Sunday, April 28, 2024
HEALTHLATEST NEWS

ആശങ്കയേറ്റി മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

Spread the love

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയെ തുടർന്ന് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. രോഗലക്ഷണങ്ങളുള്ള അന്താരാഷ്ട്ര യാത്രക്കാർ ഉടൻ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണം. 21 ദിവസം വരെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡുകളും സജ്ജമാക്കും. മെഡിക്കൽ കോളേജുകളിൽ പ്രത്യേക സൗകര്യം ഒരുക്കും.

Thank you for reading this post, don't forget to subscribe!

മാസങ്ങൾക്ക് മുമ്പ് മങ്കിപോക്സിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും രോഗബാധ സംശയിക്കപ്പെട്ട സമയത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ വിമർശനത്തിന് ഇടയാക്കിയിരുന്നു. സമ്പർക്കപ്പട്ടികയിൽ എത്ര പേരുണ്ടെന്നത് സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് സംസ്ഥാന ആരോഗ്യവകുപ്പും കൊല്ലം ജില്ലാ അധികൃതരും നൽകുന്നത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്താനായിട്ടില്ല. റൂട്ട് മാപ്പിലും പൊരുത്തക്കേടുണ്ട്. അണുബാധ സംശയിച്ചിട്ടും മുൻകരുതലുകൾ എടുക്കാതെ ടാക്സിയിൽ യാത്ര ചെയ്യേണ്ടി വന്ന സാഹചര്യവും ഗുരുതരമായ വീഴ്ചയാണ്.

അതേസമയം, മാർഗനിർദേശങ്ങൾ നൽകാൻ വിദഗ്ധ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ സന്ദർശിക്കും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. മങ്കിപോക്സ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ല.