സിംഗപ്പൂരിൽ ഫാമിലി ഓഫീസ് ആരംഭിക്കാൻ പദ്ധതിയുമായി മുകേഷ് അംബാനി
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഏഷ്യയിലെ രണ്ടാമത്തെ ധനികനുമായ മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഓഫീസിനായി ഒരു മാനേജരെയും നിയമിച്ചിട്ടുണ്ട്. മാനേജർ മറ്റ് ജീവനക്കാരെ തിരഞ്ഞെടുത്ത് ഉടൻ തന്നെ ഓഫീസിന്‍റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിരവധി ധനികർ സിംഗപ്പൂരിൽ ഫാമിലി ഓഫീസുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹെഡ്ജ് ഫണ്ട് ശതകോടീശ്വരൻ റേ ഡാലിയോ, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ എന്നിവർക്കെല്ലാം സിംഗപ്പൂരിൽ ഫാമിലി ഓഫീസുകളുണ്ട്. കുറഞ്ഞ നികുതികളും ഉയർന്ന സുരക്ഷയും സിംഗപ്പൂരിനെ കമ്പനികളുടെ പ്രിയപ്പെട്ടതാക്കുന്നു.
ഇന്ത്യയ്ക്ക് പുറത്തും തന്‍റെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്, മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. ആരാംകോയുടെ ചെയർമാനായതിന് തൊട്ടുപിന്നാലെ, കമ്പനി അന്താരാഷ്ട്ര രംഗത്തേക്ക് കടക്കുകയാണെന്ന് അംബാനി പറഞ്ഞിരുന്നു.