Sunday, December 22, 2024
LATEST NEWSPOSITIVE STORIES

യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി കുതിച്ചു പാഞ്ഞു

ചെറുപുഴ: പയ്യന്നൂർ-ചെറുപുഴ-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് കുതിച്ചു പാഞ്ഞു. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഇടപെടലാണ് യാത്രക്കാരനെ രക്ഷിച്ചത്.

രാവിലെ പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട ബസ് പടിയോട്ടുചാൽ എത്തിയപ്പോൾ പയ്യന്നൂർ ടൗൺ സഹകരണ ബാങ്കിന്റെ ചെറുപുഴ ശാഖയിലെ മാനേജറായ പയ്യന്നൂർ സ്വദേശി കെ.പി. മനോജ് സീറ്റിൽ കുഴഞ്ഞുവീണു. ഇതുകണ്ട കണ്ടക്ടർ ഡ്രൈവറെ വിവരം അറിയിച്ചു.

തുടർന്ന് ഒരു സ്റ്റോപ്പിലും നിർത്താതെ ഹോൺ മുഴക്കി ബസ് കാക്കയംചാലിലെ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ എത്തിച്ചു. യാത്രക്കാരും ഈ പ്രവർത്തിക്ക് സഹകരിച്ചു.

മാതൃകാപരമായി പ്രവർത്തിച്ച ബസ് ഡ്രൈവറായ പെരുമ്പ സ്വദേശി പി കെ സുഭാഷ്, കണ്ടക്ടറായ പയ്യന്നൂരിലെ ടി വി നിഷ എന്നിവരെ യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു.