Sunday, December 22, 2024
Novel

ലയനം : ഭാഗം 8

എഴുത്തുകാരി: ദുർഗ ലക്ഷ്മി

കിട്ടിയ അടിയുടെ വേദനയിലും അർജുന്റെ മുഖത്തെ പുഞ്ചിരി മായാതെ നില്കുന്നത് കണ്ടു ലെച്ചു അമ്പരന്നു.”എനിക്കൊരടിയുടെ കുറവ് ഉണ്ട് എന്ന് എല്ലാർക്കും തോന്നും എങ്കിലും ഇപ്പോൾ നീ ഈ തന്നത് വെറുതെയാണ് ലെച്ചു….”, ചിരിയോടെ അർജുൻ പറഞ്ഞത് കേട്ട് ലെച്ചു നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി.എന്നാൽ അർജുൻ ആവട്ടെ അവളെ നിർബന്ധിച്ചു കൊണ്ട് കാറിൽ ഇരുത്തി വീണു കിടക്കുന്ന മനുവിന്റെ അടുത്തേക്ക് ചെന്നു. അർജുൻ ആരെയൊക്കെയോ വിളിക്കുന്നതും എന്തൊക്കെയോ പറയുന്നതും ഒക്കെ ലെച്ചു കാറിൽ ഇരുന്നു കണ്ടു.കുറച്ചു സമയം കൊണ്ട് അവിടേക്ക് വന്ന മറ്റൊരു കാറിൽ മനുവിനെ കയറ്റി വിട്ട് അർജുൻ തിരികെ വന്നു.

“അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയതാ.പിന്നെ നാളെ രാവിലെ നമുക്ക് പോലീസ് സ്റ്റേഷൻ വരെ പോണം.സി.ഐ എന്റെ ഫ്രണ്ട് ആണ്.അവനോട് കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാൻ തന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞിട്ടുണ്ട്” അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അവനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.അപ്പോഴേക്കും ഇന്ദു അമ്മയുടെ കാൾ അവൾക്ക് വന്നിരുന്നു. അപ്പോഴാണ് ഈ കോലത്തിൽ വീട്ടിലേക്ക് എങ്ങനെ പോകും എന്ന ചിന്ത ലെച്ചുവിന് വന്നത്.അവളുടെ മുഖത്തു പരിഭ്രമം നിറയുന്നത് കണ്ടു അർജുൻ ഉടനെ ലെച്ചുവിന്റെ ഫോൺ വാങ്ങി കാൾ അറ്റൻഡ് ചെയ്തു.

“ഹാ,അമ്മ…അത് പിന്നെ അമ്മ,വണ്ടി കേടായി…അപ്പോൾ ഞങ്ങൾ കരുതി ഇന്ന് ഇന്ദീവരത്തിലേക്ക് പോയാലോ എന്ന്.ലെച്ചു വീട് കണ്ടിട്ടില്ലല്ലോ ഇതു വരെ.ഏഹ്…ലെച്ചുവോ…അവള് ചെറുതായി ഒന്ന് ഉറങ്ങി എന്ന് തോന്നുന്നു.അവിടെ എത്തിയിട്ട് ഞാൻ വിളിക്കാൻ പറയാം അവളോട്”, ഇത്രയും പറഞ്ഞ് ഫോൺ അവൾക്ക് തിരികെ കൊടുത്തു അർജുൻ കാർ സ്റ്റാർട്ട്‌ ചെയ്തു.”നമ്മൾ എങ്ങോട്ടാ പോകുന്നെ”,കുറെ നേരത്തിനു ശേഷം ലെച്ചു സംസാരിച്ചത് കേട്ട് അർജുന് സമാധാനം തോന്നി. “ഇവിടെ അടുത്ത് ഞാൻ വാങ്ങിയ ഒരു വീട് ഉണ്ട് ലെച്ചു.ഇന്ന് തത്കാലം അവിടേക്ക് പോകാം.തന്നെ ഇങ്ങനെ ഈ കോലത്തിൽ കണ്ടാൽ അമ്മ സഹിക്കില്ല”,റോഡിൽ നോക്കി കൊണ്ട് അർജുൻ പറഞ്ഞു.

“തനിക്കു ഡോക്ടറെ കാണണോ?എവിടെയെങ്കിലും വേദനയോ മറ്റോ ഉണ്ടോ”,ലെച്ചു ഉറങ്ങാൻ പോകുന്നത് കണ്ടു അർജുൻ ചോദിച്ചു. കത്തുന്ന നോട്ടം ആയിരുന്നു അതിനവളുടെ മറുപടി.അത് കണ്ടു അർജുൻ പെട്ടെന്ന് ഒന്ന് ഞെട്ടി.അപ്പോഴാണ് അവൻ ചോദിച്ച ചോദ്യത്തിൽ ഉള്ള കുഴപ്പം അർജുന് മനസിലായത്.”അയ്യോ.ലെച്ചു,ഞാൻ ഒന്നും…തനിക്ക് കൈയ്യ്ക്കൊ കാലിനോ മറ്റോ വേദനയുണ്ടോ എന്നാ ഞാൻ ഉദ്ദേശിച്ചത്.പിന്നെ നെറ്റി എവിടെയോ ഇടിച്ചു എന്ന് തോന്നുന്നു.നേരത്തെ ബ്ലഡ്‌ വന്നിരുന്നു കുറച്ചു.അത് കൊണ്ട് ചോദിച്ചതാ.എന്തെങ്കിലും അസ്വസ്ഥത തോന്നുന്നു എങ്കിൽ നമുക്ക് പോകാം”, അർജുൻ എന്തൊക്കെയോ പറഞ്ഞു അവന്റെ ഭാഗം ക്ലിയർ ആക്കാൻ നോക്കി.

എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അപ്പോഴേക്കും ലെച്ചു കണ്ണുകൾ അടച്ചു സീറ്റിൽ ചാരി കിടന്നിരുന്നു. കുറച്ചു സമയത്തിന് ശേഷം അർജുൻ വിളിച്ചപ്പോൾ ആണ് ലെച്ചു കണ്ണ് തുറന്നത്.കുറച്ചു സമയത്തേക്ക് ഒന്നും മനസിലായില്ല എങ്കിലും അർജുൻ തുറന്നു പിടിച്ച ഡോറിലൂടെ ലെച്ചു പുറത്തേക്ക് ഇറങ്ങി. ചെറിയ മുറ്റവും അതിൽ നിറഞ്ഞ പൂ ചെടികളും ആയി കുഞ്ഞി ഒരു വീടിന്റെ മുറ്റത്താണ് അവൾ അപ്പോൾ നിൽക്കുന്നത്.എന്ത് കൊണ്ടോ ലെച്ചുവിന് ആ വീട് ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടം ആയി. സമയം കുറെ ആയത് കൊണ്ട് അവൾക്ക് ചുറ്റു വട്ടം ഒന്നും ശരിക്ക് കാണാൻ കഴിഞ്ഞില്ല.

അപ്പോഴേക്കും അർജുൻ വാതിലിൽ തുറന്നു അകത്തു കയറിയിരുന്നു.അവൻ വേഗം തന്നെ പുറത്തുള്ള ലൈറ്റ് ഓൺ ചെയ്ത് അവളെ അകത്തേക്ക് ക്ഷണിച്ചു. ചുറ്റും ഒന്ന് നോക്കി അവൾ പതുക്കെ അകത്തേക്ക് നടന്നു.അകത്തേക്ക് കയറിയ ഉടനെ തന്നെ അസ്വസ്ഥതമായി കിടന്ന അവളുടെ മനസ്സിന് വലിയൊരു സമാധാനം കിട്ടിയത് പോലെ അവൾക്ക് തോന്നി. സ്വീകരണ മുറിക്കു കുറച്ചു മാറി ചെറിയൊരു ആമ്പൽ കുളം കൂടി കണ്ടു ലെച്ചു കുറെ നേരത്തിനു ശേഷം മനസ്സറിഞ്ഞു പുഞ്ചിരിച്ചു.കുറച്ചു മാറി അവളുടെ മുഖത്തെ ഭാവങ്ങൾ എല്ലാം നോക്കി അർജുനും പുഞ്ചിരിയോടെ നിന്നു. അപ്പോഴേക്കും അവൾക്ക് ശരീരം ആകെ വേദന എടുക്കുന്നത് പോലെ തോന്നി.

ലെച്ചു വീടിനകത്തു കയറിയ ഉടനെ തന്നെ അർജുൻ വാതിൽ അടച്ചു കുറ്റി ഇട്ടിരുന്നു. ആമ്പൽ കുളം നോക്കി നിൽക്കുന്ന അവളെ പിടിച്ചു സോഫയിൽ ഇരുത്തി “ഞാൻ ഇപ്പോൾ വരാം.എന്നിട്ട് കുളിക്കാൻ പൊയ്ക്കോ”,എന്ന് പറഞ്ഞു അവൻ അകത്തേക്ക് പോയി. കുറച്ചു സമയം കൊണ്ട് അവൻ കുറച്ചു ഐസ് ക്യൂബുകളും നല്ല ചൂട് ചായയുമായി തിരിച്ചു വന്നു.ചായ ലെച്ചുവിന് കൊടുത്തു അവൻ ഐസ് ക്യൂബ് എടുത്ത് പതുക്കെ അവളുടെ കവിളിൽ വെച്ചു കൊടുത്തു. അപ്പോൾ തന്നെ വേദന കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു.”നാളെ വണ്ടി നോക്കാൻ പോകേണ്ടേ.അമ്മയെ കാണുമ്പോഴേക്കും ഈ അടിയുടെ പാട് മാറേണ്ടെ.”,

അർജുൻ സ്നേഹത്തോടെ കൊച്ചു കുഞ്ഞുങ്ങളോട് എന്നാ പോലെ പറഞ്ഞത് കേട്ട് ലെച്ചു അവനെ ഒന്ന് നോക്കി.”താൻ പറഞ്ഞിട്ടും ഞാൻ തന്നെ അവന്റെ മുന്നിലേക്ക് ഇട്ടു കൊടുത്തത് പോലെ ആവും ഇല്ലേ ലെച്ചുവിന് ഇപ്പോൾ തോന്നുന്നത്” “ഒരു കണക്കിന് അത് സത്യം തന്നെ ആണ്.ബട്ട്‌ എല്ലാ മുൻ കരുതലും എടുത്തിട്ടാണ് ഞാൻ ആ സാഹസത്തിനു മുതിർന്നത്”,അവളുടെ മുടി ഒതുക്കി വെച്ച് കൊണ്ട് അർജുൻ പറഞ്ഞു. “എനിക്ക് മനസിലായില്ല”,അർജുൻ പറഞ്ഞത് കേട്ട് ലെച്ചു സംശയത്തോടെ അവനോട് ചോദിച്ചു. “അവന്റെ ആളാ എന്ന് പറഞ്ഞ സെക്യൂരിറ്റി ചേട്ടൻ ഇല്ലേ ചന്ദ്രൻ,ആള് നമ്മുടെ വിശ്വസ്തൻ ആണ്.

വന്ന അന്ന് തന്നെ മനു അങ്ങേരെ വീഴ്ത്താൻ നോക്കി.അതൊക്കെ അപ്പോൾ തന്നെ അദ്ദേഹം എന്നെ അറിയിച്ചിരുന്നു.” “അങ്ങനെ ഒരാളെ ഓഫീസിൽ നിന്ന് എത്രയും പെട്ടെന്ന് തന്നെ പുറത്ത് ആകേണ്ടത് ആവിശ്യം ആയിരുന്നു”,ഡെറ്റോൾ കുറച്ചു പഞ്ഞിയിൽ എടുത്തു ലെച്ചുവിന്റെ നെറ്റിയിലെ മുറിവിൽ വെച്ചു കൊണ്ട് അർജുൻ പറഞ്ഞു. “സാർ വരാൻ കുറച്ചു വൈകി എങ്കിൽ എന്റെ അവസ്ഥ എന്താവും എന്ന് ചിന്തിച്ചോ ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ “,നെറ്റിയിലെ വേദനയെക്കാൾ മനസ്സിലെ വേദന പുറത്ത് കാണിച്ചു കണ്ണുകൾ നിറഞ്ഞു ഒഴുകി ലെച്ചു ചോദിച്ചത് കേട്ട് അർജുൻ അവളുടെ അടുത്തിരുന്നു.

പിന്നെ പതുക്കെ അവളുടെ കൈയിൽ പിടിച്ചു. “അതിന് ഞാൻ എവിടെങ്കിലും പോയാൽ അല്ലേ എത്താൻ വൈകു.അമ്മയോട് ജിഷ്ണുവിന്റെ വീട്ടിൽ ഉണ്ടാവും താൻ വിളിച്ചാൽ ഉടനെ വിളിച്ചു പറഞ്ഞാൽ മതി എന്നാ ഞാൻ പറഞ്ഞത്.തന്നെ പേടിപ്പിക്കേണ്ട എന്ന് കരുതി അമ്മ ഞാൻ വീട്ടിൽ ഇല്ല എന്ന് പറയില്ല എന്ന് എനിക്ക് അറിയാമായിരുന്നു”, അവൻ പറഞ്ഞത് കേട്ട് ലെച്ചു ശരിക്കും അമ്പരന്നു.അവനെ അടിച്ചതിൽ അവൾക്ക് നല്ല വിഷമം തോന്നി അപ്പോൾ.കണ്ണുകൾ നിറച്ചു കൊണ്ട് ലെച്ചു അർജുന്റെ മുഖത്തു നോക്കുന്നത് കണ്ടു അവൻ പൊട്ടിച്ചിരിച്ചു. “താടി ഉള്ളത് കൊണ്ട് ഏതായാലും പാട് ഒന്നും അറിയില്ല.പിന്നെ ഈ അടിക്ക് കുറ്റബോധം ഒന്നും വേണ്ട കേട്ടോ.

തന്നോട് എല്ലാം പറഞ്ഞിട്ട് ചെയ്താൽ മതിയായിരുന്നു ഇതെല്ലാം. ബട്ട്‌ അപ്പോൾ അങ്ങനെ ചിന്തിക്കാൻ എനിക്ക് തോന്നിയില്ല”, അവൾക്ക് തോർത്തും ഡ്രെസ്സും ഒക്കെ എടുത്തു കൊടുത്തു കൊണ്ട് അർജുൻ പറഞ്ഞു.ഒന്നും മിണ്ടാതെ അവൾ വേഗം തന്നെ എഴുന്നേറ്റു കുളിക്കാൻ ആയി പോയി.പക്ഷെ സത്യത്തിൽ കാര്യം അറിയാതെ അവനെ അടിച്ചു എന്ന തോന്നലിൽ ലെച്ചു ശരിക്കും ഉരുകി. തിരിച്ചു വന്നപ്പോൾ അർജുനും കുളി എല്ലാം കഴിഞ്ഞ് അവളെയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ലെച്ചു വന്നിരുന്ന ഉടനെ അവൻ വരുമ്പോൾ വാങ്ങിയ ചപ്പാത്തിയും കറിയും പ്ലേറ്റിൽ എടുത്തു അവൾക്ക് കൊടുത്തു.പിന്നെ അവനും കഴിക്കാൻ തുടങ്ങി.രണ്ട് പേർക്കും ചവക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി.

ലെച്ചു സങ്കടത്തോടെ മുഖം ഉയർത്തിയപ്പോൾ അതെ അവസ്ഥയിൽ അർജുനും അവളെ നോക്കി.ഉടനെ തന്നെ അവൻ ചിരിച്ചു.അത് കണ്ടു അവൾക്കും ചിരി വന്നു. “കഞ്ഞി വാങ്ങിയാൽ മതിയായിരുന്നു ഇല്ലേ….ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവും എന്ന് ഞാൻ ഓർത്തില്ല”,അവൻ പറഞ്ഞു. ചിരിച്ചതല്ലാതെ ലെച്ചു അതിനും കാര്യം ആയി ഒന്നും പറഞ്ഞില്ല.ഭക്ഷണം കഴിഞ്ഞ് ലെച്ചു കുളത്തിൽ കാലുകൾ ഇട്ട് ഇരുന്ന് എന്തോ ആലോചിക്കുമ്പോൾ ആണ് അർജുൻ അങ്ങോട്ട് വന്നത്. “ലെച്ചു,തനിക്ക് ഇപ്പോൾ ഉറങ്ങേണ്ട എങ്കിൽ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു”, അത് വരെ ഉണ്ടായിരുന്ന ചിരി എല്ലാം മാറ്റി വെച്ച് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അവനെ ഒന്ന് നോക്കി. “ഇന്ന് എനിക്ക് ഉറങ്ങാൻ പറ്റും എന്ന് സാറിനു തോന്നുന്നുണ്ടോ…

ഒന്നും പറ്റിയില്ല എന്ന് പറഞ്ഞാലും ഇപ്പോഴും ആ വിറയൽ എന്നെ വിട്ട് പോയിട്ടില്ല.എന്താ പറയാൻ ഉള്ളത് എന്ന് വെച്ചാൽ സാർ പറഞ്ഞോ.കുഴപ്പം ഇല്ല”, കുറച്ചു നേരത്തിനു ശേഷം കുറച്ചധികം വാക്കുകൾ ലെച്ചു അപ്പോൾ ആണ് പറഞ്ഞത്.ഏതായാലും അവളുടെ സമ്മതം കിട്ടിയ ഉടനെ തന്നെ അർജുൻ കുറച്ചു നേരം കണ്ണടച്ചിരുന്നു. “അമ്മമ്മയുടെ നിർബന്ധം സഹിക്കാൻ പറ്റാതെ ആണ് ഞാൻ അശ്വതിയെ കാണാൻ അന്ന് വന്നത്.ബട്ട്‌ എങ്ങനെ എങ്കിലും കല്യാണത്തിൽ നിന്ന് പിന്മാറണം എന്ന് അവളോട് പറഞ്ഞാണ് ഞാൻ അന്ന് തിരികെ പോയത്”,കുറച്ചു സമയം കഴിഞ്ഞു അർജുൻ പറഞ്ഞത് കേട്ട് ലെച്ചു ആകെ ഞെട്ടി ഇരിക്കുകയായിരുന്നു. അശ്വതി ചേച്ചി ഇങ്ങനെ ഒരു കാര്യം ആരോടും പറയുന്നത് പോലും കേട്ടില്ലല്ലോ എന്ന് അവൾ സംശയത്തോടെ ഓർത്തു. “പക്ഷെ അശ്വതി എന്റെ വാക്ക് കേൾക്കാതെ കല്യാണത്തിന് സമ്മതിച്ചു.

സത്യത്തിൽ അന്ന് കല്യാണത്തിന്റെ മോർണിംഗ് വരെ അവളെ വിളിച്ചു എങ്ങനെ എങ്കിലും കല്യാണം മുടക്കണം എന്ന്കാലു പിടിച്ചു പറഞ്ഞ ആളാ ഞാൻ.അമ്പലത്തിൽ എത്തി അവൾ ആരുടെയോ കൂടെ പോയി എന്ന് കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ലെച്ചു” അർജുൻ പറഞ്ഞത് കേട്ട് എന്ത് മറുപടി പറയണം എന്ന് അറിയാതെ ലെച്ചു കുഴങ്ങി.”വല്യച്ഛൻ പറഞ്ഞത് കൊണ്ടാണ് സാർ,ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു”,വിക്കി വിക്കി ലെച്ചു എങ്ങനെയോ പറഞ്ഞോപ്പിച്ചു. “ആഹ്,അതെനിക്ക് അറിയാം.ഞാൻ തന്നെ അതിന് കുറ്റം ഒന്നും പറയില്ല.

പക്ഷെ ലെച്ചുവിനെ ഭാര്യയായി കൂടെ കൂട്ടാൻ എനിക്ക് പറ്റില്ല.അതിന് എനിക്ക് കഴിയില്ല.”,ഒരു ഭാവ മാറ്റവും ഇല്ലാതെ അർജുൻ പറഞ്ഞത് കേട്ട്ലെച്ചുവിലും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. “ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.എന്താ സാർ പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല”,വീണ്ടും അർജുൻ എന്തൊക്കെയോ പറയാൻ തുടങ്ങുന്നു എന്ന് കണ്ടു പെട്ടെന്ന് ലെച്ചു ചോദിച്ചു. “മനസ്സ് മറ്റൊരാൾക്ക്‌ കൊടുത്തിട്ട് എനിക്ക് തന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയും ലെച്ചു….താൻ എന്നെ മനസിലാക്കണം”,അത് വരെ ഉണ്ടായിരുന്ന ഗൗരവം മാറി അതീവ വേദനയോടെ അർജുൻ പറഞ്ഞത് ലെച്ചുവിൽ ശരിക്കും ഞെട്ടൽ ഉണ്ടാക്കി. “സത്യം ആണ് ലെച്ചു.കോളേജിൽ വെച്ച് എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു.

തന്നെ പോലെ ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ ഉള്ള പാവം ഒരു പെൺകുട്ടി.അവളെ സ്വന്തം ആക്കാൻ എല്ലാ കാര്യങ്ങളും ചെയ്ത് വീട്ടിൽ ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു ദിവസം അവളെ കാണാതെയായി.അവളെ അല്ലാതെ വേറെ ആരെയും എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല.എന്നെ മനസിലാക്കണം ലെച്ചു”,ചെറിയ കുട്ടികളെ പോലെ കരഞ്ഞു കൊണ്ട് നിലത്ത് ഇരുന്ന അർജുൻ ലെച്ചുവിന്റെ കാലു പിടിക്കാൻ ആയി പോകുന്നത് കണ്ടു അവൾ വേഗം ചാടി എഴുന്നേറ്റു. “എന്താണ് സാർ ഇത്,ആദ്യം തന്നെ ഞാൻ പറഞ്ഞില്ലേ സാറിനു ഒരു പ്രശ്നം ആയി ഞാൻ ഉണ്ടാവില്ല എന്ന്.”,ലെച്ചു അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു. “തന്നോട് ഇത് പറഞ്ഞപ്പോൾ എനിക്ക് ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു.

എന്തൊക്കെ ആയാലും താലി കെട്ടിയ ആളിൽ നിന്ന് ഒരു പെൺകുട്ടിയും കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യം ആണ് ഞാൻ പറഞ്ഞത്. എന്നിട്ടും താൻ എന്നെ മനസിലാക്കിയല്ലോ.ഒരുപാട് നന്ദി ഉണ്ട് ലെച്ചു… ഇനി മുതൽ അഞ്ചുവിനെയും ജിഷ്ണുവിനെയും പോലെ ഞാനും തന്റെ നല്ലൊരു ഫ്രണ്ട് ആയിരിക്കും.”,അവൻ കണ്ണുകൾ തുടച്ചു കൊണ്ട് പറയുന്നത് കേട്ട് ലെച്ചു പുഞ്ചിരിച്ചു. “സാർ ഒന്ന് കൊണ്ടും വിഷമിക്കണ്ട.ആ കുട്ടിയെ കണ്ടു പിടിക്കാൻ ഞാനും ഉണ്ട് സാറിന്റെ കൂടെ”,ലെച്ചു പറഞ്ഞത് കേട്ട് അർജുനും ഒരുപാട് സന്തോഷം തോന്നി. പിന്നെ കുറെ നേരം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു അവർ അവിടെ തന്നെ ഇരുന്നു.അർജുന്റെ മുറിയുടെ തൊട്ടടുത്തു തന്നെയുള്ള മുറി ലെച്ചുവിന് കാണിച്ചു കൊടുത്തു ശുഭരാത്രി നേർന്നു അവർ പിരിയുമ്പോൾ പുതിയൊരു ബന്ധം ഉടൽ എടുത്തിരുന്നു അവർ തമ്മിൽ.

പിറ്റേന്ന് അർജുന്റെ കൂടെ സ്റ്റേഷനിൽ പോയി പരാതി കൊടുത്തു ലെച്ചുവും അർജുനും ഷോപ്പിലേക്ക് പോയി.അവളെ അച്ഛനെയും അമ്മയെയും ഏൽപ്പിച്ചു അർജുൻ മനുവിന്റെ കാര്യങ്ങൾ നോക്കാൻ ആയി ഹോസ്പിറ്റലിലേക്ക് പോയപ്പോൾ അച്ഛൻ തന്നെ അവൾക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് കൊടുത്തു. വണ്ടി ബുക്ക്‌ ചെയ്ത് കറങ്ങാൻ പോകാം എന്ന് അച്ഛൻ പറഞ്ഞു എങ്കിലും ലെച്ചുവിന് തീരെ വയ്യാത്തത് കാരണം അവർ അതെല്ലാം വേണ്ട എന്ന് വെച്ച് വീട്ടിലേക്ക് ചെന്നു.എന്നാൽ അതിന് മുന്നേ തന്നെ ഇന്ദു അമ്മ തന്നെ മുൻ കൈ എടുത്തു അവൾക്ക് ഒരു സ്വർണ മാല വാങ്ങി കൊടുത്തു.

അമ്മയോട് പറയാതെ അതെല്ലാം ചെയ്തതിൽ അവൾക്ക് കുറ്റബോധം തോന്നി എങ്കിലും ഇന്ദു അമ്മ തിരികെ പോകുമ്പോൾ അവളെ ചേർത്ത് പിടിച്ചതിൽ നിന്ന് അമ്മക്ക് പിണക്കം ഒന്നും ഇല്ല എന്ന് ലെച്ചുവിന് മനസിലായി. വീട്ടിൽ എത്തിയിട്ടും ഇന്നലത്തെ സംഭവങ്ങൾ അവളെ വല്ലാതെ വേദനിപ്പിച്ചു കൊണ്ട് തന്നെ ഇരുന്നു.രാത്രിയിൽ അർജുൻ കുറെ നേരം എടുത്തു സംസാരിച്ചാണ് കുറച്ചെങ്കിലും ലെച്ചു ശരിയായായത്. ————————- ഓഫീസ് ഇല്ലാത്തതു കൊണ്ട് അന്നത്തെ ദിവസം പെട്ടെന്ന് തന്നെ കടന്നു പോയി.സാധാരണ ലീവ് ഉള്ള ദിവസങ്ങളിൽ പുറത്ത് പോകുന്ന അർജുൻ അന്ന് പുറത്ത് പോകാതെ ലെച്ചുവിന്റെ കൂടെ അമ്മയെ ചുറ്റി പറ്റി നടക്കുന്നത് ലെച്ചു ഒഴികെ ബാക്കി എല്ലാവരും വളരെ അത്ഭുതത്തോടെ ആണ് കണ്ടത്.

പ്രിയ വന്നു പുറത്തേക്ക് പോകാൻ അവനെ വിളിച്ചു എങ്കിലും അർജുൻ അത് മൈൻഡ് പോലും ചെയ്യാതെ അമ്മയുടെ കൂടെ പറമ്പിൽ ചുറ്റി നടന്നു. പ്രിയയുടെ വക്കാലതും ആയി ഇളയമ്മയും അമ്മമ്മയും വന്നു എങ്കിലും കഴിഞ്ഞ ആഴ്ച കൂടി അവൾ ഷോപ്പ് ചെയ്ത കാര്യം പറഞ്ഞു അർജുൻ അവരെ മടക്കി അയച്ചു. അതിന്റെ ദേഷ്യത്തിൽ പ്രിയയും ഇളയമ്മയും റൂമിൽ ഇരിക്കുമ്പോൾ ആണ് ലെച്ചു പ്രിയയുടെ റൂം അടിച്ചു വരാൻ ആയി ചെന്നത്. “നല്ല വൃത്തി ആയി അടിക്കണം.മനുഷ്യന് രാത്രി കിടക്കാൻ ഉള്ളതാണ്”,അവളെ കണ്ടപ്പോൾ തന്നെ ഇളയമ്മ പറഞ്ഞത് കേട്ട് ലെച്ചുവിന് ദേഷ്യം വന്നു എങ്കിലും ഒന്നും മിണ്ടാതെ അവൾ അടിച്ചു വാരി തുടങ്ങി.

അപ്പോൾ തന്നെ അവർ റൂമിൽ നിന്ന് ഇറങ്ങി അമ്മമ്മയുടെ മുറിയിലേക്ക് നടന്നു.സമാധാനം എന്ന് കരുതി ലെച്ചു അടിച്ചു വാരി കൊണ്ടിരിക്കുമ്പോൾ ആണ് അറിയാതെ അവൾ പ്രിയയുടെ ടേബിളിൽ നിന്ന് ബുക്ക്‌ തട്ടി താഴെ ഇട്ടത്. ആ ശബ്ദം കേട്ട് ലെച്ചു ഒന്ന് ഞെട്ടി എങ്കിലും ഇപ്പോൾ പ്രിയ വന്നാൽ ഉണ്ടാവുന്ന കോലാഹലം ഓർത്തു അവൾ അതൊക്കെ പെറുക്കി വെയ്ക്കാൻ നോക്കുമ്പോൾ ആണ് ഒരു ഡയറി അവളുടെ ശ്രദ്ധയിൽ പെട്ടെന്ന്. തുറന്നു നോക്കുന്നത് മോശം ആണ് എന്ന് അറിഞ്ഞിട്ടും അർജുന്റെ ഒരു ഫോട്ടോ കൂടി അതിൽ നിന്നും പുറത്തു ചാടിയപ്പോൾ ലെച്ചു അറിയാതെ തന്നെ അത് തുറന്നു പോയി. ഓരോ പേജ് വായിക്കുമ്പോഴും ലെച്ചുവിന്റെ മുഖത്തെ ഞെട്ടൽ കൂടി കൂടി വന്നു.

മുഴുവൻ വായിച്ചു തീരുന്നതിനു മുന്നേ തന്നെ പ്രിയയുടെ ശബ്ദം കേട്ട് ലെച്ചു ഡയറി എടുത്തത് പോലെ തിരികെ വെച്ച് ഒന്നും സംഭവിക്കാത്തത് പോലെ തിരികെ നടന്നു. പക്ഷെ ഒരുപാട് ചോദ്യങ്ങൾ അവളെ അലട്ടുന്നുണ്ടായിരുന്നു.ഇന്ദു അമ്മയോട് ചോദിക്കാം എന്ന് ആദ്യം ലെച്ചു കരുതി എങ്കിലും അവസാനം അർജുനോട്‌ ചോദിക്കാം എന്ന് അവൾ ഉറപ്പിച്ചു. രാത്രി പതിവ് പോലെ വർക്ക്‌ ചെയ്യുന്നതിന് ഇടയിൽ ലെച്ചു ഇടക്കിടക്ക് അർജുനെ പാളി നോക്കുന്നത് അവൻ കണ്ടു. “ലെച്ചു,തനിക്ക് എന്തോ എന്നോട് ചോദിക്കാൻ ഉണ്ടല്ലോ…എന്താ അത്”,ലെച്ചുവിന്റെ നോട്ടം ശ്രദ്ധിച്ചു കൊണ്ട് അവൻ പറഞ്ഞത് കേട്ട് ലെച്ചു അവനെ നോക്കി ഒന്ന് ചോദിച്ചു. “അത് സാർ,ഇന്ദു അമ്മയുടെ അനിയത്തി അല്ലേ ശ്യാമ ഇളയമ്മ.

പക്ഷെ അവരുടെ സ്വഭാവം തമ്മിൽ നല്ല വ്യത്യാസം ഉണ്ടല്ലോ.അതെന്താ”,നിഷ്കളങ്കമായി ലെച്ചു ചോദിച്ചത് കേട്ട് അർജുൻ അവളെ സൂക്ഷിച്ചു നോക്കി. “ഇളയമ്മ തന്നെ നല്ലോണം കഷ്ടപ്പെടുത്തുന്നുണ്ട് അല്ലേ…എനിക്ക് അറിയാം…താൻ ചോദിച്ച ചോദ്യത്തിന് സിമ്പിൾ ആയി ഉത്തരം പറഞ്ഞാൽ ശ്യാമ ഇളയമ്മ അമ്മയുടെ അനിയത്തി അല്ല.അതാണ് സ്വഭാവത്തിൽ അത്രയും വ്യത്യാസം”, അർജുൻ പറഞ്ഞത് കേട്ട് ലെച്ചുവിന്റെ കണ്ണ് മിഴിഞ്ഞു വന്നു.”അമ്മയുടെ സ്വന്തം അനിയത്തിയുടെ പേര് രേവതി എന്നാണ്.എനിക്ക് 4 വയസ്സ് ഒക്കെ ഉള്ളപ്പോൾ ഇളയച്ഛൻ ഒരു ആക്‌സിഡന്റ് ആയി മരിച്ചു.ചെറുപ്പം ആയിരുന്ന ഇളയമ്മയെ ഇഷ്ടം ഇല്ലാതെ ഇരുന്നിട്ടും അമ്മമ്മ രണ്ടാമത് കല്യാണം കഴിപ്പിച്ചു.ആ ആള് ആണ് നമ്മുടെ രാജൻ ഇളയച്ഛൻ.

ആള് പണ്ടത്തെ കാര്യസ്ഥന്റെ മകൻ ആണ്.അമ്മമ്മക്ക് ആളെ വലിയ ഇഷ്ടം ആണ്.പക്ഷെ കല്യാണം കഴിഞ്ഞു ഒരു വർഷം ആകുന്നതിനു മുന്നേ ഇളയമ്മ ആത്മഹത്യ ചെയ്തു.ഇഷ്ടം ഇല്ലാത്ത കല്യാണം ആണ് കാരണം എന്ന് എഴുതി വെച്ചിരുന്നു ഇളയമ്മ.അത് എല്ലാർക്കും വലിയ ഷോക്ക് ആയി.” “പക്ഷെ ഒരു വർഷം കഴിയുന്നതിനു മുന്നേ തന്നെ അമ്മമ്മ മുൻ കൈ എടുത്ത് അദ്ദേഹത്തിന്റെ കല്യാണം ശ്യാമ ഇളയമ്മയുമായി നടത്തി.അതിൽ അവർക്കുള്ള മോള് ആണ് പ്രിയ”, കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കല്യാണ കഥ കേട്ട് ലെച്ചു കുറച്ചു നേരം എന്തോ ആലോചിച്ചു.”താൻ എന്താ ആലോചിക്കുന്നത്”,അവളുടെ ആലോചന കണ്ടു അർജുൻ ചോദിച്ചു.

“അപ്പോൾ പ്രിയക്ക് നിങ്ങളുടെ കുടുംബവുമായി ഒരു ബന്ധവും ഇല്ല അല്ലേ…സൊ അവൾക്ക് നിങ്ങളെ ആഗ്രഹിക്കുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല”,അറിയാതെ ലെച്ചു പറഞ്ഞത് കേട്ട് അർജുന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “താൻ എന്തൊക്കെയാണ് ഈ പറയുന്നത്.രക്ത ബന്ധം ഒന്നും ഇല്ല എങ്കിലും അവൾ എന്റെ അനിയത്തി തന്നെ ആണ്”, അർജുൻ ദേഷ്യപ്പെട്ടു കൊണ്ട് അവളോട് പറഞ്ഞു. “സാർ വിചാരിക്കുന്നത് പോലെ അവളും വിചാരിക്കണം എന്ന് ഉണ്ടോ.എനിക്ക് ഇതു പറയേണ്ട കാര്യം ഒന്നും ഇല്ല,പക്ഷെ സാർ നമ്മുടെ പാവം കുട്ടിയും ആയി ഇവിടെ ഇവിടെ താമസിക്കാൻ തുടങ്ങുമ്പോൾ അവളെ നല്ലോണം ഒന്ന് ശ്രദ്ധിച്ചോ.അത്രയേ എനിക്ക് പറയാൻ ഉള്ളൂ”,ഉറച്ച ശബ്ദത്തിൽ ലെച്ചു പറഞ്ഞത് കേട്ട് അർജുൻ ഒന്നും മിണ്ടിയില്ല.

പക്ഷെ പലപ്പോഴും പ്രിയയുടെ ഭാഗത്തു നിന്നും പലപ്പോഴും ഉണ്ടായ പെരുമാറ്റങ്ങൾ അർജുന്റെ മനസിലേക്ക് ഓടി എത്തി.മനസ്സ് ആകെ അസ്വസ്ഥമാകുന്നത് അർജുൻ അപ്പോൾ തന്നെ അറിഞ്ഞു. ഒരാഴ്ച പെട്ടെന്ന് തന്നെ കടന്നു പോയി.അതിനിടയിൽ ലെച്ചുവിന്റെ സ്കൂട്ടി വന്നു.ഒരാഴ്ച കൊണ്ട് തന്നെ ലെച്ചു നല്ലത് പോലെ വണ്ടി ഓടിക്കാൻ പഠിച്ചു. വെള്ളിയാഴ്ച വൈകിട്ടു ഇന്ദു അമ്മ അടുക്കളയിൽ അത്താഴത്തിനുള്ള പണി നോക്കുമ്പോൾ ആണ് ലെച്ചു അങ്ങോട്ട് ചെന്നത്. “അമ്മേ,നമുക്ക് നാളെ അച്ഛമ്മയെ കാണാൻ പോകാം.അമ്മ ഇന്നലെ കൂടി പറഞ്ഞതല്ലേ ഉള്ളൂ അവിടെ പോകാൻ കൊതി ആയി എന്ന്”,സ്ലാബിൽ കയറി ഇരുന്ന് ലെച്ചു പറഞ്ഞത് കേട്ട് എന്തോ വിചിത്രം ആയ കാര്യം കേട്ടത് പോലെ ഇന്ദു അമ്മ അവളെ നോക്കി.

“ഒന്ന് പോ കുട്ടി,അതൊന്നും നടക്കില്ല.അമ്മക്ക് അതൊന്നും ഇഷ്ടം അല്ല”,ഇന്ദു അമ്മ പറഞ്ഞത് കേട്ട് ലെച്ചു ഒന്ന് ചിരിച്ചു. “അമ്മമ്മയെ സമ്മതിപ്പിക്കാൻ ഉള്ള വഴി ഒക്കെ എന്റെ കൈയിൽ ഉണ്ട്”,കള്ള ചിരിയോടെ ലെച്ചു പറഞ്ഞത് കേട്ട് ഇന്ദു അമ്മയുടെ കണ്ണുകൾ വിടർന്നു. “അവിടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവം നടക്കുവല്ലേ,അമ്മമ്മയുടെ പേരിൽ സ്പെഷ്യൽ പൂജ നേർന്നിട്ടുണ്ട് എന്ന് പറ അമ്മ,അമ്മമ്മ സമ്മതിക്കും”,ലെച്ചു പറഞ്ഞത് കേട്ട് പെട്ടെന്ന് തന്നെ ഇന്ദു അമ്മയുടെ മുഖം മങ്ങി. “അയ്യോ മോളെ,അമ്മയോട് കള്ളം പറയാൻ ഒന്നും പറ്റില്ല.അതും ഇങ്ങനെ ഉള്ള കാര്യം എല്ലാം”,നിരാശയോടെ അമ്മ പറഞ്ഞത് കേട്ട് ലെച്ചു കൈയിൽ കരുതിയ ഒരു പേപ്പർ അമ്മക്ക് കൊടുത്തു. “ഏഹ്,പൂജയുടെ റെസീപ്റ്റ്.

ഇത് മോള് എങ്ങനെ ഒപ്പിച്ചു.”, അത്ഭുതത്തോടെ ഇന്ദു അമ്മ ചോദിച്ചത് കേട്ട് ലെച്ചു അവരെ നോക്കി കണ്ണീറുക്കി. “അമ്മ കുട്ടി തത്കാലം അപ്പം തിന്നാൽ മതി.വേഗം ചെന്നു അമ്മമ്മയോട് ചോദിച്ചു വാ “, അവൾ ഇന്ദു അമ്മയെ അമ്മമ്മയുടെ അടുത്തേക്ക് തള്ളി വിട്ട് കൊണ്ട് പറഞ്ഞു. ഉത്സാഹത്തോടെ ഓടി അമ്മമ്മയുടെ അടുത്തേക്ക് പോകുന്ന അമ്മയെ കണ്ടു അവൾക്ക് സന്തോഷം തോന്നി.താൻ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങളുടെ ആദ്യ പടിയാണ് നാളെ ഉള്ള യാത്ര എന്ന് അവൾ ഓർത്തു.

അതു നല്ലത് പോലെ വരാൻ ലെച്ചു ഒരുനിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു. ഇന്ദു അമ്മയുടെ സ്വപ്നങ്ങൾ കുറിച്ചിട്ട മനസ്സിൽ പുതിയതായി രൂപം കൊണ്ട ഒരു പാവം കുട്ടിയുടെ ഓർമ്മകൾ ആലോചിച്ചു ലെച്ചു അവളുടെ പണിയിലേക്ക് തിരിഞ്ഞു. ഇതേ സമയം അശ്വതിയും പ്രിയയും മനുവും ലെച്ചുവിനും അർജുനും എതിരെ ഒന്നിച്ചു ചേർന്നത് ആരും തന്നെ അറിഞ്ഞില്ല.

എന്ന് സ്വന്തം ലക്ഷ്മി ❣️

ലയനം : ഭാഗം 7