ടെസ്ലയുടെ 6.9 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ മസ്ക് വിറ്റഴിച്ചു
ടെസ്ല ഇൻകോർപ്പറേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്ക് ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ 6.9 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായുള്ള നിയമപോരാട്ടത്തിൽ പരാജയപ്പെട്ടാൽ ഈ പണം ട്വിറ്റർ ഇടപാടിനായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
44 ബില്യൺ ഡോളറിന് ട്വിറ്ററിനെ വാങ്ങാനുള്ള ഏപ്രിൽ 25 ലെ കരാർ ജൂലൈയിൽ മസ്ക് പിൻവലിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടുവെന്ന അവകാശവാദങ്ങൾ നിരസിച്ചുകൊണ്ട് ഇടപാട് പൂർത്തിയാക്കാൻ ട്വിറ്റർ മസ്കിനെ നിർബന്ധിച്ചു. ഒക്ടോബർ 17ന് ഇരുവിഭാഗവും വിചാരണ നേരിടും. ട്വിറ്ററുമായുളള ഇടപാടിന് ഇപ്പോൾ കൂടുതൽ സാധ്യതയുണ്ടെന്ന് ഈ നീക്കത്തിലൂടെ മനസ്സിലാക്കാമെന്ന്, വെഡ്ബുഷ് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ഡാൻ ഐവ്സ് ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച ട്വിറ്ററിലെ മറ്റ് കമന്‍റുകളിൽ, ടെസ്ല സ്റ്റോക്ക് വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മസ്ക് “ഉണ്ട്” എന്ന് മറുപടി നൽകി. ട്വിറ്റർ കരാർ നടന്നില്ലെങ്കിൽ ടെസ്ല സ്റ്റോക്കുകൾ തിരികെ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.