Saturday, January 18, 2025
Novel

ലയനം : ഭാഗം 6

എഴുത്തുകാരി: ദുർഗ ലക്ഷ്മി

ലെച്ചു റൂമിൽ എത്തിയപ്പോൾ അർജുൻ ലാപ്പിൽ എന്തോ ചെയ്യുകയായിരുന്നു.ഒന്നും മിണ്ടിയില്ല എങ്കിലും ലാപ്പിലെ കീ കുത്തി പൊട്ടിച്ചു കൊണ്ട് അവൻ അവളോടുള്ള ദേഷ്യം പ്രകടിപ്പിച്ചു. അത് കണ്ട് സത്യത്തിൽ ലെച്ചുവിന് ചിരിയാണ് വന്നത്.അവൾ അതൊന്നും മൈൻഡ് ചെയ്യാതെ കുളിക്കാൻ ആയി പോയി.തിരികെ വന്നപ്പോൾ അർജുനെ റൂമിൽ കാണാതെ ലെച്ചു ഒന്ന് സംശയിച്ചു എങ്കിലും ഇന്ദു അമ്മയുടെ കാര്യം ഓർമ്മ വന്നപ്പോൾ അവനെ അന്വേഷിക്കാൻ നിൽക്കാതെ അവൾ വേഗം താഴേക്ക് ചെന്നു. ഇന്ദു അമ്മ അപ്പോഴും നല്ല ഉറക്കമായിരുന്നു.അച്ഛൻ ആവട്ടെ ബിസിനസ്‌ ആവിശ്യത്തിനായി ബാംഗ്ലൂർ പോയിരിക്കുകയാണ്.

കുറച്ചു സമയം കൂടെ അമ്മയുടെ അടുത്തിരുന്നപ്പോൾ ആണ് രാത്രിയിലേക്ക് ഉള്ള പണികൾ ഒന്നും ഒരുങ്ങിയിട്ടില്ല എന്ന കാര്യം അവൾ ഓർത്തത്.അഭി ഏട്ടനും ഏട്ടത്തിയും മോളും ഏട്ടത്തിയുടെ വീട്ടിലേക്ക് ഇന്നലെയാണ് പോയത്.ഇളയമ്മയെയും അമ്മായിയെയും പ്രിയയെയും അടുക്കളയിലേക്ക് പ്രതീക്ഷിച്ചിട്ട് ഒരു കാര്യവും ഇല്ല എന്ന് നേരത്തെ തന്നെ ലെച്ചു മനസിലാക്കിയിരുന്നു. അത് കൊണ്ട് അവൾ വേഗം തന്നെ അടുക്കളയിലേക്ക് നടന്നു.ഓഫീസിലെ ജോലിയുടെ ക്ഷീണം അവളെ തളർത്തി എങ്കിലും ഒരുവിധം ഭക്ഷണം റെഡി ആക്കി ലെച്ചു പിന്നെയും ഇന്ദു അമ്മയുടെ അടുത്തേക്ക് ചെന്നു.

അവൾ മുറിയിലേക്ക് ചെന്നപ്പോൾ തന്നെ ചെറുതായി ഉണർന്ന അമ്മ എന്തൊക്കെയോ പറയുന്നത് ലെച്ചു കേട്ടു.ഉടനെ അവൾ ഓടി അവരുടെ അടുത്ത് ചെന്നു.പെട്ടെന്ന് വന്ന അതി ശക്തമായ പനിയിൽ അടി മുടി വിറക്കുകയാണ് ഇന്ദു അമ്മ. പെട്ടെന്ന് എന്ത് ചെയ്യണം എന്ന് ലെച്ചുവിന് ഒരു പിടിയും കിട്ടിയില്ല.അർജുൻ വീട്ടിൽ ഇല്ല എന്ന കാര്യം അതിനോടകം തന്നെ അവൾക്ക് മനസ്സിലായിരുന്നു.അനന്തുവും വീട്ടിൽ എത്തിയിരുന്നില്ല.എങ്കിലും അമ്മയുടെ അവസ്ഥ കണ്ടപ്പോൾ ഉണ്ടായ അമിത ടെൻഷൻ അടക്കി ലെച്ചു വേഗം അമ്മമ്മയെ വിളിക്കാൻ ആയി ചെന്നു. അമ്മമ്മയുടെ മുറിയിലേക്ക് ദൃതിയിൽ ചെന്ന ലെച്ചുവിനെ അമ്മമ്മ വാതിൽ പടിയിൽ വെച്ച് തന്നെ തടഞ്ഞു.”ഉം, എങ്ങോട്ടാ.ഭക്ഷണം ആയാൽ അവിടെ വെച്ചാൽ മതി.

ഞാൻ വന്നോളും “,രാമായണം വായിച്ചു കൊണ്ടിരിക്കെ അവൾ കയറി ചെന്നതിൽ ഉള്ള അമർഷം കാണിച്ചു കൊണ്ട് അമ്മമ്മ പറഞ്ഞു. “അമ്മക്ക് നല്ല പനിയാണ്.അഭി ഏട്ടനും അച്ചു ഏട്ടനും അനന്തുവും ആരും ഇല്ല ഇവിടെ.അമ്മമ്മ ഒന്ന് വരുമോ”,വളരെ വിനയപൂർവം ലെച്ചു വാതിൽക്കൽ നിന്ന് കൊണ്ട് അമ്മമ്മയോട് ചോദിച്ചു. വഴക്ക് പറയും എന്ന് വിചാരിച്ചു എങ്കിലും ലെച്ചു കാര്യം പറഞ്ഞ ഉടനെ തന്നെ അമ്മമ്മ അവളുടെ കൂടെ ചെന്നു. കിടക്കയിൽ കിടന്ന് പനിച്ചു വിറയ്ക്കുന്ന ഇന്ദു അമ്മയെ കണ്ട് അമ്മമ്മയും ലെച്ചുവും പരസ്പരം നോക്കി.മകളുടെ അവസ്ഥ കണ്ട് ആ അമ്മ ഹൃദയം പിടക്കുന്നത് ലെച്ചു അടുത്തറിഞ്ഞു. അമ്മമ്മ മുറിയിലേക്ക് കയറിയത് കണ്ട് ലെച്ചു വേഗം അടുക്കളയിലേക്ക് ചെന്നു.പനിക്കൂർക്കൽ പൊട്ടിച്ചെടുത്ത് പെട്ടെന്ന് തന്നെ അതിന്റെ നീരിൽ മരുന്ന് ഉണ്ടാക്കി തിരികെ വന്നു.

അപ്പോഴേക്കും അമ്മമ്മ ഇന്ദു അമ്മയുടെ നെറ്റിയിൽ നനഞ്ഞ തുണി ഇട്ട് കൊടുക്കാൻ തുടങ്ങിയിരുന്നു.ലെച്ചു എങ്ങനെയൊക്കെയോ ഇന്ദു അമ്മയെ എഴുന്നേൽപ്പിച്ചു മരുന്ന് കൊടുത്തു കിടത്തി.അമ്മമ്മയും അതിന് അവളെ സഹായിച്ചു. കുറച്ചു സമയം കൊണ്ട് തന്നെ ഇന്ദു അമ്മ ശാന്തയായി ഉറങ്ങിയത് കണ്ടു അവർ രണ്ട് പേരും ആശ്വസിച്ചു.ഒരേ മുറിയിൽ അടുത്തടുത്തു തന്നെ ഇരുന്നു എങ്കിലും അമ്മമ്മ ലെച്ചുവിനെ ഒന്ന് നോക്കിയതു പോലും ഇല്ല. ലെച്ചുവിന് അമ്മമ്മയോട് സംസാരിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും അവൾക്ക് അതിന് നല്ല പേടി തോന്നി.സമയം കഴിഞ്ഞ് പോകവേ അനന്തു ഒഴികെ മറ്റൊരാളും ഇന്ദു അമ്മയെ അന്വേഷിച്ചു ആ മുറിയിലേക്ക് വന്നില്ല എന്ന് കണ്ട് ലെച്ചു ശരിക്കും അത്ഭുതപ്പെട്ടു.

“രാത്രിയിൽ ഭക്ഷണത്തിന് ശേഷം കഴിക്കാനുള്ള മരുന്നുകൾ ഇല്ലേ അമ്മമ്മക്ക്…ഇപ്പോൾ തന്നെ നേരം വൈകി “,കിടക്കാൻ ഉള്ള നേരം ആയിട്ടും ഇന്ദു അമ്മയെ തന്നെ നോക്കിയിരിക്കുന്ന അമ്മമ്മയോട് മടിച്ചു മടിച്ചു ലെച്ചു പറഞ്ഞു. അത് കേട്ടപ്പോൾ ആണ് അവർക്കും ആ കാര്യം ഓർമ വന്നത്.അമ്മമ്മ എഴുന്നേറ്റു പുറത്തേക്ക് നടന്ന ഉടനെ തന്നെ ലെച്ചുവും പുറകെ എഴുന്നേറ്റത് കണ്ട് അമ്മമ്മ ഉടനെ അവളെ തടഞ്ഞു. “ഞാൻ പ്രിയ മോളെ വിളിച്ചോളാം ഭക്ഷണം എടുത്തു തരാൻ.എന്നെ നോക്കി ഇരിക്കുന്നുണ്ടാവും അവർ .നീ ഇപ്പോൾ വരേണ്ട, ഇന്ദുവിന്റെ അടുത്ത് ആരെങ്കിലും വേണ്ടേ… “,ലെച്ചുവിനെ ആദ്യം കണ്ടപ്പോൾ ഉണ്ടായ അതെ പുച്ഛത്തോടെ അമ്മമ്മ പറയുന്നത് കേട്ട് ഒരുനിമിഷം അവൾ വല്ലാതെയായി.

“പ്രിയയും ബാക്കി എല്ലാരും നേരത്തെ തന്നെ കഴിച്ചു.അവർ കിടന്നു എന്നാ തോന്നുന്നേ”,ലെച്ചുവിന്റെ മുഖത്തെ ഭാവം കണ്ട് വിജയിച്ച ഭാവത്തിൽ തിരികെ നടന്ന അമ്മമ്മയോട് ലെച്ചു വളരെ പതുക്കെയാണ് അത് പറഞ്ഞത്. അത് കേട്ട് അമ്മമ്മ ശരിക്കും ഞെട്ടി.തന്നെ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ എല്ലാവരും ഭക്ഷണം കഴിച്ചു എന്നത് അവർക്ക് ശരിക്കും ഒരു ഷോക്ക് ആയിരുന്നു.എന്താ പറയേണ്ടത് എന്ന് പെട്ടെന്ന് അവർക്ക് മനസിലായില്ല എങ്കിലും മനസിലെ സങ്കടം പെട്ടെന്ന് തന്നെ അടക്കി അമ്മമ്മ സമനില വീണ്ടെടുത്തു. “എല്ലാരും കഴിച്ചു കിടന്നെങ്കിൽ ഞാൻ ഒറ്റക്ക് എടുത്തു കഴിച്ചോളും.എന്റെ കൈക്ക് ഒരു കുഴപ്പവും ഇല്ല.ആരെയും കണ്ടിട്ടല്ല ഈ സരസ്വതി ജീവിക്കാൻ തുടങ്ങിയത്.

അത്ര പെട്ടെന്ന് ഒന്നും എന്നെ വയസത്തി ആക്കാൻ ആരും നോക്കേണ്ട”, തിരിഞ്ഞു നോക്കാതെ തന്നെ ലെച്ചുവിനോട് എന്തൊക്കെയോ പറഞ്ഞു അമ്മമ്മ പോകുമ്പോൾ സത്യത്തിൽ അവൾക് അവരോട് സഹതാപം തോന്നി. സ്നേഹത്തിന്റെയോ ബഹുമാനത്തിന്റെയോ പേരിൽ അല്ല ഇത്രയും നാൾ എല്ലാവരും അവരെ അനുസരിച്ചത് എന്ന് ഇനിയെങ്കിലും അമ്മമ്മക്ക് മനസിലായാൽ മതിയായിരുന്നു എന്ന് ലെച്ചു അപ്പോൾ ചിന്തിച്ചു. പ്രത്യേകിച്ച് ഒന്നും കഴിച്ചില്ല എങ്കിലും എന്തോ ലെച്ചുവിന് വിശപ്പ് തോന്നിയില്ല അന്ന്.എല്ലാം താൻ കാരണം ആണല്ലോ എന്ന ചിന്ത അവളുടെ മനസിനെ കൊത്തി മുറിവേൽപ്പിക്കാൻ തുടങ്ങിയിരുന്നു അപ്പോൾ.ആലോചിച്ചാലോചിച്ചു വലിയ സങ്കടം തോന്നിയപ്പോൾ ലെച്ചു ഇന്ദു അമ്മയെ പറ്റിച്ചേർന്നു കിടന്നു.

അന്നത്തെ വർക്കിന്റെ ക്ഷീണത്തിൽ അവൾ അറിയാതെ തന്നെ പെട്ടെന്ന് ഉറങ്ങി പോയി. പിന്നെ കണ്ണ് തുറക്കുമ്പോൾ നേരം വെളുത്തിരുന്നു. ജനലിലൂടെ മുഖത്തു വീണ വെളിച്ചത്തിൽ പെട്ടെന്ന് അവൾക്ക് ഒന്നും മനസിലായില്ല.കുറച്ചു സമയം എടുത്താണ് അവൾക്ക് ഇന്നലെ നടന്നതെല്ലാം ഓർമ വന്നത്. അപ്പോൾ തന്നെ അവൾ അടുത്ത് കിടന്ന ഇന്ദു അമ്മയെ നോക്കി എങ്കിലും അവിടം കാലി ആയിരുന്നു.ഉടനെ തന്നെ ലെച്ചു ഓടി അടുക്കളയിലേക്ക് ചെന്നു.അവിടെ എത്താൻ ആവുന്നതിന് മുന്നേ അവൾ ഇന്ദു അമ്മയെ കണ്ടു. “അമ്മ നേരത്തെ എഴുന്നേറ്റോ…പനി കുറഞ്ഞോ “, ലെച്ചു ഓടി ചെന്നു അമ്മയുടെ നെറ്റിയിൽ തൊട്ട് നോക്കികൊണ്ട്‌ ചോദിച്ചു. “ഓഹ് അതൊക്കെ എപ്പോഴേ മാറി മോളെ.വേഗം ചെന്നു കുളിച്ചു ഡ്രസ്സ്‌ മാറി വാ.ഇന്ന് ലേറ്റ് ആയി മോള്.

ക്ഷീണം ഉണ്ട് എന്ന് തോന്നിയത് കൊണ്ടാ അമ്മ എഴുന്നേറ്റപ്പോൾ വിളിക്കാതെ ഇരുന്നേ.പിന്നെ അച്ചുനെയും വിളിച്ചോ ട്ടോ.ആളുടെയും അനക്കം ഒന്നും ഇല്ല ” അമ്മ ചിരിയോടെ അവളോട് പറഞ്ഞു. സത്യത്തിൽ അപ്പോഴാണ് ലെച്ചു അർജുന്റെ കാര്യം ഓർത്തത്.അമ്മ തിരികെ പോയപ്പോൾ തന്നെ ലെച്ചു മുറിയിലേക്ക് പോകാതെ പുറത്തേക് ചെന്നു അവന്റെ കാർ ഉണ്ടോ അവിടെ എന്ന് നോക്കി. ലെച്ചു വിചാരിച്ചത് പോലെ തന്നെ അർജുൻ തിരിച്ചു വന്നിട്ടില്ല എന്ന് പെട്ടെന്ന് തന്നെ അവൾക് മനസിലായി.നോക്കി നിന്നിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കി അവൾ വേഗം തന്നെ റൂമിലേക്ക് നടന്നു. കുളി കഴിഞ്ഞു ഡ്രസ്സ്‌ ഒക്കെ മാറ്റി ബാഗും ആയി ഇറങ്ങാൻ തുടങ്ങിയപ്പോൾ ലെച്ചു അർജുനെ ഒന്ന് വിളിച്ചു നോക്കി.സ്വിച്ചോഫ് എന്ന് കേട്ട് ഇന്ദു അമ്മയോട് അവൻ പോയ കാര്യം ഇങ്ങനെ പറയും എന്ന ടെൻഷനിൽ ലെച്ചു താഴേക്ക് നടന്നു.

അടുക്കളയിൽ ഇരുന്നു തന്നെ ഇന്ദു അമ്മ കൊടുത്ത ദോശ കഴിക്കുമ്പോഴും ലെച്ചു ആശങ്കയിൽ തന്നെ ആയിരുന്നു.എങ്കിലും ഇന്നലത്തെ സംഭവത്തിന്റെ യാതൊരു സങ്കടവും അമ്മക്ക് ഇല്ല എന്നത് ലെച്ചുവിന് ആശ്വാസം നൽകി. “അമ്മേ,അച്ചു ഏട്ടൻ ഇന്നലെ രാത്രി പോയതാ ഇവിടെ നിന്ന്.ഇതു വരെ തിരിച്ചു വന്നിട്ടില്ല.പിണങ്ങി പോയതാണ് എന്നാ തോന്നുന്നേ “, ഓഫീസിലേക്ക് ഇറങ്ങാൻ നേരം ലെച്ചു മടിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു.അത് കണ്ടു ഇന്ദു അമ്മയുടെ മുഖം പെട്ടെന്ന് ഇരുണ്ടു എങ്കിലും അവർ ലെച്ചുവിനെ ചേർത്ത് പിടിച്ചു. “അതിന് മോള് വിഷമിക്കേണ്ട.ദേഷ്യം വന്നാൽ പിന്നെ അങ്ങനെയാ അവൻ.ജിഷ്ണുവിന്റെ അടുത്തുണ്ടാവും മിക്കവാറും.അതും അല്ലെങ്കിൽ അവൻ ഇഷ്ടപ്പെട്ടു വാങ്ങിയ ഒരു വീട് ഉണ്ട് ഓഫീസിനടുത്ത്.

അവിടെ ഉണ്ടാവും.ഏതായാലും അവൻ ഓഫീസിൽ വരാതെ ഇരിക്കില്ല.അവനെ കണ്ട് കഴിഞ്ഞ് അമ്മയെ ഒന്ന് വിളിക്കണം ട്ടോ മോള് “, ഇന്ദു അമ്മ പറഞ്ഞത് കേട്ട് അവൾക്കും ആശ്വാസം തോന്നി.അർജുനെ കണ്ട ഉടനെ തന്നെ വിളിക്കാം എന്ന ഉറപ്പിൽ അവൾ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.തലേന്നുള്ള അതെ കഷ്ടപ്പാടിൽ തന്നെ ആണ് അന്നും ലെച്ചു ഓഫീസിൽ എത്തിയത് ബാഗ് സീറ്റിൽ വെച്ച ഉടനെ തന്നെ അവൾ അർജുനെ കാണാൻ ആയി ചെന്നു.ഒരുപക്ഷെ അവൻ ഓഫീസിൽ വന്നിട്ടില്ല എങ്കിൽ എന്ത് ചെയ്യും എന്ന് ആലോചിച്ചു അവൾ ആശങ്കപ്പെട്ടു എങ്കിലും ചെന്നപ്പോൾ തന്നെ അർജുനെ അവൾ കണ്ടു. അവൾ റൂമിലേക്ക് കയറി എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ അവൻ ഒരു കെട്ട് ഫയലുകൾ അവളുടെ കൈയിലെക്ക് കൊടുത്തു.പിന്നെ ലാപ്പിലേക്ക് മുഖം താഴ്ത്തി.

എന്തെങ്കിലും ചോദിച്ചാൽ ഒരു പൊട്ടിതെറി ഉണ്ടാവും എന്ന് അറിയുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ലെച്ചു ഫയലുകളുമായി പോയി. അന്ന് മുഴുവൻ എടുത്താലും തീരാത്ത അത്രയും പണി ഉണ്ടായിരുന്നു എങ്കിലും അതിനിടയിലും അർജുനെ കാണാൻ ലെച്ചു ശ്രമിച്ചു.എന്നാൽ അർജുൻ ആവട്ടെ അവളെ കണ്ടാൽ ഉടനെ ഒന്നെങ്കിൽ എന്തെങ്കിലും തിരക്ക് അഭിനയിക്കും ഇല്ലെങ്കിൽ ആരോടെങ്കിലും സംസാരിക്കാൻ പോകും. അവളെ കൊണ്ട് സംസാരിപ്പിക്കാതെ ഇരിക്കാൻ ഉള്ള അവന്റെ അടവ് ആണ് അതെല്ലാം എന്ന് ലെച്ചുവിന് മനസിലായി.പക്ഷെ തോറ്റ് പിന്മാറാൻ ഒരുക്കം അല്ലാത്ത പോലെ എന്ത് ചെയ്യാം എന്ന് ആലോചിച്ചു ലെച്ചു ഇരിക്കുമ്പോൾ ആണ് അഞ്ചു ഓടി അവളുടെ അടുത്ത് വന്നത്.

അഞ്ചുവിന്റെ മുഖം കണ്ടപ്പോൾ തന്നെ ലെച്ചുവിന് എന്തോ പ്രശ്നം ഉണ്ട് എന്ന് മനസിലായി “എന്താ അഞ്ചു… നീ എന്തിനാ ഓടിയത്,എന്തെങ്കിലും പ്രശ്നം ഉണ്ടോ”, ലെച്ചു ചോദിച്ചു. “കുഞ്ഞി, മനു അതാ അവിടെ അജു ഏട്ടനും ആയി സംസാരിച്ചു നില്കുന്നു.കണ്ടിട്ട് അയാൾക്ക് ഇവിടെ ജോലി കിട്ടി എന്നാ തോന്നുന്നേ”, ശ്വാസം എടുക്കാൻ പോലും നില്കാതെ അഞ്ചു പറഞ്ഞത് കേട്ട് ലെച്ചു വിറച്ചു. പഴയ പല ഓർമകളും അവളുടെ ഉള്ളിൽ തെളിഞ്ഞു വരാൻ തുടങ്ങി.അത് മനസിലാക്കി അഞ്ചു അവളെ ചേർത്ത് പിടിച്ചു.പക്ഷെ സാധാരണയായി അഞ്ചു ലെച്ചുവിന് കൊടുക്കുന്ന ധൈര്യം ആ പിടുത്തത്തിൽ ഇല്ലായിരുന്നു.അപ്പോൾ തന്നെ ലെച്ചു തളർന്നു സീറ്റിലേക്ക് ഇരുന്നു. “എന്ത് ചെയ്യും അഞ്ചു ഞാൻ.ഇവിടെയും അയാൾ ജീവിക്കാൻ സമ്മതിക്കില്ല എന്നാണ് തോന്നുന്നത്.”,ലെച്ചു കരഞ്ഞു കൊണ്ട് ചോദിക്കുന്നതിനു മറുപടി പറയാൻ അഞ്ചുവിന് ഒന്നും ഉണ്ടായിരുന്നില്ല.

“നമുക്ക് എല്ലാം അജു ഏട്ടനോട് പറഞ്ഞാലോ.”,അഞ്ചു പറഞ്ഞത് കേട്ട് ലെച്ചു ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. “സഹായിക്കാൻ മനസ്സ് ഉണ്ടെങ്കിലും ഇനി അത് ചെയ്യില്ല സാർ.അങ്ങനെ ഒരു പ്രശ്നം കൂടി ഉണ്ടായി ഇന്നലെ”, ലെച്ചു പറഞ്ഞത് കേട്ട് എല്ലാ വഴിയും അടഞ്ഞത് പോലെ അഞ്ചുവും അവൾക്ക് അരികിൽ ഇരുന്നു. അപ്പോഴേക്കും അർജുൻ ഒരാളെയും കൂട്ടികൊണ്ട് അങ്ങോട്ട് വന്നു.”സൊ ഗയ്‌സ്,ഇതു മനു മാധവ്.A. R.J സോഫ്റ്റ്‌ ടെക്കിലെ ന്യൂ മെമ്പർ ആണ്.ലെറ്റ്‌ വെൽക്കം ഹിം ടൂ ഔർ ജോയ്ഫുൾ ഫാമിലി”,എല്ലാവർക്കും മുന്നിൽ വന്നു നിന്ന് അർജുൻ പറഞ്ഞത് കേട്ട് സ്റ്റാഫ്‌ എല്ലാം കൈ അടിച്ചു. മനുവിന്റെ ചെറിയൊരു പരിചയപ്പെടൽ ഒക്കെ കഴിഞ്ഞപ്പോൾ അർജുൻ തിരികെ പോയി.മനു വന്നു അഞ്ചുവിന്റെ അടുത്തുള്ള സീറ്റിൽ ആണ് ഇരുന്നത്.

തൊട്ടടുത്ത സീറ്റിൽ ഇരുന്ന ലെച്ചുവിന്റെയും അഞ്ചുവിന്റെയും നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി എങ്കിലും മനു അവരെ ശ്രദ്ധിക്കാതെ വർക്കിലേക്ക് തിരിഞ്ഞു. അത് കണ്ട് ആശ്വാസത്തോടെ ലെച്ചുവും അഞ്ചുവും അവരുടെ വർക്കിലെക്ക് കടന്നു എങ്കിലും ഏതു നിമിഷവും ഉണ്ടായേക്കാവുന്ന അക്രമണം മുന്നിൽ കണ്ടാണ് ലെച്ചു ഇരുന്നത്. ജിഷ്ണു അന്ന് ഉച്ചക്ക് ആണ് ഓഫീസിൽ വന്നത്.അവനെ കണ്ട ഉടനെ അഞ്ചു മനുവിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ അവന്റെ മുഖം വലിഞ്ഞു മുറുകി.ആ ദേഷ്യത്തോടെ ജിഷ്ണു അർജുന്റെ ക്യാബിനിലേക്ക് തള്ളി കേറി ചെന്നു. “ഹോ, ഞാൻ പേടിച്ചു പോയല്ലോ…എന്ത് വരവായിത്”,അർജുൻ നെഞ്ചിൽ കൈ വെച്ച് കൊണ്ട് ജിഷ്ണുവിനോട് ചോദിച്ചു. “ടാ,നീ എന്ത് ധൈര്യത്തിൽ ആണ് മനുവിനെ പോലെ ഒരുത്തനെ ഇവിടെ ജോലിക്ക് എടുത്തത്.

അവന്റെ സ്വഭാവം ഞാൻ പറഞ്ഞു തരേണ്ടല്ലോ നിനക്ക്”,ജിഷ്ണു ദേഷ്യപ്പെട്ടു കൊണ്ട് അവനോട് ചോദിച്ചു. “അതൊക്കെ പണ്ട് അല്ലേ.കോളേജിൽ പഠിക്കുന്ന കാലം എല്ലാർക്കും കുറച്ച് കുരുത്തക്കേട് ഒക്കെ ഉണ്ടാവും എന്ന് വെച്ച്.ഇപ്പോൾ അങ്ങനെ ഒന്നും അല്ലേടാ അവൻ “, അർജുൻ പറഞ്ഞത് കേട്ട് ജിഷ്ണുവിന്റെ ദേഷ്യം പിന്നെയും കൂടി. “പെൺകുട്ടികളെ പ്രേമം കാണിച്ചും ബലം പ്രയോഗിച്ചും ഒക്കെ നശിപ്പിക്കുന്നതാണോ നീ പറഞ്ഞ കുരുത്തക്കേട്?ഈ അടുത്ത് കൂടി ഏതോ കുട്ടിയെ അപമാനിച്ചതിന് പോലീസ് കേസ് ഉണ്ടായിരുന്നു അവന്റെ പേരിൽ.നീ ഇതൊക്കെ അറിഞ്ഞു വെച്ച് തന്നെ ആണോ അവനെ എടുത്തത്”,ജിഷ്ണു പറഞ്ഞത് കേട്ട് അർജുൻ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി. “സത്യം ആടാ,അത്രയും വൃത്തികെട്ടവൻ ആണ് അവൻ.

പിന്നെ വേറെ ഒരുകാര്യം കൂടി ഉണ്ട്”,അർജുന് കാര്യം മനസ്സിലാവാൻ തുടങ്ങി എന്ന് മനസിലാക്കി ജിഷ്ണു ചെയറിൽ ഇരുന്നു. “എന്ത് കാര്യം “,അർജുൻ ചെയറിൽ ചാരി ഇരുന്നു സംശയത്തോടെ ചോദിച്ചു. “അവൻ ആഗ്രഹിച്ചു ഇത് വരെ കിട്ടാത്ത ഒരു പെണ്ണെ ഈ ലോകത്തുള്ളൂ.വസുധ ലക്ഷ്മി,നമ്മുടെ ലക്ഷ്മി”, ജിഷ്ണു പറഞ്ഞത് കേട്ട് അർജുൻ ശരിക്കും ഞെട്ടി.”ഏഹ്,നീ എന്തൊക്കെയാ ഈ പറയുന്നേ.തെളിച്ചു പറ”, ഒന്നും മനസിലാവാതെ അർജുൻ ജിഷ്ണുവിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് പറഞ്ഞു. “ലെച്ചുവും അഞ്ജുവും ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ നമ്മൾ 4th ഇയർ ആണല്ലോ.അവൾ കോളേജിൽ എത്തിയ അന്ന് മുതൽ മനു ലെച്ചുവിന്റെ പുറകെയായിരുന്നു.ആദ്യം ഒക്കെ മാന്യമായ് ആയിരുന്നു എങ്കിൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ ഭീഷണിയുടെ സ്വരത്തിൽ അവൻ അവളെ പിന്തുടരാൻ തുടങ്ങി.അവനെ പേടിച്ചു ലെച്ചുവിന് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി.

ആ സമയം ആണ് അഞ്ചുനെ ഞാൻ സെറ്റ് ആക്കി എടുക്കുന്നത്.അതിൽ പിന്നെ എന്നെ പേടിച്ചു കുറെയൊക്കെ ശല്യം ഒഴിഞ്ഞു.എന്നിട്ടും പുറത്ത് വെച്ച് അവന്റെ ശല്യം തുടർന്ന് കൊണ്ടേ ഇരുന്നു.പെട്ടെന്ന് ഒരു ദിവസം അവനെ കാണാതെയായി.അതിന് ശേഷം ഇന്ന് ആണ് മനു ലെച്ചുവിന് മുന്നിൽ വരുന്നത്.” ജിഷ്ണു പറഞ്ഞത് കേട്ട് അർജുൻ ചിന്താ കുഴപ്പത്തിൽ ആയി.”ഇത്രയും കാലം കഴിഞ്ഞുള്ള അവന്റെ ഈ വരവ് വെറുതെ ആവില്ല എന്ന് മനസ്സ് പറയുന്നേടാ.ഇനി അങ്ങനെ ഒന്നും ഇല്ലെങ്കിൽ തന്നെ ലെച്ചു വളരെ പേടിച്ചിരിക്കുകയാണ് അവനെ കണ്ട്.ഭാര്യ എന്ന പരിഗണന ഒന്നും കൊടുത്തില്ല എങ്കിലും ഒരു പെൺകുട്ടി എന്ന നിലക്ക് എങ്കിലും അവളുടെ അവസ്ഥ മനസിലാക്കി മനുവിനെ പറഞ്ഞ് വിടണം അജു”,അർജുൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് ജിഷ്ണു വീണ്ടും പറഞ്ഞു.

“എനിക്ക് മനസിലായി നീ പറഞ്ഞു വന്നത്.ബട്ട്‌ വേറെ ഒരു പ്രശ്നം ഉണ്ട്.ഡോക്യുമെന്റ് ഒക്കെ സൈൻ ചെയ്ത് കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് അവനെ പറഞ്ഞു വിടാൻ പറ്റില്ല എന്ന് നിനക്ക് തന്നെ അറിയാലോ.ലീഗലായി അവൻ മൂവ് ചെയ്താൽ നമുക്ക് ആണ് പ്രശ്നം.തത്കാലം അവളോട് ഒന്ന് സൂക്ഷിക്കാൻ പറ.പിന്നെ മനുവിന്റെ മേലെ ഒരു കണ്ണ് ഞാനും വെച്ചോളാം”, അർജുൻ പറഞ്ഞതിൽ പൂർണ തൃപ്തി ഇല്ലെങ്കിലും അതല്ലാതെ വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല.ജിഷ്ണു ചെന്നു അർജുൻ പറഞ്ഞത് എല്ലാം ലെച്ചുവിനോടും അഞ്ചുവിനോടും പറയുമ്പോൾ അർജുന് കാര്യങ്ങൾ മനസ്സിലാവൂക എങ്കിലും ചെയ്തല്ലോ എന്നാണ് ലെച്ചു ആലോചിച്ചത്.അല്ലാതെ അവന്റെ ഭാഗത്തു നിന്ന് ഒരു സഹായവും അവൾ പ്രതീക്ഷിച്ചില്ല ആ ടെൻഷനിൽ ലെച്ചു നിൽക്കുന്ന നേരം ആണ് അർജുൻ ബാഗും ആയി ഇറങ്ങുന്നത് അവൾ കണ്ടത്.

അവന്റെ പോക്ക് കണ്ടപ്പോൾ തന്നെ ഇന്നും വീട്ടിലേക്ക് ഇല്ല എന്ന് അവൾക്ക് മനസിലായി.പുറകെ ഓടി ചെന്നു സംസാരിക്കാൻ അവൾ നോക്കി എങ്കിലും അപ്പോഴേക്കും അവൻ കാറും എടുത്തു പോയിരുന്നു. നിരാശയോടെ തിരിച്ചു വന്നു ലെച്ചുവും ബാഗും ആയി ഇറങ്ങി.പതിവ് പോലെ അവളെ നോക്കി ഇന്ദു അമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. “അച്ചു ഏട്ടൻ ഇന്നും അങ്ങോട്ട് തന്നെ പോയി എന്നാ അമ്മേ തോന്നുന്നേ”,നിരാശയോടെ ഇന്ദു അമ്മയെ കെട്ടിപിടിച്ചു കൊണ്ട് ലെച്ചു പറഞ്ഞു. “അത് മോള് കാര്യം ആക്കേണ്ട.അച്ചൂന് ഇതു പതിവ് ഉള്ളതാ.പക്ഷെ ആദ്യം ആയി ആണ് എന്നോട് പിണങ്ങി അവൻ പോകുന്നത്.അതിന്റെ ഒരു വിഷമം മാത്രമേ ഉള്ളൂ എനിക്ക്”, ഒരു നെടുവീർപ്പോടെ അമ്മ പറഞ്ഞത് കേട്ട് ലെച്ചുവിന് വീണ്ടും സങ്കടം ആയി.

അത് മനസിലാക്കി ഇന്ദു അമ്മ വേറെ കുറെ കാര്യങ്ങൾ സംസാരിച്ചു അവളുടെ മനസ്സ് പതിയെ മാറ്റി എടുത്തു.അച്ഛൻ ബാംഗ്ലൂരിൽ നിന്ന് വന്നിട്ടില്ലാത്തത് കൊണ്ട് അന്നും ലെച്ചു ഇന്ദു അമ്മയുടെ കൂടെയാണ് കിടന്നത്. അമ്മയുടെ അടുത്ത് നിന്നും കഥകൾ കെട്ടുറങ്ങുന്ന കൊച്ചു കുഞ്ഞിനെ പോലെ ലെച്ചു ഇന്ദു അമ്മയെ പറ്റി ചേർന്ന് കിടന്നു.മനുവിനെ പറ്റിയും പ്രശ്നങ്ങളെ കുറിച്ചും അമ്മയോട് പറയാൻ അവൾ ആദ്യം കരുതി എങ്കിലും അത് കൊണ്ട് ഇന്ദു അമ്മ പേടിക്കും എന്ന് അല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ല എന്ന് തോന്നി ലെച്ചു ആ തീരുമാനം ഉപേക്ഷിച്ചു.എന്നാൽ നാളെ തന്നെ അർജുന്റെ പിണക്കം മാറ്റണം എന്ന് തീരുമാനിച്ചുറപ്പിച്ചു ലെച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.

——————— രാവിലെ സ്റ്റാഫ്‌ എത്തുന്നതിനു മുന്നേ മാത്രമേ അർജുനോട്‌ സംസാരിക്കാൻ പറ്റു എന്ന് ലെച്ചുവിന് മനസ്സിലായിരുന്നു.പക്ഷെ എത്ര ശ്രമിച്ചാലും കറക്റ്റ് ഓഫീസ് ടൈമിൽ മാത്രമേ അവൾക്ക് അവിടെ എത്താൻ പറ്റു എന്ന് മനസിലാക്കി അതി രാവിലെ തന്നെ ലെച്ചു അനന്തുവിനെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു. കോളേജിൽ പോകുന്നതിന് മുന്നേ ഓഫീസിൽ കൊണ്ട് വിടാൻ അവനോട് പറഞ്ഞു ശട്ടം കെട്ടി ലെച്ചു വേഗം ഒരുങ്ങി ഇറങ്ങി. ഭക്ഷണം പോലും കഴിക്കാതെ ഒരു ഗ്ലാസ്‌ ചായ മാത്രം കുടിച്ച് ഇന്ദു അമ്മയുടെ എതിർപ്പിനെ മറികടന്നു അവൾ അനന്തുവിന്റെ കൂടെ ഓഫീസിലേക്ക് പുറപ്പെട്ടു. അനന്തുവിനോട് ഒരു യാത്ര പോലും പറയാതെ ഓഫീസിൽ എത്തിയ ഉടനെ തന്നെ ലെച്ചു ബൈക്കിൽ നിന്ന് ഇറങ്ങി ഓടി.അവളുടെ ഓരോ നിമിഷവും വിലപ്പെട്ടത്താണ് എന്ന ഉത്തമ ബോധ്യം അവൾക്ക് ഉണ്ടായിരുന്നു.

അർജുൻ ഓഫീസിൽ എത്തിയിട്ടില്ല എന്ന് മനസിലാക്കിയപ്പോൾ മാത്രം ആണ് സത്യം പറഞ്ഞാൽ ലെച്ചുവിന് ശ്വാസം എടുക്കാൻ പറ്റിയത്.ആശ്വാസത്തോടെ അവൾ അർജുനെ കാത്ത് പുറത്തെ ചെയറിൽ ഇരുന്ന് വിശ്രമിക്കുമ്പോഴേക്കും അർജുൻ വന്നു. അതിരാവിലെ ലെച്ചുവിനെ അവിടെ കണ്ട് അവൻ അത്ഭുതപ്പെട്ടു എങ്കിലും കാര്യം മനസിലായത് പോലെ അവളെ ശ്രദ്ധിക്കാതെ അവൻ അകത്തേക്ക് കയറി.ഉടനെ തന്നെ ലെച്ചുവും അവന്റെ പുറകെ നടന്നു. “അർജുൻ സാർ,എനിക്ക് സംസാരിക്കണം. “,നേരെ കയറി വന്നു ലെച്ചു പറഞ്ഞു.”ഓഫീസ് കാര്യം ആണെങ്കിൽ പറഞ്ഞോ,വീട്ടുകാര്യം എന്തെങ്കിലും ആണെങ്കിൽ അതൊക്കെ സംസാരിക്കേണ്ട സ്ഥലം ഇതല്ല” അർജുൻ ലാപ് തുറന്നു കൊണ്ട് പറഞ്ഞു.

“സംസാരിക്കാൻ ഉള്ളത് വീട്ടുകാര്യം തന്നെയാ.പക്ഷെ വീട്ടിൽ വരാത്ത ആളോട് ഇത് വീട്ടിൽ വെച്ച അത് പറയുക”, കൈ കെട്ടി ലെച്ചു അത് പറഞ്ഞത് കേട്ട് അർജുൻ അവളെ ഒന്ന് നോക്കി. “നോക്ക് സാർ, ഞാൻ വഴക്ക് ഉണ്ടാക്കാൻ വന്നതല്ല.ഒരഞ്ചു മിനിറ്റ്.അത്രയേ വേണ്ടു.എന്നിട്ട് ഞാൻ പൊയ്ക്കൊള്ളാം”, ലെച്ചു അപേക്ഷ സ്വരത്തിൽ പറഞ്ഞത് കേട്ട് അർജുൻ ഒന്നും മിണ്ടിയില്ല.അത് ഒരു അവസരം ആക്കി എടുത്തു ലെച്ചു അവന്റെ മുന്നിൽ ഇരുന്നു. “ഇന്ദു അമ്മക്ക് പെൺകുട്ടി വേണം എന്ന് വലിയ ആഗ്രഹം ആയിരുന്നു എന്ന് സാറിന് അറിയില്ലേ.ഞാൻ വന്നപ്പോൾ ആ ആഗ്രഹം പതുക്കെ പൊടി തട്ടി പുറത്ത് വന്നതാ.പിന്നെ ഞാനും എന്റെ നില മറന്ന് പോയി.അങ്ങനെ സംഭവിച്ചതാണ് എല്ലാം.ആ വീട്ടിൽ ഉള്ള അത്രയും കാലം ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല.സാർ വീട്ടിലേക്ക് വരണം.

പ്ലീസ്….” ലെച്ചു പറഞ്ഞത് കേട്ട് അർജുൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി.”സാർ പോയതിന് പുറകെ അമ്മക്ക് അന്ന് പനി വന്നു.ഞാൻ എത്ര വിളിച്ചു എന്ന് അറിയുമോ അതൊന്ന് പറയാൻ.പനി മാറി എങ്കിലും സാറിനെ കാണാത്ത വിഷമം വളരെ ഉണ്ട് അമ്മക്ക്. ” ലെച്ചു വീണ്ടും പറഞ്ഞത് കേട്ട് അർജുൻ ഞെട്ടി. “പനിയോ,എന്നിട്ട് ഹോസ്പിറ്റലിൽ പോയോ.ഇപ്പോൾ ഇങ്ങനെയുണ്ട്”, പരിഭ്രമത്തോടെ അർജുൻ ചോദിച്ചത് കേട്ട് ലെച്ചു ഒന്ന് ചിരിച്ചു. “ആഹാ,ഒരു പനി വന്നു എന്ന് കേൾക്കുമ്പോൾ ടെൻഷൻ ആവുന്ന ആളാണോ അമ്മയോട് പിണങ്ങി ഇങ്ങനെ മാറി നില്കുന്നത്.ഇപ്പോൾ സാറിനെ കാണാത്ത പ്രശ്നം മാത്രമേ ഉള്ളൂ അമ്മക്ക്.അത് കൂടി ഇന്ന് വൈകുന്നേരം മാറ്റി കൊടുക്കണം.

പകരം സാറിനു എന്ത് വേണമെങ്കിലും ഞാൻ തരാം ” പറഞ്ഞു വന്ന കൂട്ടത്തിൽ ലെച്ചു അറിയാതെ അങ്ങനെ പറഞ്ഞത് കേട്ട് ആഗ്രഹിച്ച എന്തോ കിട്ടിയ സന്തോഷം അർജുന്റെ മുഖത്ത് തെളിഞ്ഞു. “എന്തും തരുമോ താൻ… “, ഗൗരവത്തിൽ അവൻ ചോദിച്ചത് കേട്ട് അബദ്ധം പറ്റി എന്ന് ഉറപ്പായി എങ്കിലും ലെച്ചു തലയാട്ടി. “എന്നാൽ ഇന്ന് മുതൽ എന്റെ പേർസണൽ അസിസ്റ്റന്റ് ആണ് താൻ.ഒരേ വീട്ടിൽ ആയത് കൊണ്ട് എന്റെ വർക്കിന്റെ കാര്യങ്ങൾ ഒക്കെ മൈന്റൈൻ ചെയ്യാൻ തനിക്ക് എളുപ്പം ആവും.തത്കാലം താൻ ഇതു ചെയ്യൂ.ബാക്കി ഞാൻ വഴിയേ പറയാം “, എന്തെങ്കിലും മുട്ടൻ പണി അർജുന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച ലെച്ചുവിന് ആശ്വാസം ആയിരുന്നു അവന്റെ വാക്കുകൾ.ലെച്ചു അവൻ രാജി ചോദിക്കുമോ എന്നായിരുന്നു പേടിച്ചത്.

ഓർത്താൽ ഒരുപാട് പണികൾ പതുങ്ങി ഇരിക്കുന്ന വഴി ആണെങ്കിലും മനുവിൽ നിന്ന് രക്ഷപ്പെടാൻ അതാണ് മികച്ച മാർഗം എന്ന് അവൾക്ക് തോന്നി. വൈകിട്ടു കുളി കഴിഞ്ഞ് താഴേക്ക് പോകാതെ ലെച്ചു റൂമിൽ തന്നെ ഇരുന്നു.7 മണിക്ക് റൂമിൽ ഉണ്ടാവണം എന്നാണ് അർജുന്റെ കല്പ്പന. ലാപും മറ്റും ആയി അവൾ റെഡിയായി ഇരിക്കുമ്പോൾ തന്നെ അർജുൻ റൂമിലേക്ക് വന്നു.അത് കണ്ട് ലെച്ചു വേഗം എഴുന്നേറ്റു നിന്നു. മാഷുമ്മാര് ക്ലാസ്സിൽ വരുമ്പോൾ എഴുന്നേറ്റു നില്കുന്നത് പോലെ പേടിച്ചു നിൽക്കുന്ന ലെച്ചുവിനെ കണ്ടു അവന് ചിരി വന്നു.അവളെ ഒന്ന് കളിയാക്കാൻ ആയി ലാപ്പിൽ നിന്നും കണ്ണെടുത്ത അർജുൻ മുന്നിൽ നിൽക്കുന്ന ലെച്ചുവിനെ കണ്ട് അത്ഭുതപ്പെട്ടു.

ഒരു ലോങ്ങ്‌ സ്കെർട്ടും ഷോർട് ടോപ്പും ആണ് അവളുടെ വേഷം.നീളം മുടി മുഴുവൻ ആയും വാരി എടുത്തു തലയുടെ ഉച്ചിയിൽ കെട്ടി വെച്ചിട്ടുണ്ട്.ചുരിദാറിലും സാരിയിലും അല്ലാതെ മറ്റൊരു വേഷത്തിൽ അർജുൻ ആദ്യം ആയി ആയിരുന്നു അവളെ കാണുന്നത്. ആ വേഷത്തിൽ ലെച്ചു വളരെ സുന്ദരി ആണ് എന്ന് അവന് തോന്നി.”സാർ…. “,അവളെ തന്നെ നോക്കി നിൽക്കുന്ന അർജുനെ കണ്ട് ലെച്ചു വിളിച്ചപ്പോൾ ആണ് അർജുന് ബോധം വന്നത്. നന്നായി ഒന്ന് ചമ്മി എങ്കിലും അത് പുറത്തു കാട്ടാതെ അവൻ ചെയ്യേണ്ട ജോലി എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു. ലെച്ചു ഉടനെ തന്നെ അവൻ ഏൽപ്പിച്ച ജോലികൾ എല്ലാം ചെയ്യാൻ തുടങ്ങി.അവനും ലാപ്പും മറ്റും തുറന്നു വെച്ചു എങ്കിലും ലെച്ചുവിനെ നോക്കാതെ ഇരിക്കാൻ എത്ര ശ്രമിച്ചിട്ടും അവന് പറ്റിയില്ല.

അവളുടെ കഴുത്തിൽ പറ്റി ചേർന്ന കണ്ണിൽ കാണാൻ പറ്റാത്ത മാല പോലും അവന് നോക്കി ഇരിക്കാൻ തോന്നി.എന്നാൽ പെട്ടെന്ന് തന്നെ എന്തോ ഓർത്തെന്ന പോലെ ലെച്ചുവിൽ നിന്നും കണ്ണുകൾ എടുത്തു അർജുൻ ജോലി തുടർന്നു. കുറച്ചു നേരം കൊണ്ട് തന്നെ പണി എല്ലാം തീർത്തു പോകാൻ ആയി ലെച്ചു എഴുന്നേറ്റു.”നാളെ രാവിലെ 9ന് ഓൺലൈൻ മീറ്റിംഗ് ഉണ്ട്.സൊ 8.30ക്ക് തന്നെ പോയി അതിനുള്ള കാര്യങ്ങൾ എല്ലാം ചെയ്യണം.ഞാൻ 9 മണിക്കേ എത്തുള്ളു “, പോകാൻ നേരം അർജുൻ പറഞ്ഞത് കേട്ട് ലെച്ചുവിന്റെ കിളി പറന്നു.”അയ്യോ വണ്ടി ഇല്ലാതെ ഞാൻ എങ്ങനെ എത്തും സാർ ആ സമയത്ത് ” അറിയാതെ തന്നെ ലെച്ചു അത് ചോദിക്കുമ്പോൾ ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ എന്ന ഭാവം ആയിരുന്നു അർജുനിൽ.”അതൊന്നും എനിക്ക് അറിയേണ്ട.

പറഞ്ഞ പണി ചെയ്യാൻ പറ്റില്ല എങ്കിൽ തനിക്ക് പോകാം., ഈ കമ്പനിയിൽ നിന്ന് തന്നെ “, ചെറിയൊരു പുഞ്ചിരിയുമായി അർജുൻ പറയുമ്പോൾ അവൻ പണി തുടങ്ങി എന്ന് ലെച്ചുവിനും മനസിലായി. അനന്തുവിനെ കണ്ടു നാളെയും കൂടി ഓഫീസിൽ കൊണ്ട് വിടണം എന്ന് പറഞ്ഞു ലെച്ചു അടുക്കളയിലേക്ക് നടക്കുബോൾ ചിലതെല്ലാം അവളും ആലോചിച്ചു തീരുമാനിച്ചിരുന്നു, വിട്ട് തരാൻ മനസില്ല എന്ന ഉറപ്പിച്ചു കൊണ്ട്

(തുടരും )—– കുറച്ചധികം കാര്യങ്ങൾ ഒറ്റ പാർട്ടിൽ എഴുതാൻ ഉള്ളത് കൊണ്ട് ആണ് ഇതിൽ കാര്യം ആയി ഒന്നും എഴുതാതെ ഇരുന്നത്.സമയത്തിന്റെ ഒരു പ്രശ്നം ഉണ്ട്.മുത്തു മണികൾ എല്ലാരും ക്ഷമിക്കണേ 💘

എന്ന് സ്വന്തം ലക്ഷ്മി ❣️

ലയനം : ഭാഗം 5