Saturday, December 14, 2024
LATEST NEWS

സിംഗപ്പൂരും യുഎഇയും ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സെബ്‌പേ

ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ച് സെബ്പേ സിംഗപ്പൂരിലേക്കും യുഎഇയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. സിഗപ്പൂരിൽ പ്രവർത്തിക്കാൻ അനുമതിക്കായി സെബ്പേ അപേക്ഷ നൽകിയിട്ടുണ്ട്. ക്രിപ്റ്റോ മേഖലയിൽ ഇന്ത്യ നികുതി ചുമത്തിയതാണ് മറ്റ് വിപണികൾ തേടാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

നികുതി ഏർപ്പെടുത്തിയതോടെ, രാജ്യത്തെ ക്രിപ്റ്റോ സ്റ്റാർട്ടപ്പുകളിൽ ഒരു വലിയ ശതമാനം ദുബായ്, യുഎസിലെ ഡെലവെയർ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവരുടെ പ്രവർത്തനങ്ങൾ മാറ്റിയിരുന്നു. രാജ്യത്ത് ക്രിപ്റ്റോയിൽ നിന്നുള്ള നേട്ടങ്ങൾക്ക് 30 ശതമാനം നികുതിയും ഇടപാടുകൾക്ക് 1 ശതമാനം ടിഡിഎസുമാണ് ചുമത്തുന്നത്. രാജ്യത്തെ ക്രിപ്റ്റോ ഇടപാടുകളെ നികുതി ഏർപ്പെടുത്തിയതും വിപണിയിലെ ഇടിവും ബാധിച്ചിട്ടുണ്ട്.

ഇടപാടുകൾ കുറഞ്ഞതിനെ തുടർന്ന് സെബ്പേ 6 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിൽ ബിസിനസ്സ് കുറയുന്ന പശ്ചാത്തലത്തിൽ മറ്റ് ക്രിപ്റ്റോ സൗഹൃദ രാജ്യങ്ങളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ് സെബ്പേ ലക്ഷ്യമിടുന്നത്. അതേസമയം, യുഎഇയിലെ പദ്ധതികളെക്കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2005-ൽ ആരംഭിച്ച സെബ്പേയ്ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.