Thursday, January 23, 2025
LATEST NEWS

കേന്ദ്രസർക്കാറിന്റെ എൽ.പി.ജി സബ്സിഡിയിൽ വൻ കുറവ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ എൽ.പി.ജി സബ്സിഡിയിൽ വൻ കുറവ്. സബ്സിഡി 2021 സാമ്പത്തിക വർഷത്തിൽ 11896 കോടി രൂപയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 242 കോടി രൂപയായി കുറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ലോക്സഭയിൽ കണക്കുകൾ പുറത്തുവിട്ടത്.

ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് നിശ്ചയിക്കുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാമേശ്വർ തെലി പറഞ്ഞു.

എൽപിജി സബ്സിഡി 2018ൽ 23,464 കോടി രൂപയിൽ നിന്ന് 2019ൽ 37,209 കോടി രൂപയായി ഉയർന്നു. 2020ൽ സബ്സിഡി തുക 24,172 കോടി രൂപയായിരുന്നു. 2020 ജൂൺ മുതൽ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവർക്ക് മാത്രമാണ് കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നത്. ഇതോടെ സർക്കാരിന്റെ സബ്സിഡി ചെലവ് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാർഹിക പാചക വാതകത്തിന്‍റെ വില ഗണ്യമായി വർദ്ധിച്ചു. കഴിഞ്ഞ മാസം സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചിരുന്നു.