Monday, December 30, 2024
Novel

മഴമുകിൽ: ഭാഗം 10

എഴുത്തുകാരി: അമ്മു അമ്മൂസ്

“ഹും… ഇന്ന് അയാൾ ഇനി ഇങ്ങോട്ട് വരട്ടെ…. ഇന്നലെ കൊച്ചിനെ തണുപ്പത്തു കൊണ്ട് പോയി ഐസ് ക്രീമും വാങ്ങി കൊടുത്തു പനി പിടിപ്പിച്ചിട്ട്….. ന്നിട്ട് അവളുടെ ഒരു പോലീഷ്…. ഒരു കുത്തു വച്ചു കൊടുക്കണം… “”മോളെ എടുത്തു തോളിൽ ഇട്ടുകൊണ്ട് അമ്മയോട് പറഞ്ഞു…. അവളുടെ പരാതി പറച്ചിൽ കേട്ട് അമ്മ ചിരിച്ചതേ ഉള്ളു…അല്ലു മോള് ഋഷിയോട് അടുത്തതിന്റെ കുശുമ്പാണ് അതെന്ന് നന്നായി മനസ്സിലായിരുന്നു… “”അല്ലു ന്റെ പോലീഷമ്മേ…”” ഉറക്കത്തിലും അല്ലു മോള് തോളിൽ കിടന്നു പറയുന്നത് കേട്ട് കണ്ണ് തള്ളി നിൽക്കാനേ പറ്റിയുള്ളൂ… “”എന്ത് മായാജാലം കാട്ടി ആണോ ആവോ കൊച്ചിനെ മയക്കി വച്ചിരിക്കുന്നത്.”” പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു മോളെയും കൊണ്ട്..

മോളെ കട്ടിലിൽ കൊണ്ട് കിടത്തി വേഗം പോയി കുളിച്ചിട്ട് ഇറങ്ങിയപ്പോൾ സന്ധ്യ ആയിരുന്നു… വിളക്ക് വച്ചു ഉമ്മറത്തേക്ക് വന്നപ്പോൾ തന്നെയായിരുന്നു ഋഷി അകത്തേക്ക് കയറി വന്നത്… കണ്ണെടുക്കാതെ നിന്ന് നോക്കുന്ന അവന്റെ നോട്ടം കണ്ടപ്പോൾ അവൾക്കെന്തോ വല്ലായ്മ തോന്നി… അവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അകത്തേക്ക് നടന്നു.. വെട്ടിത്തിരിഞ്ഞു അകത്തേക്ക് കയറും വരെയും അവളിൽ തന്നെ ആയിരുന്നു അവന്റെ കണ്ണുകൾ.. അലസമായി ഉടുത്ത ഒരു കോട്ടൺ സാരി ആയിരുന്നു അവളുടേ വേഷം…

തലയിൽ തോർത്തും കെട്ടി നെറ്റിയിലൊരു ഭസ്മകുറിയുമണിഞ്ഞു നിൽക്കുന്ന അവൾക്ക് വല്ലാത്ത ഐശ്വര്യം ഉണ്ടെന്ന് തോന്നി അവനെ.. തന്റെ നോട്ടം കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് അവളുടെ മുഖത്ത് പരിഭ്രമം നിറയുന്നതും അതിന് ശേഷം കപട ഗൗരവം അണിഞ്ഞു കണ്ണുകൾ കൂർപ്പിച്ചു അകത്തേക്ക് കയറി പോകുന്നതും വ്യക്തമായി കണ്ടിരുന്നു…. അവളുടേ പിന്നാലെ ചുണ്ടിൽ വിരിഞ്ഞ ഒരു ചിരിയോടെ അകത്തേക്ക് നടന്നു… ഹാളിൽ അല്ലു മോൾ മഹിയങ്കിളിന്റെ മടിയിൽ കിടന്നു കാർട്ടൂൺ കാണുന്നുണ്ടായിരുന്നു… വന്നത് അറിഞ്ഞില്ല എന്ന് തോന്നുന്നു.. കണ്ണുകൾ രണ്ടും ടീവിയിൽ തന്നെയാണ്….

ഋഷിയെ കണ്ട് മഹി ഒന്ന് ചിരിച്ചു. എന്തോ പറയാൻ ശ്രമിച്ചപ്പോളേക്ക് ഋഷി വിരൽ ചുണ്ടിലേക്ക് വച്ചു മിണ്ടല്ലേ എന്ന് കാണിച്ചു.. പിന്നെ ശബ്ദമുണ്ടാക്കാതെ അല്ലു മോളുടെ അടുത്തേക്ക് പതുക്കെ നടക്കാൻ തുടങ്ങി… അവനെന്താ ചെയ്യാൻ പോകുന്നെ എന്ന് മനസ്സിലാകാത്തത് കൊണ്ട് ദേവയും സൈഡിൽ നിന്ന് നോക്കുന്നുണ്ടായിരുന്നു… “”എന്റെ കുഞ്ഞിനെ എങ്ങാനും ഞെട്ടിച്ചാല… ശെരിയാക്കിത്തരുന്നുണ്ട് ഞാൻ… “”അവൾ അവന്റെ ഓരോ നീക്കവും കൂർപ്പിച്ചു നോക്കി.. ഋഷി അല്ലുമോളുടെ അടുത്ത് വന്നു നിന്നിട്ട് ആദ്യം ഒരു കൈ എടുത്തു മോളുടെ കണ്ണിന്റെ മുകളിൽ വച്ചു….

ദേഷ്യത്തോടെ കൈ തട്ടി മാറ്റി വീണ്ടും ടീവിയിലേക്ക് നോക്കുന്നത് കണ്ടു വീണ്ടും ഒരിക്കൽ കൂടി കൈ എടുത്തു കണ്ണിന്റെ മുകളിലേക്ക് വച്ചു…. ഇഷ്ടപ്പെട്ട കാർട്ടൂൺ തടസ്സപ്പെട്ട ദേഷ്യത്തിൽ ആ കൈയും തട്ടി എറിഞ്ഞു ദേഷ്യത്തോടെ നോക്കിയപ്പോളാണ് ഋഷിയെ കാണുന്നത്.. ഒറ്റ നിമിഷം കൊണ്ട് ആ മുഖത്ത് സ്വിച്ചിട്ട പോലെ ദേഷ്യം മാറി ചിരി വിടരുന്നത് കണ്ടു… ഒറ്റക്കുത്തിപ്പിന് അവൾ മഹിയുടെ മടിയിൽ നിന്ന് എഴുന്നേറ്റു ഋഷിയുടെ ദേഹത്തേക്ക് ചാടാൻ നിൽക്കുന്നത് കണ്ടു….. “”പോലീഷേ…..”” അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കവിളിൽ മുഴുവൻ ഉമ്മ വച്ചോണ്ട് അവൾ കൊഞ്ചലോടെ വിളിച്ചു…

കുറച്ചു നേരത്തെ സ്നേഹപ്രകടനം കഴിഞ്ഞപ്പോൾ ആ മുഖത്ത് വീണ്ടും സങ്കടം നിറഞ്ഞു… “”അല്ലു ന് ഉവ്വാവ പോലീഷേ… “”ചുണ്ടും പിളർത്തി സങ്കടത്തോടെ പരാതി പറയുന്ന അല്ലു മോളെ അവൻ ചേർത്ത് പിടിച്ചു.. “”ആണോ…. പോലീഷേ ഉവ്വാവിന് നല്ല ഇടി കൊടുക്കാലോ…. അപ്പൊ പിന്നെ എന്റെ അല്ലൂസിന്റെ അടുത്ത് വരില്ലല്ലോ….. “”അവനും മോളുടെ താടിയിൽ പിടിച്ചു അതേ കൊഞ്ചലോടെ പറഞ്ഞു… അവന്റെ സംസാരം കേട്ട് അല്ലു മോള് സന്തോഷത്തോടെ കുലുങ്ങി ചിരിച്ചു വീണ്ടും അവന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടാൻ തുടങ്ങി… “”അല്ലൂന്റെ പോലീഷ് ആണേ….. നല്ല പോലീഷ…. “” ഇതൊക്കെ കണ്ടു പകച്ചു നിൽക്കുകയായിരുന്നു ദേവ…

സാധാരണ കാർട്ടൂൺ കാണുമ്പോൾ ആരെങ്കിലും തടസ്സം പിടിക്കാൻ ചെന്നാൽ നല്ല കടിയാകും വച്ചു കൊടുക്കുക. അങ്ങനെ എത്രയോ തവണ ആ കുഞ്ഞിപ്പല്ലുകൾ കവിളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്…. വൈദുവിന് വരെ കിട്ടാറുണ്ട്… അപ്പോഴാണ് കുറച്ചു ദിവസം മുൻപ് മാത്രം കണ്ട അയാൾക്ക് മാത്രം ഉമ്മ കൊടുക്കുന്നത്… ഉള്ളിൽ ചെറുതായി അസൂയ നാമ്പിടുന്നതായി തോന്നി അവൾക്ക്… ദേഷ്യത്തോടെ വെട്ടിത്തിരിഞ്ഞു അടുക്കളയിലേക്ക് നടക്കും മുൻപ് ഋഷി കുസൃതിയോടെ നോക്കി ചിരിക്കുന്നത് കൺകോണിലൂടെ കണ്ടിരുന്നു… മുഖം വീർപ്പിച്ചു അടുക്കളയിലേക്ക് വരുന്ന ദേവയെ കണ്ടപ്പോളേ ഋഷി വന്നിട്ടുണ്ട് എന്ന് അമ്മക്ക് മനസ്സിലായിരുന്നു….

ആരോടോ ഉള്ള ദേഷ്യം തീർക്കാൻ എന്ന പോലെ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ ഒക്കെ ശക്തിയായി തേച്ചു കഴുകുന്ന അവളെ കാൺകെ പൊട്ടി വന്ന ചിരി അടക്കി നിന്നു… അറിയാതെ കൺകോണിൽ നനവ് പടരുന്നുണ്ടായിരുന്നു.. ദീപുവുമായുള്ള കല്യാണത്തിന് മുൻപ് ഉണ്ടായിരുന്ന ദേവയുടെ ശേഷിപ്പുകൾ ഇപ്പോഴും അവളിൽ അവശേഷിക്കുന്നുണ്ട് എന്ന് തോന്നി… “”നിനക്കെന്താ ദേവ…. എന്തിനാ നിനക്കിത്ര ദേഷ്യം…. “”വീണ്ടും വീണ്ടും അവ്യക്തമായി എന്തൊക്കെയോ പറയുന്ന അവളെ കണ്ടപ്പോഴാണ് ചോദിച്ചത്… “”അമ്മ ഒന്നും പറയണ്ട…. എല്ലാരും അയാളുടെ സൈഡാ…

എന്റെ കൊച്ചിനെ കൊണ്ട് പോയി പനിയും പിടിപ്പിച്ചിട്ട്…. “”അവൾ ദേഷ്യത്തോടെ തിരിഞ്ഞു പറഞ്ഞിട്ട് വീണ്ടും പാത്രം കഴുകാൻ തുടങ്ങി… അവളുടെ കുശുമ്പ് കണ്ടു ചിരി വന്നു പോയി… “”നിനക്കെന്താ ദേവ… ആകെ ഒരു രണ്ടോ മൂന്നോ വട്ടം ചുമച്ചു… ഋഷിമോൻ തന്നെയാണ് ആശുപത്രിയിൽ പോയി cough സിറപ്പും വാങ്ങി വന്നത്…. അതല്ലാതെ ആ കുറുമ്പി പെണ്ണിന് ഒന്നും ഇല്ലെന്നേ… പകുതി അവളുടേ അടവാ…. “” അമ്മ ചിരിച്ചോണ്ട് കളിയാക്കി പറയുന്നത് കേട്ടപ്പോൾ തിരിച്ചെന്ത് പറയും എന്നറിയാത്ത അവസ്ഥയിൽ ആയിപ്പോയി ദേവ.. പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു…

അല്ലു മോൾക്കുള്ള ചോറും എടുത്തു ഹാളിലേക്ക് വന്നപ്പോൾ ഋഷിയുടെ മടിയിൽ കിടക്കുന്നത് കണ്ടു.. ഇപ്പോൾ പിന്നെ ടീവിയിലേക്ക് അല്ല നോട്ടം… ഋഷിയുടെ മുടിയും മീശയും ഒക്കെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്…. “”അല്ലു മോളെ ബാ… നമുക്ക് മാമുണ്ണാം…”” അവൻ അവിടെ ഇരുന്നതിനാൽ അടുത്തേക്ക് പോകാതെ കുറച്ചു ദൂരെ നിന്ന് വിളിച്ചു… കേട്ടപാതി ഋഷിയുടെ വയറ്റിലേക്ക് മുഖം പൂഴ്ത്തുന്നത് കണ്ടു…..””ബേണ്ട…. അല്ലു മോൾക്ക് പോലീഷ് തന്നാൽ മതി മാമു…. “” ദേവയെ നോക്കാതെ അവൾ വീണ്ടും ഋഷിയുടെ അടുത്തേക്ക് ഒന്ന് കൂടി ചേർന്ന് ഇരുന്നു..

കണ്ണുരുട്ടി നോക്കിയെങ്കിലും ഒരു കാര്യവും ഉണ്ടായില്ല.. ഒടുവിൽ തോൽവി സമ്മതിച്ചു ദേഷ്യത്തോടെ പാത്രം അവനരികിൽ വച്ചു മുറിയിലേക്ക് നടന്നു… രണ്ടു പേരും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് മുറിയിൽ നിന്നും കേൾക്കാമായിരുന്നു…..അയാളും അല്ലു മോളും തമ്മിലുള്ള അടുപ്പം ഉള്ളിൽ ഭയമാണ് ജനിപ്പിച്ചത്… അല്ലു മോളെ അയാൾ തട്ടിയെടുക്കുമോ എന്നൊരു ഭയം ഉള്ളിൽ നിറഞ്ഞു… പക്ഷേ ഭാനു അങ്കിളിന്റെ മോൻ ആയതിനാൽ മറുത്തൊന്നും പറയാൻ കഴിയുമായിരുന്നില്ല…. ആ കുടുംബത്തോട് അച്ഛനുള്ള സ്നേഹത്തെപ്പറ്റി നല്ല ധാരണ ഉണ്ടായിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കേസിന്റെ ഫയൽ നോക്കുകയായിരുന്നു ഋഷി… സമയം ഒരുപാട് വൈകിയിരുന്നു… ചോറ് മുഴുവൻ കഴിച്ചു കഴിഞ്ഞിട്ടും അല്ലു മോള് പോകാൻ സമ്മതിച്ചിരുന്നില്ല… ഒടുവിൽ ഉറങ്ങും വരെ കൂട്ടിരിക്കേണ്ടി വന്നു… ഇതിനിടയിൽ ഒരിക്കൽ പോലും ദേവ ഒന്നെത്തി നോക്കിയില്ല എന്നത് അവനിൽ ചെറിയ പരിഭവം നിറച്ചു…. കണ്ണുകൾ ആ അടഞ്ഞു കിടക്കുന്ന ജനാലയുടെ നേരെ സഞ്ചരിച്ചു… ഉറങ്ങി എന്ന് തോന്നുന്നു… മുറിക്കുള്ളിൽ വെട്ടമൊന്നും ഉണ്ടായിരുന്നില്ല… കുറച്ചു നേരം കൂടി കണ്ണുകൾ ആ അടഞ്ഞു കിടക്കുന്ന ജനൽ പാളികളിൽ തന്നെ തറഞ്ഞു നിന്നു.. പിന്നെ വീണ്ടും കേസ് ഫയലിലേക്ക് ദൃഷ്ടി പായിച്ചു….

വായിക്കും തോറും കുരുക്ക് മുറുകി വരുന്നതായി തോന്നി അവന്… മരിച്ച മൂന്ന് സ്ത്രീകളുടെയും മരണം ഒരെ രീതിയിൽ തന്നെ ഉള്ളതായിരുന്നു… മൂന്ന് പേരും വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കൊല്ലപ്പെട്ടു… ഒറ്റ നോട്ടത്തിൽ തീ ശരീരത്തിൽ അബദ്ധത്തിൽ ആളിപടർന്നതാകാം എന്ന് തോന്നുമെങ്കിലും പെട്രോൾ ഒഴിച്ചു കത്തിച്ചതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു…. ഋഷി കണ്ണുകൾ അടച്ചു കസേരയിലേക്ക് ചാഞ്ഞു….. യാതൊരു വിധ അടയാളങ്ങളും അവശേഷിപ്പിക്കാത്ത കൊലകൾ…. ആരായിരിക്കും… അതും ഒരു ബന്ധവും ഇല്ലാത്ത ഈ സ്ത്രീകളെ കൊല്ലാൻ…

എല്ലാവർക്കും ജോലി ഉണ്ട് എന്നല്ലാതെ യാതൊരു വിധ ബന്ധവും കൊല്ലപ്പെട്ടവർ തമ്മിൽ ഇല്ല….. പല പ്രായത്തിൽ ഉള്ളവർ…. മറ്റ് പുരുഷന്മാരുമായി ബന്ധമോ ഒന്നും ഇല്ലാത്ത സാധു സ്ത്രീകൾ…. സ്ഥിരമായി അവർ വിളിക്കുന്ന കുറച്ചു സ്ത്രീകളുടെയും ഭർത്താവിന്റെയും നമ്പറിൽ അല്ലാതെ ഫോണിൽ നിന്ന് കാൾ പോയിട്ടും ഇല്ല…. ഫോണും കത്തിക്കരിഞ്ഞതിനാൽ മറ്റെന്തെങ്കിലും വിധത്തിലുള്ള വിവരങ്ങൾ ആ ഫോണിൽ നിന്ന് കിട്ടിയിരുന്നില്ല… തലയാകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി അവന്…. ഒരു നിമിഷം വീണ്ടും കാൾ ലിസ്റ്റിലേക്ക് കണ്ണുകൾ ചെന്നു.. വേഗം ഫോൺ എടുത്തു ശ്രീയെ വിളിച്ചു.

“”ശ്രീരാജ് നാളെ ഈവെനിംഗ് നു മുൻപ് അനുരാധ മരിക്കുന്നതിന് മുൻപ് ഒരു മാസക്കാലം വിളിച്ച എല്ലാവരുടെയും ഫുൾ ഡീറ്റെയിൽസ് എനിക്ക് വേണം. അവർക്ക് അനുരാധയുമായി എങ്ങനെയാണ് പരിചയം എന്നും… “” മറുവശത്തു നിന്ന് ശ്രീയുടെ അനുകൂലമായ മറുപടി കേട്ട് കഴിഞ്ഞപ്പോൾ അവൻ ഫോൺ കട്ട്‌ ചെയ്തു…. ഇത്രയും നേരം നിറഞ്ഞു നിന്ന ഉള്ളിലെ പിരിമുറുക്കത്തിനു ചെറുതായി അയവു വന്നത് പോലെ….. ഇടയിൽ വച്ചു പതറിപ്പോയ ആത്മവിശ്വാസം അവന്റെ മുഖത്തേക്ക് വീണ്ടും തിരികെ എത്തിത്തുടങ്ങിയിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ നേരത്തെ തന്നെ അലാറം വച്ചു ദേവ എഴുന്നേറ്റു…. അല്ലു മോള് അപ്പോഴും ചേർന്ന് കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. പുതപ്പെടുത്തു മൂടി കുഞ്ഞിനെ കിടത്തി…വീഴാതെ ഇരിക്കാൻ തലയണ എടുത്തു ചുറ്റും വച്ചു അടുക്കളയിലേക്ക് നടന്നു… ജോലി ഒക്കെ തീർത്തു കുളിച്ചിട്ട് ഇറങ്ങുമ്പോഴേക്കും ഹാളിൽ ഏട്ടത്തിയുടെ ഒച്ച ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.. “”എപ്പോ എത്തിയോ ആവോ… വീട്ടിൽ പോയിട്ട് രണ്ടു ദിവസം വരാൻ വൈകിയപ്പോഴേ ഇങ്ങനെ ഒരു ബഹളം പ്രതീക്ഷിച്ചിരുന്നു.. “” പതിവുള്ളതാണ്…. ബന്ധം ഒഴിഞ്ഞു നിൽക്കുന്ന ഏട്ടന്റെ പെങ്ങൾ ഏട്ടത്തിയുടെ വീട്ടുകാർക്ക് എന്നും ഒരു പേടിയാണ്…

“”വർഷം മൂന്നായില്ലേ അച്ഛാ…. ഇനിയും ഇങ്ങനെ കല്യാണം വേണ്ട എന്ന് വിചാരിച്ചാൽ എങ്ങനെയാ…. എത്ര നാൾ എന്ന് വച്ച ജീവേട്ടൻ ഇങ്ങനെ കൂട്ടുകാരോടും നാട്ടുകാരോടും ഒക്കെ മറുപടി പറഞ്ഞു മടുക്കുന്നെ…. എനിക്കിപ്പോ എന്റെ വീട്ടിൽ പോലും പോകാൻ വയ്യാ….. ഇവള് കല്യാണത്തിന് സമ്മതിക്കാത്തതാണ് എന്ന് നമുക്കല്ല അറിയൂ… കല്യാണം താമസിക്കുംതോറും കാണുന്നവർ ആദ്യ ബന്ധം പെണ്ണിന്റെ കുഴപ്പം കൊണ്ട പിരിഞ്ഞത് എന്നേ വിചാരിക്കു…. ആ സംശയ രോഗിയോട് ഇവൾക്കിപ്പോഴും പ്രേമം ഒന്നും ഇല്ലല്ലോ… അവന് വേണ്ടി കല്യാണം വേണ്ട എന്ന് വെക്കാൻ…. “””

ഏട്ടത്തിയുടെ വാക്കുകൾ കേട്ട് കണ്ണ് നിറച്ചു നോക്കിയപ്പോൾ ഒന്നുമില്ല എന്ന് അച്ഛനും അമ്മയും കണ്ണ് ചിമ്മി കാണിച്ചു… എങ്കിലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല… ഉള്ളിൽ ഒരു കല്ലെടുത്തു വച്ച പോലെ ഒരു നോവ് പടരുന്നു… മുറിക്കുള്ളിലേക്ക് വന്നു അല്ലു മോളുടെ അടുത്ത് ഇരുന്നു…. ഉറങ്ങുന്ന മോളെ നോക്കുംതോറും കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു… വാതിലിൽ മുട്ട് കേട്ടാണ് തിരിഞ്ഞു നോക്കുന്നത്… ഏട്ടത്തിയാണ്… മുഖം അതേ കനത്തിൽ തന്നെ ഇരിപ്പുണ്ട്… “”എന്താ നിന്റെ തീരുമാനം….

“”ഗൗരവം വിടാതെ ലച്ചു ചോദിച്ചു…. “”ഏട്ടത്തി…. ഞാൻ….. “”വാക്കുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല…. വീണ്ടും ആ മുഖത്തെ ഗൗരവം ഒന്ന് കൂടി കൂടുന്നത് കണ്ടു. …. “”ശെരി….നിന്റെ ഇഷ്ടം നടക്കട്ടെ…. ഞാനും എന്റെ കുഞ്ഞും ഇന്ന് ഈ പടി ഇറങ്ങും….. “”അത്രയും മാത്രം പറഞ്ഞിട്ട് ലച്ചു തിരികെ നടന്നു… “”ഏട്ടത്തി….. “”തിരികെ വിളിക്കുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു…. ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു….. ഇല്ലാത്ത ധൈര്യം സംഭരിക്കാൻ….. തുടരും

മഴമുകിൽ: ഭാഗം 9