Thursday, January 23, 2025
LATEST NEWS

സ്വിസ് ബാങ്ക് നിക്ഷേപം നടത്തിയ ഇന്ത്യക്കാരുടെ കൂടുതൽ വിവരങ്ങൾ കൈമാറി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യക്തികളുടെയും സംഘടനകളുടെയും നിക്ഷേപങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ സ്വിസ് ബാങ്ക് രാജ്യത്തിന് കൈമാറി. അക്കൗണ്ട് വിശദാംശങ്ങളുടെ നാലാമത്തെ പട്ടികയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. വാർഷിക വിവര കൈമാറ്റത്തിന്‍റെ ഭാഗമായാണ് നാലാമത്തെ പട്ടിക ഇന്ത്യയ്ക്ക് കൈമാറിയത്. 101 രാജ്യങ്ങൾക്കായി 34 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പങ്കുവെച്ചത്.

2019 സെപ്റ്റംബറിലാണ് സ്വിറ്റ്സർലൻഡ് ആദ്യമായി വിവരങ്ങൾ നൽകിയത്. ഇന്ത്യക്ക് കൈമാറിയ വിവരങ്ങൾ അനുസരിച്ച്, ഒരേ വ്യക്തികൾക്കും സംഘടനകൾക്കും ട്രസ്റ്റുകൾക്കും ഒന്നിലധികം അക്കൗണ്ടുകളുണ്ടെന്ന് അധികൃതർ പറഞ്ഞു.

നികുതി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ മുതലായവ പരിശോധിക്കാൻ വിവരങ്ങൾ ഉപയോഗിക്കാം. കണക്കിൽപ്പെടാത്ത പണം സമ്പാദിച്ചവർക്കെതിരെ നടപടി ശക്തമാക്കാനും ഈ ഡാറ്റ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. വ്യക്തിഗത വിശദാംശങ്ങൾ നൽകില്ലെന്ന നിബന്ധനയുണ്ടെങ്കിലും ഭൂരിഭാഗം അക്കൗണ്ടുകളും വ്യാപാരികളുടെയും പ്രവാസികളുടെയും ആണെന്ന് അധികൃതർ പറഞ്ഞു.