Thursday, November 21, 2024
Novel

മിഴിനിറയാതെ : ഭാഗം 14

എഴുത്തുകാരി: റിൻസി പ്രിൻസ്

വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ, അവൾ വാതിലിൽ തട്ടാൻ ആയി കൈ എടുത്തതും ഒരു കൈ വന്ന് അവളെ അകത്തേക്ക് വലിച്ചു , ഒരുനിമിഷം ഒന്ന് ഭയന്നുപോയി സ്വാതി, എന്നാൽ അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി അവളുടെ മുഖത്തേക്ക് നോക്കി ആദി, അവളുടെ ഭയം മുഴുവൻ ആ നോട്ടത്തിൽ അലിഞ്ഞു പോയിരുന്നു, “എന്തിനാ ഇങ്ങനെ ഒളിച്ചും പാത്തും നോക്കുന്നത് നേരെ വന്നു നോക്കിക്കൂടെ, ആദി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു “ഞാൻ ഒളിച്ചു നോക്കിയതൊന്നുമല്ല, തുറന്നു കിടക്കുന്നത് കണ്ടപ്പോൾ ആരെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടി…..

അവൾ വാക്കുകൾക്ക് വേണ്ടി പരതി “ആരെങ്കിലും ഇല്ലാതെ തുറന്നിടുമോ?എന്തിനാണ് കള്ളം പറയുന്നത്, എന്നെ കാണാൻ ആണെന്ന് പറഞ്ഞാൽ എന്താ സംഭവിക്കുക, അവൻ കുസൃതിയോടെ ചോദിച്ചു അവൾ നാണത്താൽ മുഖം താഴ്ത്തി “ഞാനും കാണാൻ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ അവൾ അവൻറെ നെഞ്ചിൽ നിന്നും മാറി, “താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നേ? ഇപ്പോഴും എന്നെ വിശ്വാസമില്ലേ? അവൻ ചോദിച്ചു അവൾ മറുപടി പറയാതെ നിന്നു “വിശ്വാസമില്ലേ ഇപ്പോഴും എന്നെ ?

“സാറിനെ പോലെ ഇത്രയും വിദ്യാഭ്യാസവും സാമ്പത്തികവും ഒക്കെ ഉള്ള ഒരാൾ ഈ നാട്ടിൻ പുറത്തു വന്ന് എന്നെപ്പോലെ ഒരു പെൺകുട്ടിയെ എന്തിൻറെ പേരിലാണ് ഇഷ്ടപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല, വിശ്വാസകുറവുകൊണ്ടല്ല ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല, അർഹിക്കാത്ത എന്തോ ആഗ്രഹിക്കുന്നത് പോലെ മനസ്സ് പറയുന്നു, “ഇപ്പോൾ താൻ പറഞ്ഞത് ന്യായം ആദി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു അവൾ മിണ്ടാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി , “ഇനി തൻറെ ചോദ്യത്തിന് ഞാൻ മറുപടി തരാം , ഒരുപാട് ഒരുപാട് കാരണങ്ങളുണ്ട് എല്ലാം ശ്രദ്ധിച്ചു കേൾക്കണം ,

അവൾ ആകാംക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി “സമ്പത്ത്, സൗന്ദര്യം, സാഹചര്യം ഇവയൊക്കെ എപ്പോ വേണമെങ്കിലും മാറാവുന്നതാണ്, ഇതൊക്കെ നോക്കി ആരെങ്കിലും സ്നേഹിച്ച അതിൻറെ കൂടെ നമ്മുടെ മനസ്സ് മാറും, ഇതാണ് ഒരു കാരണം അടുത്ത് പറയാം, ഒരാളുടെ ആരെങ്കിലും ആവാൻ എളുപ്പമാണ്, അയാളുടെ ഒരേയൊരാൾ ആക്കുക എന്നുള്ളത് ഭാഗ്യം ഉള്ള കാര്യമാണ് , അങ്ങനെ ആകുമ്പോൾ അയാളുടെ ഒരുദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അയാളിൽ തന്നെയായിരിക്കും , മറന്നുവോ എന്ന ചോദ്യത്തിനും മടുത്തുവോ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല,

ഇതാണ് മറ്റൊരു കാരണം. ഇപ്പോൾ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കാൻ കഴിയുന്നതും വേദനിപ്പിക്കാൻ കഴിയുന്നതും നിനക്കാണ് ,അത് ഞാൻ നിന്നെ സ്നേഹിക്കുന്നത് കൊണ്ടല്ല, നീ എന്നിൽ ജീവിക്കുന്നത് കൊണ്ടാണ്, നിന്നെ ആദ്യമായി കണ്ട നിമിഷം മുതൽ എൻറെ മനസ്സ് എന്നോട് മന്ത്രിച്ചത് ആണ് നിന്നെപ്പറ്റി ഒരു പൂർവ്വ ജന്മ ബന്ധം ആദ്യകാഴ്ചയിൽ തന്നെ എനിക്ക് തോന്നിയിരുന്നു, എങ്കിലും നീ ചെറിയ കുട്ടിയാണ് ഞാൻ പക്വതയാർന്ന ഒരു പുരുഷനും,ഒരുപാട് തവണ ഞാൻ എൻറെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാണ് നിന്നെക്കുറിച്ച് പ്രണയം എന്നൊരു വികാരം മനസ്സിൽ തോന്നരുത് എന്ന്,

പക്ഷേ എത്ര ശ്രമിച്ചിട്ടും അനുസരിക്കാൻ കൂട്ടില്ലാതെ കയറു പൊട്ടിയ പട്ടം പോലെ മനസ്സ് ചെന്ന് അടുത്തത് മുഴുവൻ നിന്നിലേക്കാണ്, ഇനിയും നിനക്ക് കാരണങ്ങൾ അറിയണോ? അവളുടെ കണ്ണിലേക്ക് നോക്കിയാണ് ആദി പറഞ്ഞത് , അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും നീർ മണികൾ വന്നിരുന്നു അവൻ തൻറെ കൈവിരലുകളാൽ നീർമുത്തുകൾ ഒപ്പിയെടുത്തു , അവിടെ ഒരിക്കൽ കൂടി തന്നെ നെഞ്ചോടുചേർത്ത് നിർത്തി അവളുടെ കാതിൽ പറഞ്ഞു “ഇനി കരയരുത്, ഈ കണ്ണുനീർ എന്നെ വല്ലാതെ ദുർബലൻ ആകുന്നുണ്ട്, ഓരോ നിമിഷങ്ങളിലും നിന്നോടൊപ്പം ഞാനുണ്ട് , ഞാൻ ഉള്ള കാലം വരെ നീ ഒറ്റക്കാവില്ല, നീ ഒറ്റക്കാവുക എന്നാൽ ഞാൻ ഇല്ലാതാവുക എന്നാണ് അർത്ഥം ,

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു , ആ നിമിഷം ശരീരത്തിനും മനസ്സിനും ഒരുപോലെ ഒരു കുളിർമ വരുന്നത് സ്വാതി അറിയുന്നുണ്ടായിരുന്നു, ആ ചുംബനത്തിന് കാമത്തിന്റെ നിറമോ പ്രണയത്തിൻറെ ഭംഗിയോ ആയിരുന്നില്ല,മറിച്ച് കരുതലിന്റെ ഒരു നനുത്ത സ്പർശം ആയിരുന്നു, “ഇനി വിശ്വാസം ആവാൻ ഞാൻ എന്തെങ്കിലും ചെയ്യണോ ആദി അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ചോദിച്ചു “വേണ്ട പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി നൽകി “ഉടനെ തന്നെ ഞാൻ തന്നെ മുത്തശ്ശിയോട് കാര്യം പറയുന്നുണ്ട് ആദി അവളോട് പറഞ്ഞു അവൾ തലയാട്ടി “ഞാൻ പോട്ടെ സമയം ഒരുപാട് ആയി അവൾ അവനോട് പറഞ്ഞു

“ഞാൻ പറഞ്ഞു പോകണ്ടാന്ന് പൊയ്ക്കോ ആദി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു “അതേ ഞാൻ കുറെ നേരം ആയിട്ട് തന്നെ വിട്ടു, താനാ ഇപ്പോഴും എൻറെ നെഞ്ചിൽ ചാരി നിൽക്കുന്നത്, അവൻ കുസൃതിയോടെ പറഞ്ഞു പറ്റിയ അമളി മറക്കാൻ അവൾ ചിരിച്ചു കൊണ്ട് ഓടി, ആദിയിലും ഒരു പുഞ്ചിരി ഉണർന്നു , കുളിച്ച് ഫ്രഷായി വന്ന ആദി അമ്മയെ വിളിച്ചു “ഹലോ ആദി കുട്ടാ “എൻറെ പാർവതി കുട്ടി എന്തെടുക്കുകയായിരുന്നു ആദിയുടെ ആ മറുപടി കേട്ട് അമ്മയുടെ ഹൃദയം നിറഞ്ഞു “നീയില്ലാതെ ഞാൻ ഇവിടെ എന്ത് എടുക്കാൻ ആദി കുട്ടാ “ഞാൻ കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് അവിടേക്ക് വരുന്നുണ്ട് “ഓഹോ, എങ്കിൽ നേരത്തെ പറയണം ട്ടോ നിനക്കിഷ്ടപ്പെട്ട എല്ലാം അമ്മ ഉണ്ടാക്കി വയ്ക്കാം

“എനിക്കിഷ്ടപ്പെട്ടത് എൻറെ അമ്മയെ അല്ലേ? എൻറെ അമ്മയെ കണ്ടാൽ എൻറെ വയറ് നിറഞ്ഞു, “എൻറെ മോൻ ഇന്ന് വലിയ സന്തോഷത്തിലാണല്ലോ എന്താണ് കാര്യം ? ” സന്തോഷത്തിന്റെ കാരണം പറയാനും കൂടിയാണ് ഞാൻ വരുന്നത് ? “ആണോ എന്താ മോനെ അത് ? “അയ്യടാ എന്താണെന്ന് പറഞ്ഞാൽ സസ്പെൻസ് പോളിയില്ലേ, എന്താണെങ്കിലും അമ്മയ്ക്ക് സന്തോഷമുള്ള കാര്യമാണ് അത് അറിഞ്ഞാൽ മതി , “സമ്മതിച്ചു, എനിക്ക് എൻറെ മോനെ ഒന്ന് കണ്ടാൽ മതി, “ഞാൻ വരാം അമ്മേ ദത്തൻ പോകുന്നതുകൊണ്ട് കലശലായ പാചകത്തിൽ ആയിരുന്നു സ്വാതി, അപ്പോഴാണ് ഗീത അടുത്തേക്ക് വന്നത്,

“എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്ത് നീ ക്ഷീണിച്ചോ മോളെ ? ഗീതയുടെ പതിവില്ലാത്ത സ്നേഹം കണ്ടു സ്വാതി അതിശയിച്ചു , അവൾ അത്ഭുതത്തിൽ നോക്കുന്നത് കണ്ട് ഗീത പറഞ്ഞു ” മോൾടെ സംശയത്തിന്റെ കാരണം എനിക്കറിയാം, പക്ഷേ എനിക്ക് എന്റെ തെറ്റ് മനസ്സിലായി മോളെ, എൻറെ അനിയത്തിയുടെ മോളാണ് എന്ന് പോലും നോക്കാതെ ഞാൻ നിന്നെ ഒരുപാട് ദ്രോഹിച്ചു, എൻറെ മോളെ പോലെ നോക്കി ഞാൻ സ്നേഹിക്കേണ്ടത് അല്ലേ നിന്നെ, പക്ഷേ വല്യമ്മയ്ക്ക് ഒന്നും തോന്നിയില്ല,വല്യമ്മയോടെ ക്ഷമിക്കണം മോളേ, മോള് പോയി പഠിക്ക് ബാക്കിയൊക്കെ വല്യമ്മ ചെയ്തോളാം അവർ അവളെ നിർബന്ധിച്ച് മുറിയിലേക്ക് പറഞ്ഞുവിട്ടു വിശ്വാസം വരാതെ സ്വാതി മുറിയിലേക്ക് പോയി,

പുസ്തകം തുറന്ന് മുൻപിൽ വച്ചു പക്ഷേ ആദിയുടെ മുഖം അവളുടെ കണ്മുൻപിൽ തെളിഞ്ഞുനിന്നു,ടിവിയിൽ നിന്നും ഒരു പാട്ട് ഒഴുകിയെത്തി അവൾ വീണ്ടും ആദിയെ ഓർത്തു, അതിലെ വരികൾ കേട്ടപ്പോൾ , ” പിടയുന്നൊരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി നീയില്ലയെങ്കിലെന്നിലെ പ്രകാശമില്ലിനി മിഴിനീരു പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി നീയെന്നൊരാ പ്രതീക്ഷയിൽ എരിഞ്ഞ പൊൻതിരി ആ വരികൾക്ക് തന്റെ ജീവിതവുമായി വല്ലാത്ത സാമ്യം ഉണ്ട് എന്ന് അവൾക്ക് തോന്നി, അവൾ ആദിയെ കുറിച്ച് തന്നെ ചിന്തിച്ചു, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

ഈ സമയം ആദിയും സ്വാതിയെ കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു, ആരുടെ ഫോൺ ബെല്ലടിച്ചു നോക്കിയപ്പോൾ വിജയ് ആണ് “ഹലോ അളിയാ ഫോൺ എടുത്തപ്പോൾ തന്നെ വിജയുടെ സ്വരം കാതിലേക്ക് വീണു “പറയടാ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു “ഉവ്വാ, നീ വിളിക്കും എന്നിട്ട് ഞാൻ സംസാരിക്കും, വിളിക്കണമെങ്കിൽ ഞാൻ അങ്ങോട്ട് വിളിക്കണമല്ലോ വിജയ് പറഞ്ഞു “തിരക്ക് അല്ലേടാ അതുകൊണ്ട് വിളിക്കാത്തത് ആദി പറഞ്ഞു “പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന നുണ പറ അളിയാ, ഇവിടെ മെഡിക്കൽ കോളേജിൽ നൂറായിരം രോഗികളെ നോക്കുന്ന എനിക്ക് തീരാത്ത തിരക്കാണോ, അവിടെ നാലും മൂന്നും ഏഴ് പേരെ നോക്കുന്ന നിനക്ക് ,

“സമ്മതിച്ചു ഞാൻ വിളിക്കാൻ കിട്ടുമോ തന്നെ അതിനൊരു കാരണമുണ്ട് അത് ഞാൻ നിന്നോട് നേരിട്ട് പറയാം ‘”എന്താണ് കാരണം ? “നേരിട്ട് പറയാം എന്ന് പറഞ്ഞില്ലേ? ഞാൻ ഉടനെ അങ്ങോട്ട് വരുന്നുണ്ട് “എങ്കിൽ അതിനേക്കാൾ മുൻപേ ഞാൻ അങ്ങോട്ട് വരുന്നുണ്ട് “ശരിക്കും? എന്നാ വരുന്നേ , “ശരിക്കും പറഞ്ഞാൽ ഞാൻ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു, നിന്നെ കാണാൻ തോന്നുന്നു, പിന്നെ ജോലിയുടെ സ്ട്രസ്സും, അതുകൊണ്ട് ഞാൻ മൂന്നു ദിവസം ലീവ് എടുത്തു അങ്ങോട്ട് വന്നാലോ എന്ന് ആലോചിക്കുക, വരട്ടേന്ന് ചോദിക്കാനാ നിന്നെ വിളിച്ചത്, “ഇത് ചോദിക്കാൻ എന്തിരിക്കുന്നു നീ വേഗം ഇങ്ങോട്ട് കേറി പോര് അളിയാ,

വഴിയൊക്കെ ഞാൻ വാട്സ്ആപ്പ് ചെയ്യാം “ഓക്കേ ഡാ എന്നാ ഞാൻ എന്നാ വരുന്നേന്ന് നിന്നെ വിളിച്ചു പറയാം “ശരി അളിയാ ഗുഡ് നൈറ്റ് “ഗുഡ് നൈറ്റ് തൻറെ മുറിയിലിരുന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു പ്രിയ, അപ്പോഴാണ് പത്മ അവിടേക്ക് വന്നത്, “മോൾ ഉറങ്ങിയില്ലാരുന്നോ വാത്സല്യപൂർവ്വം അവളുടെ തലമുടി കഴുകി അവർ ചോദിച്ചു “ഇല്ല മമ്മി കിടന്നിട്ട് ഉറക്കം വന്നില്ല അപ്പോൾ ഒരു പുസ്തകം എടുത്തു വായിക്കുകയായിരുന്നു “ഞാൻ മോളോട് ഒരു കാര്യം പറയാൻ വന്നതാ “എന്താ മമ്മി? എന്തിനാ ഇത്ര മുഖവര ? “ഇതിന് ഇത്തിരി മുഖവര വേണം മോളെ, കാരണം പറയുന്നത് നിൻറെ ഭാവിയെപ്പറ്റി ആകുമ്പോൾ?

“ഭാവിയെപ്പറ്റിയോ? മമ്മി കാര്യം പറ, “പപ്പാ നിനക്ക് ഒരു അലയൻസിന്റെ കാര്യം പറഞ്ഞിരുന്നു,പയ്യൻ ഡോക്ടർ തന്നെയാണ്, നിൻറെ ഇഷ്ടം കൂടി നോക്കണ്ടേ അത് ചോദിക്കാൻ വേണ്ടി ആണ് മമ്മി വന്നത് “മമ്മി പറഞ്ഞു തുടങ്ങിയപ്പോഴേ കാര്യം എനിക്ക് മനസ്സിലായി, പക്ഷേ മമ്മി എൻറെ മനസ്സിൽ ഒരാളുണ്ട്, എന്നുവച്ച് മമ്മിയും പപ്പയും പേടിക്കണ്ട,നിങ്ങളുടെ സ്റ്റാറ്റസ് ആയി ഒത്തു പോകുന്ന ആൾ തന്നെയാണ്, ആളും ഡോക്ടർ തന്നെയാണ്, “ആണോ എങ്കിൽ നമുക്ക് ആലോചിക്കാം മോളേ നീ പറ ആൾ ആരാ, “അത് പറയുന്നതിന് മുൻപ് ചെറിയൊരു പ്രോബ്ലം ഉണ്ട് മമ്മി, എനിക്ക് അവനോടു ഒന്ന് നേരിട്ട് സംസാരിക്കണം,

“മോളുടെ കൂടെ വർക്ക് ചെയ്യുന്ന ആൾ ആണോ “അതെ മമ്മി ഞാൻ അവനോടു കാര്യം പറഞ്ഞിട്ടില്ല അവനോട് ഒന്ന് തുറന്ന് സംസാരിച്ചിട്ട് പപ്പയോട് പറഞ്ഞാൽ മതി “ഓക്കേ എങ്കിൽ അധികം വൈകാതെ നീ അവനോട് കാര്യം പറ ,എന്നിട്ട് എന്നോട് പറ , ഞാൻ പപ്പയോട് പറഞ്ഞ് ബാക്കി കാര്യങ്ങൾ ചെയ്യാം, നീയൊന്ന് സെറ്റിൽഡ് ആയി കാണാൻ ഞങ്ങൾക്ക് വല്ലാത്ത ആഗ്രഹം ഉണ്ട് , “എനിക്കറിയാം മമ്മി അവർ മുറിയിൽനിന്ന് പോയതും പ്രിയ ആലോചിച്ചു, ഇനി തൻറെ ഇഷ്ടം അവനോട് പറയാൻ വൈകിക്കൂടാ , തൻറെ മനസ്സ് ആദി അറിയണം, അവൾ ഫോണെടുത്ത് ആദിയുടെ നമ്പർ ഡയൽ ചെയ്തു

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 13