പരുക്കേറ്റ് വേദനയിൽ വലഞ്ഞ കുരങ്ങന് കൈത്താങ്ങായി നാട്ടുകാർ
ഇടുക്കി: ജീവന്റെ വിലയെന്നത് മനുഷ്യനുൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കുമൊന്നു പോലെയാണ്. മാരകമായി പരുക്കേറ്റ് വീടിനുള്ളിൽ അഭയം തേടിയ കുരങ്ങനെ മനസ്സലിവുള്ള ഒരു കൂട്ടമാളുകൾ ചേർന്ന് സംരക്ഷിക്കുകയായിരുന്നു.
ആരോ നടത്തിയ ആക്രമണത്തിൽ കൈകാലുകൾക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലാണ് രാമക്കൽമേട് മരുത്തുങ്കലിൽ വിജയന്റെ വീട്ടിൽ ഒൻപതു വയസ്സ് പ്രായം തോന്നിക്കുന്ന കുരങ്ങനെത്തുന്നത്.
പരിക്ക് ഗുരുതരമായതിനാൽ വേദന കൊണ്ട് കരളലിയും വിധം നിലവിളിക്കുന്ന കുരങ്ങനെ കണ്ടു ഭയപ്പെട്ടെങ്കിലും, തക്ക സമയത്ത് വിജയൻ അയൽവാസിയായ അജി കുളത്തിങ്കലിനെ വിവരമറിയിക്കുകയായിരുന്നു. ശേഷം ഇരുവരും ചേർന്ന് കുമളി റേഞ്ച് ഓഫീസറെ ബന്ധപ്പെടുകയും, അവിടെ നിന്നുള്ള നിർദേശപ്രകാരം ആർആർ ടീമിനെ വിവരമറിയിക്കുകയും, തേക്കടി വനംവകുപ്പിലെ മൃഗഡോക്ടറുടെ അടുത്തെത്തിച്ച് കുരങ്ങന് വേണ്ട ചികിത്സ നൽകുകയും ചെയ്തു.
കുരങ്ങിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ അറിയിച്ചത്.