Friday, November 15, 2024
HEALTHLATEST NEWS

മങ്കി പോക്‌സ്: രോഗിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: മങ്കിപോക്സ് രോഗിയുമായി അടുത്തിടപഴകിയ രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് ജില്ലകളിലായുള്ള മറ്റുള്ളവരെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുന്നുണ്ട്.

തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുക. വിദേശത്ത് നിന്ന് വരുന്നവരുടെ രോഗലക്ഷണങ്ങൾ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കാനുമാണ് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നത്. പരിശീലനം ലഭിച്ച ജീവനക്കാരാണ് ഹെൽപ്പ് ഡെസ്കുകൾ കൈകാര്യം ചെയ്യുന്നത്. ജില്ലകളിൽ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിനുപുറമെ, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രഖ്യാപനങ്ങളും വിമാനത്താവളങ്ങളിൽ നടത്തും. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ തരിപ്പ്, കുമിളകൾ, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ടവേദന, പനിയോടൊപ്പം ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടണം. രോഗലക്ഷണങ്ങളുള്ളവർ വായുസഞ്ചാരമുള്ള മുറിയിൽ 21 ദിവസം വീട്ടിൽ കഴിയണം. ഈ കാലയളവിൽ ഗർഭിണികൾ, കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരുമായി അടുത്തിടപഴകരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ദിശ 104, 1056, 0471 2552056 എന്ന നമ്പറിൽ വിളിക്കുക.