Wednesday, December 4, 2024
HEALTHLATEST NEWS

വൈറസ് വാഹകരെന്ന് മുദ്ര കുത്തുന്നു; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ മടിച്ച് സ്വവർഗാനുരാഗികൾ

മുംബൈ: മങ്കിപോക്സ് വൈറസിന്‍റെ വാഹകരായി മുദ്ര കുത്തുന്നതിനാൽ പുരുഷ സ്വവർഗാനുരാഗികൾ പരിശോധന നടത്താൻ താൽപ്പര്യപ്പെടുന്നില്ലെന്ന് റിപ്പോർട്ട്. മുംബൈയിലെ രണ്ട് പുരുഷൻമാർ തങ്ങളുടെ പങ്കാളികൾ വൈറസ് വാഹകരായിരുന്നിട്ടും പരിശോധന നടത്താൻ വിസമ്മതിച്ചതായി ഡോക്ടർ ഇഷ്വാർ ഗിൽഡ വെളിപ്പെടുത്തി.

1986 ൽ എയ്ഡ്സ് ചികിത്സയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ ക്ലിനിക്ക് സ്ഥാപിച്ച ഡോക്ടറാണ് ഇഷ്വാർ ഗിൽഡ. മുംബൈയിലെ കേസ് ഒറ്റപ്പെട്ട കേസല്ല. പുരുഷ സ്വവർഗാനുരാഗികളിൽ നിന്ന് ഇനിയും ഉയർന്നേക്കാവുന്ന രോഗ കണക്കുകൾ ഭയന്നും ലൈംഗിക ആഭിമുഖ്യത്തിന്‍റെ പേരിൽ സമൂഹം പഴിക്കുന്നതും മനസ്സിലാക്കി കൂടുതൽ ആളുകൾ ഇത്തരത്തിൽ പിൻവലിയുന്നുണ്ടെന്നും ഗിൽഡ പറഞ്ഞു.

രണ്ട് മാസം മുമ്പാണ് ഇന്ത്യയിൽ ആദ്യത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. മനുഷ്യർ പരസ്പരം അടുത്തിടപഴകുമ്പോൾ മങ്കിപോക്സ് പടരുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിരുന്നു. മങ്കിപോക്സിനെക്കുറിച്ചുള്ള പഠനങ്ങൾ കാണിക്കുന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികൾ രോഗത്തിന്‍റെ വ്യാപനത്തിൽ ഗണ്യമായ പങ്ക് വഹിച്ചുവെന്നും പുരുഷ സ്വവർഗാനുരാഗികളിൽ രോഗം കൂടുതൽ പ്രകടമാണെന്നുമാണ്.