Sunday, December 22, 2024
Novel

മിഴിനിറയാതെ : ഭാഗം 25

എഴുത്തുകാരി: റിൻസി പ്രിൻസ്

അവൾ സൗമ്യമായി പറഞ്ഞു തുടങ്ങി എല്ലാം, ആദിയുടെയും സ്വാതിയുടെയും പ്രണയത്തെപ്പറ്റി വിജയ് പറഞ്ഞവയെല്ലാം, പിന്നെ സ്വാതിയുടെ ജീവിതത്തെക്കുറിച്ച്, ഏറ്റവും ഒടുവിൽ അവരുടെ പ്രിയപ്പെട്ട അനുജന്റെ മകളാണ് സ്വാതി എന്നുള്ളത് അടക്കം, ഒരു ഞെട്ടലോടെയാണ് ആ സത്യം പാർവതിയമ്മ കേട്ടത്, അവരുടെ മുഖത്തെ ഭാവം വിവേചിച്ച് എടുക്കാൻ അറിയാതെ പ്രിയ നിന്നു “എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത് എൻറെ ഹരി വിവാഹം കഴിച്ചെന്നോ, അവന് ഒരു മകളുണ്ടെന്നോ? അവൻറെ മകൾ ഇപ്പോൾ അനാഥയായ ജീവിക്കുക ആണെന്നോ?

ഞാൻ ജീവിച്ചിരിക്കുമ്പോൾ അവൾ അനാഥയായി ജീവിക്കുകയാണെന്നോ? എനിക്ക് സഹിക്കാൻ വയ്യ മോളെ, ഇതൊന്നും ആദി എന്നോട് പറഞ്ഞിരുന്നില്ലല്ലോ? എനിക്ക് എൻറെ മോളെ ഇപ്പോൾ കാണണം, അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ടുവരണം, ഹരിയുടെ മകൾ ഇനി ഒരിക്കലും അനാഥയായി ജീവിക്കാൻ പാടില്ല , അവർ കരയാൻ തുടങ്ങി ” അമ്മേ…. വേദനയോടെ പ്രിയ വിളിച്ചു അവർ കരഞ്ഞുകൊണ്ട് വിജയുടെ അടുത്തേക്ക് ഓടിച്ചെന്നു, വിജയ് ബാൽക്കണിയിൽ നിന്ന് ആരെയോ ഫോൺ ചെയ്യുകയായിരുന്നു,

അപ്പോഴാണ് പുറകിൽ നിന്നും പാർവതി അമ്മ വിളിച്ചത്, ” മോനെ വിജയ്, “എന്താ അമ്മേ? ഫോൺ കട്ട് ചെയ്ത വിജയ് തിരക്കി, ” പ്രിയ പറഞ്ഞതൊക്കെ സത്യമാണോ? വിജയ് കാര്യമറിയാതെ പ്രിയയെ നോക്കി, അവൾ വിജയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, ” ഞാൻ എല്ലാ സത്യങ്ങളും അമ്മയോട് തുറന്നു പറഞ്ഞു, സ്വാതിയുടെ കാര്യങ്ങൾ അടക്കം, “നീയെന്താടാ ഇതൊന്നും എന്നോട് പറയാഞ്ഞത് വിജയെ പാർവതി അമ്മ ശകാരിച്ചു ” ഒക്കെ ആദിക്ക് തന്നെ അമ്മയോട് പറയണം എന്ന് നിർബന്ധം ആയിരുന്നു,

അതുകൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്, എല്ലാം അമ്മയോട് തുറന്നു പറയാൻ ആയിരുന്നു അവൻ ഇങ്ങോട്ടു വന്നത്, അപ്പോഴാണ് ആ ആക്സിഡണ്ട് സംഭവിച്ചത്, വിജയ് വേദനയോടെ പറഞ്ഞു പാർവതി അമ്മ കരയാൻ തുടങ്ങിയിരുന്നു ” എനിക്ക് കാണണം എൻറെ മോളെ, എനിക്ക് കാണണം, എൻറെ മകൻ സ്നേഹിച്ച പെൺകുട്ടി മാത്രമല്ല അവൾ, എൻറെ ഹരിയുടെ മകളായി അവളെ എനിക്ക് ഇവിടേക്ക് കൊണ്ടുവരണം, എവിടെയാണെങ്കിലും എനിക്ക് കാണണം, അവർ വാശിപിടിച്ചു വിജയ് ആകെ ധർമസങ്കടത്തിലായി എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ നിന്നു ”

നമുക്ക് പോകാം മോനെ, ഇന്ന് തന്നെ , “ഇന്നോ? എന്താണ് അമ്മ ഈ പറയുന്നത്, ആദിക്ക് വയ്യാതായിരിക്കുന്ന ഈ അവസ്ഥയിൽ അവനെ ഒറ്റയ്ക്ക് ഇവിടെ നിർത്തി തന്നെ പോകാനോ? ” അതൊന്നും സാരമില്ല ,ഇവിടെ ആളെ നമുക്ക് ഏർപ്പാടാക്കാം,ഇന്ന് തന്നെ യാത്ര തിരിക്കണം, എനിക്ക് അവളെ കാണണം, ഇവിടേക്ക് കൂട്ടികൊണ്ടു വരണം, അവർ വാശി പിടിച്ചു “അത് മാത്രമല്ല മോനെ, പ്രിയപ്പെട്ട സംഭവങ്ങളോ ആളുകളോ കണ്ടാൽ ആദിക്ക് ഓർമ്മ തിരിച്ചു കിട്ടും എന്നല്ലേ ഡോക്ടർ പറഞ്ഞത്, ചിലപ്പോൾ സ്വാതിയെ കണ്ടാൽ അവന് എല്ലാം ഓർമ്മ വന്നാലോ? അവർ പ്രതീക്ഷയോടെ പറഞ്ഞു

“മറ്റൊരു കാര്യം കൂടി ഡോക്ടർ പറഞ്ഞിരുന്നു, അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ട സംഭവങ്ങളെയൂം പറ്റി ആരെങ്കിലും പറയുകയോ,അവനെ ഓർമപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്താൽ അവന്റെ ഓർമ്മ പൂർണ്ണമായും നഷ്ടപ്പെടാനോ കോമാ സ്റ്റേജിൽ ആകാനോ, ചിലപ്പോൾ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട് എന്ന്, അത് അമ്മ മറന്നു പോയോ? അതുകൊണ്ട് മാത്രമാണ് ഞാൻ പല പ്രാവശ്യമായി സ്വാതിയുടെ കാര്യം അവനിൽനിന്നും ഒളിച്ചുവയ്ക്കാൻ ആഗ്രഹിച്ചത്, കാരണം കണ്ടാൽ ഒരു പക്ഷേ അവന് പെട്ടെന്ന് ഓർമ വന്നാൽ അത് ഒരുപാട് നേരം ഒന്നും നിൽക്കില്ല,

അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും,അവൻ പതിയെ പതിയെ ഓർമ്മകളിലേക്ക് വരികയാണ് വേണ്ടത് , “എങ്കിൽ ഒന്നും പറയണ്ട,സ്വാതിയോടും പറയാം അവനോട് ഒന്നും പറയാനോ ഓർമ്മപ്പെടുത്താൻ പോകണ്ട എന്ന്, എങ്കിലും സ്വാതിയെ എനിക്ക് കാണണം, അവളെ എനിക്ക് കാണണം മോനെ, ഇങ്ങോട്ട് കൂടി കൊണ്ടുവരണം, നമ്മൾ പേടിക്കുന്നത് പോലെ ഒന്നും സംഭവിക്കുകയില്ല, ഇനി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ……. എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് ഞാൻ സഹിച്ചോളാം,

എങ്കിലും എൻറെ കയ്യബദ്ധം കൊണ്ടാണ് ഹരിക്ക് അനാഥനായി കഴിയേണ്ടി വന്നത്, ഞാൻ അറിഞ്ഞിട്ടും അവൻറെ മകൾക്കും അനാഥത്വം പേറി ജീവിക്കേണ്ടി വരാൻ പാടില്ല,അത് എന്റെ കടമയാണ് വിജയ്, എത്രയും പെട്ടെന്ന് യാത്രക്കുള്ള ഒരുക്കങ്ങൾ നോക്ക് തൽക്കാലം ആദിയുടെ കാര്യങ്ങൾ നോക്കാൻ കാര്യസ്ഥൻ രാമൻ നായരെ വിളിക്കാം, യാത്രയുടെ കാര്യം അവന് മനസ്സിലാവാത്ത രീതിയിൽ ഞാൻ പറഞ്ഞു മനസ്സിലാക്കാം, അവരുടെ തീരുമാനം ഉറച്ചതായിരുന്നു, അവർ തിരികെ മുറിയിലേക്ക് പോയി,

മുറിയിൽ ചെന്ന് പഴയ ആൽബം എടുത്തു അതിൽ നിന്നും കുഞ്ഞനുജന്റെ ഫോട്ടോയിൽ തഴുകി, ആ ഫോട്ടോയൊടായി പറഞ്ഞു, ” ദെവാ… നിന്നോട് ചെയ്ത തെറ്റിന് ഞാൻ പരിഹാരം ചെയ്യാൻ പോവുകയാണ്, ഞാൻ ജീവിച്ചിരിക്കുമ്പോൾ നിൻറെ മകളെ അനാഥയായി ജീവിക്കാൻ അനുവദിക്കില്ല, എൻറെ മകൻറെ ജീവനാണ് അതിനുപകരം കൊടുക്കേണ്ടിവരുന്നത് എങ്കിൽ അങ്ങനെ, എന്താണെങ്കിലും ഞാൻ അവളെ ഇവിടെ കൂട്ടിക്കൊണ്ടു വരും, അവർ കണ്ണുനീരോടെ അയാളുടെ ഫോട്ടോയിൽ നോക്കി പറഞ്ഞു.

ഒരു തുള്ളി കണ്ണുനീർ അയാളുടെ ഫോട്ടോയിലേക്ക് ഇറ്റു വീണു, അപ്പോഴേക്കും മുറിയിലേക്ക് പ്രിയ കടന്നുവന്നിരുന്നു ” അമ്മ കരയുകയാണോ? അവൾ ചോദിച്ചു, ” സന്തോഷംകൊണ്ടുള്ള കരച്ചിൽ ആണ് മോളെ ,ഒരുപാട് വർഷത്തെ കാത്തിരിപ്പാണ് ഇത്, ഇന്ന് എൻറെ ദേവൻ ജീവനോടെ ഇല്ല എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം എനിക്ക് ഉണ്ടായി, പക്ഷേ അവൻറെ ജീവൻറെ അംശം ഈ ഭൂമിയിൽ അവശേഷിപ്പിച്ച് അവൻ പോയത് ഒരു പക്ഷേ എന്റെ മനസ്സമാധാനത്തിനു വേണ്ടി ആയിരിക്കാം, അവളെ ഇവിടെ കൂട്ടികൊണ്ടു വരണം,

ഇല്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ല അവർ പറഞ്ഞു അവളെ കണ്ടാൽ എനിക്ക് സമാധാനത്തോടെ മരിക്കാം; ”അങ്ങനെയൊന്നും പറയല്ലേ അമ്മേ; രാമൻ ചേട്ടനെ വിളിക്കാൻ വിജയ് പോയിട്ടുണ്ട്; ഞാനും കൂടി സ്വാതിയെ കാണാൻ വന്നോട്ടെ ?എനിക്കും കാണാൻ ഒരാഗ്രഹം? പ്രിയ പറഞ്ഞു ” അതിനെന്താ? അവർ സമ്മതം നൽകി പ്രിയ മുറി വിട്ട് പുറത്തേക്ക് പോയി, അവർക്ക് കുറച്ചുനേരം ഒറ്റക് ഇരിക്കേണ്ടത് നല്ലതാണെന്ന് അവൾക്ക് തോന്നി,അത് അവർ ആഗ്രഹിക്കുന്നുണ്ട് , ആ ഫോട്ടോ നെഞ്ചോട് ചേർത്ത് അവർ ഇരുന്നു, അതിനുശേഷം ആദിയുടെ മുറിയിലേക്ക് പോയി,

മുറിയിൽ ചെന്നപ്പോൾ ആദ്യം നല്ല ഉറക്കത്തിലായിരുന്നു, അവനെ ഉണർത്തേണ്ട എന്നു കരുതി തിരികെ പോകാൻ പോകുമ്പോഴാണ് ആദീ വിളിച്ചത് “എന്താണ് അമ്മേ തിരികെ പോകുന്നത്? “മോൻ ഉറങ്ങുകയാണെന്ന് കരുതി അമ്മ തിരികെ പോവുകയായിരുന്നു, അവർ പറഞ്ഞു ” കണ്ണടച്ചു കിടന്നു എന്നേ ഉള്ളൂ ” ഒരു കാര്യം പറയാൻ വന്നതാണ് അമ്മ, ഒരു യാത്ര പോവുകയാണ്, ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു യാത്രയാണ്, അതുകൊണ്ടാണ് മോനെ ഒറ്റയ്ക്കാക്കി പോകുന്നത്,രാമൻനായരേ വിളിച്ചിട്ടുണ്ട് അയാൾ ഇപ്പോൾ തന്നെ എത്തും, ” എവിടേക്കാണ് ഇത്ര ആവശ്യപ്പെട്ട് അമ്മ പോകുന്നത്?

“നമ്മുടെ ദേവനെ പറ്റി മോൻ അറിയാമല്ലോ? പറഞ്ഞിട്ടുള്ളതല്ലേ, ദേവന് ഒരു മകളുണ്ട് മോനെ, അവൾ ജീവിച്ചിരിപ്പുണ്ട്, ദേവൻ കുറെ വർഷങ്ങൾക്കു മുൻപ് ഒരു ആക്സിഡൻറ് മരിച്ചുപോയി എന്നാണ് കേൾക്കുന്നത്, അപ്പോൾ അവൻറെ മകൾ അനാഥയായി പോകാൻ പാടുണ്ടോ നമ്മൾ ജീവിച്ചിരിക്കുമ്പോൾ? അതുകൊണ്ട് അമ്മ അവളെ കൂട്ടിക്കൊണ്ടുവരുവാൻ പോവുകയാണ്, മോന് അതിലെന്തെങ്കിലും എതിർപ്പുണ്ടോ ? “എനിക്ക് എതിർപ്പൊന്നുമില്ല, പക്ഷേ ഇപ്പോൾ ആരാണ് അമ്മയോട് ഈ കാര്യം പറഞ്ഞത്? എങ്ങനെയാണ് അമ്മ കാര്യം അറിഞ്ഞത്? കൊച്ചച്ചൻ്റെ മകളാണ് എന്ന് ഉറപ്പുണ്ടോ?

ആരെങ്കിലും അമ്മയെ പറ്റിക്കാൻ വേണ്ടി പറഞ്ഞത് ആണെങ്കിലോ? ” അങ്ങനെയൊന്നുമല്ല മോനേ, പറഞ്ഞത് മറ്റാരുമല്ല വിജയ് തന്നെയാണ്, അവൻ അന്വേഷിച്ച് കണ്ടുപിടിച്ചത് ആണ് , അവളേ ഇങ്ങോട്ട് കൂട്ടികൊണ്ടു വരണം എന്നാണ് അമ്മയുടെ ആഗ്രഹം മോന് ബുദ്ധിമുട്ടാണെങ്കിൽ അമ്മ അത് വേണ്ടെന്നു വയ്ക്കാം, ” എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല അമ്മ കൂട്ടിക്കൊണ്ടു വന്നോളൂ, എവിടെയാണ് ആ കുട്ടി ഉള്ളത് ഇപ്പോൾ ? “അത് കുറച്ചു ദൂരെയാണ് മോനെ, പത്തനംതിട്ട എന്ന സ്ഥലത്താണ് , “അവിടെ വരെ അമ്മ ഒറ്റയ്ക്ക് പോകാനോ അത് ഈ വയ്യാതേ ഇരിക്കുന്ന അവസ്ഥയിൽ,

“ഒറ്റയ്ക്കല്ല വിജയിയും പ്രിയയും എനിക്കൊപ്പം വരുന്നുണ്ട്, “എങ്കിലും ഇത്രയും ദൂരം അമ്മ യാത്ര ചെയ്യണ്ട എന്നാണ് എൻറെ അഭിപ്രായം, “എനിക്ക് ആ കുട്ടിയെ കാണാതേ ഒരു സമാധാനം ഇല്ല മോനെ, “എങ്കിൽ പിന്നെ അമ്മ പോയി വരൂ അവൻ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു “ഞാൻ പോകുന്നത് നിനക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ “ഇഷ്ടക്കേട് ഉണ്ടായിട്ടല്ല ഇത്രയും ദൂരം ഈ പ്രായത്തിലെ അസുഖങ്ങളെ മാനിക്കാതെ അമ്മ പോകണ്ട എന്നുകരുതി പറഞ്ഞതാണ്, “അതൊന്നും സാരമില്ല മോനെ, ഞാൻ അല്ലേ ഇവിടെ അവളെ കൂട്ടിക്കൊണ്ട് വരേണ്ടത്, അവളെ ചെന്ന് കാണേണ്ടത് എന്റേ ഉത്തരവാദിത്വം അല്ലേ?

എൻറെ അനുജൻ വേണ്ടി അത്രയെങ്കിലും ഞാൻ ചെയ്യണ്ടേ? ” അമ്മ അവിടെ ചെന്നാൽ ഉടനെ അവൾ അമ്മയോടൊപ്പം വരും എന്നുള്ളതിന് എന്ത് ഉറപ്പാണ് ഉള്ളത്, ആ ചോദ്യം പാർവതി അമ്മയെ കുഴക്കുന്നത് ആയിരുന്നു, “എങ്ങനെയും ഞാൻ അവളെ കൂട്ടിക്കൊണ്ടു വരും, ആത്മവിശ്വാസത്തോടെ അവർ പറഞ്ഞു “അമ്മയുടെ വിശ്വാസം അമ്മെ രക്ഷിക്കട്ടെ, ഏതായാലും അമ്മ പോകാനിറങ്ങിയത് അല്ലേ, അത് നടക്കട്ടെ, അവൻ പറഞ്ഞു, അവൻറെ മൗനസമ്മതം കിട്ടിയതോടെ അവർ ആ മുറി വിട്ടു സ്വന്തം മുറിയിൽ ചെന്ന് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി,

പുറത്ത് രാമൻനായരുടെ കൂടി വിജയ് എത്തിയിരുന്നു, പ്രിയ വിജയ് കണ്ട് അടുത്തേക്ക് വന്നു ” എന്താണ് വിജയ് നിനക്ക് ഒരു സന്തോഷമില്ലാത്ത “സന്തോഷം ഇല്ലാത്തതല്ല പ്രിയ, പല കാര്യങ്ങളും ആദി ആഗ്രഹിച്ചത് പോലെ നടക്കാൻ വേണ്ടിയാണ് ഞാൻ പലതും ചെയ്തത്, പക്ഷേ കാര്യങ്ങൾ എല്ലാം കൈവിട്ടു പോയി. നീയിപ്പോൾ എന്തിനാണ് അമ്മയോട് പറഞ്ഞത്, അവൻറെ വലിയ പേടിയായിരുന്നു അവൻറെ അമ്മാവൻ മരിച്ച വിവരം അവൻറെ അമ്മ അറിയരുത് എന്ന്, അറിഞ്ഞാൽ ആ ഹൃദയത്തിന് ഒരിക്കലും അത് സഹിക്കാൻ കഴിയുമായിരുന്നില്ല, അതുകൊണ്ടാണ് ഞാൻ അത് പറയാതെ ഇരുന്നത് ,

മാത്രമല്ല ആദിയാണ് സ്വാതിയുടെ മുറച്ചെറുക്കൻ എന്നും ആദിയുടെ അമ്മാവൻറെ മകളാണ് സ്വാതി എന്നുമുള്ളത് വിവാഹശേഷം ആദി സ്വന്തമായി സ്വാതിയൊടെ പറയാൻ ഇരുന്നതാണ്, എന്നോട് നേരിട്ട് പറഞ്ഞതാണ് അവൻ, അവൻറെ ആഗ്രഹം ആയിരുന്നു അവൻറെ വായിൽ നിന്നും സ്വാതി സത്യം അറിയണം എന്നുള്ളത്, ആ ആഗ്രഹത്തെ അല്ലേ നമ്മൾ നിഷ്കരുണം ഇല്ലാതാക്കിയത്, “നീ എന്തൊക്കെയാണ് വിജയ് പറയുന്നത്, കുറച്ചു പ്രാക്ടിക്കലായി ചിന്തിക്കു,ആദിക്ക് എന്ന് ഓർമ്മ തിരിച്ചു കിട്ടും എന്ന് പറയാൻ സാധിക്കില്ല, അപ്പോൾ ആദി പറയുന്നത് നോക്കി നമുക്ക് കാത്തിരിക്കാൻ പറ്റുമോ,

മാത്രമല്ല സ്വാതിയുടെ സിറ്റുവേഷൻ വളരെ മോശമാണ്, ഈ കാര്യങ്ങൾ അധികം വൈകിപ്പിക്കാൻ പാടില്ല അത് മാത്രമല്ല ആദിയുടെ അമ്മ ആഗ്രഹിക്കുന്നത് അവന് ഒരു കൂട്ടാണ്, അമ്മ എന്നോട് പറഞ്ഞു കഴിഞ്ഞു, ഞാൻ വിവാഹത്തിൽ നിന്നും പിന്മാറാൻ വ്യക്തമായ ഒരു കാരണം അമ്മയുടെ മുൻപിൽ നിരത്തണം, മുഖത്തുനോക്കി കള്ളം പറയാൻ എനിക്ക് കഴിയില്ല വിജയ് അതുകൊണ്ടാണ് ഉള്ള സത്യം മുഴുവൻ ഞാൻ പറഞ്ഞത്, മാത്രമല്ല എല്ലാം സ്വാതി അറിഞ്ഞാലും ആദിയെ ഉപേക്ഷിക്കാൻ ഒന്നും പോകുന്നില്ല,

അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ അവളുടെ സ്നേഹം അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരും പഴയ ഓർമ്മകൾ വീണ്ടും അവന്റെ ഓർമ്മകളിൽ തെളിയും, അതിനു വേണ്ടി തന്നെയാണ് ഞാൻ അമ്മയോട് എല്ലാം പറഞ്ഞത്, എല്ലാം നന്നായി തന്നെ അവസാനിക്കും നീ ടെൻഷനടിക്കാതെ വിജയ്, വിജയുടെ മുഖത്തെ ടെൻഷൻ പ്രകടമായിരുന്നു “ജീവനുതുല്യം സ്നേഹിച്ച അനുജൻ മരിച്ച വിഷമം ഒന്നും അമ്മയുടെ മനസ്സിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, കുട്ടിക്കാലം മുതലേ ഞാൻ കാണുന്നതല്ലേ അമ്മേ ,

നമ്മുടെ മുൻപിൽ അത് പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളൂ, ഉള്ളിനുള്ളിൽ വലിയ സങ്കടമുണ്ട്, എങ്ങനെയെങ്കിലും മരണവിവരം പറയാതെ നിനക്ക് കാര്യങ്ങൾ അവതരിപ്പിക്കാമായിരുന്നില്ല വിജയ് ചോദിച്ചു “നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല വിജയ്, അമ്മയ്ക്ക് സങ്കടം ഉണ്ടാവുമെങ്കിലും സത്യത്തെ അംഗീകരിക്കാതെ ഇരിക്കാൻ പറ്റുമോ? എന്നാണെങ്കിലും ഇത് അറിഞ്ഞേ പറ്റൂ, കുറച്ചുനേരത്തെ ആയിന്ന് മാത്രം, മാത്രമല്ല ആശ്വസിക്കാൻ അമ്മയ്ക്ക് ഒരു കാരണമുണ്ട് , “സ്വാതി”

“എന്താണെങ്കിലും വരുന്നതുപോലെ വരട്ടെ ഞാൻ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നോക്കുകയാണ് വിജയ് പറഞ്ഞു “ശരി റെഡി ആകുമ്പോൾ നീ എന്നെ വിളിച്ചാൽ മതി, ഞാൻ ബാൽക്കണിയിൽ ഉണ്ടാവും, കുറച്ചുനേരം തനിച്ചിരിക്കാൻ തോന്നുന്നു, “നീ എവിടേക്കാണ്? വിജയ് മനസ്സിലാകാതെ ചോദിച്ചു “ഞാനും വരുന്നുണ്ട് സ്വാതിയെ കൂട്ടിക്കൊണ്ടു വരാൻ, പ്രിയ പറഞ്ഞു “അത് വേണ്ട പ്രിയ, സ്വാതിയെ കാണുമ്പോൾ ഒരു പക്ഷേ നിനക്ക് സങ്കടം താങ്ങാൻ കഴിഞ്ഞെന്നുവരില്ല, വിജയ് അവളോട് പറഞ്ഞു, ”

എനിക്ക് സങ്കടം ഒന്നുമില്ല വിജയ്,സങ്കടം ഇല്ലന്നല്ല സങ്കടം ഉണ്ട്, പക്ഷേ സ്വാതിയെ കണ്ടാൽ അത് മാറും, കാരണം ആദിക്ക് മറ്റൊരു അവകാശി ഉണ്ടെന്ന് എനിക്ക് നേരിട്ട് കാണണം, അതുകൊണ്ടാണ് ഞാൻ വരാം എന്ന് തീരുമാനിച്ചത്, വിജയിക്ക് അത്ഭുതം തോന്നി എത്രപെട്ടെന്നാണ് പ്രിയ എല്ലാം മറക്കാൻ ശ്രമിക്കുന്നത്, വളരെ ബോൾഡ് ആയിട്ടുള്ള ഒരു പെൺകുട്ടിയാണെന്ന് വിജയിക്ക് തോന്നി, ”

ശരി ഞാൻ പോകുമ്പോൾ നിന്നെ വിളിക്കാം , ബാൽക്കണിയിലേക്ക് ചെന്ന് അവിടുത്തെ ചാരുകസേരയിൽ കുറെ നേരം ഇരുന്നു അതിനു ശേഷം അവൾ ബാഗിൽ നിന്നും ഒരു പുസ്തകം എടുത്തു മാധവിക്കുട്ടിയുടെ പുസ്തകമായിരുന്നു അത് പുസ്തകത്തിൻറെ പേജിലേക്ക് അവൾ വിരലോടിച്ചു നീർമാതളം പൂത്തകാലം അവളുടെ മനസ്സിനെ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരു കഥയായിരുന്നു അത്, “ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട് അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നീട് ഒരിക്കലും, അവൾ ഓർത്തു അല്ലെങ്കിലും മനസ്സറിഞ്ഞ് പ്രണയിച്ചിട്ടുള്ള ഏല്ലാ പ്രണയങ്ങളും സമ്മാനിച്ചിട്ടുള്ളത് വിരഹത്തിന്റെ വേദനകളാണ്,

പുരാണങ്ങളിൽ പോലും അതങ്ങനെയാണ് അവളോർത്തു, , 14വർഷം സ്വന്തം ഭർത്താവിനോടൊപ്പം കാട്ടിൽ താമസിച്ച സീതയേക്കാൾ സ്വന്തം ഭർത്താവിനെ പിരിഞ്ഞ് അവനുവേണ്ടി വിരഹ വേദന അനുഭവിച്ച ഊർമ്മിളയാണ് സീതയേകാൾ ഭർത്താവിനെ സ്നേഹിച്ചിരുന്നത്, പക്ഷേ പുരാണങ്ങളിൽ ഒന്നും അത് പറയുന്നില്ല, കൽപ്പാന്തങ്ങളുടെ കാണാകരയിൽ രാധയെ തനിച്ചാകുമ്പോൾ കണ്ണാ ഏത് നീതി ആയിരുന്നു നിന്നെ ഉണർത്തിയത്? നിൻറെ പുല്ലാങ്കുഴൽ സംഗീതം ആവുന്നത് മുറിഞ്ഞ് ഒഴുകുന്ന അവളുടെ പ്രണയസിരകളെ അല്ലേ ?

യഥാർത്ഥ പ്രണയം എന്നും അങ്ങനെയാണ് ഒരിക്കലും തിരിച്ചറിയപ്പെടുകയും ഇല്ല,പൂർണ്ണം ആവുകയുമില്ല , അവൾ മനസ്സിൽ ഓർത്തു തൻറെ പ്രണയവും അതുപോലെ തിരിച്ചറിയപ്പെടാതെ പോകട്ടെ, ഒരിക്കലും ആദി അറിയാതിരിക്കട്ടെ, കണ്ണടച്ചു തുറക്കും മുൻപ് കൺ മുൻപിൽ ഉള്ളത് മാഞ്ഞു പോകുന്ന ഒരു ലോകമാണ് ഇത്, ഇന്ന് ഇവിടെയുണ്ട് എന്ന് പറയുന്നതൊന്നും നാളെ ഉണ്ടാവണമെന്നില്ല, അതിനിടയിൽ തൻറെ പ്രണയവും അലിഞ്ഞു പോകട്ടെ അവൾ മനസ്സിൽ ഓർത്തു, അറിയാതെയാണെങ്കിലും ഒരു തുള്ളി കണ്ണുനീർ കണ്ണിൽ നിന്നും ഇറ്റു വീണു,

ചിലർ അങ്ങനെയാണ് നമ്മൾ എത്ര മറക്കാൻ ശ്രമിച്ചാലും അവർ മനസ്സിൽ നിന്നു പോകില്ല നമ്മുടെ മനസ്സിന്റെ കുടികിടപ്പവകാശം ഏറ്റെടുത്തത് പോലെ, അവൾ മനസ്സിൽ ഓർത്തു “പ്രിയാ…… ആദിയുടെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ച് ആദിയെ നോക്കി “താൻ എന്താ പ്രിയ ഇവിടെ തനി ച്ചിരിക്കുന്നത് ആദി ചോദിച്ചു, “ഞാൻ വെറുതെ കുറച്ചു നേരം കാറ്റ് കൊള്ളാം എന്ന് കരുതി…. അവന്റെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല, സംഭരിച്ചത് മുഴുവൻ എവിടെയോ ചോർന്നു പോകുന്നതു പോലെ അവൾക്ക് തോന്നി, ”

എന്തുപറ്റി നിന്റെ മുഖം വല്ലാതിരിക്കുന്നത് “ഒന്നുമില്ല ആദി, “താൻ പോകുന്നില്ലേ യാത്രയ്ക്ക് അവരോടൊപ്പം? അവൻ ചോദിച്ചു ” ഞാൻ പോകുന്നുണ്ട് അമ്മ പറഞ്ഞില്ലേ, അമ്മയുടെ അനുജൻ റെ മകൾ…. ” പറഞ്ഞു…… അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു, ” ഇതൊക്കെ സത്യമാണോന്ന് ആർക്കറിയാം, ആരെങ്കിലും വെറുതെ വിളിച്ചു പറഞ്ഞതാണെങ്കിലോ? ഇപ്പോൾ തട്ടിപ്പുകാര് ഉള്ള കാലമല്ലേ? ” ഇത് അങ്ങനെയൊന്നുമല്ല ആദീ, പൂർണമായും തിരക്കിയതാണ് “ആണെങ്കിൽ കൊള്ളാം, അവൻ പറഞ്ഞു ”

അതൊക്കെ പോട്ടെ നിൻറെ മുഖത്ത് എന്താ ഒരു വിഷമം അത് പറഞ്ഞില്ലല്ലോ, അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു , “ഒന്നുമില്ലാ “നിനക്ക് പറയാൻ താൽപര്യമില്ലെങ്കിൽ ഞാൻ ചോദിക്കുന്നില്ല, ” അങ്ങനെയല്ല, “എങ്കിൽ പറ എന്തോ ഒരു പ്രശ്നം ഉണ്ട്, അത് നിൻറെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാകും, എന്താണെന്ന് എന്നോട് പറയാൻ പറ്റുമെങ്കിൽ പറ, നമ്മുടെ മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ആരോടെങ്കിലും അത് തുറന്നു പറയുമ്പോൾ മനസ്സിൻറെ വിഷമം ശമിക്കും, അതുകൊണ്ടാണ് ഞാൻ ചോദിച്ചത് ,നിനക്ക് പറയാൻ പറ്റുമെങ്കിൽ എന്നോട് പറ, “അത് ഒറ്റപ്പെട്ടത് പോലെ…

ഞാൻ അങ്ങ് ഒറ്റപ്പെട്ടത് പോലെ തോന്നുന്നു, ഒറ്റയ്ക്കായത് പോലെ , അറിയാതെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീണു തുടങ്ങി, ” എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടു എന്ന് തോന്നാൻ എന്താ നിനക്ക്? ” അറിയില്ല എൻറെ മനസ്സ് അങ്ങനെ പറയുന്നു, “ഇത്രയേറെ മനുഷ്യരുടെ ഇടയിൽ നിന്ന് ഒറ്റപ്പെട്ടു എന്ന് തോന്നുന്നെങ്കിൽ അത്രയേറെ ചേർത്തുവച്ച ഒരു പ്രണയം നഷ്ടപ്പെട്ട ആളായിരിക്കണം നീ, ഞാനറിയാത്ത ഒരു അഫയർ? അങ്ങനെ ആരോടെങ്കിലും നിനക്ക് ഉണ്ടോ?

ഉണ്ടായിരുന്നെങ്കിൽ അത് നഷ്ടപ്പെട്ടു പോയോ? ചാട്ടുളി പോലെ അവൻറെ ചോദ്യങ്ങൾ അവളുടെ മനസ്സിനെ ഞെരിച്ചുകൊണ്ടിരിന്നു, എങ്ങനെയാണ് അത് ഞാൻ പറയുക ആദീ,ഞാൻ പ്രാണനായ് സ്നേഹിച്ചത് നിന്നെ ആയിരുന്നു എന്ന്,നിന്റെ സ്നേഹമാണ് എനിക്ക് നഷ്ടപ്പെട്ടത് എന്ന്, അവൾ മനസ്സിൽ വിലപിച്ചു, “സത്യമാണ് ആദീ ഒരു പ്രണയം നഷ്ടപ്പെടുമ്പോഴാണ് നമ്മൾ ഒറ്റപ്പെട്ടു പോകുന്നത്, ഒരുപാട് ആളുകൾ ഉണ്ടായിട്ടും ആരും ഇല്ല എന്നുള്ള ഒരു തോന്നൽ, അതിന് കാരണം മറ്റൊന്നുമല്ല, ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ,

ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു ആദി ,ഒരിക്കലും അയാൾ പോലുമറിയാതെ, അതായിരിക്കാം ഒരു പക്ഷേ എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ,ഒരിക്കൽ എങ്കിലും ഞാൻ അയാളോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ എനിക്ക് നഷ്ടമാകുമായിരുന്നില്ല, പക്ഷേ അതിനുള്ള ധൈര്യം ഞാൻ കാണിച്ചില്ല, അതുകൊണ്ട് തന്നെ അയാളെ എനിക്ക് നഷ്ടമായി, “ആരായിരുന്നു അത്,? “അതൊന്നും ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, വെറുതെ എന്തിനാ? “എങ്കിൽ പിന്നെ നീ വീണ്ടും അത് ഓർത്തിരിക്കുന്നതിന് എന്തർത്ഥമാണുള്ളത് ?

“പറയാൻ എളുപ്പമാണ്, പക്ഷേ അത്ര പെട്ടെന്നൊന്നും നമുക്ക് സ്നേഹിച്ച ഒരാളെ പെട്ടെന്ന് മറക്കാൻ കഴിയില്ല, നമുക്ക് എത്ര സന്തോഷം തോന്നിയാലും സങ്കടം തോന്നിയാലും അത് ആദ്യം പറയുന്ന ഒരാൾ ഉണ്ടാവും, അവരോട് പറഞ്ഞില്ലെങ്കിൽ ആ സന്തോഷത്തിന് ഒരു സംതൃപ്തി ഉണ്ടാവില്ല, ആ സങ്കടത്തിന് ഒരു സമാധാനം ഉണ്ടാവില്ല , അങ്ങനെയുള്ള ചിലര് നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും, ” നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല പ്രിയ, “ഒന്നും അധികം മനസ്സിലാകാതെ ഇരിക്കുന്ന തന്നെയാ നല്ലത്,

“പ്രിയ………………… “വിജയുടെ വിളി കേട്ടാണ് രണ്ടാളും അവിടേക്ക് തിരിഞ്ഞു നോക്കിയത്, ” താഴെ പോകാനുള്ള എല്ലാം റെഡിയായി നീ വരുന്നില്ലേ….? “ഞാൻ വരികയാണ്…. ബാഗുമെടുത്ത് ആദിയോട് യാത്രപറഞ്ഞ് അവൾ താഴേക്ക് പോയി, ” വിജയ്……….. പിന്നിൽ നിന്നും ആദീ വിളിച്ചു, വിജയുടെ മുഖത്ത് പരിഭ്രമം ആയിരുന്നു, പ്രിയേം ആദിയും തമ്മിൽ സംസാരിക്കുന്നത് കണ്ടിരുന്നു, പ്രിയ സത്യങ്ങൾ മുഴുവൻ പറഞ്ഞോ എന്നാ പേടി വിജയുടെ മുഖത്തുണ്ടായിരുന്നു, “എന്താടാ…. അവൻ ചോദിച്ചു

“അമ്മ എന്തൊക്കെയാണ് ഈ പറയുന്നത് ?അമ്മാവൻറെ മോള് ജീവിച്ചിരിപ്പുണ്ടത്രേ, ഇതൊക്കെ സത്യമാണോ? അതോ ആരെങ്കിലും വെറുതെ കെട്ടിച്ചമച്ച് അമ്മയെ പറ്റിക്കാൻ വേണ്ടി നോക്കുന്നതാണോ? ഇത്രകാലവും ഇല്ലാതിരുന്ന ഒരു മകൾ ഇപ്പോൾ എവിടെ നിന്ന് വന്നു, ” അങ്ങനെയൊന്നുമല്ല, അത് സത്യമാണ്, ഞാൻ തിരക്കിയതാണ്, “എടാ ഇന്നത്തെ കാലത്ത് അങ്ങനെ ആരെയും വിശ്വസിച്ച് വീട്ടിൽ കയറ്റി താമസിപ്പിക്കാൻ ഒന്നും പറ്റില്ല, നിനക്കറിയാലോ, പത്രങ്ങളിലും മറ്റും വരുന്ന ഓരോ വാർത്തകൾ,

സ്വാതിയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിൽ ആദിക്ക് ഒട്ടും താല്പര്യം ഇല്ലെന്ന് വിജയിക്ക് മനസ്സിലായി, “അങ്ങനെയൊന്നുമില്ല ആദി, കാര്യങ്ങൾ ഞാൻ കറക്റ്റ് ആയിട്ട് അറിഞ്ഞതാണ് ,ഇതിൽ ഒരു തട്ടിപ്പും ഇല്ല, സത്യമാണ്, ആ പെൺകുട്ടിയുടെ അവസ്ഥ അൽപ്പം മോശം ആണ് അതുകൊണ്ടാണ് അമ്മ പോകാം എന്ന് പറയുന്നത്, “എന്തെങ്കിലുമാവട്ടെ അമ്മയ്ക്ക് ഒരുപാട് യാത്ര ചെയ്യാൻ കഴിയില്ല, നീ അത് കണ്ടു ശ്രദ്ധിച്ചുവേണം വണ്ടി ഒക്കെ ഓടിക്കാൻ, ഒരുപാട് തണുപ്പും അടുപ്പിക്കരുത്, “ഞാനില്ലേടാ കൂടെ, ” എങ്കിൽ പോയി വാ വിജയ് പോയതിനു ശേഷവും കുറെ നേരം ആതി ബാൽക്കണിയിൽ നിന്നു,

പ്രിയ പറഞ്ഞതിനർത്ഥം ആലോചിക്കുകയായിരുന്നു അവൻ, ആദിക്ക് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല, എങ്കിലും ശ്രീ മംഗലത്തേക്ക് പുതിയ അതിഥി പ്രിയപ്പെട്ടവളാണ് എന്ന് അവൻറെ മനസ്സിൻറെ ഒരു കോണിൽ ഇരുന്ന് ആരോ മന്ത്രിക്കുന്നത് ആയി തോന്നി, കാറിനടുത്തേക്ക് എത്തിയപ്പോഴാണ് വിജയുടെ ഫോണിൽ ഒരു കോൾ വന്നത്, സ്ക്രീനിലെ നമ്പർ കണ്ടതും പ്രിയയോടും പാർവതി അമ്മയോടും ഇപ്പോൾ വരാം എന്ന് പറഞ്ഞ് ആദി അല്പം നീങ്ങി നിന്നു,കോൾ ബട്ടണിൽ അമർത്തി, അപ്പുറത്തു നിന്നു ഒരു ശബ്ദം കേട്ടു ” സാറേ സാറ് പറഞ്ഞ സ്ഥലത്ത് ഞങ്ങൾ എത്തിയിട്ടുണ്ട്,

“അവിടെത്തന്നെ ഇരിക്ക്, കൈയിൽ ക്യാഷ് ഒക്കെ ഉണ്ടല്ലോ, രണ്ടുദിവസത്തിനുശേഷം ഞാൻ അങ്ങോട്ട് വരാം, ഞാൻ അല്പം തിരക്കിലാണ് , “അതുമതി സാറേ, പിന്നെ പോലീസ് അന്വേഷണം ആയിട്ടുണ്ട് എന്നാണ് അറിഞ്ഞത്, എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ” എൻറെ പൊന്നുദത്തൻചേട്ടാ ഒരു പ്രശ്നവും ഉണ്ടാവില്ല, പോലീസ് അന്വേഷണത്തിന് കൊടുത്തത് ഞാനല്ലേ , അത് ഒതുക്കാനും എനിക്കറിയാം, അതുകൊണ്ട് അതോർത്ത് പേടിക്കേണ്ട, പിന്നെ എന്തു വന്നാലും ഇതിനുപിന്നിൽ ഞാനാണെന്ന് ഞാനും താനും അല്ലാതെ മൂന്നാമതൊരാൾ അറിയാൻ പാടില്ല, അറിഞ്ഞാൽ………….. …. വിജയുടെ സ്വരം കാഠിന്യമേറിയത് ആയി (തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 23