയായി നവി ഒരുങ്ങി നിൽക്കുകയാണ്.ഇന്നവളുടെ മാംഗല്യമാണ്.മുഹൂർത്തം അടുക്കാറായി.അപ്പോഴും അവളുടെ കണ്ണുകൾ പെയ്യുകയാണ്.
‘മോളേ സമയമായി. ചെറുക്കനും കൂട്ടരുമെത്തി’ അമ്മ രാധ വന്ന് വിളിച്ചതോടെ മറ്റ് വഴികൾ ഇല്ലാതെ കരഞ്ഞുകൊണ്ട് നവി ഇറങ്ങി.
‘ഇനിയെങ്കിലും ആ കണ്ണുനീരൊന്ന് തുടയ്ക്ക്.ഒരുപാട് ആൾക്കാർ വരുന്നത് കല്യാണത്തിനാണ്.അവരുടെ മുമ്പിൽ ഇങ്ങനെ നിന്നാൽ ഇഷ്ടമില്ലാത്ത വിവാഹത്തിന് ഞങ്ങൾ നിർബന്ധിപ്പിച്ചതാണെന്ന് കരുതും’
അമ്മയുടെ ഉപദേശം എത്തിയതോടെ കർച്ചീഫിനാൽ കണ്ണുകൾ തുടച്ചു.മെല്ലെ അവരുടെ പിന്നാലെ ഇറങ്ങി.ഒരുപാട് ആൾക്കാർ സദസ്സിൽ ഇരിപ്പുണ്ട്.നവി തല കുനിച്ച് വിവാഹ മണ്ഡപത്തിൽ കയറി ഇരുന്നു.
ചെറുക്കൻ കൂട്ടർ വരാൻ കുറച്ചു താമസിച്ചതിനാൽ എല്ലാവരും ആദ്യമൊന്ന് കുറച്ചു വിഷമിച്ചു.’അതേ അവരെത്തിയെന്ന് ആരോ ഉറക്കെ വിളിച്ചു പറയുന്നത് അവളുടെ കാതിൽ വീണു.ആകെയൊന്ന് ഉലഞ്ഞു പോയി.ഉളളിൽ സർവ്വത്ര നിസംഗത.
പുഴയോരം ഗ്രാമത്തിലെ കർഷക കുടുംബമാണ് രമണൻ.ഏറ്റവും മികച്ച കർഷകനുളള അവാർഡ് വാങ്ങിയ ആളാണ്. ഭാര്യയുടെ പേര് രാധ.അവർക്കു രണ്ടു പെണ്മക്കൾ നവിയും നീതിയും.
രണ്ടുപേരും ഇരട്ടകൾ അല്ലെങ്കിലും കാഴ്ചയിൽ ഒരുപോലെ. ഒരേ ഉയരവും വണ്ണവും നിറവും.മുടിയാണെങ്കിൽ അച്ഛന്റെ ചുരുണ്ട മുടിയും.ആദ്യമായി കാണുന്നവർക്ക് ഇരുവരെയും തമ്മിൽ തെറ്റും.
നവിയും നീതിയും പിജി സ്റ്റുഡന്റ്സ് ആണ്. നീതയാണ് മൂത്തയാൾ.തന്റേടി..തന്നിഷ്ടക്കാരി.ഇളയത് നവി.അതും ഒട്ടും പിറകിലല്ല.ചേച്ചിയുടെ അതേ സ്വഭാവം ആണെങ്കിലും കുറച്ചു പാവം നവിയാണ്.ആൾക്കാരോട് കുറച്ചു ദയയുണ്ട്.
വീട്ടിൽ അമ്മ രാധക്ക് മൂത്ത മകളെയാണ് കൂടുതൽ പ്രിയം.നവി അച്ഛന്റെ മകളാണെന്നാ നീതിയുടെയും അമ്മ രാധയുടെയും അഭിപ്രായം.
നീതിക്കായി വന്നൊരു ആലോചന നീതി അമ്മയെ സ്വാധീനിച്ചു നവിയിലേക്ക് എത്തിച്ചു.അവൾ ഒരുപാട് എതിർത്തെങ്കിലും അമ്മയുടെ കണ്ണുനീരിനു മുമ്പിൽ മനസില്ലാ മനസോടെ വഴങ്ങി.
നീതി ഒരാളുമായി പ്രണയത്തിലാണ്.ധനേഷ്.വളരെ രഹസ്യമാണ്.വീട്ടിൽ ആർക്കും അറിയില്ല.ധനേഷിനൊരു ജോലി ആയിട്ടില്ല.അതാണ് തനിക്ക് വന്ന വിവാഹ ആലോചന ബുദ്ധിപൂർവ്വം നവിയിലേക്ക് നീക്കിയത്.
നവിക്കു ഒരളെ ഇഷ്ടമാണ്. ആഥർവ്വ്.സീനിയറായി കോളേജിൽ പഠിക്കുന്നു. നീതിയുടെ ക്ലാസിലാണവൻ.നവിയുടെ സിംഗിൾ ലവ് നീതിക്ക് മാത്രമേ വീട്ടിൽ അറിയൂ.പക്ഷേ അവളുടെ പ്രണയം ഇതുവരെ അഥർവ്വിനെ അറിയിച്ചിട്ടില്ല.
തമ്മിൽ കൂടുമ്പോൾ വഴക്കാണെങ്കിലും ചേച്ചിയെ പിരിഞ്ഞു ഇരിക്കുന്നത് നവിക്ക് സങ്കടമാണ്.പക്ഷേ നീതിക്ക് അങ്ങനെ കൂടപ്പിറപ്പ് സ്നേഹം ഒന്നുമില്ല. സ്വയം താല്പര്യം മാത്രം.
നവവരൻ കതിർമണ്ഡപത്തിലേക്ക് കയറി ഇരുന്നു.വിവാഹ മുഹൂർത്തം ആകാറായെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നാദസ്വര മേളം ഉയർന്നു.പൂജാരി പൂജിച്ച താലിച്ചരട് എടുത്തു വരന്റെ കയ്യിൽ കൊടുക്കുന്നത് കണ്ട് നവി ഞെട്ടിപ്പോയി.
ഇപ്പോഴും ഇഷ്ടമായിട്ടില്ല ഈ വിവാഹം. മനസിനാൽ പൊരുത്തപ്പെടാൻ കഴിയുന്നില്ല.
‘അമ്മേ അവൾക്കൊരു പ്രണയം ഉണ്ട്. ഈ വിവാഹം നടന്നില്ലെങ്കിൽ ഒളിച്ചോടും.രണ്ടും കൂടി മുങ്ങിയാൽ നമുക്കാ നാണക്കേട്’
തലേന്ന് കൂടി നീതി അമ്മയെ ഭീക്ഷണിപ്പെടുത്തുന്നത് ഓർമ്മയിൽ തെളിഞ്ഞു.ഞരമ്പുകൾ വലിഞ്ഞ് മുറുകി പൊട്ടിപ്പോകുമോന്ന് നവി ഭയന്നു.ചേച്ചി ബുദ്ധിപൂർവ്വം കെണിയിൽ പെടുത്തുക ആയിരുന്നു. നവി പല്ലുകൾ കൂട്ടി ഞെരിച്ചു.
‘മുഹൂർത്തം ആയി..താലി കെട്ടൂ’
പൂജാരി ഓർമ്മിപ്പിച്ചതോടെ ചെറുക്കാൻ താലിച്ചരട് അവൾക്ക് നേരെ ഉയർത്തി. അത് കണ്ടു നടുങ്ങിപ്പോയ നവിയുടെ ദൃഷ്ടികൾ തലങ്ങും വിലങ്ങും പാഞ്ഞു.പൊടുന്നനെ ആ മിഴികളൊന്ന് തിളങ്ങി.
‘ഒന്ന് നിർത്തുവോ..എല്ലാം’
സദസിലേക്ക് കയറി വന്ന ഒരുപെൺകുട്ടിയുടെ ശബ്ദം അവിടെമാകെ മുഴങ്ങി.എല്ലാവരും നടുങ്ങിപ്പോയി.അതിസുന്ദരിയായൊരു പെൺകുട്ടി കല്യാണ മണ്ഡപത്തിന് അരുകിലേക്ക് വന്നു.
‘എന്നെ പ്രണയിച്ചു ചതിച്ചു കളഞ്ഞവനാണിവൻ.ഈ വിവാഹം നടത്താൻ ഞാൻ സമ്മതിക്കില്ല’
നവവരൻ ഇരുന്നു വിയർത്തു.നവിയുടേ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു. രണ്ടു കൂട്ടരും ചേരി തിരിഞ്ഞ് വഴക്കായി.എല്ലാം കണ്ടു നവിയുടെ അച്ഛൻ ഇടപെട്ടു.ചെറുക്കനും താനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ ആ പെൺകുട്ടി നിരത്തി.എല്ലാവർക്കും സത്യം ബോദ്ധ്യപ്പെട്ടു.
‘മോളേ തീരുമാനം നിന്റെ ആണ്. അച്ഛനു എന്തായാലും സമ്മതം’
അച്ഛൻ രമണൻ പറയുന്നത് കേട്ടവൾ ചിരിച്ചു.ആരെയോ വെല്ലുവിളിക്കുന്നത് പോലെ.
‘ഇനിയെന്തായാലും എനിക്ക് ഈ ചെറുക്കനെ വേണ്ട’ നവി തീർത്ത് പറഞ്ഞു.
‘നിശ്ചയിച്ച മുഹൂർത്തത്തിൽ അല്ലെങ്കിലും ഇന്ന് നിന്റെ വിവാഹം നടക്കണം.അച്ഛനു അങ്ങനെ ഒരു ആഗ്രഹം ഉണ്ട്’
‘അതേ അച്ഛാ ഇന്ന് തന്നെ എന്റെ വിവാഹം നടക്കണം’ വാക്കുകൾക്ക് വല്ലാത്തയൊരു ദൃഢതയുണ്ടായിരുന്നു.പല്ലുകൾ ഞെരിച്ച് അവൾ നീതിയെയും അമ്മയെയും നോക്കി.മൂത്ത മകൾക്കായിട്ട് മറ്റൊരു മകളെ ബലിയാടാക്കിയ അമ്മയോടും ചേച്ചിയോടും വെറുപ്പാണ് തോന്നിയത്.
‘ആരാണ് നിനക്ക് ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞാൽ മതി. അച്ഛൻ അവരുടെ കാലു പിടിച്ചിട്ടായാലും സമ്മതിപ്പിക്കാം.’
നവിയുടെ കണ്ണുകൾ ചെന്നു നിന്നത് വേറെ ഒരാളിലാണ്.അയാൾക്ക് നേരെ വിരൽ ചൂണ്ടി. ചേച്ചിയൊന്ന് ഞെട്ടുന്നത് കണ്ടു നവി ഉള്ളിലൊന്ന് ചിരിച്ചു..
‘ധനേഷ്.. ചേച്ചിയുടെ ലൈൻ.അവൾക്ക് മാത്രമേ ബുദ്ധിയുള്ളൂ തനിക്ക് അവളുടെ രഹസ്യങ്ങൾ അറിയില്ലെന്നാണു മണ്ടൂസിന്റെ വിചാരം.’
‘പക അത് വീട്ടാനുളളതാണ്..ആരായാലും’
തുടരും….