ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ലോവ്‌ലിന ബോർഗോഹെയ്ൻ
ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ ലോവ്‌ലിന ബോർഗോഹെയ്ൻ. ബോക്‌സിങില്‍ ഒളിംപിക്‌സ് വെങ്കല മെഡൽ ജേതാവായ താരം ഫെഡറേഷൻ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചു. തന്നെയും പരിശീലകരെയും അസോസിയേഷൻ വേട്ടയാടുകയാണെന്നും അവർ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് താരം ആരോപണങ്ങൾ ഉന്നയിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള തയ്യാറെടുപ്പിലാണ് ലോവ്‌ലിന ഇപ്പോൾ.
” വളരെയധികം പീഡനം നേരിടേണ്ടിവരുമെന്ന് അങ്ങേയറ്റം വേദനയോടെയാണ് പറയാനുള്ളത്. രാഷ്ട്രീയ താൽപ്പര്യങ്ങൾ കാരണം, ഫെഡറേഷൻ പരിശീലനത്തെ തടസ്സപ്പെടുത്തുന്നു. ഒളിമ്പിക്സിൽ മെഡൽ നേടാൻ എന്നെ സഹായിച്ച എന്‍റെ പരിശീലകരെയും ഫെഡറേഷൻ വേട്ടയാടുന്നു. ദ്രോണാചാര്യ അവാർഡ് ജേതാവ് കൂടിയായ എന്‍റെ കോച്ച് സന്ധ്യ ഗുരുങ്ജിയെ ക്യാമ്പിലേക്ക് പരിഗണിക്കാന്‍ ഫെഡറേഷന്‍ താത്പര്യം കാണിച്ചില്ല. നിരവധി അഭ്യർത്ഥനകൾക്ക് ശേഷമാണ് അവർ കോച്ചിനെ ഉൾപ്പെടുത്തിയത്. പക്ഷേ അപ്പോഴേക്കും വളരെ വൈകിയിരുന്നു.” എന്ന് ലോവ്‌ലിന പറഞ്ഞു.