Friday, November 15, 2024
LATEST NEWS

എം ആർ എഫിന്റെ ഓഹരിവില വീണ്ടും ഒരു ലക്ഷത്തിനരികെ ; ഒറ്റയടിക്ക് ഉയര്‍ന്നത് 6400 രൂപ

വിപണിയിലെ ഒന്നാം നമ്പർ സ്റ്റോക്കായ എം.ആർ.എഫ് ഇന്ന് ഒറ്റയടിക്ക് ഉയർന്നത് 6,400 രൂപയിലധികം. 7.47 ശതമാനം ഉയർന്ന് 92,498.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

5 ദിവസത്തിനിടെ 8.5 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 35.29 ശതമാനത്തിന്റെയും നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ആറ് മാസങ്ങള്‍ക്കുള്ളില്‍ ഓഹരി വിലയിലുണ്ടായത് 24,128 രൂപയുടെ വര്‍ധന. നാച്ചുറല്‍ റബര്‍, കാര്‍ബണ്‍ ബ്ലാക്ക്, മറ്റ് ക്രൂഡ് അധിഷ്ഠിത ഡെറിവേറ്റീവുകള്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതാണ് ഓഹരി വില ഉയരാന്‍ കാരണമായി പറയുന്നത്.

പ്രകൃതിദത്ത റബ്ബറിന്റെയും സിന്തറ്റിക് റബ്ബറിന്റെയും വിലകള്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴ്ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുറഞ്ഞു. നേരത്തെ, എംആര്‍എഫിന്റെ ഓഹരിവില 92,000 കടന്ന് മുന്നേറിയിരുന്നു. എന്നാല്‍ പിന്നീട് ഇടിയുകയായിരുന്നു. ഇന്ത്യയിലെ ടയര്‍ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് എംആര്‍എഫ് ഉള്‍പ്പെടെയുള്ള അഞ്ച് ടയര്‍ കമ്പനികളാണ്.