Saturday, January 18, 2025
Novel

ലയനം : ഭാഗം 17

എഴുത്തുകാരി: ദുർഗ ലക്ഷ്മി

ഉച്ചയോടെ അഭിയുടെയും ജയച്ഛന്റെ കൂടെയും കാറിൽ ലെച്ചുവും മറ്റും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ കാര്യങ്ങൾ എല്ലാം അറിഞ്ഞത് പോലെ പ്രിയയും ശ്യാമയും അമ്മമ്മയും എല്ലാം പുറത്തു തന്നെ ഉണ്ടായിരുന്നു. അടി കിട്ടിയ സങ്കടം ഒഴിച്ചാൽ ലെച്ചുവിന് വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഇന്നലെ അച്ഛനെയും അഭി ഏട്ടനെയും കണ്ടപ്പോൾ തുടങ്ങിയ വിറയലും പേടിയും ഇന്ദു അമ്മക്ക് അത് പോലെ തന്നെ ഉണ്ടായിരുന്നു.അമ്മുവിന്റെ കാര്യവും ഏകദേശം അങ്ങനെ തന്നെ ആയിരുന്നു.

വീട്ടിൽ ചിരിച്ചു കളിച്ചു സംസാരിക്കുന്ന അവർക്കിടയിൽ നിശബ്ദത പടർന്നത്തിൽ ലെച്ചുവിന് നല്ല സങ്കടം ഉണ്ടായിരുന്നു. വലിയ എന്തോ തെറ്റ് ചെയ്തത് പോലെ ഇന്നലെ വൈകുന്നേരം തന്നെ റൂം വെക്കെറ്റ് ചെയ്ത് ഒരക്ഷരം മിണ്ടാതെ മിണ്ടാതെ കാറിൽ കയറി ഇരുന്നതാണ് അച്ഛനും അഭിയും.ഇടക്ക് വെച്ച് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ പോലും രണ്ടു പേരും മറ്റൊരു സീറ്റിൽ ചെന്നിരിക്കുകയും ഒറ്റക്ക് ഓർഡർ കൊടുക്കുകയും ഒക്കെ ചെയ്തത് കണ്ടു ലെച്ചുവിന് നല്ല ദേഷ്യം വന്നപ്പോൾ അമ്മയും അമ്മുവും സങ്കടവും ടെൻഷനും കൊണ്ട് ഉരുകി തീരുകയായിരുന്നു.

അതിനിടയിൽ ഇന്നലെ വീട്ടിൽ നിന്ന് അമ്മയും അച്ഛനും വിളിച്ചു വഴക്ക് പറഞ്ഞതോടെ കാര്യങ്ങൾ കൈ വിട്ടു പോയി എന്ന് അമ്മു മനസിലാക്കിയിരുന്നു. കാർത്തു മോളെയും കൊണ്ട് അമ്മു കാറിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇന്ദു അമ്മ വേഗം ചെന്ന് അവളുടെ കൈ പിടിച്ചു.ആ വലിയ ടെൻഷനിലും അമ്മുവിന് അമ്മയുടെ ആ പ്രവർത്തി വളരെ ആശ്വാസം ആയി തോന്നി. എന്നാൽ ലെച്ചു ആവട്ടെ ഒന്നും മിണ്ടാതെ അവരുടെ മുന്നിൽ വീട്ടിലേക്ക് നടന്നു.അഭിയും അച്ഛനും കാർ നിർത്തി അവരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ നേരത്തെ വീട്ടിലേക്ക് നടന്നിരുന്നു.

ഒരു വിചാരണ കഴിയാതെ എന്തായാലും അകത്തേക്ക് പോകാൻ പറ്റില്ല എന്ന് നല്ല ഉറപ്പ് ലെച്ചുവിന് ഉണ്ട് എങ്കിലും പുറത്ത് വന്നവരുടെ കൂട്ടത്തിൽ അർജുനെ കാണാത്തതു അവൾക്ക് ചെറിയൊരു പേടി സമ്മാനിച്ചു. വീടിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ ഗൗരവത്തിൽ ഇരിക്കുന്ന അമ്മമ്മയെയും മറ്റുള്ളവരെയും നോക്കാതെ ലെച്ചു മുന്നോട്ട് നടന്നു. “നിലക്ക് അവിടെ…ഞങൾ ഇവിടെ നില്കുന്നത് തമ്പുരാട്ടി കണ്ടില്ല എന്ന് ഉണ്ടോ “,ലെച്ചു അവരെ നോക്കാതെ അകത്തേക്ക് പോകാൻ നോക്കുന്നത് കണ്ടു കസേരയിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് അമ്മമ്മ പറഞ്ഞത് കേട്ട് അവൾ വേഗം അവിടെ നിന്നു.

തെറ്റ് ചെയ്തില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും അമ്മമ്മയുടെ സ്വഭാവം അറിയുന്നത് കൊണ്ട് അമ്മമ്മയുടെ മുന്നിൽ തല താഴ്ത്തിയാണ് ലെച്ചു നിന്നത്ത്. ഇന്ദു അമ്മയെയും അമ്മുവിനെയും രൂക്ഷമായി ഒന്ന് നോക്കി അമ്മമ്മ വീണ്ടും ലെച്ചുവിന് നേരെ തിരിയുന്നത് കണ്ടു അവരുടെ ഹൃദയം പട പട എന്ന് ഇടിക്കാൻ തുടങ്ങി. പല്ലുകൾ കടിച്ചു കൊണ്ട് അമ്മമ്മ ഇതു വരെ ലെച്ചുവിനോട് തോന്നിയ ദേഷ്യം എല്ലാം തീർക്കാൻ എന്ന പോലെ അവളുടെ നേരെ പാഞ്ഞു വന്നപ്പോൾ ലെച്ചു നോക്കിയത് അച്ഛനെയും അഭിയേയും ആണ്.

യാതൊരു കൂസലും ഇല്ലാതെ ദേഷ്യവും വെറുപ്പും നിറഞ്ഞ മുഖത്തോട് കൂടി അവളെ നോക്കി നിൽക്കുന്ന അവരെ കണ്ടപ്പോൾ ലെച്ചുവിന് പുച്ഛം തോന്നി. “എന്തായിരുന്നു രണ്ട് ദിവസം മുന്നേ ഇവിടെ ഉള്ളൊരു ബഹളം…ഒരു പേരിന് എന്ന പോലെ അനുവാദം വാങ്ങുന്നു…എന്നിട്ട് നിനക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യുന്നു.അതിനൊത്തു തുള്ളാൻ ഒരു അമ്മായിഅമ്മയും ഏട്ടത്തിയും “,അമ്മമ്മ കത്തി കയറാൻ തുടങ്ങിയത് മനസിലാക്കി ലെച്ചു കുറച്ചു നേരം കണ്ണുകൾ അടച്ച് നിന്നു. “ഇത്തിരി ഇല്ലാത്ത ഈ കുഞ്ഞനെയും കൊണ്ട് ആണോ ടി നിന്റെ പരീക്ഷക്ക് പോക്ക്…

അഭി മോൻ നിന്നോട് പോകേണ്ട എന്ന് മലയാളത്തിൽ അല്ലെ പറഞ്ഞത്…എന്നിട്ട് അവൾ ചാടി തുള്ളി പോയിരിക്കുന്നു…പരീക്ഷ എഴുതിയോ എന്ന് ആർക്കറിയാം…അതോ വല്ലേടത്തും കറങ്ങാൻ പോയോ “,ലെച്ചു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടു ആവേശത്തോടെ വീണ്ടും ദേഷ്യം കൂടി അമ്മമ്മ അമ്മുവിന് നേരെ തിരിഞ്ഞതും ലെച്ചു കണ്ണുകൾ തുറന്നു മുഖം ഉയർത്തി. മുന്നിൽ തന്നെ കൈയും കെട്ടി പുച്ഛത്തിൽ ചിരിച്ചു നിൽക്കുന്ന പ്രിയയെ ആണ് അപ്പോൾ ലെച്ചു കണ്ടത്.ഉടനെ തന്നെ സ്വയസിദ്ധമായ പതിവ് പുഞ്ചിരി പ്രിയക്ക് നൽകി ലെച്ചു അമ്മമ്മയുടെ നേരെ തിരിഞ്ഞു നില്കുന്നത് കണ്ടു പരാജയ ഭീതി പതിയെ പ്രിയയെ പിടി കൂടി…

അറിയാതെ തന്നെ കെട്ടി നിന്ന കൈകളും മുഖത്തെ അവളുടെ പുച്ഛവും മാറി വരുന്നത് കണ്ടു ലെച്ചുവിന് ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തു. “എന്റെ അമ്മമ്മേ,ഈ അമ്മയുടെയും അമ്മുവിന്റെയും ഒക്കെ കോലം കണ്ടു സത്യത്തിൽ തൊലി ഉരിഞ്ഞു പോയി ഇന്നലെ ഞങ്ങൾക്ക്…ഇവർക്ക് ഇവിടെ എങ്ങാനും വന്നിട്ട് ഇങ്ങനെ ഒക്കെ ചെയ്താൽ മതിയായിരുന്നല്ലോ…ഇതിപ്പോൾ നാളെ ഞങ്ങൾ എങ്ങനെ ഫ്രണ്ട്സിന്റെ മുഖത്തു നോക്കും “, എരി തീയിൽ എണ്ണ എന്ന പോലെ അഭി പല്ലിറുമ്മി കൊണ്ട് അമ്മുവിനെ നോക്കി പറഞ്ഞത് കേട്ട് ലെച്ചുവിന്റെ ചിരിച്ചു നിന്ന മുഖത്തു ഗൗരവം നിറഞ്ഞു.

“അതെ ഞാൻ ചെയ്ത കാര്യങ്ങൾ ഒക്കെ വിചാരണ ചെയ്ത് ശിക്ഷ വിധിക്കാൻ എല്ലാർക്കും സമയം ഉണ്ട്…അതിന് മുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ അങ്ങോട്ട് ചോദിക്കാൻ ഉണ്ട്… എന്നിട്ട് മതി ആരുടെ മുഖത്തു നോക്കണം എന്ന് തീരുമാനിക്കുന്നത് അഭിയേട്ടാ… അത് ഞാൻ ചോദിച്ചോട്ടെ “, അന്തരീക്ഷമാകെ പടർന്നു തുടങ്ങിയ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഉറച്ച ശബ്ദത്തിൽ ലെച്ചു ചോദിച്ചു കേട്ട് സത്യത്തിൽ എല്ലാവരും ഞെട്ടി… “ഓഹ് അല്ലെങ്കിലും പറഞ്ഞു ജയിക്കാൻ നീ മിടുക്കി ആണ് എന്ന് എനിക്ക് അറിയാം…പക്ഷെ ഇന്ന് അത് കൊണ്ട് നിനക്ക് യാതൊരു ഉപകാരവും ഉണ്ടാവില്ല… “,

ലെച്ചുവിന്റെ മറുപടിയിൽ ഉണ്ടായ വെല്ലുവിളി തിരിച്ചറിഞ്ഞു അമ്മമ്മ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് ലെച്ചുവും ഒന്ന് ചിരിച്ചു. “എനിക്ക് തത്കാലം സംസാരിക്കാൻ ഉള്ളത് അച്ഛനോടും അഭി ഏട്ടനോടും ആണ്.അതിനു വ്യക്തമായ മറുപടി എനിക്ക് കിട്ടിയാൽ അമ്മമ്മ പറഞ്ഞത് പോലെ എന്റെ തെറ്റ് ഞാൻ സമ്മതിക്കാം…”,നേരിയ വ്യതിയാനം പോലും ഇല്ലാതെ വീണ്ടും ലെച്ചു പറഞ്ഞത് കേട്ടു അഭിയും അച്ഛനും പരസ്പരം നോക്കി. ശബ്ദം പുറത്തു വരാതെ ശ്രദ്ധിച്ചു വിതുമ്പി കൊണ്ടിരിക്കുന്ന ഇന്ദു അമ്മയെ നോക്കി ലെച്ചു അച്ഛന്റെ അടുത്തേക്ക് ചെന്നു…

“ഇന്നലെ നിങ്ങൾ എന്ത് കാര്യത്തിന് വേണ്ടിയാണ് അവിടെ പോയത് “,ഒരു കൂസലും ഇല്ലാതെ ലെച്ചു ചോദിച്ചത് കേട്ട് അച്ഛന് ചെറുതായി ദേഷ്യം വന്നു… “ബിസിനസ്‌ ആവിശ്യത്തിന് വേണ്ടി.ഇന്നലെ മാത്രം അല്ല അതിന് മുൻപും പോയിട്ടുണ്ട്,ഇനിയും പോവുകയും ചെയ്യും…കാരണം അതെന്റെ ജോലി ആണ്… “,വിജയിച്ച ഭാവത്തിൽ അച്ഛൻ പറഞ്ഞത് കേട്ടു ലെച്ചു അവളുടെ ബാഗ് തുറന്ന് ഒരു പേപ്പർ എടുത്തു അദ്ദേഹത്തിന് കൊടുത്തു. വളരെ ലാഘവത്തോടെ ആണ് അത് അച്ഛൻ ലെച്ചുവിന്റെ കൈയിൽ നിന്നും വാങ്ങിയത് എങ്കിലും പേപ്പർ വായിക്കവേ അദ്ദേഹത്തിന്റെ മുഖം മാറി.

അത് കണ്ടു അഭിയും ഉടനെ ആ പേപ്പർ അച്ഛന്റെ കൈയിൽ നിന്നും വാങ്ങി വായിച്ചു നോക്കി.ഉടനെ തന്നെ അവൻ അമ്പരന്ന് ലെച്ചുവിനെ ഒന്ന് നോക്കി. “സാമുവൽ കുര്യൻ എന്ന ബിസിനസ്കാരന്റെ മോളുടെ കുഞ്ഞിന്റെ ഫസ്റ്റ് ബര്ത്ഡേക്ക് നിങ്ങൾ സംസാരിക്കാൻ പോയ ബിസിനസ് ഡീൽ എന്താണ് എന്ന് എനിക്ക് മനസിലാവുന്നില്ല…ഇനി ഇപ്പോൾ സാമുവൽ സാറിനെ കാണാൻ ആണ് നിങ്ങൾ പോയതെങ്കിൽ അദ്ദേഹവും കുടുംബവും usil അല്ലെ…ബര്ത്ഡേ സെലിബ്രേഷൻ അവിടെ വെച്ച് ആയിരുന്നല്ലോ അല്ലെ…

ഇവിടെ അവർ അറേഞ്ച് ചെയ്ത് വെറും പാർട്ടി മാത്രം അല്ലെ ഉണ്ടായിരുന്നുള്ളൂ…ഓഹ്… അവിടെ വന്ന വേറെ ഏതെങ്കിലും ആളോട് ഡീൽ ഉറപ്പിക്കാൻ ആവും ഇല്ലേ നിങ്ങൾ പോയത് “, അഭിയുടെ കൈയിൽ ഇരുന്ന പേപ്പർ തിരിച്ചു വാങ്ങി ലെച്ചു ചോദിച്ചത് കേട്ട് അച്ഛനും മോനും ഉത്തരം ഇല്ലാതെ നില്കുന്നത് കണ്ടു ബാക്കി എല്ലാവരും ഞെട്ടി നിൽക്കുകയായിരുന്നു. “സാമുവൽ എന്റെ ഒരു പഴയ സുഹൃത്താണ്…അത് കൊണ്ട് അവൻ വിളിച്ചു,ഞാൻ പോയി…അതിനിപ്പോൾ എന്താ…”,അച്ഛൻ തോറ്റു കൊടുക്കാൻ ഭാവം ഇല്ല എന്ന പോലെ ചോദിച്ചത് കേട്ട് ലെച്ചുവിന് ചിരി വന്നു.

“യാ..യാ…അത് കറക്റ്റ്…സുഹൃത്ത് വിളിച്ചാൽ അച്ഛന് പോകാതെ ഇരിക്കാൻ പറ്റില്ല…പക്ഷെ എന്റെ സംശയം അഭി ഏട്ടൻ എന്തിനാ പോയത് എന്നാ…സാമുവൽ സാറിന്റെ ആരെങ്കിലും ആയി ഏട്ടന് അടുപ്പം ഉണ്ടോ… “,അച്ഛനെ വിട്ടു അഭിയെ നോക്കി കൊണ്ട് ലെച്ചു ചോദിച്ചത് കേട്ട് അഭി ഒറ്റ നിമിഷം കൊണ്ട് വിയർത്തു പോയി… “അത് ഞാൻ…അച്ഛനെ ഒറ്റക്ക് വിടേണ്ടല്ലോ എന്ന് കരുതി…അതാ ഒരു കമ്പനിക്ക് പോയതാ “,തപ്പി തടഞ്ഞു കൊണ്ട് എന്തൊക്കെയോ പറയാൻ അഭി ശ്രമിച്ചു. “ഇതു വരെ ഒറ്റക്ക് പുറത്തു പോകാത്ത ഭാര്യയും മോളും എങ്ങനെ എങ്കിലും പോട്ടെ,അച്ഛന് കമ്പനി കൊടുത്തേക്കാം…അമ്മേ…

നോക്ക് അഭി ഏട്ടന് അച്ഛനോട് എന്ത് സ്നേഹം ആണ് എന്ന്… ഇങ്ങനെ ഒരു മോനെ കിട്ടാൻ അമ്മ എന്ത് പുണ്യം ആണ് എന്തോ ചെയ്തത് “,അഭി പറഞ്ഞു തീർക്കാൻ കത്തു നില്കാതെ ഇടയിൽ കയറി ഇന്ദു അമ്മയെ നോക്കി ഞൊടി ഇടയിൽ വന്ന ലെച്ചുവിന്റെ മറുപടി വീണ്ടും എല്ലാവരെയും അമ്പരപ്പിച്ചു. “ഇനി ഇപ്പോൾ ചോദ്യവും ഉത്തരവും ഒന്നും വേണ്ട…ഒറ്റയടിക്ക് ഫുൾ കഥ ഞാൻ തന്നെ പറയാം… അതെല്ലേ അതിന്റെ ഒരു രസം “,അമ്മമ്മയും അച്ഛനും അടക്കം ഒന്നും മിണ്ടാൻ ഇല്ലാതെ നില്കുന്നത് കണ്ടു ലെച്ചു വേഗം തന്നെ കാര്യങ്ങൾ എല്ലാം വിശദമായി പറയാൻ തുടങ്ങി.

“ഞങ്ങൾ പോകാൻ എല്ലാം സെറ്റ് ആക്കി രണ്ട് ദിവസം കഴിഞ്ഞാണ് ഒരു ദിവസം രാവിലെ കരഞ്ഞു കൊണ്ടിരുന്ന കാർത്തു മോളെയും കൊണ്ട് ഏട്ടത്തി അടുക്കളയിലേക്ക് വന്നത്.ഉടനെ തന്നെ അവളെയും എടുത്തു പുറത്തേക്ക് നടക്കവേ ആണ് ഞാൻ മോൾക് കളിക്കാൻ ആയി ഏട്ടത്തി എടുത്തു കൊടുത്ത ഈ ബര്ത്ഡേ ഇൻവിറ്റേഷൻ കാണുന്നത്…കണ്ടപ്പോൾ തന്നെ ഇതു കൊണ്ടാണോ ഏട്ടൻ ഏട്ടത്തിയോട് വേറെ ആരെയെങ്കിലും കൂട്ടി എക്സാമിനു പൊയ്ക്കോ എന്ന് പറഞ്ഞത് എന്ന് ആലോചിച്ചു എനിക്ക് ആകെ അസ്വസ്ഥത തോന്നി എങ്കിലും അഭി ഏട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു. ”

“എങ്കിലും ഏട്ടത്തിയോട് അഭി ഏട്ടൻ കാണിക്കുന്ന ചെറുതല്ലാത്ത അവഗണന കണ്ണിന് മുന്നിൽ കണ്ടത് കൊണ്ടോ എന്തോ ഈ കാര്യം അന്വേഷിച്ചു ഉറപ്പാക്കണം എന്ന് എനിക്ക് തോന്നി… ഓഫീസിൽ പോയി കുറച്ചു കഷ്ടപ്പെട്ടു നിങ്ങൾ 26ന് ട്രിപ്പിൽ ആണ് എന്ന് ഉറപ്പാക്കിയപ്പോൾ പിന്നെ നെക്സ്റ്റ് സ്റ്റെപ് ഈ കാർഡിൽ പറഞ്ഞ ഹോട്ടലിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നോക്കുകയായിരുന്നു…അതൊക്കെ പൂ പറിക്കുന്ന പോലെ സിമ്പിൾ ആയ കാര്യം ആയിരുന്നു…” ലെച്ചു അഭിമാനത്തോടെ പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണുകൾ തള്ളി…

അതെങ്ങനെയാണ് എന്ന് അറിയാൻ ഇന്ദു അമ്മക്കും അമ്മുവിനും ഒക്കെ ആഗ്രഹം തോന്നി എങ്കിലും ഇപ്പോൾ അല്ല അത് ചോദിക്കേണ്ട സമയം എന്ന് കരുതി അവർ മൗനം പാലിച്ചു. “സത്യത്തിൽ ആ ലിസ്റ്റിൽ അച്ഛന്റെയും അഭി ഏട്ടന്റെയും പേര് കണ്ടു എനിക്ക് മരവിപ്പ് ആയിരുന്നു കുറെ സമയത്തേക്ക്… എന്നിട്ടും ഞാൻ കുറെ അന്വേഷിച്ചു ആരെയെങ്കിലും കാണാൻ വേണ്ടി ആവും നിങ്ങൾ പോകാൻ തീരുമാനിച്ചത് എന്ന് കരുതി…എന്നാൽ അങ്ങനെ ഉള്ള ആരും തന്നെ ആ ലിസ്റ്റിൽ ഇല്ല എന്ന് കണ്ടു എന്ത് ചെയ്യണം എന്ന് പോലും രണ്ട് ദിവസത്തേക്ക് എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല ”

“അച്ചു ഏട്ടനോട് പറഞ്ഞാലോ കാര്യങ്ങൾ എന്ന് പല തവണ ഞാൻ കരുതി എങ്കിലും അവസാനം അത് വേണ്ട എന്ന തീരുമാനത്തിൽ എത്തി ഞാൻ.എന്നാൽ എന്റെ ആലോചനയും അങ്കലാപ്പും ഒക്കെ കണ്ടു ഏട്ടൻ ചോദിച്ചു എങ്കിലും മനസിനെ വിഷമിപ്പിക്കുന്ന കാര്യം ഉണ്ട് എന്ന് മാത്രം ഞാൻ പറഞ്ഞു. ആർക്കാന്ണോ വിഷമം അവർക്ക് തന്നെ അറിയാം അതിനെ എങ്ങനെ മാറ്റണം എന്ന്…അത് കൊണ്ട് മനസ്സ് പറയുന്നത് കേട്ട് ഹൃദയം കൊണ്ട് പ്രവർത്തിക്കാൻ ഏട്ടൻ പറഞ്ഞപ്പോൾ പിന്നെ മറുത്തു ഒന്ന് ചിന്തിക്കേണ്ട ആവിശ്യം ഉണ്ടായില്ല എനിക്ക് ”

“ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ എല്ലാം മറക്കാൻ ഞാൻ ഒരുപാട് നോക്കി…പക്ഷെ അമ്മയുടെയും ഏട്ടത്തിയുടെയും കാര്യം ഓർത്തപ്പോൾ എനിക്ക് അതിന് പറ്റിയില്ല എന്നതാണ് സത്യം…: ” ലെച്ചു പറഞ്ഞു നിർത്തിയത് കേട്ട് അമ്മു ഓടി പോയി അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി… “നോക്ക് ഏട്ടത്തി,ഏട്ടത്തി ജീവിതത്തിൽ ആശിച്ചൊരു കാര്യം ആരുടെയും സഹായം ഇല്ലാതെ ഒറ്റക്ക് ചെയ്ത് തിരിച്ചു വന്നതാ നമ്മൾ…അപ്പോൾ തല ഉയർത്തി പിടിക്കാനും,പുഞ്ചിരിക്കാനും മാത്രമേ പാടുള്ളു…കണ്ണുകളിൽ തെളിയേണ്ടത് വിജയിച്ചവരുടെ ഭാവം ആണ്… അല്ലാതെ കണ്ണുനീർ അല്ല… ”

അമ്മുവിന്റെ മുടിയിൽ പതുക്കെ തലോടി കൊണ്ട് ലെച്ചു പറഞ്ഞു..അഭിയും അച്ഛനും എന്ത് ചെയ്യണം എന്ന ഭാവത്തിൽ നില്കുന്നത് കണ്ടു ലെച്ചു വേഗം അമ്മുവിനെ പിടിച്ചു മാറ്റി നിർത്തി. “ഇപ്പോഴേ തല കുനിഞ്ഞാൽ എങ്ങനെ ശരിയാവും… ബാക്കിയും കൂടി കേട്ടിട്ട് തീരുമാനിക്കാം ഇനി ഈ മുഖം ഉയർത്താണോ എന്ന് “, “ലെച്ചു…. ” മുന്നിൽ നില്കുന്നത് തന്നെക്കാൾ പ്രായം ഉള്ളവരാണ് എന്ന് പോലും ഓർക്കാതെ ഒരുവേള ദേഷ്യം കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് ഇന്ദു അമ്മ ശാസനയോടെ അവളെ വിളിച്ചു. ഉടനെ തന്നെ ദീർഘ ശ്വാസം എടുത്തു ലെച്ചു ദേഷ്യം കുറച്ചു വീണ്ടും പറഞ്ഞു തുടങ്ങി.

“എക്സാം കഴിഞ്ഞിട്ടും 500 കിലോമീറ്ററിൽ അധികം,ഒരു രാത്രി മുഴുവൻ യാത്ര ചെയ്ത് നിങ്ങൾക്ക് റൂം ബുക്ക്‌ ചെയ്ത് അതെ ഹോട്ടലിൽ ഇവരെയും കൊണ്ട് വന്നപ്പോഴും ഒന്നും ഞാൻ ഇവരോട് പറഞ്ഞില്ല…അവിടെ വെച്ച് ഉള്ള നിങ്ങളുടെ കൂടി കാഴ്ച്ച വിധിക്ക് വിട്ടു കൊടുക്കുക്കാൻ നിർബന്ധപൂർവ്വം ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുമ്പോഴും ഉള്ളിൽ എവിടെയൊക്കെയോ ഞാൻ ആഗ്രഹിച്ചിരുന്നു,വിധി എനിക്ക് ഒപ്പം നിന്നു എങ്കിൽ എന്ന് “, “നടുവേദന കാരണം അമ്മയും, അമ്മയെ നോക്കാൻ ഏടത്തിയും റൂമിൽ തന്നെ ഇരുന്ന ഇന്നലെ രാവിലെ വേദനയുടെ മരുന്ന് വാങ്ങാൻ ആയി പുറത്തിറങ്ങിയ എന്റെ മുന്നിൽ നിങ്ങൾ വന്നു പെട്ടപ്പോൾ ഞാൻ കരുതി വിധി എനിക്ക് ഒപ്പം ആണ് എന്ന്…

പക്ഷെ എന്നെ ശ്രദ്ധിക്കാതെ നിങ്ങൾ നടന്നു പോയപ്പോൾ ചെറിയൊരു നിരാശ എനിക്ക് തോന്നി എങ്കിലും തോറ്റു കൊടുക്കാൻ ഞാൻ ഒരുക്കമേ അല്ലായിരുന്നു ” : “മരുന്ന് വാങ്ങി തിരിച്ചു വരുമ്പോൾ ബീച്ചിലേക്ക് ആണ് നിങ്ങൾ പോയത് എന്ന് ഉറപ്പിച്ചു തന്നെ ആണ് ഇവരെയും കൂട്ടി ഞാൻ അങ്ങോട്ട് തന്നെ വന്നത്…പക്ഷെ എന്നിട്ടും നിങ്ങൾ തമ്മിൽ സ്വയമേവ കണ്ടു മുട്ടുന്നു എങ്കിൽ അത് നടക്കട്ടെ എന്ന് കരുതി ആരും തന്നെ ഇല്ലാത്ത ഒരു സ്ഥലത് ആണ് ഞങ്ങൾ പോയിരുന്നത്… എന്നിട്ടും… ” ലെച്ചു ഒന്ന് നിർത്തി വീണ്ടും അച്ഛനെയും അഭിയേയും നോക്കിയപ്പോൾ ഇനി ഒന്നും കേൾക്കാൻ ശക്തി ഇല്ലാത്തതു പോലെ നിൽക്കുകയായിരുന്നു അവർ…

“അവിടെ വെച്ച് കണ്ടപ്പോൾ എങ്കിലും നിങ്ങൾ ചെയ്ത മിസ്റ്റേക്ക് തിരിച്ചറിയും എന്ന് കരുതിയ എനിക്ക് തെറ്റി… ” “അപ്പോൾ നിങ്ങൾക്ക് പ്രശ്നം ഞങ്ങളുടെ വേഷവും കളിയും ചിരിയും സന്തോഷവും ഒക്കെ ആയിരുന്നു… കൂട്ടുകാരുടെ മുന്നിൽ തല ഉയർത്തി നില്കാൻ പറ്റില്ല എന്നതായിരുന്നു… നിങ്ങൾ ചെയ്തത് ഒന്നും ഒരു പ്രശ്നം ആയി ചിന്തിക്കാൻ പോലും നിങ്ങൾ മറന്നു ” “ഞാൻ ഇപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ കേട്ട് അമ്മയും ഏടത്തിയും നിങ്ങളെ ഒന്നും പറയാൻ പോകുന്നില്ല…കാരണം നിങ്ങൾ അവർക്ക് ജീവിക്കാൻ വേണ്ടത് എല്ലാം കൊടുക്കുന്നുണ്ട്…ഭക്ഷണവും,വസ്ത്രവും താമസിക്കാൻ ഇടവും എല്ലാം…

പക്ഷെ അത് മാത്രം മതിയോ അവർക്ക് എന്ന് മാത്രം ആണ് എന്റെ ചോദ്യം…അവർ അത് ചോദിക്കില്ല,പക്ഷെ ആരെങ്കിലുമാൽ അത് ചോദ്യം ചെയ്യപ്പെട്ടെക്കാം…അതിന് വേണ്ടി കാട്ടിയ ചെറിയൊരു കുസൃതി…അത്രേ ഉള്ളൂ ഇത് ” അത് വരെ ശക്തമായ വാക്കുകൾ കൊണ്ട് എല്ലാം പറഞ്ഞു കഴിഞ്ഞ ലെച്ചുവിന്റെ അവസാന വാചകത്തോടെ പതിയെ നിറയാൻ തുടങ്ങി… “അല്ലാതെ അമ്മമ്മ വിചാരിക്കുന്നത് പോലെ തന്നിഷ്ടം കാണിക്കാൻ ഒന്നും ചെയ്തതല്ല ഞാൻ…ഏട്ടത്തി നല്ലത് പോലെ എക്സാം എഴുതിട്ടുണ്ട്…

ഇനി അതിൽ ഒരു സംശയം വേണ്ട…അപ്പോൾ ഇനി വിസ്താരം തുടങ്ങാം… ഞാൻ റെഡി ആണ് ” ലെച്ചു ഇനി ഒന്നും പറയാൻ ഇല്ല എന്ന ഭാവത്തിൽ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അമ്മമ്മയുടെ മുഖത്തു നോക്കി നിൽക്കേ അച്ഛൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…കൂടെ അഭിയും…മരത്തിൽ നിന്നും ഇലകൾ കൊഴിയുന്നത് പോലെ ഒറ്റ നിമിഷം കൊണ്ട് അമ്മുവും അമ്മയും ലെച്ചുവും മാത്രം ആയി ഉമ്മറത്തു… “രണ്ടാളും എന്നോട് ക്ഷമിക്കണം…ഞാൻ ഈ പറഞ്ഞത് എല്ലാം സത്യം ആണ്…ഒരുപക്ഷെ അച്ഛനും അഭി ഏട്ടനും നിങ്ങൾക്ക് ഇതൊന്നും ഇഷ്ടം അല്ല എന്ന് കരുതി ആണ് ഇത്രയും കാലം നടന്നത് എങ്കിൽ അത് തിരുത്തി കൊടുക്കേണ്ടത് നമ്മൾ തന്നെ ആണ്.

നമുക്ക് എന്ത് വേണം എന്ന് നമ്മളെക്കാൾ നല്ലത് പോലെ വേറെ ആർക്കും പറയാൻ പറ്റില്ലല്ലോ…ഇനി മറ്റാരെങ്കിലും ഇതാണ് നിനക്ക് വേണ്ടത് എന്ന് പറഞ്ഞാലും എന്തിന് നമ്മൾ അത് സമ്മതിച്ചു കൊടുക്കണം… അതെ ഞാനും ഇപ്പോൾ ചെയ്തുള്ളു…പക്ഷെ ചെയ്ത് പോയതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ ഞാൻ ഒരുക്കം ആണ്…” അമ്മയുടെയും അമ്മുവിന്റെയും കൈകൾ ഒരുമിച്ചു പിടിച്ചു കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് രണ്ടു പേരും നിറഞ്ഞ കണ്ണുകളാൽ ഒന്ന് ചിരിക്കുക അല്ലാതെ ഒന്നും മിണ്ടിയില്ല.

“രണ്ടു പേരോടും ആയി ഒരു കാര്യം പറയട്ടെ…ഇപ്പോൾ തന്നെ തുറന്നു സംസാരിക്കണം അച്ഛനോടും അഭി ഏട്ടനോടും…നിങ്ങളുടെ മനസ്സിൽ എന്താണ് എന്ന് ഗ്രഹിച്ചു പറയാൻ ഒന്നും അവർക്ക് ആവില്ലല്ലോ… സൊ വേഗം പൊയ്ക്കോ… ഞാൻ അപ്പോഴേക്കും പോയി ഏട്ടനെ നോക്കട്ടെ “, അമ്മുവിന്റെയും അമ്മയുടെയും തോളിൽ പിടിച്ചു പറഞ്ഞു ചെറു ചിരിയോടെ ലെച്ചു അകത്തേക്ക് കയറുമ്പോൾ വലിയൊരു കൊടും കാറ്റ് അകന്ന് പോയ പ്രതിതി ആയിരുന്നു അവർക്ക്. യുദ്ധം ജയിച്ച പോരാളിയുടെ സന്തോഷത്തോടെ ലെച്ചു ഓടി റൂമിൽ ചെന്നപ്പോൾ തലയിണയും കെട്ടിപിടിച്ചു തിരിഞ്ഞു കിടക്കുകയായിരുന്നു അർജുൻ.

ലെച്ചു പതുക്കെ റൂം അടച്ചു അവന്റെ അടുത്തേക്ക് ചെന്നപ്പോഴും അതൊന്നും അറിയാതെ ഫോണിൽ ലെച്ചുവിന്റെ ഫോട്ടോയും നോക്കി ഏതോ ലോകത്തിൽ എന്ന പോലെ ആയിരുന്നു അർജുൻ.ഉടനെ തന്നെ ലെച്ചു ശബ്ദം ഉണ്ടാക്കാതെ അർജുന്റെ അടുത്ത് കിടന്ന് അവനെ പുറകിലൂടെ കെട്ടിപിടിച്ചു. “ഏഹ് പ്രിയ… നീ കളിക്കാതെ പൊയ്ക്കോ…എനിക്ക് ദേഷ്യം വരും… “,വന്നു കിടന്നത് ആരാണ് എന്ന് പോലും തിരിഞ്ഞു നോക്കാതെ അർജുൻ പറയുന്നത് കേട്ട് ലെച്ചു ഞെട്ടി.ഉടനെ തന്നെ അർജുനെ കെട്ടിപിടിച്ച കൈ എടുത്തു അവൾ അവന്റെ മുടിയിൽ പിടുത്തം ഇട്ടു.

“ആഹാ,നിങ്ങളെ എനിക്ക് വിശ്വാസം ആണ് എന്ന് ഞാൻ പറഞ്ഞു എന്ന് കരുതി കെട്ടിപിടിക്കാൻ വരുന്ന പെണ്ണുങ്ങളോട് ഇങ്ങനെ സോഫ്റ്റ്‌ ആയി ആണോ വിടാൻ പറയുന്നത് ദുഷ്ടാ”,ലെച്ചുവിന്റെ മുടിയിൽ ഉള്ള പിടുത്തത്തിൽ ഞെട്ടി ചാടി എഴുന്നേറ്റ അർജുനോട്‌ പല്ല് കടിച്ചു കൊണ്ട് ലെച്ചു ചോദിച്ചു. “അയ്യോ എന്റെ കുട്ടി പിശാശ്ശേ നീ നാളെയെ വരു എന്നല്ലേ പറഞ്ഞെ…പിന്നെ എങ്ങനെയാ നീയാ കെട്ടിപിടിച്ചത് എന്ന് ഞാൻ അറിയുക. “,അർജുൻ ദയനീയമായി പറഞ്ഞത് കേട്ട ഭാവം പോലും ഇല്ലാതെ ബെഡിൽ ഇരിക്കുന്ന അർജുന് മുന്നിൽ മുട്ടിൽ ഇരുന്ന് ലെച്ചു കുറച്ചു കൂടെ ശക്തമായി അവന്റെ ചെവിയിൽ പിടുത്തം ഇട്ടു.

“ഇങ്ങനെ പോയാൽ ഭാര്യയുടെ പീഡനം കാരണം മരിച്ചു പോയ ഭർത്താക്കാൻമാരുടെ ലിസ്റ്റിൽ ഞാൻ കൂടി വരും ലെച്ചു…പ്ലീസ്…ഈ ഒരു തവണ മാപ്പാക്കണം… “,അർജുൻ അവളെ പിടിച്ചു വെക്കാൻ നോക്കി കൊണ്ട് പറഞ്ഞു. “നിങ്ങൾ ഒരു കിലോമീറ്റർ അപ്പുറത്തു കൂടി പോയാൽ എനിക്ക് അറിയാലോ…എന്നിട്ട് ഞാൻ ഇത്ര അടുത്ത് വന്നു കിടന്നിട്ട് എന്നെ മനസിലായില്ലല്ലോ ഏട്ടാ നിങ്ങൾക്ക് “,അർജുന്റെ മുടി വിട്ടു കൊണ്ട് ബെഡിൽ ചാരി ഇരുന്ന ലെച്ചുവിന്റെ ദേഷ്യം പതുകെ സങ്കടത്തിലെക്ക് മാറുന്നത് കണ്ടു അർജുൻ ഉടനെ തന്നെ അവളെ അവളെ ചേർത്ത് പിടിച്ചു. “സോറി കുഞ്ഞി…ആകെ 3 ദിവസം അല്ലെ നമ്മൾ അടുത്ത് പെരുമാറിയത്.

പ്രേമിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ ആരാണ് എന്ന് നിനക്ക് അറിയാം…എന്റെ ഓരോ പ്രവർത്തിയും നിനക്ക് അറിയാം…പക്ഷെ എനിക്ക് അങ്ങനെ അല്ലോ…എനിക്ക് നിന്റെ മനസ്സ് അറിയാം…പക്ഷെ നിന്നെ അറിയില്ലല്ലോ…തത്കാലം ഏട്ടന്റെ മോൾ അങ്ങ് ക്ഷമിക്ക്…പോകെ പോകെ ശരിയായി കൊള്ളും “, ലെച്ചുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ടു ലെച്ചു ഒന്ന് ചിരിച്ചു.”ഞാൻ പോയി കുളിച്ചിട്ട് വരാം ട്ടോ…ക്ഷീണിച്ചു പോയി “,അർജുനെ തള്ളി മാറ്റി എഴുന്നേറ്റു പോകാൻ ആയി തുടങ്ങവേ അവൻ വീണ്ടും ലെച്ചുവിനെ ബലം ആയി പിടിച്ചു വെച്ചു.

“ഒരു കിലോമീറ്റർ അപ്പുറത്ത് നിന്ന് നിനക്ക് എന്നെ തിരിച്ചറിയാൻ പറ്റും എങ്കിൽ തൊട്ടടുത്ത് ഞാൻ ഉള്ളപ്പോൾ നിനക്ക് എന്താ തോന്നുന്നേന്ന് ഒന്ന് അറിഞ്ഞിട്ട് ഏട്ടൻ മോളെ വിടാം ട്ടോ “,അർജുൻ അവളെ എടുത്ത് മടിയിൽ വെച്ച് കൊണ്ട് പറഞ്ഞത് കേട്ട് ലെച്ചുവിന്റെ മുഖം മാറി.സ്നേഹത്തിൽ പൊതിഞ്ഞ ചെറിയൊരു പേടി അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണവേ അർജുൻ ലെച്ചുവിനെ നോക്കി ചിരിച്ചു. ഉടനെ തന്നെ അവൾ കണ്ണുകൾ ഇറുക്കി അടച്ച് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

ഉയർന്നു കേൾക്കുന്ന ലെച്ചുവിന്റെ ഹൃദയമിടിപ്പ് അർജുനെ ആവേശത്തിൽ ആക്കി എങ്കിലും അവൻ പതിയെ അവളുടെ ചെവിയിൽ ഉമ്മ വെച്ചു.എന്നാൽ അടുത്ത നിമിഷം തന്നെ നീല നിറത്തിൽ തെളിഞ്ഞു കാണുന്ന അവളുടെ മുഖത്തെ അടിയുടെ പാട് കണ്ടു അർജുന്റെ കണ്ണുകൾ കുറുകി. “ലെച്ചു,മുഖത്ത് ഇത് എന്താ… “,ഗൗരവത്തോടെ അവൻ ചോദിച്ചത് കേട്ട് ലെച്ചു കഥ കഴിഞ്ഞു എന്ന പോലെ അർജുനെ ഒന്ന് നോക്കി.പിന്നെ ഒന്നൊഴിയാതെ എല്ലാം അർജുന്റെ മടിയിൽ കിടന്നു കൊണ്ട് പറഞ്ഞു. “ഏതായാലും ഒന്നും എന്നോട് പറയാതെ ഇരുന്നത് നന്നായി…ഇല്ലെങ്കിൽ ഞാൻ അത് കുളം ആക്കി കൈയിൽ തന്നേനെ…

നമുക്ക് അടിയും ഇടിയും കഴിഞ്ഞിട്ടേ ഡയലോഗ് ഉള്ളൂ “,അർജുൻ ചിരിയോടെ പറഞ്ഞത് കേട്ട് ലെച്ചു വേഗം അവനെ തള്ളി ഇട്ടു. “ആഹാ,അങ്ങനെ ആണോ…എന്നാൽ കുറച്ചു കാര്യം എനിക്ക് ചോദിക്കാൻ ഉണ്ട്… കുളിച്ചിട്ട് വരട്ടെ ട്ടോ “, അർജുന്റെ ടീഷർട് കോളറിൽ പിടിച്ചു വലിച്ചു അവന്റെ കണ്ണിൽ നോക്കി ചോദിച്ചു കൊണ്ട് ലെച്ചു കുളിക്കാൻ ആയി പോയപ്പോൾ ശ്രീദേവി അമ്മയോട് നന്ദി പറയുകയായിരുന്നു അർജുൻ…പണി കൊടുക്കാൻ ആണെങ്കിലും ലെച്ചുവിനെ അവന് കൊടുത്തതിൽ…

(തുടരും )

ലയനം : ഭാഗം 16