ലയനം : ഭാഗം 32
എഴുത്തുകാരി: ദുർഗ ലക്ഷ്മി
പക്ഷെ അപ്പോഴും കല്യാണം കഴിക്കാതെ ഗർഭിണി ആയി എന്ന കുറ്റബോധത്തിൽ ഉരുകി തീരുകയായിരുന്നു ഞാൻ. ” “എന്നാൽ എന്റെ മനസ്സ് മനസ്സിലാക്കിയത് പോലെ എത്രയും പെട്ടെന്ന് താലി ചരടാൽ സ്വന്തം ആക്കിക്കൊളാം എന്ന് പറഞ്ഞു പിരിഞ്ഞ ആൾ പെട്ടെന്ന് ഒരു ദിവസം മറ്റൊരു പെൺകുട്ടിയും ആയി ഒളിച്ചോടി പോയി എന്ന് ആണ് ഞാൻ കേൾക്കുന്നത് ” ശ്വാസം പോലും വിടാതെ ശ്രീദേവി അമ്മ പറഞ്ഞത് കേട്ട അശ്വതിക്ക് അവർ ആ പറഞ്ഞത് വലിയൊരു ഷോക്ക് ആയിരുന്നു.
ആ അമ്മക്കൊപ്പം അറിയാതെ തന്നെ അവളുടെ കണ്ണുകളും നിറഞ്ഞു. “അപ്പച്ചി… “,അശ്വതി ദയനീയമായി അവരെ വിളിച്ചത് കേട്ട് ശ്രീദേവി അമ്മ കരഞ്ഞു കലങ്ങിയ കണ്ണുകൾ മുറുക്കെ തുടച്ചു. “അയാൾ കാരണം ആണ് ആ കുഞ്ഞിനെ കളയാതെ ഞാൻ കൊണ്ട് നടന്നത്… എന്നിട്ട് എനിക്ക് കിട്ടിയതോ പിഴച്ചു എന്ന പേരും ഒപ്പം ഒരു പെൺകുട്ടിയും ” “അയാളോട് ഉള്ള ദേഷ്യം അവളോട് എന്തിനാണ് തീർക്കുന്നത് എന്ന് എല്ലാവരും എന്നോട് ചോദിക്കും…ചെയ്യുന്നത് തെറ്റ് ആണ് എന്ന് എനിക്ക് തന്നെ ഉറപ്പ് ഉണ്ടായിട്ടും,
എന്നെങ്കിലും അയാൾ എന്റെ മുന്നിൽ വരുമ്പോൾ സ്വന്തം ചോര അനുഭവിച്ച ദുരിതങ്ങൾ ഓർത്ത് അയാളുടെ മനസ്സ് പിടയണം… ഞങ്ങൾ രണ്ടു പേരോടും ചെയ്ത തെറ്റ് ആലോചിച്ചു നീറി നീറി ഈ ജന്മം തീർക്കണം അയാൾ… അതിന് വേണ്ടിയാണ് ഒരു സ്ത്രീയും,ഒരമ്മയും ചെയ്യാത്ത കാര്യങ്ങൾ ബോധപൂർവ്വം ഞാൻ ചെയ്യുന്നത്.അത് എന്റെ ശരിയാണ്… എന്റെ മാത്രം ശരി “, അശ്വതിയെ നോക്കി ഇടറാത്ത സ്വരത്തിൽ പറഞ്ഞു കൊണ്ട് ശ്രീദേവി അമ്മ പുറത്തേക്ക് പോകുമ്പോൾ സത്യത്തിൽ അശ്വതി ആകെ കൺഫ്യൂഷനിൽ ആയിരുന്നു.
ആരുടെ ഭാഗത്താണ് ശരി തെറ്റ് എന്ന് മനസ്സിലാക്കാൻ ആവാതെ അവൾ ആകെ കുഴങ്ങി. കുറച്ചധികം ചിന്തിച്ചു പുറത്തേക്ക് നടക്കുമ്പോൾ അശ്വതി ആലോചിച്ചത് ലെച്ചുവിന്റെ അച്ഛനെ പറ്റിയായിരുന്നു. അവളെ സംബന്ധിച്ച ഇടത്തോളം അപ്പച്ചിയും ലെച്ചുവും കഴിഞ്ഞേ ഇപ്പോൾ ആരും അവളുടെ ജീവിതത്തിൽ ഉള്ളൂ എന്ന അവസ്ഥയായിരിക്കെ പ്രശ്നങ്ങളുടെ ഒക്കെ തുടക്കകാരനെ കണ്ടെത്തി അപ്പച്ചി പറഞ്ഞത് പോലെ ക്രൂശിക്കാൻ തന്നെ ആയിരുന്നു അശ്വതിയുടെ അന്തിമ തീരുമാനം…
ഏതു വിധേനയും അത് നടത്തി എടുക്കണം എന്ന് ഉറപ്പിച്ചു അവൾ അടുക്കളയിലേക്ക് നടക്കുമ്പോൾ മനസ്സിൽ നിന്നും ചെറിയൊരു ഭാരം ഒഴിഞ്ഞ ആശ്വാസത്തിൽ ആയിരുന്നു ശ്രീദേവി അമ്മ. വൈകീട്ട് വീട്ടിലേക്ക് വരുമ്പോൾ ലെച്ചുവിന്റെ കൈയും മനസ്സും ഒരുപോലെ നിറഞ്ഞു കവിഞ്ഞിരുന്നു.അശ്വതിക്ക് പുറമെ വല്യമ്മയും അടുത്ത് വന്നു അവളെ കെട്ടിപിടിച്ചു കരഞ്ഞത് ആലോചിച്ചപ്പോൾ ലെച്ചുവിന് സങ്കടവും ഒപ്പം തന്നെ സന്തോഷവും തോന്നി.
പതിവ് പോലെ ഒന്നും മിണ്ടാൻ വന്നില്ല എങ്കിലും തിരികെ വരുമ്പോൾ വല്യമ്മയുടെയും വല്യച്ഛന്റെയും അശ്വതിയുടെയും പുറകിൽ ചെറിയൊരു മിന്നാട്ടം പോലെ അമ്മയെ കണ്ടത് ലെച്ചു ഓർത്തു. മനസ്സ് അങ്ങനെ സന്തോഷം കൊണ്ട് പാറി പറന്നു നടക്കവേ വീട്ടിൽ എത്തിയത് ഒന്നും ലെച്ചു അറിഞ്ഞതെ ഇല്ല. ചെറിയൊരു മൂളി പാട്ടും പാടി അവൾ അകത്തേക്ക് നടക്കുമ്പോൾ തന്നെ അർജുൻ പുറത്തു വന്നു ഇരു കൈകളും കെട്ടി വാതിലിൽ ചാരി നിന്ന് അവളെ അടി മുടി ഒന്ന് നോക്കി.
അത് കണ്ടു അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു ഒന്നും സംഭവിക്കാത്തത് പോലെ അകത്തേക്ക് പോയി.അശ്വതി വിളിച്ചു നേരത്തെ തന്നെ കാര്യങ്ങൾ ഒക്കെ അർജുനോട് പറഞ്ഞിരുന്നു.അത് കൊണ്ട് തന്നെ അവളുടെ സന്തോഷത്തിന്റെ കാരണം അവൻ എടുത്തു ചോദിച്ചില്ല,ലെച്ചു ഒന്നും അവനോട് പറഞ്ഞതും ഇല്ല. “കുളിച്ചു വന്നു ഇപ്പോൾ ഫുഡ് ഉണ്ടാക്കി തരാം ട്ടോ… എനിക്കിന്ന് ഒന്നും വേണ്ട… ഇനിയും കഴിച്ചാൽ ചിലപ്പോൾ വയറു പൊട്ടും “,
ലെച്ചുവിനെ പിന്തുടർന്ന് അകത്തേക്ക് വന്ന അർജുനെ നോക്കി പറഞ്ഞു അവൾ വളയും മാലയും ഒക്കെ അഴിച്ചു വെച്ച് മുടി എല്ലാം കൂടി എടുത്തു ഉയർത്തി കെട്ടിവെച്ചു. അപ്പോഴും അർജുൻ അവളെ നോക്കി നിന്നു എന്ന് അല്ലാതെ ഒന്നും മിണ്ടിയില്ല.എന്നാൽ ലെച്ചു അത് ശ്രദ്ധിക്കുന്നത് തന്നെ ഉണ്ടായിരുന്നില്ല.അവൾ ഫോൺ എടുത്തു അശ്വതിയുടെ കൂടെയും വല്യമ്മയുടെ കൂടെയും ഒക്കെ എടുത്ത ഫോട്ടോസ് നോക്കി കൊണ്ട് ഇരിക്കുകയായിരുന്നു.
അതും കൂടി കണ്ടപ്പോൾ അർജുന് ശരിക്കും ദേഷ്യം വന്നു.അവൻ വേഗം ചെന്നു അവളുടെ കൈയിൽ നിന്നും ആ ഫോൺ പിടിച്ചു വാങ്ങി ബെഡിൽ ഇട്ട് ലെച്ചുവിനെയും വലിച്ചു കൊണ്ട് ടെറസിലേക്ക് നടന്നു. പല പ്രാവിശ്യം എന്തൊക്കെയോ ചോദിക്കാൻ ആയി ലെച്ചു ശ്രമിച്ചു എങ്കിലും ദേഷ്യം കൊണ്ട് ചുവന്ന അർജുന്റെ മുഖം അവളെ അതിൽ നിന്നും വിലക്കി. എന്നാൽ പോക പോകെ ലെച്ചുവിന്റെ മുഖത്തെ ആശങ്കകൾ മാറി അവൾ അർജുനെ അത്ഭുതത്തോടെ നോക്കി.
ടെറസിന് ഒത്ത നടുവിൽ ആയി ഇന്ന് രാവിലെ വരെ ഇല്ലാതെ ഇരുന്ന ചെറിയൊരു ടെന്റ് ഉണ്ടായിരുന്നു, അതിനടുത്തെക്ക് ആണ് അർജുൻ അവളെ കൊണ്ട് പോയത്. “നോക്കിക്കോടി,ഇന്ന് ഈ തണുപ്പിൽ നിന്നോട് ഉള്ള എല്ലാ പ്രതികാരവും ഞാൻ വീട്ടും…”,അർജുൻ മീശ പിരിച്ചു വെച്ച് കൊണ്ട് പറയുന്നത് കേട്ടതും അപകടം മുന്നിൽ കണ്ടത് പോലെ ലെച്ചു തിരിഞ്ഞോടി. “ലെച്ചു… അവിടെ നിന്നോ… നീ ആയിട്ട് നിന്നാൽ കിട്ടുന്ന ശിക്ഷ കുറക്കാം,അതല്ല ഞാൻ ആയിട്ട് ആണ് പിടിക്കുന്നത് എങ്കിൽ,ബാക്കി നീ കണ്ടറിഞ്ഞോ ”
ലെച്ചു ഓടുന്നത് കണ്ടു അർജുൻ വിളിച്ചു പറഞ്ഞത് കേട്ട് ബ്രേക് ഇട്ടത് പോലെ അവൾ അവിടെ നിന്നു. “ഭക്ഷണം കഴിക്കേണ്ടെ ഏട്ടാ… മരുന്ന് കഴിക്കാൻ ഉള്ളത് അല്ലെ “,ലെച്ചു പതുക്കെ തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചപ്പോഴെക്കും അർജുൻ അവളുടെ അടുത്ത് എത്തിയിരുന്നു. “ഹോ,ഇപ്പോൾ എങ്കിലും അതിനെ പറ്റി ഓർമ വന്നല്ലോ ഭാര്യക്ക്…ഉച്ചക്കും ഉണ്ടായിരുന്നു എനിക്ക് മരുന്ന് കഴിക്കാൻ… അത് ഓർമയുണ്ടോ ആവോ “,അർജുൻ പുച്ഛത്തിൽ ചോദിച്ചത് കേട്ട് ആണ് ലെച്ചുവിന് അറിയാതെ ആണെങ്കിലും പറ്റി പോയ മിസ്റ്റേക്ക് മനസിലായത്.
അശ്വതിയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അർജുന്റെ എല്ലാ കാര്യങ്ങളും മറന്നു എന്ന് മാത്രം അല്ല,ഇന്ന് ഇന്ദു അമ്മയെ പോലും വിളിച്ചില്ല എന്ന കാര്യം അവൾ ഓർത്തത്. “ഏട്ടാ… ഞാൻ… സോറി… അറിയാതെ പറ്റി പോയി… “, കണ്ണുകൾ നിറയാൻ തുടങ്ങി ലെച്ചു അർജുന്റെ മുഖത്തു നോക്കാതെ പറഞ്ഞത് കേട്ട് അത് വരെ കഷ്ടപ്പെട്ടു പിടിച്ചു നിർത്തിയ ഗൗരവ ഭാവം മാറി അർജുനിൽ ചിരി വിടർന്നു. “പേടിച്ചു പോയോ കുട്ടി…ഏട്ടൻ ഒരു തമാശ പറഞ്ഞത് അല്ലെ… അശ്വതി കുറച്ചു മുന്നേ വിളിച്ചിരുന്നു, അവൾ പറഞ്ഞു നീ ഫുഡ് കഴിച്ചിട്ടാണ് വരുന്നത് എന്ന്…
സൊ ഞാനും നേരത്തെ തന്നെ ഇന്ന് കഴിച്ചു… “, ലെച്ചുവിനെയും കൂട്ടി ടെന്റിനുള്ളിലെക്ക് നടന്നു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് അപ്പോഴും പകപ്പ് മാറാതെ നിൽക്കുകയായിരുന്നു ലെച്ചു. “നോക്ക്,നിനക്ക് ഓരോരുത്തരെ ആയി തിരിച്ചു കിട്ടി കൊണ്ടിരിക്കുന്ന കാലം ആണ്.അതിൽ എനിക്കും ഒരുപാട് സന്തോഷം ഉണ്ട്…പക്ഷെ എന്നെ ശ്രദ്ധിക്കാതെ ഇങ്ങനെ നടക്കാൻ ആണ് ഭാവം എങ്കിൽ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും… “,
ഗൗരവത്തിൽ വീണ്ടും പറഞ്ഞു തുടങ്ങിയ അർജുന്റെ പറച്ചിൽ കേട്ട് ലെച്ചുവിന് കുറ്റബോധം തോന്നി എങ്കിലും അവൻ അവസാന വാചകം പറഞ്ഞതും അവൾ ചിരിച്ചു പോയി. “എനിക്ക് അറിയില്ല പെണ്ണെ എങ്ങനെയാ നിന്നെ പറഞ്ഞു മനസിലാക്കുക എന്ന്.ഒരിക്കലും നീ എന്നെ വിട്ടു പോകില്ല എന്ന് എനിക്ക് അറിയാം,അത് പോലെ എന്നും എന്റെ സ്വന്തം ആണ് എന്നും അറിയാം… പക്ഷെ നീ ഇങ്ങനെ എന്നെ ഒരു മൈൻണ്ടും ഇല്ലാതെ പോകുമ്പോൾ എനിക്ക് എന്തോ ദേഷ്യം വരുന്നു “,
ലെച്ചുവിന്റെ മടിയിൽ കിടന്നു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് അവൾക്ക് എന്ത് മറുപടി പറയണം എന്ന് കിട്ടിയില്ല. “സോറി ഏട്ടാ… ഇനി ഇങ്ങനെ ഉണ്ടാവാതെ ഞാൻ നോക്കിക്കൊളാം ട്ടോ “, കുറച്ചു നേരം അവർക്കിടയിൽ പരന്ന നിശബ്ദതയെ തടയാൻ എന്നത് പോലെ കുറച്ചു സമയം എടുത്താണ് ലെച്ചു മറുപടി പറഞ്ഞത്. എന്നാൽ അതിനു മുന്നേ തന്നെ അർജുന്റെ ചുണ്ടുകൾ അവളുടെ സാരിയെ വകഞ്ഞു മാറ്റി വയറിൽ മുത്തം ഇട്ടിരുന്നു. പിടഞ്ഞു പോയി എങ്കിലും ലെച്ചു ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു അർജുൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു.
ലെച്ചുവിന്റെ മുഖം കൈയിൽ എടുത്തു അതിൽ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ അർജുന്റെ മനസ്സിൽ ലെച്ചുവിനോട് ഉള്ള അടങ്ങാത്ത പ്രേമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം എല്ലാം അവനോട് ചെയ്ത ചെറുതാണ് എങ്കിലും സംഭവിച്ചു പോയ തെറ്റിനെ പറ്റി ആലോചിച്ചു ലെച്ചു സങ്കടപ്പെട്ടു എങ്കിലും അർജുന്റെ തലോടലിലും ചുംബനത്തിലും ആ സങ്കടം എല്ലാം മഞ്ഞു പോയി. ചെറുതായി വിയർത്തു തുടങ്ങിയ ലെച്ചുവിന്റെ ശരീരം അർജുനെ കൂടുതൽ അവളിലേക്ക് അടുപ്പിക്കുമ്പോൾ അവളുടെ കൈ നഖങ്ങൾ അർജുന്റെ മേൽ ചിത്രം കോറി തുടങ്ങിയിരുന്നു.
ആകാശം പൂർണ ചന്ദ്രനെ കൊണ്ട് നിറഞ്ഞു നിന്ന ആ രാത്രിയിൽ ചെറുതായി പൊഴിഞ്ഞു തുടങ്ങിയ മഞ്ഞിൽ കണങ്ങൾക്ക് നടുവിൽ ജീവിതത്തിൽ ആദ്യം ആയി ഇഷ്ടം തോന്നിയ പെണ്ണിനെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ അർജുന്റെ മനസ്സ് ശൂന്യം ആയിരുന്നു. ഉറങ്ങിയില്ല എങ്കിലും അർജുനെ പോലെ തന്നെ ഒന്നും മിണ്ടാതെ കിടന്ന ലെച്ചുവും ഒറ്റ ദിവസം കൊണ്ട് ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ ഓർത്ത് കിടക്കെ ദൂരെ വീട്ടിൽ ശ്യാമക്കൊപ്പം വാസുദേവനും പ്രിയയും ചേർന്ന് അവസാന കളിക്ക് ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
(തുടരും ) – ഞാൻ കൊറോണ ടെസ്റ്റ് എടുത്തു. റിസൾട്ട് കിട്ടാൻ മൂന്ന് ദിവസം എടുക്കാം എന്നാണ് പറഞ്ഞത്. ചെറുതായി. ചെറുതായി എഴുതി തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസം ഒന്ന് റസ്റ്റ് എടുക്കണം. മൊബൈലിൽ നോക്കാൻ സാധിക്കുന്നില്ല. നല്ല തലവേദനയാണ്. വായനക്കാർ രണ്ട് ദിവസം ഒന്നു ക്ഷമിക്കണേ…