Tuesday, December 17, 2024
Novel

ലയനം : ഭാഗം 5

എഴുത്തുകാരി: ദുർഗ ലക്ഷ്മി

കിടക്കാൻ ആയി പോയ ലെച്ചു കതകിൽ ആരോ തട്ടുന്നത് കേട്ട് പെട്ടെന്ന് എഴുന്നേറ്റു വന്നു.വാതിൽ തുറന്ന ഉടനെ തന്നെ ഫോണിൽ നോക്കി ഒന്നും പറയാതെ തന്നെ അർജുൻ അകത്തേക്ക് കയറിയത് കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു. “സാർ ഇത് എങ്ങോട്ടാ…ഇതെന്റെ മുറിയാണ്.സാറിനു കിടക്കാൻ ഉള്ള മുറി അശ്വതി ചേച്ചി അവിടെ റെഡി ആക്കിയിട്ടുണ്ട് എന്ന് പറഞ്ഞല്ലോ”, അവൾ നിഷ്കളങ്കമായി പറഞ്ഞത് കേട്ട് അർജുൻ ദേഷ്യത്തോടെ അവളെ നോക്കി. “അശ്വതി ആരാ എന്റെ കാര്യങ്ങൾ നോക്കാൻ?

ഞാൻ കെട്ടിയത് നിന്നെയാണ്.അവളെയല്ല”,അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അറിയാതെ തന്നെ ചിരിച്ചു പോയി. അത് കണ്ട് അവന് കൂടുതൽ ദേഷ്യം വന്നു.ഒന്നും മിണ്ടാതെ അവൻ അപ്പോൾ തന്നെ പോയി കിടക്കുന്നത് കണ്ട് ലെച്ചു അമ്പരന്നു.കുറച്ചു സമയം ആലോചിച്ചു വാതിൽ അടക്കാൻ ആയി പോകുമ്പോൾ ആണ് വല്യമ്മയെയും അശ്വതിയെയും കുറച്ചു മാറി അവൾ കണ്ട്. നടന്നത് മുഴുവൻ ആയും മനസിലായില്ല എങ്കിലും നേരത്തെ നടന്നത് പോലെ എന്തോ പണി അവർക്ക് കൊടുത്തിട്ടാണ് അർജുൻ വന്നത് എന്ന് അവൾക്ക് മനസിലായി.

അവരെ ശ്രദ്ധിക്കാതെ ലെച്ചു വേഗം വാതിൽ അടച്ചു വന്നു.അർജുൻ ആവട്ടെ അവൾ അവിടെ ഉള്ളത് പോലും നോക്കാതെ ഫോണിൽ തന്നെയാണ്.അവസാനം ബെഡ്ഷീറ്റും തലയിണയും എടുത്തു അവൾ നിലത്ത് കിടന്നു.ലെച്ചു കിടന്നു എന്ന് മനസിലാക്കിയ ഉടനെ തന്നെ അർജുൻ ലൈറ്റ് ഓഫ്‌ ചെയ്തു. പിറ്റേന്ന് രാവിലെ പതിവ് പോലെ ലെച്ചു എഴുന്നേറ്റു കുളി കഴിഞ്ഞ് വന്നു അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ തന്നെ അർജുൻ എഴുന്നേറ്റു.”തത്കാലം ഇന്ന് നീ അടുക്കളയിൽ കയറേണ്ട.

നേരം കുറച്ചു കൂടി വെളുത്തിട്ട് നമുക്ക് വീട്ടിലേക്ക് പോകാം.ഭക്ഷണം ഒക്കെ അവിടെ ചെന്നിട്ട് കഴിക്കാം”,ബെഡിൽ ഇരുന്ന് കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു ഒന്നും മിണ്ടിയില്ല. വല്യച്ഛന്റെ കാര്യം അവൾ ആലോചിച്ചു എങ്കിലും അർജുൻ പറഞ്ഞത് പോലെ കേൾക്കാൻ ആണ് അപ്പോൾ ലെച്ചുവിന് തോന്നിയത്.പിന്നെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് അവളും ഫോണിൽ കളിച്ചു വെറുതെ ഇരുന്നു. 7 മണി പോലും ആവാൻ കാത്ത് നില്കാതെ കുറച്ചു വെളിച്ചം വന്നു എന്ന് കണ്ട ഉടനെ തന്നെ അർജുൻ അവളെയും കൂട്ടി പുറത്തേക്ക് നടന്നു.

വല്യച്ഛൻ രാവിലെ കുളി എല്ലാം കഴിഞ്ഞ് പൂജ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോൾ ആണ് മുന്നിൽ നിൽക്കുന്ന ലെച്ചുവിനെയും അർജുനെയും കണ്ടത്.അദ്ദേഹം എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ തന്നെ ഓഫീസിൽ തിരക്ക് ഉണ്ട് എന്ന് പറഞ്ഞു അർജുൻ ഇറങ്ങി. “വല്യച്ഛ,അച്ചു ഏട്ടൻ ഒന്നും ഉണ്ടാക്കാൻ സമ്മതിച്ചില്ല.പറയുന്നത് കേട്ടില്ലെങ്കിൽ ആൾക്ക് മുഷിച്ചിൽ ഉണ്ടായാലോ എന്ന് ഓർത്തു ഞാൻ ഒന്നും ചെയ്യാൻ പോയില്ല.

പക്ഷെ ഇന്നലെ ഉണ്ടാക്കിയ ചപ്പാത്തി കുറച്ചു ബാക്കി ഉണ്ട് ട്ടോ.പ്രാർഥന കഴിഞ്ഞാൽ ഞാൻ എടുത്തു തരാം.വല്യച്ഛൻ വാ…. “,അർജുൻ പോയെങ്കിലും ലെച്ചു അത് കാര്യം ആക്കാതെ അദ്ദേഹത്തോട് പറഞ്ഞു. “വേണ്ട മോളെ,അതൊക്കെ ഞാൻ തന്നെ എടുത്തു കഴിച്ചോളും.ഇനി ചെന്നിട്ട് വേണ്ടേ ഓഫീസിൽ പോകാൻ.അത് കൊണ്ട് മോള് വൈകിക്കേണ്ട “, അദ്ദേഹം അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു. അത് കേട്ട് കുറച്ചു വിഷമത്തോടെ ആണെങ്കിലും എടുത്തു വെച്ച സാധനങ്ങളും ആയി ലെച്ചു ഇറങ്ങി.

രാവിലെ എഴുന്നേറ്റു വന്ന ശ്രീദേവിയും വല്യമ്മയും കാറിൽ കയറുന്ന ലെച്ചുവിനെ കണ്ട് നിരാശയോടെ തമ്മിൽ തമ്മിൽ നോക്കി നില്കുന്നത് അർജുൻ മിററിലൂടെ കണ്ടു.എടുത്ത തീരുമാനം ശരിയായ സന്തോഷത്തിൽ ചെറു ചിരിയോടെ അവൻ വണ്ടി എടുത്തു. ഓഫീസിൽ പോകാതെ രണ്ട് ദിവസം ഇരുന്നത് കൊണ്ട് അവിടെയുള്ള കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞിരുന്നു.അത് കൊണ്ട് തന്നെ വീട്ടിൽ എത്തിയ ഉടനെ തന്നെ അർജുൻ റൂമിലേക്ക് പോയി.

അതിരാവിലെ തന്നെ തിരിച്ചെത്തിയ അവരെ കണ്ട് ഇന്ദു അമ്മ ആകെ അത്ഭുതപ്പെട്ടു എങ്കിലും കാര്യങ്ങൾ ഒക്കെ അറിയുന്നത് കൊണ്ട് അവർ ഒന്നും തന്നെ ലെച്ചുവിനോട് ചോദിച്ചില്ല. പകരം,കണ്ടിട്ട് വർഷങ്ങൾ ആയത് പോലെയുള്ള സംസാരം തുടങ്ങി രണ്ട് പേരും.അതിനിടയിൽ അടുക്കളയിലെ പണികളും വളരെ പെട്ടെന്ന് തന്നെ തീർന്നു.എന്നിട്ടും സംസാരം മാത്രം തീർന്നില്ല. എന്തോ മീറ്റിംഗ് എന്ന് പറഞ്ഞു അർജുൻ പതിവിലും നേരത്തെ പോയപ്പോൾ മാത്രം ആണ് ഇനി എങ്ങനെ ഓഫീസിൽ പോകും എന്ന് അവൾ ആലോചിച്ചത്.

ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് ഓഫീസിന്റെ ഡയറക്ഷൻ പോലും അവൾക്ക് അറിയുമായിരുന്നില്ല. കൊണ്ട് വിടാൻ അച്ഛനെ ഏർപ്പാട് ചെയ്യാം എന്ന് അമ്മ കുറെ പറഞ്ഞു എങ്കിലും വളരെ തിരക്ക് ഉള്ള അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ ലെച്ചു തയാറായില്ല.അവസാനം വണ്ടി ഒന്നും കിട്ടിയില്ല എങ്കിൽ വിളിക്കാം എന്ന വ്യവസ്ഥയിൽ ലെച്ചു വേഗം ഓഫീസിലേക്ക് ഇറങ്ങി. കുറച്ചു അധികം കഷ്ടപ്പെടേണ്ടി വന്നു എങ്കിലും കറക്റ്റ് സമയം തന്നെ ഓഫീസിൽ എത്തിയപ്പോൾ ആണ് അവൾക്ക് ശ്വാസം നേരെ വീണത്.

രണ്ട് ദിവസം കാണാത്തതു കൊണ്ട് അഞ്ചു ലെച്ചുവിന്റെ വിശേഷങ്ങൾ അറിയാൻ അവളെ പ്രതീക്ഷിച്ചു നേരത്തെ തന്നെ വന്നിട്ടുണ്ടായിരുന്നു. എന്നാൽ മുന്നിൽ കുന്ന് പോലെ കിടക്കുന്ന ഫയലുകൾ അധികം ഒന്നും സംസാരിക്കാൻ അവരെ സമ്മതിച്ചില്ല.ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ ചെയ്ത് വൈകുന്നേരം ആയപ്പോൾ ആണ് ഒരുവിധം പണികൾ ഒക്കെ കഴിഞ്ഞത്. അപ്പോൾ ആണ് ലെച്ചുവിന് ഇന്ദു അമ്മ തന്നു വിട്ട ചോറിനെ കുറച്ചു ഓർമ്മ വന്നത്.അഞ്ചുവിനോട് പറഞ്ഞപ്പോൾ ഇപ്പോൾ തന്നെ കഴിക്കാം എന്ന് പറഞ്ഞു അവൾ ലെച്ചുവിനെയും വിളിച്ചു കൊണ്ട് കാന്റീനിലേക്ക് നടന്നു.

എന്നാൽ പെട്ടെന്ന് ആണ് ലെച്ചുവിന് അർജുന്റെ കാര്യം ഓർമ വന്നത്.”അഞ്ചു,ഞാൻ പോയി അർജുൻ സാറിനെ കൂടി വിളിച്ചിട്ട് വരാം.നീ നടന്നോ “, അത്രയും പറഞ്ഞു ലെച്ചു അർജുന്റെ ക്യാമ്പിനിലേക്ക് ഓടി.”പണ്ട് അജു ഏട്ടൻ മുന്നിൽ വന്നിരുന്നാൽ പേടിക്കുന്ന പെണ്ണ് ആണ് ഇപ്പോൾ അങ്ങേരെ കഴിക്കാൻ വിളിക്കാൻ ഓടുന്നത്.എന്തൊക്കെ കാണണം എന്റെ ഭഗവാനെ “,പുറകിൽ നിന്ന് അഞ്ചുവിന്റെ ഉറക്കെയുള്ള ആത്മഗതം ലെച്ചുവിൽ ചിരി ഉളവാക്കി എങ്കിലും അവൾ മറുപടി ഒന്നും പറയാതെ ഓടി.

ലെച്ചു ഡോർ തുറന്നു അകത്തു കയറിയപ്പോൾ സീറ്റിൽ ചാരി ഇരുന്ന് ഉറങ്ങുന്ന അർജുനെ ആണ് കണ്ടത്.വിളിക്കണോ വേണ്ടയോ എന്ന് ഒരുനിമിഷം ചിന്തിച്ചു എങ്കിലും അവൻ ഒന്നും കഴിച്ചു കാണില്ല എന്ന് അറിയുന്നത് കൊണ്ട് ലെച്ചു അർജുന്റെ അടുത്തേക്ക് നടന്നു. ചെറിയൊരു പേടി തോന്നി എങ്കിലും അവനെ തട്ടി വിളിക്കാൻ ആയി അവൾ കൈ ഉയർത്തിയപ്പോൾ ആണ് ചുളിഞ്ഞു നിൽക്കുന്ന അവന്റെ നെറ്റി അവളുടെ കണ്ണിൽ പെട്ടത്.തലവേദന കാരണം ഉള്ള ഉറക്കം ആണ് എന്ന് ഉടനെ തന്നെ ലെച്ചുവിന് മനസിലായി.

അവൾ വേഗം തന്നെ പുറത്തേക്ക് പോയി ബാഗിൽ നിന്ന് മരുന്നുമായി തിരികെ വന്നു.അർജുനെ ഉണർത്താതെ തന്നെ മരുന്ന് കൈയിൽ എടുത്തു അവൾ അവന്റെ നെറ്റിയിൽ പുരട്ടി പതുക്കെ മസാജ് ചെയ്ത് കൊടുത്തു കൊണ്ട് ഇരുന്നു.പതുക്കെ പതുകെ അർജുൻ കണ്ണുകൾ തുറക്കുന്നത്ത് കണ്ടു ലെച്ചു വേഗം അവന്റെ അടുത്ത് നിന്ന് മാറി നിന്നു. “നീ എന്താ ഇവിടെ “, കണ്ണുകൾ തുറന്ന ഉടനെ തന്നെ മുന്നിൽ ലെച്ചുവിനെ കണ്ട് അർജുൻ ചോദിച്ചു.”അമ്മ ഭക്ഷണം തന്നു വിട്ടിട്ടുണ്ട്.സാർ കഴിച്ചില്ല എങ്കിൽ വിളിക്കാൻ വന്നതാ “, അവൾ വലിയ ഭാവമാറ്റം ഒന്നും കൂടാതെ പറഞ്ഞു. “എനിക്ക് വേണ്ട,നീ പോയി കഴിച്ചോ.

പിന്നെ വേഗം വന്നാൽ ഒന്നിച്ചു വീട്ടിൽ പോകാം.ഇല്ലെങ്കിൽ തനിയെ വരേണ്ടി വരും “, ഒരു മയവും ഇല്ലാതെ അതും പറഞ്ഞു അർജുൻ കണ്ണുകൾ വീണ്ടും അടച്ചു. “ഭക്ഷണം കഴിച്ചാൽ തലവേദന മാറി കൊള്ളും.ഇല്ലെങ്കിൽ വേദന കൂടുകയേ ഉള്ളൂ “, അവൾ പോകാൻ കൂട്ടാക്കാതെ പിന്നെയും പറഞ്ഞത് കേട്ട് അർജുൻ കണ്ണുകൾ തുറന്നു. കുറച്ചു സമയം അവളെ നോക്കി നിന്ന് പിന്നെ ഒന്നും പറയാതെ അർജുൻ എഴുന്നേറ്റത് കണ്ട് ലെച്ചുവിന് എന്തോ വലിയ സന്തോഷം തോന്നി.

പിന്നെ രണ്ടു പേരും കൂടെ കാന്റീനിലെക്ക് നടന്നു. പോകുന്ന വഴിയെല്ലാം എല്ലാവരും അവരെ തന്നെ നോക്കുന്നത് കണ്ട് ലെച്ചുവിന് ഒരു വല്ലായ്മ തോന്നി എങ്കിലും അതൊന്നും ശ്രദ്ധിക്കാതെ നടക്കുകയാണ് അർജുൻ. പൊതിച്ചോറും മുന്നിൽ വെച്ച് അക്ഷമയോടെ ഇരിക്കുന്ന അഞ്ജുവിനെ കണ്ടു ലെച്ചുവിന് ചിരി വന്നു.കൈ കഴുകി വന്ന് ലെച്ചു അഞ്ചുവിന്റെ അടുത്ത് ഇരിക്കാൻ പോകുന്നതിന് മുന്നേ തന്നെ ജിഷ്ണു എവിടെ നിന്നോ ഓടി വന്നു അവിടെ ഇരുന്നു. “ഇത്രയും കാലം നീ ഒറ്റക്ക് ആവും അല്ലോ എന്ന് ഓർത്ത് ആണ് എന്റെ അഞ്ചു മോളെ നിനക്ക് വിട്ട് തന്നത്.

ഇനി മോള് പോയി ആ ഇരിക്കുന്ന സ്വന്തം മൊതലിന്റെ അടുത്ത് ഇരിക്ക്.ഇവിടെ 5 വർഷം പ്രേമിച്ചിട്ടും കല്യാണം കഴിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ ആണ് ഒറ്റ ദിവസം കൊണ്ട് നിങ്ങൾ കല്യാണം കഴിച്ചത്.എന്നിട്ടും നിനക്കെന്റെ അഞ്ചുവിനെ വേണം ഇല്ലെടി…”, അഞ്ചുവിനെ ചേർത്ത് പിടിച്ചു അർജുനെ ചൂണ്ടി ജിഷ്ണു അത് പറഞ്ഞപ്പോൾ നിന്ന നിൽപ്പിൽ വിയർത്തു പോയി ലെച്ചു. അഞ്ചു ആവട്ടെ മേശയിൽ കിടന്നാണ് ചിരിക്കുന്നത്.അത് കണ്ട് ലെച്ചുവിന് സത്യത്തിൽ കരച്ചിൽ ആണ് വന്നത്.അറിയാതെ തന്നെ അവൾ അർജുനെ ഒന്ന് പാളി നോക്കിയപ്പോൾ അവന്റെ മുഖത്തും ചെറിയൊരു ചിരി അവൾ കണ്ടു.

വിശപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയത് കൊണ്ട് ഒന്നും മിണ്ടാതെ അവൾ അർജുന്റെ അടുത്ത് വന്നിരുന്നു.ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ തന്നെ അർജുന് നല്ല വിശപ്പ് ഉണ്ട് എന്ന് അവൾക്ക് മനസിലായി. അത് കൊണ്ട് തന്നെ കുറച്ചു മാത്രം ചോറ് കഴിച്ചു മതി എന്ന് പറഞ്ഞു അവൾ കഴിക്കൽ നിർത്തി വളരെ പെട്ടെന്ന് തന്നെ അർജുൻ ഇല കാലിയാക്കി എഴുന്നേറ്റു.അപ്പോഴും അഞ്ചുവും ജിഷ്ണുവും കഥയെല്ലാം പറഞ്ഞു കഴിക്കാൻ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു.

ബാഗും ആയി പുറത്തേക്ക് നടക്കുമ്പോൾ അർജുന്റെ മുഖം പതിവിലും തെളിഞ്ഞത് പോലെ തോന്നി അവൾക്. എന്നാൽ ലെച്ചുവിന്റെ മുഖം ആകെ വിളറി കിടക്കുന്നത് പോലെ ആയിരുന്നു അർജുന് തോന്നിയത്.ഡ്രൈവ് ചെയ്യുമ്പോൾ എല്ലാം അവൻ അത് തന്നെ ഓർത്ത് കൊണ്ടിരുന്നു. എന്നാൽ അതിനുള്ള ഉത്തരം വീട്ടിൽ എത്തിയപ്പോൾ തന്നെ അവന് കിട്ടി.വണ്ടിയുടെ ശബ്ദം കേട്ടിട്ടും അമ്മ പുറത്തേക്ക് വരാത്തത് കണ്ടു അവളുടെ മുഖം സങ്കടം കൊണ്ട് മൂടുന്നത് അർജുൻ കണ്ടു.

സ്കൂൾ വിട്ട് വന്ന കുട്ടി അമ്മയെ വിളിച്ചു നടക്കുന്നത് പോലെ കാറിൽ നിന്ന് ഇറങ്ങിയ ഉടനെ ലെച്ചു ഇന്ദു അമ്മയെ നോക്കി നടക്കാൻ തുടങ്ങി. അവസാനം പറമ്പിൽ നിന്ന് അമ്മയുടെ സംസാരം കേട്ട് ബാഗും ഫോണും മറ്റും അർജുന്റെ കൈയിൽ കൊടുത്ത് അങ്ങോട്ട് ഓടി പോകുന്ന ലെച്ചുവിനെ കണ്ട് ഒരുപാട് കാര്യങ്ങൾ അവന് മനസ്സിലാവുകയായിരുന്നു. ചായ കുടി ഒക്കെ കഴിഞ്ഞു കുറച്ചു നേരം ഉറങ്ങി അർജുൻ താഴേക്ക് വന്നപ്പോൾ തന്നെ അടുക്കള പുറത്തു നിന്ന് ലെച്ചുവിന്റെയും അമ്മയുടെയും സംസാരം അവൻ കേട്ടു.

സാധാരണയായി അതൊന്നും ശ്രദ്ധിക്കാതെ പോകും എങ്കിലും ഇന്ന് എന്തോ അവന് അത് കേൾക്കണം എന്ന് തോന്നി.ശബ്ദം ഉണ്ടാക്കാതെ അർജുൻ ചെന്ന് നോക്കുമ്പോൾ ഇന്ദു അമ്മ ലെച്ചുവിന്റെ മുടിയിൽ എണ്ണ തേക്കുകയാണ്. ലെച്ചു പൂച്ച കുഞ്ഞിനെ പോലെ അമ്മയുടെ മടിയിൽ കിടക്കുന്നത് കണ്ടു അവനും അത് പോലെ കിടക്കണം എന്ന് തോന്നി.ആദ്യം ഒരു മടി തോന്നി എങ്കിലും അർജുൻ ഓടി ചാടി ചെന്ന് ലെച്ചു ഇരുന്നതിനു ഓപ്പോസിറ്റ് ചെന്നിരുന്നു അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു.

“എഴുന്നേറ്റു പോടാ അവിടുന്ന്.മോളുടെ മുടിയിൽ എണ്ണ തേക്കുന്നത് കാണുന്നില്ലേ “, ഇന്ദു അമ്മ അർജുനെ ചെറുതായി തല്ലി കൊണ്ട് പറഞ്ഞു. ഉടനെ തന്നെ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കണ്ടു ഇന്ദു അമ്മ കള്ള ചിരിയോടെ ലെച്ചുവിനെ ഒന്ന് പാളി നോക്കി. “അമ്മയുടെ മോൾക്ക് മാത്രം അല്ല, എനിക്കും ഉണ്ട് മുടി.കുറച്ചു എണ്ണ അതിൽ തേച്ചു എന്ന് വെച്ച് മോളുടെ മുടി കുറഞ്ഞു പോവുകയൊന്നും ഇല്ല “, അർജുൻ പറഞ്ഞത് കേട്ട് ഇന്ദു അമ്മയുടെ മുഖം പെട്ടെന്ന് മാറി.കപട ദേഷ്യം വരുത്തി ഇന്ദു അമ്മ ചെറുതായി അർജുനെ തള്ളി താഴെയിട്ടു.

“ഈ അമ്മയും എണ്ണയും മോള് വരുന്നതിലും മുന്നേ ഇവിടെ ഉണ്ടായിരുന്നു.അപ്പോൾ ഒന്നും ഇല്ലാത്ത പതിവ് എന്താണാവോ എഞ്ചിനീയർക്ക് “,പറഞ്ഞത് സത്യം ആണെങ്കിലും ലെച്ചുവിന്റെ മുന്നിൽ വെച്ച് അമ്മ അങ്ങനെ പറഞ്ഞതും ചെയ്തതും അവന് തീരെ ഇഷ്ടം ആയില്ല. “ഇവൾ ഇവിടെ എന്നും ഉണ്ടാവില്ല എന്ന് അമ്മ ഓർത്തോ.മോള് പോയി കഴിഞ്ഞാൽ അമ്മക്ക് പിന്നെ ഞങ്ങൾ തന്നെയേ ഉണ്ടാവു.ഇവളെ കെട്ടിപിടിച്ചു ഇരിക്കുമ്പോൾ അതോർത്താൽ നല്ലത്”, ഒരിക്കലും പറയാൻ പാടില്ല കാര്യം പറഞ്ഞു കൊണ്ട് അർജുൻ ദേഷ്യപ്പെട്ടു എഴുന്നേറ്റു പോകുമ്പോൾ ലെച്ചു ശരിക്കും പകച്ചു പോയിരുന്നു.

അർജുൻ എന്തെങ്കിലും വഴക്ക് ഉണ്ടാക്കി പോകും എന്ന് ആണ് ഇന്ദു അമ്മയും കരുതിയത്.അവൻ ഇങ്ങനെ പറയും എന്ന് അവരും തീരെ പ്രതീക്ഷിച്ചില്ല. കുറച്ചു നേരം അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല.”ഇവിടെ നിന്ന് പോയി സ്വന്തം കാലിൽ നിൽക്കാൻ ആവുമ്പോൾ ഞാൻ വിളിച്ചാൽ അമ്മ എന്റെ കൂടെ വരുമോ “, കുറച്ചു സമയത്തിന് ശേഷം ലെച്ചു ചോദിച്ചത് കേട്ട് ഇന്ദു അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. “എന്റെ മോള് അല്ലേ ലെച്ചുട്ടി.മോള് വിളിച്ചാൽ അമ്മ വരാതെ ഇരിക്കുമോ “, ലെച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ഇന്ദു അമ്മ പറഞ്ഞത് കേട്ട് ലെച്ചുവിനും പെട്ടെന്ന് കരച്ചിൽ വന്നു.

“അമ്മമ്മയെയും,അച്ഛനെയും മക്കളെയും ഒക്കെ വിട്ട് എന്റെ കൂടെ വരാൻ അമ്മക്ക് പറ്റുമോ “, വീണ്ടും സംശയത്തോടെ ഉള്ള അവളുടെ ചോദ്യം കേട്ട് കണ്ണുകൾ തുടച്ചു ഇന്ദു അമ്മ ഒന്ന് ചിരിച്ചു. “മോളെ കാലങ്ങൾ ആയി ഈ സമൂഹം സ്ത്രീയിലും പുരുഷനിലും അടിച്ചേൽപ്പിച്ച കുറെ മഹത്വപൂർണമായ ബിംബ വൽക്കരണം ഉണ്ട്.പുരുഷന്മാർ കരയാൻ പാടില്ല എന്ന് പറയുന്നത് പോലെ അമ്മ,സഹോദരി, ഭാര്യ കൂട്ടുകാരി എന്ന പദവികൾക്ക് ഒക്കെ അപ്പുറം സ്ത്രീ ഒരു വ്യക്തിയാണ് എന്ന് സമൂഹം മറക്കുന്നു ”

“ഇത്രയും വർഷങ്ങൾ ആയി എന്റെ ഒരാഗ്രഹം പോലും സാധിച്ചു തരാത്ത, അതിന് സപ്പോർട്ട് ചെയ്യാത്ത, എന്തിന് പറയുന്നു, എനിക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് പോലും ചോദിക്കാത്ത ഇവരുടെ കൂടെ ജീവിക്കുന്നതിലും നല്ലത് മോളുടെ കൂടെ ആഗ്രഹിച്ചത് പോലെ ഇനിയുള്ള കാലം എങ്കിലും ജീവിക്കുക എന്നതാണ് “, ഉറച്ചതും വ്യക്തമായതുമായ ഇന്ദു അമ്മയുടെ സംസാരം കുറച്ചു നേരം ലെച്ചുവിനെ ഒന്ന് ചിന്തിപ്പിച്ചു.അവൾ മിണ്ടാതെ ഇരുന്ന നേരം അത്രയും ഇന്ദു അമ്മ അവളുടെ മുടിയിൽ മസാജ് ചെയ്ത് കൊണ്ടിരുന്നു.

“അമ്മയുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് എന്ന് പറയുമോ എന്നോട്”,കൊഞ്ചി കൊണ്ടുള്ള ലെച്ചുവിന്റെ ചോദ്യം കേട്ട് ഇന്ദു അമ്മ ഒന്ന് ചിരിച്ചു. “നടത്തി തരാൻ ആണോ…ഞാൻ പെട്ടെന്ന് എന്തോ ഓർത്ത് പറഞ്ഞു പോയതാ. മോള് അതൊക്കെ മറന്നേക്ക് “, അവർ എഴുന്നേറ്റു പോകാൻ ഭാവിച്ചു കൊണ്ട് പറഞ്ഞു. “അമ്മ അത് പറഞ്ഞില്ല എങ്കിൽ ഞാൻ ഇനി മിണ്ടുല…അമ്പാടി കണ്ണൻ ആണേ സത്യം “, അമ്മ എസ്‌കേപ്പ് ആവുന്നു എന്ന് കണ്ടു അവസാനത്തെ ആയുധം എന്നപോലെ അതും പറഞ്ഞു ലെച്ചു കൈയും കെട്ടി പിണങ്ങി നിന്നു.

അത് കണ്ടു ഇന്ദു അമ്മ വേഗം തന്നെ വന്നു അവളെ പിടിച്ചു അടുത്തിരുത്തി. “ആഗ്രഹങ്ങൾ ഒരുപാട് ഉണ്ടായിരുന്നു മോളെ.കുഞ്ഞു നാൾ മുതൽ തന്നെ ഒരുപാട് ആഗ്രഹങ്ങൾ ആയി ആണ് ഞാൻ ജീവിച്ചത്.പക്ഷെ ഓരോ ദിവസം കഴിയുന്തോറും പെൺകുട്ടിയാണ് എന്ന് ഓര്മിപ്പിക്കുന്നവരുടെ എണ്ണം കൂടി വന്നപ്പോൾ എനിക്കും തോന്നി തുടങ്ങി ഈ പെണ്ണ് എന്ന് പറഞ്ഞാൽ ഒരു കഴിവും ഇല്ലാത്ത ജന്മങ്ങൾ ആണ് എന്ന്.പിന്നെ ഒരു കാര്യം ചെയ്യാനും ഒരു ആത്മവിശ്വാസം ഇല്ലാത്തതു പോലെ ആയി.ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാനോ ഇഷ്ടം ഉള്ളത് പഠിക്കാനോ ഇഷ്ടം ഉള്ള ആളെ തിരഞ്ഞെടുക്കാനോ ഒന്നും പറ്റിയില്ല എന്നെ കൊണ്ട്.

ആരെങ്കിലും പറയുന്നത് പോലെ ആയി പിന്നെ എന്റെ ജീവിതം.” ഹൃദയത്തിൽ ആരോ കൊളുത്തി പിടിക്കുന്ന വേദനയിൽ ആണ് ലെച്ചു അമ്മ പറഞ്ഞ ഓരോ വാക്കുകളും കേട്ടത്. “ഒരു കണക്കിന് എനിക്ക് എന്റെ അമ്മയോട് വലിയ ബഹുമാനം ഉണ്ട്,അമ്മക്ക് ഇഷ്ടം ഉള്ളത് പോലെയേ കാര്യങ്ങൾ ഒക്കെ നടക്കു ഇവിടെ.കാര്യം അത് കുറെ പേർക്ക് ദോഷം ചെയ്യുന്നതാണ് എങ്കിലും അങ്ങനെ തീരുമാനങ്ങൾ എടുക്കാൻ ഒരു ഭാഗ്യം തന്നെ വേണം ഇല്ലേ മോളെ “, നനുത്ത ഒരു ചിരിയോടെ അമ്മ പറയുന്നത് കേട്ട് ലെച്ചുവും ശരിയെന്ന അർഥത്തിൽ തല കുലുക്കി.

“ഞാൻ പറയുന്നത് ഒക്കെ മോൾക്ക് മനസിലാവും എന്ന് അമ്മക്ക് അറിയാം.കാരണം മോളെ കുറിച്ച് അഞ്ചുവും ജിഷ്ണുവും പറയാൻ തുടങ്ങിയ അന്ന് ഞാൻ തിരിച്ചറിഞ്ഞത മോളുടെ മനസ്സ്.ഒരുപാട് ആഗ്രഹിച്ചതും ആണ് ഈ വീട്ടിലേക്ക് മോളെ കൊണ്ട് വരാൻ .”, അമ്മ പറഞ്ഞത് കേട്ട് ലെച്ചുവിന് അത്ഭുതം തോന്നി. “അഞ്ചുവും ജിഷ്ണു ഏട്ടനും എപ്പോഴും അമ്മയെ കുറ്റം പറയും.സ്നേഹിച്ച ആൾ ചതിച്ചു പോയപ്പോൾ ഉണ്ടായ വേദനയാണ് എന്നോടുള്ള ദേഷ്യം എന്ന് എനിക്ക് അല്ലാതെ വേറെ ആർക്കാ അമ്മേ മനസ്സിലാവൂക…. ”

“അമ്മ പറഞ്ഞത് പോലെ കുട്ടികളെ പെറ്റു പോറ്റി ജീവിതാവസാനം വരെ അവർക്ക് വേണ്ടി മാത്രം ജീവിക്കുക എന്നതൊക്കെ സമൂഹം പെണ്ണിന് മാത്രം അടിച്ചേൽപ്പിച്ച കാര്യങ്ങൾ ആണ്.കുറച്ചു വിഷമം ഉണ്ടെങ്കിലും അമ്മ അമ്മക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ എന്ന് തന്നെയാണ് എന്റെ തീരുമാനം.അത് ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും “,കണ്ണുകൾ നിറച്ചു കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് ഇന്ദു ഒന്ന് കൂടെ അവളെ ചേർത്ത് പിടിച്ചു. “മോളുടെ അച്ഛനെ പറ്റി ഇത് വരെ അന്വേഷിച്ചിട്ടില്ലേ മോള്.”, അല്പം മടിയോടെ ആണ് ഇന്ദു അമ്മ അത് ചോദിച്ചത്.”ഇല്ല അമ്മേ.ഒരുപക്ഷെ കുറച്ചു ശ്രമിച്ചാൽ എനിക്ക് അത് പറ്റിയെക്കും.

പക്ഷെ അവിടെയും എന്റെ അമ്മ എന്ന പദവിയെക്കാളും ഞാൻ ബഹുമാനിക്കുന്നത് ശ്രീദേവി എന്ന വ്യക്തിയുടെ തീരുമാനം ആണ്. ആ തീരുമാനം മാറ്റാൻ അമ്മക്ക് തോന്നിയാൽ അമ്മ തന്നെ എന്നോട് പറഞ്ഞോളും എല്ലാം “,ഉറച്ച ശബ്ദത്തോട് കൂടെ ഉള്ള ലെച്ചുവിന്റെ വാക്കുകൾ ഇന്ദു അമ്മക്ക് ശരിക്കും അത്ഭുതം ആയിരുന്നു. അന്ന് ആദ്യം ആയി ആ അമ്മയുടെയും മോളുടെയും ഇടയിൽ നിശബ്ദത തളം കെട്ടി കിടന്നു. “മോൾക് അറിയുമോ അച്ചുവിന്റെ ചോറൂണ്ണിന് ഗുരുവായൂർ പോയപ്പോൾ ആണ് അവസാനം ആയി ഞാൻ കടൽ കണ്ടത്.

ഇവിടെ അച്ചുവും അഭിയും ജയേട്ടനും എല്ലാം ഇടക്കിടക്ക് പോകും ബീച്ചിൽ.അമ്മക്ക് തിരക്കല്ലേ എന്ന സ്ഥിരം വാക്ക് ഒഴികെ വരുന്നോ എന്ന ചോദ്യം ഇത് വരെ ആരും എന്നോട് ചോദിച്ചിട്ടില്ല”, വേദന കടിച്ചമർത്തി ഇന്ദു അമ്മ പറഞ്ഞത് കേട്ട് ലെച്ചു ഒന്നും മിണ്ടിയില്ല. “ഒരുപാട് പ്രാവശ്യം കാറിൽ പോയിട്ടുണ്ട് എങ്കിലും ഇത് വരെ കാറിന്റെ മുന്നിൽ ഇരുന്ന് യാത്ര ചെയ്തിട്ടില്ല.” “ഒരു ഷോപ്പിംഗ് മാളിലും കയറിയിട്ടില്ല.എന്റെ കൂട്ട് കാരി ഇഷ്ടത്തോടെ കൊണ്ട് തന്നെ ഡ്രസ്സ്‌ ഇടാൻ പറ്റിയിട്ടില്ല, ” “ഇങ്ങനെ ഒക്കെ ആണെങ്കിലും ഇവിടെ ഒന്നിനും ഒരു കുറവും ഇല്ല ട്ടോ എനിക്ക്.

എല്ലാ മാസവും സാലറി കിട്ടുമ്പോൾ അച്ഛന്റെയും മക്കളുടെയും വക സാരിയോ സ്വർണമോ അങ്ങനെ എന്തെങ്കിലും ഒക്കെ കിട്ടും.പക്ഷെ അടുത്തിരുന്നു കുറച്ചു സംസാരിക്കാൻ ആർക്കും നേരവും ഇല്ല,ഉണ്ടെങ്കിൽ തന്നെ അമ്മയോട് ഒക്കെ എന്ത് സംസാരിക്കാൻ ആണ് എന്ന കളിയാക്കൽ ചോദ്യവും ” “ഈ ആൺകുട്ടികൾ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് വേണ്ടി, അല്ലെങ്കിൽ ഭാര്യക്ക് വേണ്ടി ഒക്കെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നത് കണ്ടിട്ടില്ലേ…അവരുടെ ആഗ്രഹങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു എത്ര റിസ്ക് എടുത്തും അവർ അത് നടത്തി കൊടുക്കും.

അവരിൽ എത്ര ആളുകൾ സ്വന്തം അമ്മയോട് അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കി നടത്തി കൊടുക്കാറുണ്ട്” “വിരലിൽ എണ്ണാവുന്ന അത്രയും അല്ലേ… കൂട്ടുകാരികളുടെയും പെങ്ങളുടെയും ഭാര്യയുടെയും ഒക്കെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോഴും അമ്മയെ അത് പോലെ നോക്കാൻ കുറച്ചധികം മക്കൾ മറന്ന് പോകുന്നു”, അത് കൂടി പറഞ്ഞു കഴിഞ്ഞപ്പോഴെക്കും ഇന്ദു അമ്മ പൊട്ടി കരഞ്ഞു പോയിരുന്നു. “സ്വർണവും സാരിയും ഒന്നും അല്ല എനിക്ക് വേണ്ടത്,എന്നെ ഒരു വ്യക്തിയായി കാണുന്ന ഭർത്താവിനെയും മക്കളെയും ആണ് എനിക്ക് വേണ്ടത്.

മോള് എന്നെ വന്നു വിളിക്കുന്ന ആ സമയം അവർ അത് മനസിലാക്കിയിട്ടുണ്ട് എങ്കിൽ മോള് അമ്മയോട് ക്ഷമിക്കണം.ഇല്ലെങ്കിൽ സാഹചര്യങ്ങളും ബന്ധങ്ങളും ഒന്നും എനിക്ക് ചങ്ങല കെട്ടുകൾ ആവില്ല.അതൊക്കെ തച്ചുടച്ചു കൊണ്ട് ഒപ്പം വരും ഞാൻ “, തേങ്ങി കരഞ്ഞു കൊണ്ട് ഇന്ദു അമ്മ പറഞ്ഞത് കേട്ട് ഒന്നും ചോദിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നിപ്പോയി ലെച്ചുവിന്. ഏറെ പണിപ്പെട്ടു ഇന്ദു അമ്മയുമായി ലെച്ചു മുറിയിലേക്ക് നടക്കുമ്പോഴും അടക്കി പിടിച്ച തേങ്ങലുകൾ അവരിൽ നിന്നും ഉയരുന്നുണ്ടായിരുന്നു.

വർഷങ്ങൾ ആയി ഉള്ളിൽ കൊണ്ട് നടന്ന വിഷമം പുറത്ത് പറഞ്ഞിട്ടും ഉറക്കെ ഒന്ന് പൊട്ടികരയാൻ അമ്മക്ക് കഴിയുന്നില്ലല്ലോ എന്ന് ഓർത്തു ലെച്ചു സങ്കടപ്പെട്ടു. കൂടെ തന്നെ ഇരുന്ന് ഇന്ദു അമ്മയെ ഉറക്കി പുതപ്പ് പുതപ്പിച്ചു തിരികെ റൂമിലേക്ക് നടക്കുമ്പോൾ ഇന്ദു അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം തലക്ക് മുകളിൽ നിന്ന് അവളെ നോക്കി ചിരിക്കുന്നത് പോലെ തോന്നി ലെച്ചുവിന്.അവരെ ഒരിക്കലും എത്തി പിടിക്കാൻ കഴിയില്ല എന്ന് ഓരോരുത്തരും വിളിച്ചു പറയുന്നത് ലെച്ചുവിന്റെ കാതിൽ മുഴങ്ങി. ആ ഒരു നിമിഷത്തിൽ തന്നെ അവൾ തീരുമാനിച്ചുറപ്പിച്ചിരുന്നു, ഇന്ദു അമ്മയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ ആവാൻ,ആഗ്രഹങ്ങൾ മാത്രം എന്ന് കരുതി കുഴിച്ചു മൂടിയ എല്ലാം ഓർമകൾ ആക്കി തിരികെ കൊടുക്കാൻ….

(തുടരും ) അർജുന്റെയും ലെച്ചുവിന്റെയും റൊമാൻസ് ഒക്കെ നോക്കി ഇരിക്കുന്നവർ പുറകിലേക്ക് നിൽക്കുക.നാളെ മുതൽ നമ്മൾ ഒരമ്മയുടെ സ്വപ്നങ്ങൾ ഒക്കെ നടത്തി കൊടുക്കാൻ പോവുകയാ… 🔥🔥🔥😇 എന്ന് സ്വന്തം ലക്ഷ്മി ❣️

ലയനം : ഭാഗം 4