Sunday, January 19, 2025
Novel

മിഴിനിറയാതെ : ഭാഗം 10

എഴുത്തുകാരി: റിൻസി പ്രിൻസ്

ഒരു ഉൾക്കിടിലത്തോടെ ആണ് ആ മറുപടി ആദി കേട്ടത്, ശരീരമാകെ ദേഷ്യത്തിൽ തരിച്ചുവരുന്നതായി അവന് തോന്നി “എന്താണ് കാര്യം ഗൗരവത്തോടെ ആദി തിരക്കി “ആദിക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന് എനിക്കറിയാം, അത്രയ്ക്കും വലിയ തെറ്റാണ് ഞാൻ ആദിയോട് ചെയ്തത് “തെറ്റോ ചതി എന്നാണ് അതിന് പേര്, ആദി ദേഷ്യത്തോടെ പറഞ്ഞു ” അതെ ചതിയാണ് എനിക്കറിയാം ആദി നിന്നോട് ചെയ്ത തെറ്റ് ഇന്ന് എന്നെ ചുട്ട് പൊള്ളിക്കുക ആണ്, നിന്നോട് മാപ്പ് പറയാനും നിൻറെ കാലിൽ വീണ് മാപ്പ് ചോദിക്കാനും വേണ്ടിയാണ് ഞാൻ തിരിച്ചു വന്നത് പോലും,

പക്ഷേ അപ്പോഴേക്കും നീ ട്രാൻസ്ഫർ വാങ്ങി പോയിരുന്നു, “ഹിമ കഴിഞ്ഞ കാര്യങ്ങളെപ്പറ്റി പറയാനും കേൾക്കാനും എനിക്ക് തീരെ താല്പര്യമില്ല ” എനിക്കറിയാം ആദിയുടെ മനസ്സ് നോവിച്ചതിനുള്ള ശിക്ഷ ഞാൻ അനുഭവിച്ചു എന്ന് പറഞ്ഞത് ആണ് “ഞാൻ അല്പം തിരക്കിലാണ്, തനിക്ക് മറ്റ് എന്തെങ്കിലും പറയാനുണ്ടോ ? “എനിക്ക് ആദിയെ ഒന്ന് നേരിട്ട് കാണാൻ സാധിക്കുമോ “നോ എനിക്കതിൽ താൽപര്യമില്ല, എന്താണെങ്കിലും ഇപ്പോൾ പറഞ്ഞോളൂ, “ഈ രണ്ട് വർഷം കൊണ്ട് ഞാൻ ഒരുപാട് പഠിച്ചു ആദി ജീവിതം,

ഞാൻ നഷ്ടപ്പെടുത്തിയതിൻറെ വില എത്രയായിരുന്നു എന്ന് എനിക്ക് ഇപ്പോൾ അറിയാൻ സാധിക്കും, ഒരിക്കലും ചോദിക്കാൻ പാടില്ല എങ്കിലും ഫ്രാങ്ക് ആയിട്ട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ , “പറഞ്ഞോളൂ “നമ്മൾ അവസാനം പിരിയുമ്പോൾ ആദി എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്, നിൻറെ ശരീരത്തെ അല്ല മനസ്സിനെയാണ് ഞാൻ സ്നേഹിച്ചത് എന്ന്, ആ വാക്കുകൾ ഇപ്പോഴും സത്യമാണെങ്കിൽ ഒരിക്കൽ കൂടി എനിക്ക് മാപ്പ് തന്നു എന്നെ സ്നേഹിക്കാൻ കഴിയുമോ അവളുടെ വാക്കുകൾ കേട്ട് ആദിക്ക് ദേഷ്യമാണ് വന്നത്, എങ്ങനെ അവൾക്ക് അത് ചോദിക്കാൻ തോന്നി, ആദി മനസ്സിൽ പറഞ്ഞു.

“സോറി ഹിമ ,ഐ ആം കമ്മിറ്റഡ് , അത് പറഞ്ഞ് മറുപടിക്ക് പോലും കാത്തുനിൽക്കാതെ അവൻ ഫോൺ വെച്ചു , എന്തിനാണ് അങ്ങനെ താൻ പറഞ്ഞതെന്ന് അവന് അറിയില്ല നിനക്ക് മാപ്പ് തരാൻ എനിക്ക് കഴിയില്ല എന്ന് വേണമെങ്കിൽ പറയാമായിരുന്നില്ലേ അവൻ മനസാക്ഷിയോട് ചോദിച്ചു, അല്ലെങ്കിൽ അതിനു മറുപടിയായി മറ്റ് എന്തെല്ലാം മറുപടികൾ ഉണ്ടായിരുന്നു, അതൊന്നും പറയാതെ താൻ എന്തിനാണ് ഈ ഒരു മറുപടി പറഞ്ഞത്, പെട്ടെന്ന് സ്വാതിയുടെ മുഖം അവൻറെ മനസ്സിൽ തെളിഞ്ഞു,

എത്ര ശ്രമിച്ചിട്ടും തൻറെ മനസ്സ് അവളിലേക്ക് പോകുന്നതായി അവന് തോന്നി , സ്കൂളിലേക്ക് പോകുന്ന വഴിയിൽ ആണ് അവൾ ജോണിനെ കണ്ടത് അവൻ സ്വാതിയെ കാത്തുനിൽക്കുകയായിരുന്നു, “താൻ എത്ര നാളായി ഇങ്ങനെ മൈൻഡ് ഇല്ലാതെ പോവാ ഞാൻ എത്ര നാളായി തൻറെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഒന്ന് ശ്രദ്ധിച്ചു കൂടെ ജോൺ അവളോട് ചോദിച്ചു “എനിക്ക് താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞില്ലേ സ്വാതി പറഞ്ഞു “അങ്ങനെ പറയാതെ തനിക്ക് പ്രേമിക്കാൻ താൽപര്യമില്ലെങ്കിൽ ഓക്കേ,

ഒരു ദിവസം എൻറെ കൂടെ ടൗണിൽ വരാമെങ്കിൽ നമുക്ക് അവിടെ ഒന്ന് കറങ്ങാം, ഒരു സിനിമയ്ക്ക് പോയി ഫുഡ് ഒക്കെ കഴിച്ച് തിരിച്ചു വന്നാലോ എൻറെ ഒരു ഫ്രണ്ടിൻറെ ചേട്ടൻറെ പരിചയത്തിൽ ഒരു ഹോട്ടൽ ഉണ്ട് വേണമെങ്കിൽ നമുക്ക് ഒരു ദിവസം അവിടെ തങ്ങി പിറ്റേന്ന് പോരാം,നിനക്ക് ഞാൻ കുറച്ച് ക്യാഷ് തരാം അവനത് പറഞ്ഞ് കഴിഞ്ഞതും സ്വാതിയുടെ കൈ അവൻറെ മുഖത്ത് പതിച്ചിരുന്നു, റോഡ് ആയതുകൊണ്ട് ജോൺ ദേഷ്യം അടക്കി പിടിച്ചു ,പോകുമ്പോൾ അവളുടെ കണ്ണിൽ നിന്നും നീർത്തുള്ളികൾ വീഴുന്നുണ്ടായിരുന്നു ,

മറുപടിയൊന്നും പറയാതെ സ്വാതി നടന്നു, “ഇതിനുള്ള കണക്ക് ഞാൻ തീർക്കുമെടി ജോൺ മനസ്സിൽ പറഞ്ഞു അവൻ പല്ലിറുമ്മി സ്കൂളിൽ ചെന്നപ്പോൾ അവളുടെ കരഞ്ഞ മുഖം കണ്ടാണ് വേണി കാര്യം തിരക്കിയത്, അവൾ തലേന്ന് വീട്ടിൽ നടന്ന സംഭവവും രാവിലെ നടന്ന ജോണിൻറെ സംഭവവും തേങ്ങലോടെ പറഞ്ഞു എല്ലാം കേട്ട് വേണിക്ക് ദേഷ്യം വന്നു “അവൻറെ അമ്മയോട് ചെന്ന് പറയാൻ നിനക്ക് പറഞ്ഞു കൂടായിരുന്നോ ദേഷ്യപ്പെട്ട് അവളോട് ചോദിച്ചു അവൾ നിന്ന് കരഞ്ഞതേ ഉള്ളൂ

“ഏതായാലും നീ അവന് കൊടുക്കാനുള്ളത് കൊടുത്തല്ലോ അതുമതി വേണി ആശ്വസിച്ചു “ഇന്നലെ ആ ഡോക്ടറെ കണ്ടില്ല അല്ലെങ്കിൽ സത്യമായും നിന്നോട് സംസാരിക്കാൻ ഞാൻ ഇവിടെ ഉണ്ടാവില്ലായിരുന്നു വേണി, “അല്ലെങ്കിലും ആരും ഇല്ലാത്തവർക്ക് ദൈവം ആരുടെയെങ്കിലും മുഖത്തോടെ പ്രത്യക്ഷപ്പെടും ഇപ്പോൾ ആ ഡോക്ടറുടെ മുഖത്തിൽ ആണ് പ്രത്യക്ഷപ്പെട്ടതെന്ന് മാത്രം “നീ ആ ഡോക്ടറുമായി നല്ലൊരു അടുപ്പം കീപ് ചെയ്യണം വേണി അഭിപ്രായപ്പെട്ടു “അതെന്തിനാ സ്വാതി വിശ്വാസം വരാതെ ചോദിച്ചു

“നാളെ നിനക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ അടുത്തുതന്നെ ഒരാളുണ്ടല്ലോ കേട്ടിടത്തോളം ആളൊരു മാന്യനാ പേടിക്കേണ്ട കാര്യമില്ല സ്വാതി വെറുതെ തലയാട്ടി അധികം രോഗികൾ ഒന്നുമില്ലാത്തതിനാൽ ആദി ഫ്രീയായി കൺസൾട്ടിങ് റൂമിൽ ഇരിക്കുകയായിരുന്നു, വെറുതെ അവൻ ഓരോന്നാലോചിച്ചു, ഓർമ്മകളിൽ എല്ലാം സ്വാതി നിറഞ്ഞുനിന്നു, തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആദി കുഴങ്ങി, എന്തിനാണ് തൻറെ ഓർമ്മകളിൽ സ്വാതി നിറയുന്നത് അവളോട് തനിക്ക് പ്രണയമാണോ?

ഒരിക്കൽ ഉപേക്ഷിച്ചതാണ് പ്രണയവും സ്വപ്നം കാണാനും പക്ഷേ എന്തുകൊണ്ടോ സ്വാതിയെ കണ്ടപ്പോൾ മുതൽ തന്റെ മനസ്സ് കൈപ്പിടിയിൽ നിൽകുന്നില്ല എന്നു തോന്നുന്നു, പക്ഷേ അവളുടെ പ്രായം, കൊച്ചു പെൺകുട്ടിയാണ് അവൾ, അതു മാത്രമല്ല മറ്റൊരു പ്രത്യാഘാതം കൂടി തന്റെ മനസ്സ് ഇനി താങ്ങില്ല,ഒരുപാട് സ്വപ്നം കണ്ടിട്ട് ഇഷ്ടപ്പെട്ടിട്ട്, താൻ കരുതുന്നത് പോലെ ഒന്നും സ്വാതിക്ക് ഇങ്ങോട്ട് ഇല്ലെങ്കിൽ അത് തന്റെ മനസ്സിനെ ഏറെ വേദനിപ്പിക്കും ആദി മനസ്സിലോർത്തു,

അവൻ ഫോണെടുത്ത് പാർവതി അമ്മയെ വിളിച്ചു, “ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങുകയായിരുന്നു മോനെ ഫോൺ എടുത്തതും പാർവതി അമ്മ പറഞ്ഞു “അതാണ് അവൻ ചിരിയോടെ പറഞ്ഞു അവൻറെ ആ സന്തോഷം വാക്കുകളിൽ അവർക്ക് അറിയാൻ സാധിച്ചു “നല്ല സന്തോഷത്തിലാണല്ലോ എന്തുപറ്റി പാർവതി അമ്മ തിരക്കി “ഈ നാടും സാഹചര്യങ്ങളും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി അതിൻറെതാ “എങ്ങനെയുണ്ട് നിൻറെ നാട് അവിടുത്തെ വിശേഷങ്ങളൊക്കെ പറ

“അങ്ങനെ വിശേഷങ്ങൾ ഒന്നും ഇല്ല അമ്മേ നല്ല നാട് നല്ല ആളുകൾ “ഒരുപാട് ഇഷ്ടപ്പെട്ടു എങ്കിൽ നീ അവിടുന്ന് അമ്മയ്ക്ക് കൂട്ടിന് ആരെങ്കിലും കിട്ടുമോ എന്ന് നോക്ക് “ജോലിക്കാരെ ആണോ “ആ ജോലിക്കാരി എന്ന് വേണമെങ്കിൽ പറയാം പക്ഷേ നീ ഒരു താലി കെട്ടണം എന്നിട്ട് എന്ത് ജോലി വേണമെങ്കിലും നമുക്ക് ചെയ്യിപ്പിക്കാം ചിരിയോടെ പാർവതി അമ്മ പറഞ്ഞു “ഞാൻ നോക്കട്ടെ അങ്ങനെ ആരെയെങ്കിലും കിട്ടുമോ എന്ന് ആദിയുടെ ആ മറുപടി അവിശ്വസനീയതയോടെ ആണ് പാർവതി അമ്മ കേട്ടത്,

രണ്ടു വർഷങ്ങൾക്കുള്ളിൽ ആദ്യമായാണ് മകൻ ഇത്രയും സന്തോഷത്തോടെ കാര്യം പറയുന്നത് അവർ കേൾക്കുന്നത്, “ആദി കുട്ടാ അവർ വിശ്വസിക്കാനാവാതെ വിളിച്ചു “എന്താ അമ്മേ “നീ കാര്യായിട്ട് പറഞ്ഞതാണോ “പിന്നല്ലാതെ തമാശ പറയാൻ പറ്റിയ കാര്യം “മോനെ “അമ്മ കൂടുതൽ ഇമോഷൻസ് ഒന്നും വേണ്ട ഞാൻ തിരക്കിലാണ് പിന്നെ വിളിക്കാം ഫോൺ വച്ച് കഴിഞ്ഞപ്പോൾ പാർവതി അമ്മയ്ക്ക് വല്ലാത്ത ആശ്വാസം തോന്നി തന്റെ മകനിൽ ഒരു മാറ്റം അവർ കണ്ടു, അത് അവരുടെ മനസ്സിന് തണുപ്പ് നൽകി .

കാൻറീനിൽ ഇരുന്ന് ലഞ്ച് കഴിക്കുമ്പോഴാണ് പ്രിയയുടെ ടേബിളിലേക്ക് കിരൺ വന്നിരുന്നത്, പ്രിയയ്ക്ക് ആ നീക്കം തീരെ ഇഷ്ടമായില്ല, ആദിക്ക് പകരം വന്ന ആൾ എന്ന നിലയിൽ കിരണിനോട് അവൾക്കൊരു ഇഷ്ടക്കുറവ് ഉണ്ടായിരുന്നു, “ഹലോ പ്രിയ കിരൺ വിഷ് ചെയ്തു “ഹായ് “എന്നും ഇവിടുന്നാണോ കഴിക്കാറ് ഫുഡ് “ചിലപ്പോഴൊക്കെ പ്രിയ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു “പ്രിയയുടെ പഠനമൊക്കെ എവിടെയായിരുന്നു?

“എല്ലാം ഇവിടെ തന്നെ ആയിരുന്നു അവൾ പെട്ടെന്ന് ഫുഡ് കഴിച്ചു എഴുന്നേറ്റു അവനോട് അധികനേരം സംസാരിക്കാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല “മുഴുവൻ കഴിച്ചില്ലല്ലോ കിരൺ ചോദിച്ചു “മതി എനിക്ക് ഡ്യൂട്ടി ഉണ്ട് അവൾ പെട്ടെന്ന് നടന്നു, അവൻറെ ചുണ്ടിലൊരു ചിരി വിടർന്നു കണ്ണിൽ പ്രണയത്തിൻറെ തിളക്കവും , വൈകുന്നേരം ട്യൂഷൻ ഉള്ളതുകൊണ്ട് വേണി മുൻപേ പോകും അതുകൊണ്ട് സ്വാതി തന്നെയായിരുന്നു നടന്നുവന്നത്, തിരിച്ചുവരുന്ന ഇടവഴിയിൽ വെച്ച് ജോണിനെ അവൾ കണ്ടു ,

അകാരണമായ ഒരു ഭയം അവളുടെ ഉള്ളിൽ നിറഞ്ഞു, അവൻ അവൾക്ക് അരികിലേക്ക് നടന്നു വന്നു, “നീ എന്നെ തല്ലി അല്ലേ അവൻ പക എരിയുന്ന കണ്ണുകളോട് ചോദിച്ചു “ജോൺ വഴിമാറാൻ എനിക്ക് പോണം സ്വാതി പറഞ്ഞു “അങ്ങനെയങ്ങ് പോയാലോ രാവിലെ നിൻറെ ശൗര്യം അത്രയ്ക്ക് അല്ലായിരുന്നല്ലോ അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു, വലിച്ച് ബലമായി അവളെ കാറിൽ കയറാൻ ശ്രമിച്ചു “ഞാനാരാണെന്ന് നിനക്കറിയില്ലഡി ഞാനൊന്ന് ആഗ്രഹിച്ചാൽ അത് നേടിയിരിക്കും

“വിട് ഞാൻ ഒച്ച വയ്ക്കും സ്വാതി പറഞ്ഞു “നീ ഒച്ച വയ്ക്കടീ നിന്നെ രക്ഷിക്കാൻ ഇവിടെ ആരാണ് വരുന്നത് എന്ന് നോക്കട്ടെ അവൻ ശൗര്യത്തോടെ പറഞ്ഞു അവൾ പ്രാർത്ഥിക്കുന്ന ഈശ്വരന്മാരെ മുഴുവൻ വിളിച്ചു, ജോൺ പോക്കറ്റിൽ നിന്നും എന്തോ ഒരു കുപ്പി എടുത്തു അത് കുറച്ച് കർച്ചീഫിൽ തൊട്ട് അവളുടെ മൂക്കിൻ അടുത്തായി ചെന്നു, ഉടനെ ഒരു കാർ അവിടെ വന്നു നിർത്തി അതിൽ നിന്നും ആദി ഇറങ്ങി, ആദ്യ കണ്ടതും അവൻറെ പിടി എങ്ങനെയോ വിട്ട് സ്വാതി ഓടി ആദിക്ക് അരികിൽ എത്തി

“എന്നെ രക്ഷിക്കണം സാറേ അവൾ തൊഴുകൈയ്യോടെ പറഞ്ഞു “എന്താ എന്താ പ്രശ്നം ആദി തിരക്കി “അതൊക്കെ ഞാൻ പറയാം ഇനി നിന്നാൽ പ്രശ്നം വഷളാകും എന്ന് മനസ്സിലായ ജോൺ ആദിയെ കണ്ടപാടെ കാറിൽ കയറി സ്ഥലം വിട്ടു, “കാറിൽ കയറ് ആദി അവളോട് പറഞ്ഞു അവൾ അനുസരണയോടെ അത് കേട്ടു, യാത്രയിൽ കുറെ നേരം ഇരുവരും ഒന്നും സംസാരിച്ചില്ല കുറച്ചുകഴിഞ്ഞ് ആദി ഒരു ഒഴിഞ്ഞ കോണിൽ കാർ ഒതുക്കി എന്നിട്ട് അവളോട് ചോദിച്ചു, “എന്തായിരുന്നു സംഭവം ആരാണ് ആ പയ്യൻ,

ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അതിനുള്ള മറുപടി, അവളുടെ കരച്ചിൽ തെല്ല് അടങ്ങിയ ശേഷം അവൾ തന്നെ നടന്ന കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു, എല്ലാം കേട്ട് കഴിഞ്ഞ് അവന് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു, ഒരു നിസ്സഹായയായ പെൺകുട്ടിയെ അവളുടെ നിസ്സഹായത മുതലെടുക്കുകയാണ് എല്ലാവരും, അവൻറെ മനസ്സിൽ അമർഷം തിങ്ങിനിറഞ്ഞു, ഒരു പെൺകുട്ടി തനിച്ചായി പോയാൽ ഉടനെ അവളെ മുതൽ എടുക്കുന്നവരാണ് കൂടുതലും,അത് ഗ്രാമം ആയാലും നഗരം ആയാലും അങ്ങനെ തന്നെ അവൻ മനസ്സിൽ ഓർത്തു,

സ്വാതി കരഞ്ഞുകൊണ്ടേയിരുന്നു “ഇതൊക്കെ കൊണ്ടാണ് സാറേ ഞാൻ മരിക്കാം എന്ന് കരുതിയത് ആർക്കുവേണ്ടി എന്തിനുവേണ്ടി ഞാൻ ജീവിക്കണം, എനിക്ക് ആരുമില്ല, അവൾ കരഞ്ഞുകൊണ്ടേയിരുന്നു “അങ്ങനെ ആരും ഇല്ല എന്നൊന്നും കരുതേണ്ട “ഞാനുണ്ട്” എന്തോ അങ്ങനെ പറയാൻ ആണ് അവന് അപ്പോൾ തോന്നിയത് എന്തോ ഒരു ഉൾപ്രേരണയാൽ ആദി അവളുടെ കൈകളിൽ പിടിച്ചു, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ സ്വാതി ആദിയുടെ മുഖത്തേക്ക് ഉറ്റുനോക്കി,

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 9